പുതു വർഷത്തിൽ പരീക്ഷിക്കാം ഫുൾ ചിക്കൻ ഫ്രൈ സ്റ്റഫ്ഡ് വിത്ത് വെജ്

1. കോഴി തൊലി കളയാതെ മുഴുവനോടെ – 1 

2. ഇഞ്ചി – 1 കഷണം, വെളുത്തുള്ളി – അര ബോൾ, പച്ചമുളക് – 4 എണ്ണം, തക്കാളി – 1 എണ്ണം, മല്ലിയില – ഒരു പിടി, പുതിനയില – കുറച്ച്, പുളിയില്ലാത്ത കട്ടത്തൈര് – അരക്കപ്പ്, മുളക്പൊടി – 2 ടീ സ്പൂൺ, ഗരം മസാല – 2 ടീ സ്പൂൺ, മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ, ടുമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ, ഉപ്പ് – പാകത്തിന്. 

3. സ്റ്റഫ് ചെയ്യാൻ 

കാരറ്റ്, ബീൻസ്, കാപ്സിക്കം, സെലറി എന്നിവ ചെറുതായി അരിഞ്ഞത് – 1 കപ്പ് 

ബട്ടർ ചൂടാക്കി ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വഴറ്റി വയ്ക്കുക. 

2–ാം ചേരുവ നല്ല മയത്തിൽ‌ അരയ്ക്കുക. കോഴി വൃത്തിയാക്കി വെള്ളം തുടച്ചു മാറ്റിയ ശേഷം കത്തികൊണ്ട് ആഴത്തിൽ അവിടവിടെ വരയുക. 2–ാം ചേരുവ അരച്ച് കോഴിയുടെ ഉള്ളിലും പുറത്തും നന്നായി തേച്ചു പിടിപ്പിച്ച് മൂന്നുനാലു മണിക്കൂർ വയ്ക്കുക. ശേഷം സ്റ്റഫ് ചെയ്യാനായി വഴറ്റിവച്ച പച്ചക്കറികൾ കോഴിയുടെ ഉള്ളിൽ നിറയ്ക്കുക. വാഴനാര് ഉപയോഗിച്ച് സ്റ്റഫ് ചെയ്ത കോഴിയെ വരിഞ്ഞു കെട്ടുക. അപ്പച്ചെമ്പിന്റെ തട്ടിൽവച്ച് അര മണിക്കൂർ ആവി കയറ്റുക. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ആവി കയറ്റിയ കോഴിയെ തിരിച്ചും മറിച്ചും ഇട്ട് എല്ലാ വശവും നന്നായി മൊരിച്ചെടുക്കുക. 

ഗാർണിഷ് ചെയ്യാൻ 

ബീൻസ് – 10 എണ്ണം, കാരറ്റ് – 1 എണ്ണം, പൊട്ടറ്റോ – 1 എണ്ണം, പച്ചമുളക് – 4 എണ്ണം, വേപ്പില – 2 ഇതൾ. 

പച്ചക്കറികൾ 2 ഇഞ്ച് നീളത്തിൽ മുറിച്ചശേഷം ഉപ്പിട്ടു തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് ഇട്ടു വച്ചശേഷം കോരിയെടുത്ത് ഒരു ടേബിൾ സ്പൂൺ ബട്ടറിൽ പച്ചമുളകും വേപ്പിലയുമോടൊപ്പം വഴറ്റി കോരി കുരുമുളക് പൊടി വിതറുക. ഒരു പ്ലേറ്റിൽ പൊരിച്ച കോഴിയെ വച്ച് ചുറ്റും പച്ചക്കറികൾ വിതറി അലങ്കരിക്കാം.