പച്ചക്കറികളും ബ്രഡും ചേർന്നൊരു ടോസ്റ്റ്

ബ്രഡിനൊപ്പം പച്ചക്കറികൾ പൊതിഞ്ഞ് ഉണ്ടാക്കുന്ന , കുട്ടികൾക്ക് ഏറെ ഇഷ്ടമായ വിഭവമാണിത്. ബേക്ക് ചെയ്തോ, വറുത്തെടുത്തോ തയാറാക്കാം.വളരെ ലളിതമായി ഉണ്ടാക്കാവുന്ന ഈ വിഭവം തലേന്ന് റോളുകൾ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ടോസ്റ്റ് ചെയ്തെടുക്കാം. 

ചേരുവകൾ :

നെയ്യ് - 2 ടീ സ്പൂൺ + 1 ടേബിൾ സ്പൂൺ
ചതച്ച ഇഞ്ചി - 1 ടീ സ്പൂൺ
ചതച്ച വെളുത്തുള്ളി - 1 ടീ സ്പൂൺ
വലിയ ഉള്ളി ( ചെറുതായി നുറുക്കിയത് )- 1 ടീ സ്പൂൺ
ബീൻസ് - 1 ടീസ്പൂൺ
കാരറ്റ് - 1 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
പനീർ ഉടച്ചത് - 1 കപ്പ്
നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ
മല്ലിയില ആവശ്യത്തിന്
ബ്രഡ് അരികു കളഞ്ഞത്
മയോണൈസ്
മൈദ വെള്ളത്തിൽ യോജിപ്പിച്ച് - ആവശ്യത്തിന്

പാചകരീതി :

∙ രണ്ടു ടീസ്പൂൺ നെയ്യ് ചൂടാക്കി, ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. പച്ച മണം മാറുമ്പോൾ ഉള്ളി അരിഞ്ഞതും ബീൻസ്, കാരറ്റ് എന്നിവയും ചേർത്ത് വഴറ്റുക. 

വഴന്നു വരുമ്പോൾ ഗരം മസാല, ഉപ്പ്, മുളകുപൊടി എന്നിവ ചേർക്കുക. 

∙ രണ്ടു മിനിറ്റു വഴറ്റുക, പനീർ ഉടച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് ഉണങ്ങിയ മാങ്ങാ പൊടി, നാരങ്ങ നീര്, മല്ലിയില ചേർത്ത് മാറ്റി വെക്കുക. 

∙ അരിക് നീക്കിയ ബ്രഡ് സ്ലൈസ് എടുത്ത് മയോണൈസ് തേക്കുക, അതിനു മുകളിൽ പനീർ മിശ്രിതം വെച്ച് റോൾ ചെയ്യുക. മൈദ അരികുകളിൽ തേച്ച്, റോൾ ഒട്ടിക്കുക. 

∙ പാനിൽ 1 ടേബിൾ സ്പൂൺ നെയ്യൊഴിച്ചു റോളുകൾ ടോസ്റ്റ് ചെയ്തെടുക്കുക.