രുചികരമായ ഏത്തപ്പഴം സ്വീറ്റ്കട്‍ലെറ്റ്

മധുരപലഹാരങ്ങൾക്കായി എപ്പോഴും ബേക്കറിയിലേക്ക് ഓടാതെ വീട്ടിൽ തന്നെ രുചികരമായി തയാറാക്കാവുന്നൊരു പലഹാരം പരിചയപ്പെടാം. 

ചേരുവകൾ

ഏത്തപ്പഴം നന്നായി പഴുത്തത് – 4
പഞ്ചസാര – ഒരു കപ്പ് (150ഗ്രാം )
തേങ്ങ ചിരകിയത് – അരമുറി
ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂൺ
അവൽ – അരക്കപ്പ്
അണ്ടിപ്പരിപ്പ് – 10
ഉപ്പ് – ഒരു നുള്ള്
റൊട്ടി പൊടിച്ചെടുത്തത് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഏത്തപ്പഴം നാലായി നീളത്തിൽ മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. പാനിൽ പഞ്ചസാരയും തേങ്ങയും ചേർത്തിളക്കി പഞ്ചസാര ഉരുകിക്കഴിയുമ്പോൾ പഴവും ഉപ്പുമിട്ട് നന്നായി ഇളക്കി ഇടത്തരം തീയിൽ രണ്ടുമിനിറ്റ് വേവിക്കുക.ഇതിലേക്ക് നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പ് , അവൽ എന്നിവയും ചേർത്ത് യോജിപ്പിച്ച് വാങ്ങി തണുത്തശേഷം കട്‍ലെറ്റിന്റെ ആകൃതിയിലാക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടിയെടുക്കണം. ഇടത്തരം തീയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തു കോരാം.

ശ്രദ്ധിക്കാൻ

അണ്ടിപ്പരിപ്പിനു പകരം നിലക്കടല ഉപയോഗിക്കാം. ഏത്തപ്പഴം കട്‍ലെറ്റ് വറുത്തെടുക്കാതെയും കഴിയ്ക്കാം. മിശ്രിതത്തിൽ ജലാംശം കൂടുതലായാൽ കുറച്ചു റെസ്കുപൊടി ചേർത്താൽ മതി.