ക്രീമും പാലും ചേർക്കാതെ ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തയാറാക്കാം

കുട്ടികൾക്ക് പൊതുവെ പഴം കഴിക്കുക എന്ന് പറഞ്ഞാൽ മടിയുള്ള കാര്യമാണ്. എങ്കിൽ ക്രീമും പാലും ഒന്നും  ചേർക്കാതെ പഴം കൊണ്ട് എളുപ്പത്തിൽ ഒരു ചോക്ലേറ് ഐസ്ക്രീം  ഉണ്ടാക്കി കൊടുത്താൽ കഴിക്കാതിരിക്കുമോ?... ഒന്ന് പരീക്ഷിച്ചു നോക്കൂ

ചേരുവകൾ 

പഴുത്ത നേന്ത്രപ്പഴം -3
കൊക്കോ പൗഡർ - 3 ടേബിൾസ്പൂൺ
ശർക്കരപ്പൊടി - 2 ടേബിൾസ്പൂൺ
ചൂടുവെള്ളം - 2 ടേബിൾസ്പൂൺ
ഇൻസ്റ്റന്റ് കാപ്പിപ്പൊടി- 1 ടീസ്പൂൺ 

ഉണ്ടാക്കുന്ന വിധം 

∙ പഴുത്ത നേന്ത്രപ്പഴങ്ങൾ 3 എണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞു ഒരു രാത്രിമുഴുവൻ ഫ്രീസറിൽ വെച്ച് തണുപ്പിച്ചു എടുക്കുക.

∙ ഐസ്ക്രീം ഉണ്ടാക്കുന്നതിനായി തണുത്ത പഴക്കഷ്ണങ്ങൾ മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുക്കുക.വേണമെങ്കിൽ ചൂടുവെള്ളത്തിൽ ഇൻസ്റ്റന്റ് കാപ്പിപ്പൊടി ചേർത്ത് നന്നായി ഇളക്കി പഴത്തിലേക്കു ചേർക്കാവുന്നതാണ് .

∙ ഇനി കൊക്കോ പൗഡറും ശർക്കരപ്പൊടിയും ചേർത്ത് പഴം ഒന്നുകൂടി അടിച്ചെടുക്കുക.നന്നായി അടിച്ചെടുത്ത മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റുക .

∙ അലങ്കാരത്തിന് വേണമെങ്കിൽ മുകളിൽ ചെറുതായി അരിഞ്ഞ ഡ്രൈ ഫ്രൂട്ട്സ്‌ ചേർക്കാവുന്നതാണ്.

∙ അതിനു ശേഷം പാത്രമടച്ചു ഫ്രീസറിൽ 3 -4 മണിക്കൂർ വെച്ച് സെറ്റ് ചെയ്‌തു എടുത്താൽ ഹെൽത്തി ഐസ്ക്രീം റെഡി.

∙ ശർക്കര ഇഷ്ടമല്ലാത്തവർക്ക് മധുരത്തിന് ഇഷ്ടമുള്ളത് ചേർക്കാവുന്നതാണ്.