ചുരയ്ക്ക വളരെ പോഷക ഗുണം നിറഞ്ഞതും വൈറ്റമിൻസും മിനറൽസും നിറഞ്ഞ് സമ്പുഷ്ടവുമാണ്. എന്നാൽ കാലറി വളരെ കുറവും ആണ്. പണ്ടൊക്കെ എല്ലാ വീട്ടിലും തൊടിയിൽ ഉള്ള പച്ചക്കറികളുടെ കൂട്ടത്തിൽ ചുരക്ക കാണുമായിരുന്നു. പലതും ഇല്ലാതാവുന്ന കൂട്ടത്തിൽ ഇപ്പോൾ ചുരക്കയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതിന്റെ ചെടി കാണണമെങ്കിൽ ഗൂഗിൾ തന്നെ ശരണം.
ചുരയ്ക്ക തോരൻ
പാൻ ചൂടാകുമ്പോൾ 1 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്കു വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂത്തു വരുമ്പോൾ ചെറുതായി അരിഞ്ഞ ചുരക്കയും, 1 ചെറിയ സവാള പൊടിയായി അരിഞ്ഞതും ( എരിവ് വേണമെങ്കിൽ 2 പച്ചമുളക് മുറിച്ചതും) ചേർത്തു രണ്ടു മിനിറ്റു വഴറ്റുക. അതിൽ അര സ്പൂൺ മഞ്ഞൾപൊടിയും 1 സ്പൂൺ മല്ലിപ്പൊടിയും ഇട്ട് നന്നായി ഇളക്കി വളരെ കുറച്ചു വെള്ളം ഒഴിച്ച് 3-4 മിനിറ്റ് അടച്ചു വച്ചു വേവിക്കുക. അതിനു ശേഷം കുറച്ചു തേങ്ങ (6 സ്പൂൺ), കുഞ്ഞുള്ളിയും ജീരകവും ചേർത്ത് തിരുമ്മിയത് ഇട്ട് ഇളക്കി അടച്ച് വച്ച് രണ്ടു മിനിറ്റു കഴിഞ്ഞ് തുറന്നു വച്ച് ഇളക്കി, വെള്ളം വറ്റിച്ച് എടുക്കാം. ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.