കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ എന്നാണ് പണ്ടു കവി പാടിയത്. കോഴിക്കോട്ടുകാർക്ക് കടലിനോടുള്ള പ്രണയവും അടങ്ങുകില്ല. ഒരവധി ദിവസം കിട്ടിയാൽ കുട്ടികളും കുടുംബവുമായി കടലുകാണാൻ പോവുന്നത് നമുക്ക് ഒരാശ്വാസമാണ്.
കോഴിക്കോട് കടപ്പുറവും കഥകൾ പോലെ അനന്തമാണ്. ഇപ്പോഴത്തെ വികസന കാഴ്ചപ്പാട് അതുപോലെ നടപ്പിലായാൽ ചെന്നൈ മറീന ബീച്ചിനെ വെല്ലുന്ന കടപ്പുറമായി നമ്മുടെകടപ്പുറം മാറും.
വല്യങ്ങാടി കടപ്പുറത്തു വന്നുതൊടുന്ന ഭാഗം കണ്ടിട്ടില്ലേ? അങ്ങാടി സിനിയിൽ ജയൻ ‘വീ ആർ നോട്ട് ബെഗ്ഗേഴ്സ്’ എന്ന് അലറുന്ന സീൻ ചിത്രീകരിച്ച അതേ റോഡ്. റോഡിലൂടെ മുന്നോട്ടു നടക്കുമ്പോൾ മുഖംമിനുക്കിയ സൗത്ത് ബീച്ച് കാണാം. സൗത്ത് ബീച്ചുംകടന്ന് അൽപം തെക്കോട്ടു നടന്നാൽ തുറസായ ഒരിത്തിരി സ്ഥലം കാണാം. കടപ്പുറത്തുനിന്ന് അൽപം ഉയർന്നുനിൽക്കുന്ന തുറസായ ഭാഗം. കാറും ബൈക്കുമൊക്കെ കടലിലേക്കു മുഖംതിരിച്ചിട്ട് നോക്കിയിരിക്കാവുന്ന സ്ഥലം. ഒരു സെൽഫിയെടുത്ത് സായംസൂര്യനെ നോക്കി വിരഹതീവ്രതയോടെ ഒരു മൂളിപ്പാട്ടുംപാടി ഇരിക്കാൻ പറ്റിയ സ്ഥലം
പൊരിഞ്ഞ ഹൃദയം, തണുത്ത ഹൃദയം
ഇതിനു അഭിമുഖമായാണ് അലീഭായ്സ് തട്ടുകട. പഴമയുടെ സകല ഗൃഹാതുര ഡിങ്കോൾഫികളും മനസിൽ വന്നുനിറയുന്ന കെട്ടിടം. പണ്ടത്തെ ജനാലകൾ. പണ്ടത്തെ മേശയും കസേരയും പണ്ടത്തെ തൂക്കു വിളക്കുകൾ.
കയറിച്ചെല്ലുന്നയിടത്തെ വാതിലിൽ പൊരിച്ച ഐസ്ക്രീം എന്നൊരു ബോർഡ് തൂങ്ങുന്നുണ്ട്. ശ്ശെടാ... തിളച്ച ഐസ്ക്രീം എന്നാണാവോ റിലീസാവുന്നത് എന്നോർത്തിരിക്കുമ്പോഴാണ് കടയിലെ ഇക്കാക്ക ഓർഡറെടുക്കാൻ വന്നത്. നാവിൽ ഓടിവന്നത് അതേ ഐറ്റമാണ്.
വെള്ള പിഞ്ഞാണം എന്നു വിളിക്കാവുന്ന പാത്രം. അത്തരത്തിൽ ഒരു തൂവെള്ള പാത്രത്തിൽ കായപ്പത്തിന്റെ ലുക്കുള്ള പൊരിച്ച ഐസ്ക്രീം വന്നു. കൂടെയൊരു സ്പൂണും. കോണും കടലമാവുമൊക്കെ രുചിക്കുന്ന ആവരണം. അകത്ത് തണുത്തുറഞ്ഞ വാനില ഐസ്ക്രീം. ഓരോ സ്പൂണിലും ഇരുരുചികളും ഇഴപിരിയാതെ കെട്ടിപ്പിടിച്ചിരിക്കുന്നു. ഉള്ളിൽ ഒരു തണുപ്പ് അലിഞ്ഞിറങ്ങുന്നു. പക്ഷേ ഐസ്ക്രീമാണ് കഴിക്കുന്നത് എന്ന തോന്നലേയില്ല. കൊള്ളാലോ സംഗതി എന്നാലോചിക്കുമ്പോഴേക്ക് കഴിച്ചു തീരണം. അല്ലെങ്കിൽ ഐസ്ക്രീം തൂവെള്ള പാത്രത്തിൽ കടലായി പരക്കും.