ധനുമാസത്തിൽ ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിര എത്തുമ്പോൾ എട്ടങ്ങാടി നിവേദിക്കലാണ് പ്രധാന ആകർഷണമായ ചടങ്ങ്. ചേന, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, കാച്ചിൽ, ഏത്തക്കായ, ഏത്തപ്പഴം, വൻപയർ, ശർക്കര എന്നിവയാണ് എട്ടങ്ങാടിയിൽ ചേരുന്നത്. ആർദ്രാവ്രതം നോൽക്കുന്ന അംഗനമാർ വീട്ടു മുറ്റത്തു കൂട്ടുന്ന ഉമിത്തീയിൽ ചേനയും ചേമ്പും ചെറുകിഴങ്ങും ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ ചുട്ടെടുത്ത് എട്ടങ്ങാടി തയാറാക്കുന്ന രീതിയായിരുന്നു പഴയ കാലത്ത്. ഇപ്പോൾ ചെറുകിഴങ്ങ് മാത്രമാണു ചുട്ടെടുക്കുക. ചേനയും ചേമ്പും കൂർക്കയും കാച്ചിലും ഏത്തക്കായയും വേവിച്ചു ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുത്തു നുറുക്കിയ ഏത്തപ്പഴവും ചീകിയ ശർക്കരയും ചേർത്താൽ എട്ടങ്ങാടിയുടെ ആദ്യഘട്ടം തയാറായി. ഇതിലേക്കു വൻപയറും എള്ളും വറുത്തു ചേർക്കുന്നു. കരിക്ക് ചെറിയ കഷണങ്ങളാക്കി അരിഞ്ഞു ചേർത്താൽ എട്ടങ്ങാടി തയാറായി.
തിരുവാതിര വിഭവങ്ങൾ
∙ തിരുവാതിരപ്പുഴുക്ക്
ആവശ്യമായ ഇനങ്ങൾ:
1. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, നേന്ത്രക്കായ എന്നിവ നുറുക്കിയത് – 750 ഗ്രാം
2. കടല കുതിർത്ത് വേവിച്ചത് – 250 ഗ്രാം
3. നാളികേരം – ഒന്ന്
4. ജീരകം – ഒരു നുള്ള്
5. വറ്റൽ മുളക് വറുത്തത് – 12 എണ്ണം
6. മഞ്ഞൾപ്പൊടി – പാകത്തിന്
7. വെളിച്ചെണ്ണ – കുറച്ച്
8. കറിവേപ്പില, ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം – വെന്ത കടലയിലേക്ക് ഒന്നാമത്തെ ചേരുവകളും ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവിക്കുക. നാളികേരവും ജീരകവും വറ്റൽമുളകും തരുതരു പ്പായി അരച്ച് വെന്ത കൂട്ടിലേക്ക് ഇട്ട് ഇളക്കുക. ഒപ്പം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി ഉപയോഗിക്കുക.
∙ എട്ടങ്ങാടി
ആവശ്യമായ ഇനങ്ങൾ:
1. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, നേന്ത്രക്കായ എന്നിവ കനലിൽ ചുട്ടത് – 750 ഗ്രാം
2. ശർക്കര – 600 ഗ്രാം
3. വൻപയർ വേവിച്ചത് – 100 ഗ്രാം
4. എള്ള് വറുത്തത് – 20 ഗ്രാം
5. കരിക്ക് – കുറച്ച്
6. നാളികേരം കീറിയത് – കുറച്ച്
7. നെയ്യ് – 4 സ്പൂൺ
തയാറാക്കുന്ന വിധം – കിഴങ്ങുകൾ കനലിൽ ചുട്ടെടുക്കുക. ശർക്കര ഉരുക്കി കമ്പി പാകം ആകുമ്പോൾ ചുട്ട കിഴങ്ങുകളും മൂന്നു മുതൽ ഏഴുവരെയുള്ള ചേരുക ളും ചെറുതീയിലിട്ട് വരട്ടിയെടുക്കുക.
∙ കൂവ കുറുക്ക്
ആവശ്യമായ ഇനങ്ങൾ:
1. കൂവപ്പൊടി – 200 ഗ്രാം
2. ശർക്കര – 200 ഗ്രാം
3. ചെറുപയർ വറുത്ത് പിളർന്നു വേവിച്ചത് – 50 ഗ്രാം
4. നാളികേരം ചുരണ്ടിയത് – 100 ഗ്രാം
5. നെയ്യ് – 3 സ്പൂൺ
തയാറാക്കുന്ന വിധം – വേവിച്ച ചെറുപയറിലേക്ക് ശർക്കരയിട്ട് അലിയിക്കുക. നന്നായി തിളച്ചുകഴിയുമ്പോൾ കൂവപ്പൊടി ദോശമാവിന്റെ പരുവത്തിൽ കലക്കി ഈ കൂട്ടിലേക്ക് ഒഴിച്ച് ചെറു തീയിൽ ഇളക്കുക. വറ്റിവരുമ്പോൾ നാളികേരവും നെയ്യും ചെർത്ത് ഇളക്കുക.