സാലഡ് എപ്പോൾ വേണമെങ്കിലും കഴിക്കാവുന്നൊരു വിഭവമാണ്. ദിവസവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം. സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണു നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നതു തടയാൻ ഏറെ സഹായകരമാണ്. വൈവിധ്യം വരുത്താവുന്ന വിഭവം എന്ന നിലയിൽ ഇതിനെ കൂടുതൽ സ്വാദിഷ്ടമാക്കാം. പയർ, അണ്ടിപ്പരിപ്പ്, മുട്ട, ഇറച്ചി എന്നിവയൊക്കെ ചേർത്തു സ്വാദു കൂട്ടാം. എന്തിന്, ആപ്പിൾപോലുള്ള പഴങ്ങൾപോലും ചേർത്തു സാലഡ് കൂടുതൽ രുചികരമാക്കാം. തൈരോ യോഗർട്ടോ മയോണൈസ് അടക്കമുള്ള ഉൽപന്നങ്ങളോ എണ്ണയും വിനാഗിരിയുമൊക്കെ ചേർത്ത മിശ്രിതമോ (സാലഡ് ഡ്രസിങ്) ഒഴിച്ച് സാലഡിനു രുചികൂട്ടാം. അതുമല്ലെങ്കിൽ നാരങ്ങാനീരോ കുരുമുളകുപൊടി വിതറിയോ ഉപയോഗിക്കാം.
ലെയേർഡ് സാലഡ് ചേരുവകൾ
1. ലെറ്റൂസ് ഇല കൈകൊണ്ടു പിച്ചിക്കീറിയത് - രണ്ടു കപ്പ്
2. വെള്ളക്കടല, കുതിർത്തു വേവിച്ചത് - ഒരു കപ്പ്
3. ചെറിത്തക്കാളി - ഒരു കപ്പ് (100 ഗ്രാം), ഓരോന്നും രണ്ടാക്കിയത്
4. ചുവപ്പ് /മഞ്ഞ കാപ്സിക്കം - ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
5. പച്ച കാപ്സിക്കം - ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
6. ചിക്കൻ ഹാം - 100 ഗ്രാം, അരയിഞ്ചു ചതുരക്കഷണങ്ങളാക്കിയത്
7. സ്പ്രിങ് അണിയൻ - രണ്ട്, കനം കുറച്ചരിഞ്ഞത്
8. കട്ടത്തൈര് (തുണിയിൽ കെട്ടിത്തൂക്കി വെള്ളം മുഴുവൻ കളഞ്ഞത്) -100 ഗ്രാം
മയണീസ് - രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
9. ചീസ്, പൊടിയായി അരിഞ്ഞത് - 25 ഗ്രാം
10. ചതച്ച വറ്റൽമുളക് - രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒരു കണ്ണാടി ബൗളിൽ, ലെറ്റൂസ് ഇല പിച്ചിക്കീറിയതു ഭംഗിയായി നിരത്തുക.
∙ അതിനു മുകളിൽ രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവ യഥാക്രമം നിരത്തുക.
∙ ഈ ബൗൾ ഒരു ക്ലിങ് ഫിലിം കൊണ്ടു മൂടി ഫ്രിഡ്ജിൽ വച്ച് ഒരു മണിക്കൂർ തണുപ്പിക്കുക.
∙ എട്ടാമത്തെ ചേരുവ യോജിപ്പിച്ചു മാറ്റി വയ്ക്കുക. ഇതാണ് സാലഡ് ഡ്രസ്സിങ്.
∙ വിളമ്പുന്നതിനു തൊട്ടുമുമ്പ്, സാലഡ് ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്തു ക്ലിങ് ഫിലിം മാറ്റിയശേഷം, ഏറ്റവും മുകളിൽ സാലഡ് ഡ്രസ്സിങ് സ്പൂണിൽ കോരി നിരത്തുക. ചീസും വറ്റൽമുളകു ചതച്ചതും ചേർക്കുക. കഴിക്കുന്നതിനു തൊട്ടുമുമ്പ് നന്നായി യോജിപ്പിക്കുക.