പാൻ കേക്കിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്നൊരു രുചിയാണ് മാൽപ്പുവയുടേത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശിലെ പ്രസിദ്ധവിഭവമാണിത്. ഒഡിഷയിലാണ് മാൽപ്പുവ ഏറെ പ്രസിദ്ധം. പലനാട്ടിലും പലതരത്തിലാണ് ഈ പാൻകേക്ക് തയാറാക്കുന്നത്.
ചേരുവകൾ : മൈദ രണ്ടു കപ്പ്, റവ വറുത്തത് ഒരു കപ്പ്, പഞ്ചസാര ഒരു കപ്പ്, ചെറു ചൂടു വെള്ളം രണ്ടു കപ്പ്, ഉപ്പ് പാകത്തിന്, ബേക്കിങ് പൗഡർ കാൽ ടീസ്പൂൺ ,എണ്ണ വറുക്കാൻ ആവശ്യത്തിന്.
തയാറാക്കുന്ന വിധം :
ചേരുവകളെല്ലാം ചേർത്തിളക്കി ശേഷം ഇളം ചൂടുവെള്ളമൊഴിച്ച് കട്ടയില്ലാതെ നല്ലവണ്ണം യോജിപ്പിച്ചെടുക്കുക. മിശ്രിതം അര മണിക്കൂർ അടച്ചു വച്ച ശേഷം വീണ്ടും നല്ലതുപോലെ ഇളക്കിയെടുത്ത് നന്നായി ചൂടാക്കിയ എണ്ണയിൽ ഒരു തവി വീതം ഒഴിയ്ക്കണം. ഒഴിച്ച ശേഷം ചൂടായ എണ്ണ സ്പൂൺ കൊണ്ട് കോരി മാവിനു മുകളിൽ ഒഴിച്ചാൽ നന്നായി പൊന്തി വരും. ഇടത്തരം തീയിൽ തിരിച്ചും മറിച്ചുമിട്ട് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തു കോരാം.
ശ്രദ്ധിക്കാൻ: മാവ് എണ്ണയിലൊഴിച്ച് പൊന്തി വരുമ്പോൾ ഉടൻ മറിച്ചിടരുത്. ഒരു വശം ചെറുതായി മൊരിഞ്ഞു വരുമ്പോൾ മാത്രമേ തിരിച്ചിടാവൂ. ഒാരോ പ്രാവശ്യവും മാവ് ഒഴിക്കാൻ നേരം ഇളക്കിയെടുക്കുകയും വേണം.