ഉണക്കലരി പാൽപായസം എളുപ്പത്തിൽ തയാറാക്കാം

പായസത്തിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്നൊരു പാൽപായസക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

ഉണക്കലരി കഴുകി ഉണക്കിവച്ചത് – ഒരു കപ്പ്
പാൽ – 12 ഗ്ലാസ്
പഞ്ചസാര – മൂന്നു കപ്പ്
ബദാം ചെറുതായരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ
ബട്ടർ – 50 ഗ്രാം
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ

പാകപ്പെടുത്തുന്ന വിധം

ഒരു വലിയ കുക്കർ എടുത്ത് ഉണക്കിവച്ച അരി (വീണ്ടും കഴുകേണ്ട ആവശ്യമില്ല) കുക്കറിലിട്ടു പാലും പഞ്ചസാരയും ചേർത്ത്, കുക്കറടച്ച് അടുപ്പത്തു വച്ചു നന്നായി ആവി വരുമ്പോൾ വെയ്റ്റ് ഇട്ട് തീ ഏറ്റവും കുറച്ചു 40 മിനിറ്റ് നേരം വയ്ക്കണം. തീ ഓഫാക്കി ആവി മുഴുവനും പോയതിനു ശേഷം കുക്കർ തുറന്നാൽ പായസം പാകമായിട്ടുണ്ടാകും. ഇതു മറ്റൊന്നും ചേർക്കാതെ തന്നെ രുചികരമായിരിക്കും. ഏലയ്ക്കാപ്പൊടി, ബദാം അരിഞ്ഞത്, ബട്ടർ എന്നിവയും ചേർത്തിളക്കി പായസം ആവശ്യാനുസരണം വിളമ്പി ഉപയോഗിക്കാവുന്നതാണ്. ഈ ഉണക്കലരിപ്പായസം വളരെ സ്വാദിഷ്ഠമാണ്. ഉണ്ടാക്കാൻ എളുപ്പവുമാണ്.