പച്ചനിറത്തിലൊരു പൻഡൻ ക്രിപ് റോൾ

പാചകം ഏറെ ഇഷ്ടപ്പെടുന്ന ഷിന്റോയാണ്  ഓഗസ്റ്റ് മാസത്തിലെ ഓൺമനോരമ ഹോം ഷെഫ് വിജയി. തൃശൂരിലെ ആലൂരാണ് സ്വദേശം. കുട്ടിക്കാലത്തെ അമ്മയെ സഹായിച്ച് അടുക്കളയിൽ കൂടി ചില രുചിക്കൂട്ടുകളുടെ ടിപ്സും  സ്വന്തമാക്കി. പാചകത്തോടുള്ള സ്നേഹംകൊണ്ട് അത് പ്രൊഫഷനാക്കാനും തീരുമാനിച്ചു. ഫ്യൂഷൻ ഫുഡ് തയാറാക്കാൻ നിരവധി പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. കാണാൻ നല്ല ഭംഗിയുള്ള എന്നാൽ രുചികരവും ആരോഗ്യകരവുമായ പൻഡൻ ക്രീപ് റോളാണ് ഷിന്റോ പരിചയപ്പെടുത്തുന്നത്. പൻഡൻ ലീഫ് അരച്ചു ചേർത്തതു കൊണ്ടുള്ള സ്വാഭാവികമായ നിറവും മണവും ഈ പലഹാരം കുട്ടികൾക്ക് ഏറെ പ്രിയങ്കരമാക്കും. ശ്രീലങ്ക,മലേഷ്യ വിഭവങ്ങളിൽ ധാരാളം കാണുന്ന പൻഡൻ ലീവ്സ് ഇപ്പോൾ നമ്മുടെ നാട്ടിലും ലഭ്യമാണ്.

ചേരുവകൾ

ഡബിൾ ഹോഴ്സ് ഇടിയപ്പപ്പൊടി – 200 ഗ്രാം
പൻഡൻ ലീഫ്സ്
മൈദ – 1/4കപ്പ്
മുട്ട – 3
തേങ്ങാപ്പാൽ – 400 മില്ലിലിറ്റർ
പൻഡൻ ലീഫ്സ് നീര് – 50 മില്ലി ലിറ്റർ
ബട്ടർ – 20 ഗ്രാം

സ്റ്റഫിങ് തയാറാക്കാൻ

തേങ്ങാ – അരമുറി ചിരണ്ടിയത്
ശർക്കര – 100 ഗ്രാം
ഏലയ്ക്കാപ്പൊടി
വെള്ളം – 125 മില്ലിലിറ്റർ
ഉപ്പ് – ആവശ്യത്തിന്

തേങ്ങാ ശർക്കരക്കൂട്ട് നിറച്ചത്

സ്റ്റഫിങ് തയാറാക്കാൻ

ബ്രൗൺ ഷുഗർ – 100 ഗ്രാം
കറുവാപ്പട്ട – കാൽ ടീസ്പൂൺ
പഴം –1
ബട്ടർ – 20 ഗ്രാം

പഴം–ബ്രൗൺഷുഗർ കൂട്ട് നിറച്ചത്

തയാറാക്കുന്ന വിധം

∙പൻഡൻ ലീവ്സ് ചെറുതായി അരിഞ്ഞ്, വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് അരിച്ചെടുക്കാം.

ക്രീപ് തയാറാക്കാൻ

ഒരു ബൗളിൽ ഡബിൾ ഹോഴ്സ് അരിപ്പൊടിയും തേങ്ങാപ്പാലും മൈദയും ഇട്ട് അതിലേക്ക് മുട്ടപൊട്ടിച്ചൊഴിക്കാം. പൻഡൻ ലീവ്സിന്റെ നീരും ഉപ്പും ചേർത്ത് മാവ് നന്നായി യോജിപ്പിച്ചെടുക്കാം.

ചൂടായ പാനിലേക്ക് അൽപം ബട്ടർ പുരട്ടി മാവൊഴിച്ച് ഇരുവശവും വേവിച്ച് ക്രീപ് തയാറാക്കാം.

തേങ്ങ–ശർക്കര കൂട്ട്

പാനിൽ വെള്ളമൊഴിച്ച് ശർക്കര ചേർത്ത് പാനിയാക്കുക. പാനി നൂൽപരുവത്തിലാകുമ്പോൾ തേങ്ങ ചിരകിയത് ചേർത്ത് വറ്റിച്ചെടുക്കാം. ഏലയ്ക്കപ്പൊടിയും ചേർത്ത് വാങ്ങാം.

പഴം നിറച്ച സ്റ്റഫിങ് 

പാനിൽ ഒരു ടീസ്പൂൺ ബട്ടർ ചൂടാക്കി അതിലേക്ക് ബ്രൗൺ ഷുഗർ ചേർത്ത് മെൽറ്റ് ചെയ്യാം ഇതിലേക്ക് പഴം ചേർത്തു നന്നായി യോജിപ്പിച്ചെടുക്കാം.

നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ക്രീപിലേക്ക് 1 ടേബിൾ സ്പൂൺ സ്റ്റഫിങ് വച്ച് നന്നായി മടക്കി എടുത്ത് അൽപം ശർക്കര പാനിയോ ചോക്ലേറ്റ് സോസോ ചേർത്ത് കഴിയ്ക്കാം.