മലായി ചിക്കൻ വെർമിസെല്ലി പുലാവ്

പായസം മാത്രമല്ല വെർമിസെല്ലി ഉപയോഗിച്ചു നല്ല പുലാവും തയാറാക്കാം. ‍‍‍ഡബിൾഹോഴ്സ് ഓൺമനോരമ ഹോം ഷെഫ് ജേതാവ് സഹാന സലിം പരിചയപ്പെടുത്തുന്ന മലായി ചിക്കൻ വെർമിസെല്ലി പുലാവ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. സ്പൈസി ചിക്കൻ ചേർത്തു തയാറാക്കുന്ന രുചികരമായ പുലാവാണിത്. വറുത്തെടുത്ത വെർമിസെല്ലി, ചിക്കനൊപ്പം ചേരുമ്പോൾ രുചിമേളം തുടങ്ങുകയായി. തൃശൂർ കേച്ചേരി സ്വദേശിയാണ് സഹാന സലിം.

Read this Recipe in English

ചേരുവകൾ

ഡബിൾ ഹോഴ്സ് റോസ്റ്റഡ് വെർമിസെല്ലി – 1 കപ്പ്
ചിക്കൻ (എല്ലില്ലാത്ത) – 200 ഗ്രാം
കുരുമുളകുപൊടി – 1 ടീസ്പൂൺ
തൈര് – 2 ടീസ്പൂൺ
ജീരകം പൊടിച്ചത് – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2
കസൂർ മേത്തി – 1 ടീസ്പൂൺ
മല്ലിയില – 1 ടേബിൾ സ്പൂൺ
പൂതിനയില – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഫ്രഷ് ക്രീം – 3 ടീസ്പൂൺ
ചീസ് – 2 ടീസ്പൂൺ
ചാറ്റ് മസാല – അര ടീസ്പൂൺ

നെയ് – 1 ടേബിൾസ്പൂൺ
എണ്ണ – ഒന്നര ടേബിൾ സ്പൂൺ
ജീരകം – അര ടീസ്പൂൺ
ഏലയ്ക്ക – 2
ബേ ലീവ്സ് – 1
കറുവപ്പട്ട – 1
സവോള – 1
പച്ചമുളക് – 2
ഉപ്പ് – ആവശ്യത്തിന്
കാരറ്റ് – 1

തയാറാക്കുന്ന വിധം

∙ ചിക്കൻ കുരുമുളകുപൊടി, തൈര്, ജീരകപ്പൊടി, ഗരം മസാല, ഇഞ്ചി –വെളുത്തുള്ളി പേസ്റ്റും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പച്ചമുളക്, കസൂർ മേത്തി, മല്ലിയില, പുതിനയില, ഉപ്പ്, ഫ്രഷ് ക്രീം, ചീസ് ഗ്രേറ്റ് ചെയ്തതും നന്നായി യോജിപ്പിക്കുക. ചാറ്റ് മസാല ഈ കൂട്ടിനു മുകളിൽ വിതറണം. ഈ കൂട്ട് തയാറാക്കിയ ചിക്കനിൽ ചേർത്തു ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.

∙ഒരു പാനിൽ നെയ്യ് ചൂടാക്കുക, ആവശ്യത്തിന് എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ ഇതിലേക്ക് ജീരകം, ഏലയ്ക്ക, ബേ ലീഫ്, കറുവാപ്പട്ടയും ചേർക്കാം. ഇതിലേക്ക് സവോളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും കാരറ്റും ഇതിലേക്കു ചേർക്കുക. ഫ്രഡ്ജിൽ വച്ചു തണുപ്പിച്ച ചിക്കനും ഈ കൂട്ടിലേക്കു ചേർക്കാം. ആവശ്യത്തിനു വെള്ളം ചേർത്തു 5 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക. 

∙കുറുകിത്തുടങ്ങുമ്പോൾ വെർമിസെല്ലി ചേർക്കാം. ചിക്കന്റെ ഗ്രേവിയിൽ വെർമിസെല്ലി നന്നായി വേകണം. 10 മിനിറ്റ് അടച്ചു വേവിക്കണം.