ഇലവാട്ടി പൊതിഞ്ഞ പൊതിച്ചോറ് ഓർമയുണ്ടോ. എല്ലാം ഒരുമിച്ചു ചേർന്നുണ്ടാക്കുന്ന ആ രുചിയുടെ നൊൾസ്റ്റാജിയും ഇലയുടെ സുഗന്ധവും മനസ്സിൽ കൊണ്ടുനടക്കുന്ന ചെറുപ്പക്കാർ റസ്റ്ററന്റ് തുടങ്ങിയപ്പോൾ അതും മെനുവിൽപ്പെടുത്തി. ഹോട്ടലിൽ വിളമ്പുന്ന മെനുവിലല്ല. സ്ഥിരമായി വീട്ടിലെത്തിച്ചു കൊടുക്കുന്ന മെനുവിൽ.
പതിവു വെജിറ്റേറിയൻ വിഭവങ്ങളിൽനിന്നെല്ലാം മാറി വൃന്ദാവൻ പുതിയ വിഭവങ്ങൾ തേടിയപ്പോഴും ഉടമകൾ പഴയ ചില ഓർമകൾ നിലനിർത്താൻ തീരുമാനിച്ചിരുന്നു. പ്രാതൽ എന്ന പേരിൽ എല്ലാ ദിവസവും വീടുകളിൽ 50 രൂപയ്ക്കു പ്രഭാത ഭക്ഷണമെത്തിക്കും. നഗരത്തിൽ പ്രായാധിക്യവും രോഗവും കാരണം തനിച്ചായിപ്പോയ എത്രയോ വീട്ടുകാർ കാത്തിരിക്കുന്ന പ്രാതലാണിത്. പൂരിയും പുട്ടും ദോശയും ഇഢലിയുമെല്ലാം മാറി മാറി പ്രാതലിലുണ്ടാകും. എന്തു സമരമുണ്ടായാലും ഇതു മുടക്കാറില്ല. കുട്ടികളെ അതികാലത്തു സ്കൂളിൽ വിടേണ്ട വീട്ടമ്മമാരും ഇപ്പോൾ ഈ പ്രാതലിന്റെ നിത്യ വരിക്കാരാണ്. അന്യ ദേശത്തു താമസിക്കുന്ന മക്കൾ, നാട്ടിലെ വേണ്ടപ്പെട്ടവർ എന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നുറപ്പാക്കുന്നതു വൃന്ദാവനിലൂടെയാണ്. സുഖമില്ലാതെ കിടക്കുന്ന അമ്മ രണ്ടു ദിവസം പട്ടിണി കിടന്നതു അറിഞ്ഞില്ലെന്നു കണ്ണീരോടെ പറഞ്ഞൊരു പ്രവാസി മലയാളിയുടെ മുഖം മറക്കാനാകാത്തതുകൊണ്ടാണു ഇവർ പ്രാതൽ തുടങ്ങിയത്. പിന്നീട് ഇങ്ങനെയുള്ളവർക്കായി പൊതിച്ചോറും തുടങ്ങി. വീടുകളിൽ എന്നും ഉച്ചയ്ക്കു പൊതിച്ചോറ് എത്തിച്ചു കൊടുക്കും. മാസാവസാനം പണം വാങ്ങും. വാട്ടിയ ഇലയിലാണു പൊതിച്ചോറു നൽകുന്നത്. പ്രായമായ പലർക്കും പാത്രം കഴുകൽ പ്രയാസമാണെന്നു മനസ്സിലാക്കിയതോടെയാണ് ഊണ് പൊതിയിലാക്കിയത്.
വൃന്ദാവനിൽ ഇഢലിയെ പുത്തൻ തലമുറയുടെ രുചിയിലേക്കുകൂടി മാറ്റിയെടുത്തിരിക്കുന്നു. ഇഢലി എന്നു കേട്ടാൽ മുഖം ചുളിക്കുന്നവർപോലും ഇവിടെ സന്തോഷത്തോടെ ഫോർക്കിൽ കുത്തി ഇഢലി കഴിക്കുന്നു. ചൈനീസ് സോസുകൾ ഒഴിച്ചു വറുത്തെടുക്കുന്ന ചില്ലി ഇഢലി, മാവിൽ പനീർ ചേർത്തു കുഴച്ചുണ്ടാക്കുന്ന പനീർ ഇഢലി, തന്തൂരിൽ പൊരിച്ചെടുക്കുന്ന ഇഢലി ടിക്കകൾ, വറ്റൽമുകളകും ഉലുവയും കറിവേപ്പിലയും ഉലുവയും ഉഴുന്നുപരിപ്പും ചേർത്തുണ്ടാക്കുന്ന മൈസൂർ ഇഢലി അങ്ങിനെ ഇഢലിയെ പല രൂപത്തിലുമാണ് ഇവിടെ ഒരുക്കുന്നത്.
മഷൂറൂം വിത്ത് കോക്കനട്ട് (ഡ്രൈ)യും ഫുൽക്കയും പനീർ ഖാലി മിർച്ചിയും റൊട്ടികളും, പനീർ കൊണ്ടാട്ടവും ചപ്പാത്തിയുമെല്ലാം ന്യൂ ജനറേഷൻ കോംപിനേഷനിൽ ചിലതാണ്. ടി.എസ്.ഉല്ലാസ് ബാബുവും കെ.ബി.സുരേഷ്കുമാറും പ്രജീബ് ചന്ദ്രൻ മേലേതിലുമാണ് ഉടമകൾ. മാരാർ റോഡിൽ തുറന്ന വൃന്ദാവൻ പിന്നീടു സേക്രഡ് ഹാർട്ട് സ്കൂളിനടുത്തെ ബന്നറ്റ് റോഡിലും പുതിയ റസ്റ്റോറന്റു തുറന്നു. രണ്ടു റസ്റ്റോറന്റും പക്കാ വെജിറ്റേറിയൻതന്നെ.