ബീറ്റ്റൂട്ട് ചേർത്ത കട്‌ലറ്റ് അത് മലയാളികൾക്ക് പരിചയം ഇന്ത്യൻ കോഫി ഹൗസിൽ നിന്നു തന്നെ. പുറമെ നല്ല ക്രഞ്ചിയും അകത്ത് ബീറ്റ്റൂട്ട് രുചിയും നിറച്ച ആ കൂട്ട് ,ചായയ്ക്കൊപ്പം അൽപം സവോളയൊ, സോസോ ചേർത്ത് കഴിക്കാൻ ഇതിലും ബെസ്റ്റ് പലഹാരം വേറെയുണ്ടോ?
Click here to read this recipe in English
ചേരുവകൾ
ബീറ്റ്റൂട്ട് ചിരകിയത് - രണ്ടു കപ്പ്
സവാള – പകുതി ഭാഗം ചെറുതായി അരിഞ്ഞത്
ഉരുളക്കിഴങ്ങ് – ഒരെണ്ണം പുഴുങ്ങി ഉടച്ചത്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ
കടുകു പൊടിച്ചത് – കാൽ ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – രണ്ടു ടേബിൾ സ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കിയത് – അര ടീസ്പൂൺ
റൊട്ടിപ്പൊടി – കാൽ കപ്പ്
ഉപ്പു പാകത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്
രണ്ടാമത്തെ ചേരുവകൾ
കോൺഫ്ളവർ – രണ്ടു ടേബിൾസ്പൂൺ
മൈദ അല്ലെങ്കിൽ ആട്ട –ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
വെള്ളം കാൽ കപ്പ്
ഉപ്പ് പാകത്തിന്
റൊട്ടിപ്പൊടി
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ടിൽ രണ്ടു നുള്ള് ഉപ്പു ചേർത്ത് അഞ്ചു മിനിറ്റ് വച്ചശേഷം നന്നായി പിഴിഞ്ഞു വെള്ളം കളഞ്ഞടുക്കുക. ആദ്യത്തെ ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് പത്തു മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം, രണ്ടാമത്തെ ചേരുവകൾ യോജിപ്പിച്ച് അധികം ലൂസാകാതെയും കട്ടിയാകാതെയും മൈദ മിശ്രിതം തയാറാക്കണം. അതിനുശേഷം തയാറാക്കിയ ബീറ്റ്റൂട്ട് കൂട്ട് ഇഷ്ടമുള്ള ആകൃതിയിലാക്കി മൈദ മിശ്രിതത്തിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി ചൂടാക്കിയ എണ്ണയിൽ ഇടത്തരം തീയിൽ വറുത്തുകോരാം.