മിക്സ്ചർ വീട്ടിൽ തയാറാക്കാം, വിഡിയോ കാണാം

മലയാളികളുമായി ബന്ധപ്പെട്ട ഏതൊരു ആഘോഷത്തിനും ചായയ്‌ക്കൊപ്പം മിക്സ്ചറുണ്ട്. അല്പം എരിവിന്റെയും ഉപ്പിന്റെയുമൊക്കെ പിൻബലമുള്ള ഈ കറുമുറു വിഭവത്തിനു നമ്മുടെ നാട്ടിൽ ആരാധകർ ഏറെയുണ്ടെന്നതാണ് സത്യം. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന നമ്മുടെ ഈ നാടൻ പലഹാരത്തിന്റെ കൂട്ടുകൾ എന്തൊക്കെയാണെന്നും അതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും നോക്കാം.

ആവശ്യമായ ചേരുവകൾ

കടലമാവ് - 200 ഗ്രാം
അരിപ്പൊടി - 3 ടേബിൾ സ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - അര ടീസ്പൂൺ
കായപ്പൊടി - ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്
നിലക്കടല- 50 ഗ്രാം ( ഇഷ്ടമുള്ളവർക്ക് കൂടുതൽ ചേർക്കാം )
പൊട്ടുകടല- 25 ഗ്രാം
കറിവേപ്പില- രണ്ടുമൂന്നു തണ്ട്
എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം 

കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ വെള്ളമൊഴിച്ച് ചപ്പാത്തിപരുവത്തിൽ കുഴച്ചുവയ്ക്കുക. ഒരു പാൻ അടുപ്പത്തുവെച്ച്, അതിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കറിവേപ്പിലയിട്ട് വറുത്തു കോരുക, അതിനുശേഷം പൊട്ടുകടലയും നിലകടലയും ഇതുപോലെ  തന്നെ വറുത്തെടുക്കുക. ഒരുമിച്ചിട്ടു വറുത്താൽ ചിലപ്പോൾ പൊട്ടുകടല കരിഞ്ഞുപോകുമെന്നതുക്കൊണ്ട് വെവ്വേറെ വറുത്തെടുക്കാൻ ശ്രദ്ധിക്കുക. ഇവയെല്ലാം പാകപ്പെടുത്തി മാറ്റി വെച്ചതിനു ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് സേവനാഴിയിൽ നിറച്ച്, ചൂടായ എണ്ണയിലേക്ക് ഇടിയപ്പം ഉണ്ടാക്കുന്നതുപോലെ വട്ടത്തിൽ ഞെക്കിയിടുക. നല്ലതുപോലെ പാകമാകുമ്പോൾ, എണ്ണയിൽ നിന്നും മാറ്റി അല്പമൊന്നു തണുക്കാൻ വെക്കുക. 

മിക്സ്ചറിൽ സാധാരണയായി കാണാറുള്ള ബൂന്തി തയ്യാറാക്കുന്നതിനായി, നമ്മൾ നേരത്തെ തയാറാക്കിയ മാവിൽ നിന്നും കുറച്ചെടുത്ത്, അല്പം അയവിൽ വെള്ളമൊഴിച്ചു കലക്കിയതിനു ശേഷം, അരിപ്പതവിയിലൂടെ ചൂടായ എണ്ണയിലേക്ക് ഒഴിക്കുക. പാകമാകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. ബൂന്തി കൂടി തയ്യാറാക്കി മാറ്റിയതിനു ശേഷം നേരത്തെ വറുത്തുമാറ്റിവെച്ചിരിക്കുന്ന കടലയും പൊട്ടുകടലയും കറിവേപ്പിലയുമെല്ലാം ചേർത്ത് യോജിപ്പിച്ചെടുക്കുക. എരിവും ഉപ്പുമൊക്കെ കൂടുതൽ വേണ്ടവർക്ക് കുറച്ച് ഉപ്പും മുളകുപൊടിയും കായപ്പൊടിയും ആവശ്യമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ്.