ബട്ടർ സ്കോച്ച് ഫ്രെഷ് ക്രീം കേക്ക് വീട്ടിൽ തയാറാക്കാം

ബട്ടർ സ്കോച്ച് ഫ്രെഷ് ക്രീം കേക്ക് തയാറാക്കിയത് : ഫെമി ഷയംസ്

മൃദുലമായൊരു ബട്ടർസ്കോച്ച് ഫ്രെഷ് ക്രീം കേക്കിന്റെ കൂട്ട് പരിചയപ്പെട്ടാലോ? ഈ കേക്ക് നാലു ദിവസം വരെ ഫ്രിഡ്ജിൽ രുചിവ്യത്യാസമില്ലാതെ സൂക്ഷിക്കാൻ സാധിക്കും.

ചേരുവകൾ

മൈദ – 1 കപ്പ്
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മുട്ട – 3
വെജിറ്റബിൾ ഓയിൽ – മുക്കാല്‍ കപ്പ്
വാനില എസൻസ് – 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് – 1 കപ്പ്

തയാറാക്കുന്ന വിധം

മൈദയും ബേക്കിംഗ് പൗഡറും ഉപ്പും ഒരു അരിപ്പ വച്ച് നന്നായി അരിച്ച് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു വലിയ ബൗൾ എടുത്ത് 3 മുട്ട പൊട്ടിച്ച് ഒഴിക്കുക. ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് 1 കപ്പ് ഷുഗർ പൗഡർ ചേർക്കുക. നന്നായി ബീറ്റ് ചെയ്ത ഈ മിക്സിലേക്ക് മുക്കാൽ കപ്പ് വെജിറ്റബിൾ ഓയിലും ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് ബീറ്റ് ചെയ്യുക. ഈ മിക്സിലേക്ക് അരിച്ചു വച്ച മൈദയും ബേക്കിങ് പൗഡറും ഉപ്പും ചേർത്ത് നന്നായി ഒരു തവി (തടികൊണ്ടുള്ളത്) ഉപയോഗിച്ച് ഒരേ സൈഡിലേക്ക് ഇളക്കുക അതിനുശേഷം ഒരു ബേക്കിങ് ഡിഷിൽ വെജിറ്റബിൾ ഓയിൽ പുരട്ടി അതിന്റെ മുകളിൽ ബട്ടർ പേപ്പർ വച്ച് കുറച്ച് മൈദ തൂവി കൊടുക്കുക. ബാക്കി വരുന്ന മൈദ കൊട്ടി മാറ്റി കളയുക. ഈ പായ്ക്കിങ് ട്രേയിലേക്ക് കേക്കിന്റെ മിക്സ് ചേർക്കുക. നന്നായി ടാപ്പ് ചെയ്ത് 180 ഡിഗ്രി  C ൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 30 മിനിറ്റ് വെച്ച് നമുക്ക് കേക്ക് ബേക്ക് ചെയ്ത് എടുക്കാം. കേക്ക് നന്നായി തണുത്തതിന് ശേഷം കേക്കിനെ മൂന്ന് ലെയർ ആയി കട്ട് ചെയ്യുക.

ഐസിങ്ങിന് ആവശ്യമായ ചേരുവകൾ

വിപ്പിങ് ക്രീം – ഒന്നര കപ്പ്

ഒന്നര കപ്പ് വിപ്പിങ് ക്രീം ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക.

കേക്ക് ലെയറിങ്ങിന് ആവശ്യമായ ചേരുവകൾ

പഞ്ചസാര സിറപ്പ് – 1 കപ്പ്
ബട്ടർ സ്കോച്ച് ഗ്രാന്യൂൾസ് പൊടിച്ചത് – അര കപ്പ്
ബട്ടർ സ്കോച്ച് സിറപ്പ് – ആവശ്യത്തിന്

കേക്ക് കട്ട് ചെയ്ത് മൂന്ന് ലെയറിലും ആദ്യം ഷുഗർ സിറപ്പ് ചേർക്കുക. അതിനു മുകളിൽ ക്രീമും ബട്ടർ സ്കോച്ച് ഗ്രാന്യൂൾസും പൊടിച്ചത്. ബട്ടർ സ്കോച്ച് സിറപ്പ് ചേർത്ത് കേക്കിനെ കവർ ചെയ്യുക. കവർ ചെയ്ത കേക്കിന്റെ മുകളിൽ ഇഷ്ടമുള്ള നോസിൽ ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്യാം.