പെരുംമഴയിൽ, ഇളകിമറിയുന്ന കടലിൽ‌ ആടിയുലയുന്ന കപ്പലിൽ‌ പാണ്ഡ്യ ഒളിപ്പോരാളികളോടു പൊരുതുകയാണ് അരുൾമൊഴി വർമനും വന്ദിയതേവനും. പായ്മരമൊടിഞ്ഞ് രണ്ടായിപ്പിളർന്നു മുങ്ങുന്ന കപ്പലിൽനിന്ന് അവർ അലറുന്ന കടലിലേക്കു ചാടുന്നു. ക‍ടൽക്ഷോഭത്തിൽ അവ‍ർക്കടുത്തേക്കു തുഴഞ്ഞെത്താനാവാതെ, വഞ്ചിയിലിരുന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതു കാണുന്നുണ്ട് പൂങ്കുഴലി. പൊന്നിയിൽ സെൽവൻ ഒന്നാം ഭാഗം അവിടെയാണ് അവസാനിച്ചത്. ചോളസിംഹാസനത്തിനായുള്ള അധികാരവടംവലിയുടെയും സുന്ദരചോളന്റെ കുടുംബത്തെ വരിഞ്ഞുചുറ്റാനൊരുങ്ങുന്ന പ്രതികാരത്തിന്റെയും പ്രണയനഷ്ടത്തിന്റെ കൊടുംനോവു മറക്കാൻ‌ നാടും വീടും വിട്ട് ഉന്മാദിയെപ്പോലെ യുദ്ധങ്ങളിലേക്ക് അലറിക്കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജകുമാരന്റെ സങ്കടങ്ങളുടെയും കഥ പക്ഷേ അവസാനിക്കുന്നില്ല. ചോളസിംഹാസനവും തങ്ങളുടെ കുടുംബവും അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ രാജകുമാരി കുന്ദവയും അവളുടെ സഹോദരൻ ആദിത്യ കരികാലനും ഇനിയെന്താവും ചെയ്യുക?

പെരുംമഴയിൽ, ഇളകിമറിയുന്ന കടലിൽ‌ ആടിയുലയുന്ന കപ്പലിൽ‌ പാണ്ഡ്യ ഒളിപ്പോരാളികളോടു പൊരുതുകയാണ് അരുൾമൊഴി വർമനും വന്ദിയതേവനും. പായ്മരമൊടിഞ്ഞ് രണ്ടായിപ്പിളർന്നു മുങ്ങുന്ന കപ്പലിൽനിന്ന് അവർ അലറുന്ന കടലിലേക്കു ചാടുന്നു. ക‍ടൽക്ഷോഭത്തിൽ അവ‍ർക്കടുത്തേക്കു തുഴഞ്ഞെത്താനാവാതെ, വഞ്ചിയിലിരുന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതു കാണുന്നുണ്ട് പൂങ്കുഴലി. പൊന്നിയിൽ സെൽവൻ ഒന്നാം ഭാഗം അവിടെയാണ് അവസാനിച്ചത്. ചോളസിംഹാസനത്തിനായുള്ള അധികാരവടംവലിയുടെയും സുന്ദരചോളന്റെ കുടുംബത്തെ വരിഞ്ഞുചുറ്റാനൊരുങ്ങുന്ന പ്രതികാരത്തിന്റെയും പ്രണയനഷ്ടത്തിന്റെ കൊടുംനോവു മറക്കാൻ‌ നാടും വീടും വിട്ട് ഉന്മാദിയെപ്പോലെ യുദ്ധങ്ങളിലേക്ക് അലറിക്കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജകുമാരന്റെ സങ്കടങ്ങളുടെയും കഥ പക്ഷേ അവസാനിക്കുന്നില്ല. ചോളസിംഹാസനവും തങ്ങളുടെ കുടുംബവും അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ രാജകുമാരി കുന്ദവയും അവളുടെ സഹോദരൻ ആദിത്യ കരികാലനും ഇനിയെന്താവും ചെയ്യുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുംമഴയിൽ, ഇളകിമറിയുന്ന കടലിൽ‌ ആടിയുലയുന്ന കപ്പലിൽ‌ പാണ്ഡ്യ ഒളിപ്പോരാളികളോടു പൊരുതുകയാണ് അരുൾമൊഴി വർമനും വന്ദിയതേവനും. പായ്മരമൊടിഞ്ഞ് രണ്ടായിപ്പിളർന്നു മുങ്ങുന്ന കപ്പലിൽനിന്ന് അവർ അലറുന്ന കടലിലേക്കു ചാടുന്നു. ക‍ടൽക്ഷോഭത്തിൽ അവ‍ർക്കടുത്തേക്കു തുഴഞ്ഞെത്താനാവാതെ, വഞ്ചിയിലിരുന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതു കാണുന്നുണ്ട് പൂങ്കുഴലി. പൊന്നിയിൽ സെൽവൻ ഒന്നാം ഭാഗം അവിടെയാണ് അവസാനിച്ചത്. ചോളസിംഹാസനത്തിനായുള്ള അധികാരവടംവലിയുടെയും സുന്ദരചോളന്റെ കുടുംബത്തെ വരിഞ്ഞുചുറ്റാനൊരുങ്ങുന്ന പ്രതികാരത്തിന്റെയും പ്രണയനഷ്ടത്തിന്റെ കൊടുംനോവു മറക്കാൻ‌ നാടും വീടും വിട്ട് ഉന്മാദിയെപ്പോലെ യുദ്ധങ്ങളിലേക്ക് അലറിക്കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജകുമാരന്റെ സങ്കടങ്ങളുടെയും കഥ പക്ഷേ അവസാനിക്കുന്നില്ല. ചോളസിംഹാസനവും തങ്ങളുടെ കുടുംബവും അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ രാജകുമാരി കുന്ദവയും അവളുടെ സഹോദരൻ ആദിത്യ കരികാലനും ഇനിയെന്താവും ചെയ്യുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുംമഴയിൽ, ഇളകിമറിയുന്ന കടലിൽ‌ ആടിയുലയുന്ന കപ്പലിൽ‌ പാണ്ഡ്യ ഒളിപ്പോരാളികളോടു പൊരുതുകയാണ് അരുൾമൊഴി വർമനും വന്ദിയതേവനും. പായ്മരമൊടിഞ്ഞ് രണ്ടായിപ്പിളർന്നു മുങ്ങുന്ന കപ്പലിൽനിന്ന് അവർ അലറുന്ന കടലിലേക്കു ചാടുന്നു. ക‍ടൽക്ഷോഭത്തിൽ അവ‍ർക്കടുത്തേക്കു തുഴഞ്ഞെത്താനാവാതെ, വഞ്ചിയിലിരുന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതു കാണുന്നുണ്ട് പൂങ്കുഴലി. 

പൊന്നിയിൽ സെൽവൻ ഒന്നാം ഭാഗം അവിടെയാണ് അവസാനിച്ചത്. ചോളസിംഹാസനത്തിനായുള്ള അധികാരവടംവലിയുടെയും സുന്ദരചോളന്റെ കുടുംബത്തെ വരിഞ്ഞുചുറ്റാനൊരുങ്ങുന്ന പ്രതികാരത്തിന്റെയും പ്രണയനഷ്ടത്തിന്റെ കൊടുംനോവു മറക്കാൻ‌ നാടും വീടും വിട്ട് ഉന്മാദിയെപ്പോലെ യുദ്ധങ്ങളിലേക്ക് അലറിക്കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജകുമാരന്റെ സങ്കടങ്ങളുടെയും കഥ പക്ഷേ അവസാനിക്കുന്നില്ല. ചോളസിംഹാസനവും തങ്ങളുടെ കുടുംബവും അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ രാജകുമാരി കുന്ദവയും അവളുടെ സഹോദരൻ ആദിത്യ കരികാലനും ഇനിയെന്താവും ചെയ്യുക? 

കുന്ദവയുടെ വേഷത്തിൽ തൃഷ കൃഷ്ണൻ.
ADVERTISEMENT

കപ്പൽച്ചേതത്തിൽ കൊല്ലപ്പെട്ടെന്നു കരുതപ്പെടുന്ന അരുൾ‌മൊഴി വർമൻ എന്ന പൊന്നിയിൻ സെൽ‌വനും ഉറ്റചങ്ങാതി വല്ലവരയൻ വന്ദിയതേവനും എന്താണു സംഭവിച്ചത്? ഉപജാപങ്ങളുടെ വലക്കെണിയൊരുക്കി അതിനു നടുവിലൊരു വിഷച്ചിലന്തിയെപ്പോലെ കരികാലനെ കാത്തിരിക്കുന്ന നന്ദിനിയുടെ അടുത്ത ചുവടെന്താണ്? ചോദ്യങ്ങളേറെയാണ് പൊന്നിയിൻ സെ‌ൽ‌വന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന, തമിഴരല്ലാത്ത പ്രേക്ഷകർക്ക്. തമിഴ് പ്രേക്ഷകരുടെ ആകാംക്ഷ കഥാഗതിയെപ്പറ്റിയല്ല, അവർ എത്രയോ വട്ടം ‌വായിച്ചും കേട്ടും രസിച്ച കഥയുടെ മർമഭാഗത്തെ മണിരത്നമെന്ന വെള്ളിത്തിരയുടെ രാജാവ് എങ്ങനെയാവും അവതരിപ്പിക്കുക എന്നതാണ്. 

 

∙ കൽക്കിയുടെ ഇതിഹാസങ്ങൾ‌

പൊന്നിയിൻ സെൽവൻ പുസ്തക രൂപത്തിൽ.

 

ADVERTISEMENT

തമിഴകം അഭിമാനത്തോടെ പറയുന്ന പേരുകളിലൊന്നാണ് കൽക്കി. യഥാർഥ പേര് ആർ. കൃഷ്ണമൂർത്തി. സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും പത്രപ്രവർ‌ത്തകനുമൊക്കെയായിരുന്ന അദ്ദേഹം തുടങ്ങിയ മാസികയാണ് കൽക്കി. ഭാര്യ കല്യാണിയുടെയും തന്റെയും പേരുകൾ ചേർത്താണ് കൃഷ്ണമൂർത്തി മാസികയ്ക്കു കൽക്കി എന്നു പേരിട്ടതെന്നു പറ‌യപ്പെടുന്നു. നൂറിലേറെ ചെറുകഥകളും പത്തോളം നോവലുകളും മൂന്നു ചരിത്രാഖ്യായികളും – പാർഥിപൻ കനവ്, ശിവകാമിയിൻ ശപഥം, പൊന്നിയിൻ സെൽവൻ– അദ്ദേഹം എഴുതിയിട്ടുണ്ട്.

 

ആധുനിക തമിഴ് സാഹിത്യത്തിലെ ഇതിഹാസമായാണ് ‘പൊന്നിയിൻ സെൽവൻ’ കണക്കാക്കപ്പെടുന്നത്. അഞ്ചു വാല്യങ്ങളിലായി രണ്ടായിരത്തിലധികം പേജുകളുള്ള ഈ ബൃഹദ് രചന 1950 ഒക്ടോബർ മുതൽ 1954 മേയ് വരെ ‘കൽക്കി’ മാസികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു. 

മണി രത്നവും ഐശ്വര്യ റായിയും മുംബൈയിൽ ‘പൊന്നിയിൻ സെൽവനി’ന്റെ പ്രമോഷനിടയിൽ. (Photo by SUJIT JAISWAL / AFP)

 

ADVERTISEMENT

∙ മണിരത്നത്തിന്റെ മൂന്നാമൂഴം

 

സിനിമയാക്കാൻ എംജിആറും രജനികാന്തും കമൽഹാസനുമടക്കം പലരും ആഗ്രഹിച്ച രചനയാണ് ‘പൊന്നിയിൻ സെൽവൻ’. 1950 കളിൽ എംജിആറും തൊണ്ണൂറുകളുടെ ആദ്യം കമൽഹാസനും നോവലിന്റെ അവകാശം വാങ്ങിയിരുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ടും അതൊന്നും നടന്നില്ല. അക്കാലത്താണ് മണിരത്നം ‘പൊന്നിയിൻ‌ സെൽ‌വൻ’ സിനിമയാക്കാൻ ആദ്യവട്ടം ശ്രമിച്ചത്. അതു വിജയിച്ചില്ല. പിന്നെ 2009 ൽ പ്രശസ്ത തമിഴ് എഴുത്തുകാരൻ ജയമോഹൻ‌, എഴുത്തുകാരനും നടനുമായ ഇളങ്കോ കുമാരവേൽ എന്നിവരുമായി ചേർന്ന് മണിരത്നം പൊന്നിയിൻ സെൽവന്റെ തിരക്കഥ പൂർത്തിയാക്കി. മഗധീരയുടെയും ബാഹുബലി പരമ്പരയുടെയും വൻ വിജയമാണ് പൊന്നിയിൻ സെൽവനെ സിൽവർ സ്ക്രീനിലേക്ക് എത്തിക്കാനുള്ള മണിരത്നത്തിന്റെ മോഹത്തിനു വീണ്ടും അഗ്നി പകർന്നത്. 

 

പൊന്നിയിൻ സെൽവനിൽ സുന്ദരചോളന്റെ വേഷത്തിൽ പ്രകാശ് രാജ്.

വന്ദിയതേവനായി ദളപതി വിജയ്, അരുൾമൊഴിവർമനായി തെലുങ്കു സൂപ്പർതാരം മഹേഷ് ബാബു, അനുഷ്ക ഷെട്ടി, ജ്യോതിക, പ്രിയങ്ക ചോപ്ര, ആര്യ എന്നിങ്ങനെ തെന്നിന്ത്യയിലെ വൻ താരങ്ങള‌ായിരുന്നു പരിഗണനയിൽ. പക്ഷേ നിർമാണച്ചെലവ് അടക്കമുള്ള തടസ്സങ്ങൾ‌ മൂലം അതും മുടങ്ങി. 

പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും യഥാർഥത്തിൽ‌ ജീവിച്ചിരുന്നവരാണെന്നു മാത്രമല്ല, അവരുടെ ജീവിതവും പ്രവൃത്തികളുമെല്ലാം സംഘകൃതികളിലും ശാസനങ്ങളിലുമൊക്കെ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

2019 ൽ ലൈക പ്രൊഡക്‌ഷൻസ് നിർമാതാക്കളായി എത്തിയതോടെ പ്രോജക്ട് വീണ്ടും സജീവമായി. തമിഴ് വായനക്കാർ നെഞ്ചോടുചേർത്ത രചനയ്ക്ക് അതർഹിക്കുന്ന ആദരവോടെയാണ‍് മണിരത്നം തിരഭാഷ്യമൊരുക്കിയത്. അതേസമയം, നോവലിന്റെ സങ്കീർ‌ണമായ കഥാഗതിയെ തമിഴിനു പുറത്തുള്ളവർക്കും മനസ്സിലാക്കാവുന്ന തരത്തിൽ ലളിതമായി അവതരിപ്പിച്ചിട്ടുമുണ്ട്. 

 

ഇന്ത്യൻ സിനിമാ വ്യവസായമൊന്നങ്കടം ആകാംക്ഷയോടെയായിരുന്നു പിഎസ് വണ്ണിനു വേണ്ടി കാത്തിരുന്നത്. പ്രതീക്ഷകൾ‌ തെറ്റിക്കാതെ, ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ തമിഴിലെ ഇതിഹാസ രചനയെ മനോഹരമായിത്തന്നെ തിരശീലയിലെത്തിക്കുകയും ചെയ്തു. 500 കോടിയോളം രൂപ നേടി തമിഴ് സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ പണം വാരിച്ചിത്രമായി പിഎസ് 1.

ആദിത്യ കരികാലന്റെ വേഷത്തിൽ വിക്രം.

 

∙ ചോളന്മാരുടെ കഥ

 

പൊന്നിയിൻ സെൽവനിൽ നന്ദിനിയായി ഐശ്വര്യ റായ്.

പ്രാചീന ദക്ഷിണേന്ത്യയിലെ പ്രധാന ശക്തിയായിരുന്നു ചോള സാമ്രാജ്യം. അക്കാലത്തെ ഗ്രീക്ക് സഞ്ചാരികളുടെ രേഖകളിലും പെരിപ്ലസ് ഓഫ് എറിത്രിയൻ സീ അട‌ക്കമുള്ള പുസ്തകങ്ങളിലും സംഘസാഹിത്യ കൃതികളിലും അതിനെപ്പറ്റി സൂചനകളുമുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടിനു ശേഷം ചോളന്മാരുടെ ശക്തി ക്ഷയിച്ചു. പിന്നീട് പാണ്ഡ്യ, പല്ലവ രാജവംശങ്ങൾ ശക്തി പ്രാപിച്ചതോടെ അവരുടെ പ്രഭാവത്തിൽ ചോളന്മാരുടെ പ്രഭ മങ്ങി. 

 

പൊന്നിയിൻ സെൽവനിൽ പൂങ്കുഴലിയുടെ വേഷത്തിൽ ഐശ്വര്യ ലക്ഷ്മി.

പിൽക്കാലത്ത്, ചോള വംശം നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാരംഭിച്ചത് എഡി ഒൻപതാം നൂറ്റാണ്ടിലാണ്; വിജയാലയ ചോളൻ ഒന്നാമന്റെ കാലത്ത്. പല്ലവരുടെ സാമന്തനായിരുന്ന വിജയാലയൻ പല്ലവ– പാണ്ഡ്യ യുദ്ധങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലെടുത്ത് തന്റെ സൈനിക ശക്തിയും സ്വാധീനപരിധിയും വർധിപ്പിച്ചു. തഞ്ചാവൂർ പിടിച്ചെടുത്ത് രണ്ടാം ചോള സാമ്രാജ്യത്തിന് അടിത്തറയിട്ടു. വിജയാലയ ചോളനോടെയാണ് ചോള വംശത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം. വിജയാലയന്റെ മകൻ ആദിത്യൻ ഒന്നാമൻ പല്ലവരെയും പാണ്ഡ‍്യരെയും പരാജയപ്പെടുത്തി സാമ്രാജ്യം വിസ്തൃതമാക്കി. 

ആദിത്യന്റെ മകൻ പരാന്തകൻ ഒന്നാമൻ പാണ്ഡ്യ തലസ്ഥാനമായിരുന്ന മധുര പിടിച്ചെടുക്കുകയും ശ്രീലങ്കയിലേക്കു പട നയിച്ച് ലങ്കയെ ചോള സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. പരാന്തകൻ ഒന്നാമനു ശേഷം അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ഗണ്ഡരാദിത്യനായിരുന്നു. (പരാന്തകന്റെ മൂത്ത മകൻ രാജാദിത്യൻ തക്കലത്ത് രാഷ്ട്രകൂട രാജാവ് കൃഷ്ണ മൂന്നാമനുമായി നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. അങ്ങനെയാണ് ഗണ്ഡരാദിത്യന് സിംഹാസനം ലഭിച്ചത്). 

 

കൽക്കി കൃഷ്ണമൂർത്തിയും അദ്ദേഹത്തിന്റെ ചിത്രവുമായിറക്കിയ സ്റ്റാംപും.

13 വർ‌ഷം മാത്രം അധികാരത്തിലിരുന്ന ഗണ്ഡരാദിത്യന്റെ മരണത്തെ തുടർ‌ന്ന് പിന്തുടർച്ചാവകാശത്തിലുണ്ടായ മാറ്റങ്ങളും അതിന്റെ ഫലമായി  രൂപപ്പെട്ട അവകാശത്തർക്കങ്ങളും ഉപജാപങ്ങളുമാണ് പൊന്നിയിൻ സെൽവന്റെ പശ്ചാത്തലം. എഡി പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചോള ചക്രവർത്തി, സുന്ദരചോളൻ എന്നറിയപ്പെട്ടിരുന്ന പരാന്തക ചോളൻ രണ്ടാമന്റെ ഭരണകാലമാണ് നോവലിന്റെ കഥാകാലം.

 

∙ ഉപജാപങ്ങളുടെ നെടുങ്കോട്ട

 

വന്ദിയ തേവന്റെ വേഷത്തില്‍ കാർത്തിയും ആഴ്‌വാർകടിയൻ നമ്പിയുടെ വേഷത്തിൽ ജയറാമും.

ചക്രവർത്തി ഗണ്ഡരാദിത്യ ചോളൻ‌ അകാലത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ഉത്തമചോളൻ തീരെച്ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് ഗണ്ഡരാദിത്യന്റെ ഇളയ സഹോദരൻ അരിഞ്ജയൻ ചക്രവർത്തിയായി അഭിഷേകം ചെയ്യപ്പെട്ടു. കുറച്ചുകാലത്തിനു ശേഷം അരിഞ്ജയൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ സുന്ദരചോളൻ എന്നറിയപ്പെട്ട പരാന്തകൻ രണ്ടാമനാണ് സിംഹാസനം ലഭിച്ചത്. സുന്ദരചോളൻ തന്റെ മൂത്ത മകൻ ആദിത്യ കരികാലനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു. പക്ഷേ കിരീടാവകാശം ന്യായമായും ഉത്തമചോളനു ലഭിക്കേണ്ടതാണെന്നു വിശ്വസിക്കുന്നവർ ചോളന്മാരിലുണ്ടായിരുന്നു. 

 

ഗണ്ഡരാദിത്യൻ മരിച്ചപ്പോൾ ഉത്തമ ചോളൻ കുട്ടിയായിരുന്നതു കൊണ്ടാണല്ലോ അധികാരം കിട്ടാതിരുന്നത്. അദ്ദേഹം മുതിർന്നപ്പോൾ സ്വാഭാവികമായും പിതാവിന്റെ സിംഹാസനത്തിന് അവകാശം ലഭിക്കുമല്ലോ. അതുകൊണ്ട് ചോളസിംഹാസനത്തിന്റെ യഥാർഥ അവകാശി ആദിത്യനല്ല, ഉത്തമചോളനാണ് എന്ന് അവർ വിശ്വസിച്ചു. അവിടെനിന്നാണ് പൊന്നിയിൻ സെൽവൻ എന്ന നോവൽ തുടങ്ങുന്നത്.

 

പൊന്നിയിൻ സെൽവനിൽ വന്ദിയതേവനായി കാർത്തി.

വാർധക്യത്തിലെത്തിയ സുന്ദരചോളൻ സിംഹാസനം കൈമാറാനുള്ള ഒരുക്കത്തിലാണ്. മൂത്ത മകൻ ആദിത്യ കരികാലൻ കാഞ്ചീവരത്തു യുദ്ധത്തിലാണ്. ഇളയ മകൻ അരുൾമൊഴി വർമൻ സൈന്യത്തോടൊപ്പം ലങ്കയിൽ അനുരാധപുരത്തെ രാജാവ് മഹിന്ദനുമായി പോരാടുന്നു. രണ്ടാമത്തെ മകൾ കുന്ദവ മാത്രമാണ് രാജ്യത്തുള്ളത്. സുന്ദരചോളൻ ആദിത്യനെയാണ് അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ആദിത്യനാകട്ടെ, തന്റെ കൗമാരകാല പ്രണയിനി നന്ദിനി തന്നിൽനിന്നകലാൻ കാരണം കുന്ദവയാണ് എന്ന ചിന്തയിൽ രാജ്യത്തു പ്രവേശിക്കാതെ, ഒരുന്മാദിയെപ്പോലെ യുദ്ധവുമായി നാടു ചുറ്റുകയാണ്. 

 

മണി രത്നം (Photo by SUJIT JAISWAL / AFP)

ഈ അവസരം മുതലെടുത്ത്, ഉത്തമ ചോളനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിക്കാൻ ചക്രവർത്തിക്കു മേൽ സമ്മർദം ചെലുത്താനുള്ള ഗൂഢാലോചന നടക്കുന്നു. ചക്രവർത്തിയുടെ കോട്ടയുടെ സുരക്ഷാച്ചുമതലയുള്ള പ്രഭുക്കന്മാരാണ് സഹോദരന്മാരായ വലിയ പഴുവേട്ടരയരും ചെറിയ പഴുവേട്ടരയരും. അവരുടെ നേതൃത്വത്തിലാണ് ഗൂഢാലോചന. ചെറിയ പഴുവേട്ടരയരുടെ മകളുടെ ഭർത്താവു കൂടിയാണ് ഉത്തമ ചോളൻ.

 

കാർത്തിയും വിക്രമും പൊന്നിയിൻ സെൻവനിൽ.

മുൻ‌പ്, പാണ്ഡ്യ രാജാവായ വീരപാണ്ഡ്യനെ യുദ്ധത്തിൽ‌ തോൽപിച്ച ആദിത്യൻ, പടക്കളത്തിൽനിന്ന് ഓടിപ്പോയ വീരപാണ്ഡ്യനെ പിന്തുടർ‌ന്ന് അയാളുടെ ഒളിയിടത്തിലെത്തിയപ്പോൾ അവിടെ തന്റെ പഴയ പ്രണയിനി നന്ദിനിയെ കണ്ടിരുന്നു. അന്നവൾ വീരപാണ്ഡ്യന്റെ കാമുകിയായിരുന്നു. വീരപാണ്ഡ്യനെ കൊല്ലരുതെന്ന് അവൾ കാലുപിടിച്ചു കരഞ്ഞിട്ടും കാതുകൊടുക്കാതെ ആദിത്യൻ വീരപാണ്ഡ്യന്റെ തലയറുത്തു. അതോടെ ആദിത്യനോടുള്ള ഒടുങ്ങാത്ത പകയുമായി, അയാളെയും കുടുംബത്തെയും ഉന്മൂലനം ചെയ്യുമെന്നു പ്രതിജ്ഞയെടുത്ത നന്ദിനി, വൃദ്ധനായ വലിയ പഴുവേട്ടരയരെ വശീകരിച്ചു വിവാഹം ചെയ്തു. ചോളസിംഹാസനത്തിനെതിരെ ഗൂഢാലോചന നടത്താൻ വലിയ പഴുവേട്ടരയരെ പ്രേരിപ്പിക്കുന്നതും നന്ദിനിയാണ്. അതിന് അവൾക്ക് പാണ്ഡ്യ ഒളിപ്പോരാളികളുടെ സഹായവുമുണ്ട്. വീരപാണ്ഡ്യന്റെ വധത്തിനു പ്രതികാരം ചെയ്യുകയും പാണ്ഡ്യ സാമ്രാജ്യം പുനഃസ്ഥാപിക്കുകയുമാണ് അവരുടെ ലക്ഷ്യം.

 

പൊന്നിയിൻ സെൽവനിൽ നന്ദിനിയായി ഐശ്വര്യ റായി.

ഈ ഉപജാപക്കാരെ തടയാൻ ശ്രമിക്കുകയാണ് ആദിത്യന്റെ സുഹൃത്തും യുദ്ധവീരനുമായ വല്ലവരയൻ വന്ദിയതേവൻ. ആദിത്യൻ പറഞ്ഞതനുസരിച്ച് അയാൾ കൊട്ടാരത്തിലെത്തി ചക്രവർ‌ത്തിയെയും കുന്ദവയെയും കണ്ട് ഗൂഢാലോചനയെപ്പറ്റി അറിയിച്ചു. പിന്നെ കുന്ദവയുടെ നിർദേശമനുസരിച്ച് അരുൾമൊഴി വർമനെ കാണാനായി ലങ്കയിലെത്തുന്നു. അവിടെനിന്ന് അരുൾമൊഴിയുമായി നാട്ടിലേക്കു മടങ്ങുന്നതിനിടെ കടലിൽവച്ച് പാണ്ഡ്യ ഒളിപ്പോരാളികളുമായി പോരാട്ടം നടക്കുകയാണ്. കടൽക്ഷോഭത്തിൽപ്പെട്ട് മുങ്ങുന്ന കപ്പലിൽനിന്ന് അവർ കടലിൽവീഴുന്നതുവരെയാണ് പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം. 

 

∙ കൽക്കിയുടെ നോവൽത്രയം

 

കൽക്കിയുടെ മൂന്നു ചരിത്രാഖ്യായികകളുടെയും –പാർഥിപൻ കനവ്, ശിവകാമിയിൻ ശപഥം, പൊന്നിയിൻ സെൽവൻ – പശ്ചാത്തലം പാണ്ഡ്യ, ചോള സാമ്രാജ്യങ്ങളുടെ കാലമാണ്. പാർഥിപൻ കനവും പൊന്നിയിൻ സെൽവനും ചോളരാജാക്കന്മാരുടെ കഥയാണ്. ശിവകാമിയിൻ ശപഥത്തിന്റെ പശ്ചാത്തലം പല്ലവ സാമ്രാജ്യമാണ്. പാർഥിപൻ കനവാണ് ആദ്യമെഴുതിയതെങ്കിലും അതിന്റെ പ്രീക്വലാണ് ശിവകാമിയിൻ ശപഥം. ചരിത്രത്തെയും ഭാവനയെയും മനോഹരമായി ഇഴചേർത്തിട്ടുണ്ട് ഈ മൂന്നു രചനകളിലും. 

 

ഏഴാം നൂറ്റാണ്ടിൽ‌ ജീവിച്ചിരുന്ന ചോളരാജാവ് പാർഥിപന്റെ മകൻ വിക്രമനാണ് പാർഥിപൻ കനവിലെ നായകൻ. പല്ലവരാജാവ് നരസിംഹവർമൻ ഒന്നാമന്റെ സാമന്തനായിരുന്നു പാർഥിപൻ. ചോള സാമ്രാജ്യം പുനഃസ്ഥാപിക്കുകയെന്നതായിരുന്നു പാർഥിപന്റെ സ്വപ്നം. പക്ഷേ നരസിംഹവർമനുമായുള്ള യുദ്ധത്തിൽ പാർഥിപൻ പരാജയപ്പെട്ടു. പിന്നീട് വിക്രമൻ പിതാവിന്റെ സ്വപ്നം പൂർ‌ത്തിയാക്കുന്നതാണ് നോവലിന്റെ കഥ. 

 

പാർഥിപനെപ്പറ്റിയോ വിക്രമനെപ്പറ്റിയോ സംഘകാലകൃതികളിലടക്കം വിശദമായ വിവരങ്ങളൊന്നുമില്ല. പാർഥിപൻ കനവിന്റെ തുടർച്ചയാണ് പൊന്നിയിൻ സെൽവൻ എന്നു വേണമെങ്കിൽ പറയാം. പക്ഷേ പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും യഥാർഥത്തിൽ‌ ജീവിച്ചിരുന്നവരാണെന്നു മാത്രമല്ല, അവരുടെ ജീവിതവും പ്രവൃത്തികളുമെല്ലാം സംഘകൃതികളിലും ശാസനങ്ങളിലുമൊക്കെ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

 

∙ സി.വിയും കൽക്കിയും

 

മാർത്താണ്ഡവർമ, ധർമരാജാ, രാമരാജാ ബഹദൂർ എന്നീ ഗംഭീര രചനകളിലൂടെ ഭാരതീയ സാഹിത്യത്തിൽത്തന്നെ ചരിത്രാഖ്യായികകളുടെ മനോഹര മാതൃക സൃഷ്ടിച്ച എഴുത്തുകാരനാണ് സി.വി.രാമൻപിള്ള. കൽക്കിയുടെ നോവലുകൾക്കും അരനൂറ്റാണ്ടോളം മുൻപാണ് അദ്ദേഹം മാർത്താണ്ഡവർമ എഴുതിയത് –1891 ൽ. പാർഥിപൻ കനവ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് 1941 ലാണ്. സിവിയുടെയും കൽക്കിയുടെയും നോവൽ ത്രയങ്ങൾ തമ്മിൽ സാദൃശ്യങ്ങൾ പലതാണ്. 

മഹത്തായൊരു പൗരാണിക കാലത്തെയാണ് അവ‍ർ ആ രചനകളിൽ പുനരാവിഷ്കരിച്ചത്. രാജകുടുംബങ്ങളിലെ അധികാരത്തർക്കവും ഗൂഢാലോചനകളും ചതിയും പ്രണയവുമെല്ലാമാണ് അവയുടെ പ്രമേയങ്ങൾ. ധീരോദാത്തരും ഗംഭീരപുരുഷന്മാരുമായ രാജാക്കന്മാരുടെയും മഹാവീരന്മാരായ യോദ്ധാക്കളുടെയും വീരകഥകളുടെ അലംകൃത മേൽ‌ക്കച്ചയ്ക്കു താഴെ, അതേസമയം, ജീവിതത്തോടു പൊരുതിത്തോറ്റുപോകുന്ന പച്ച മനുഷ്യരും അവരുടെ ദുരന്തതീവ്രമായ നിസ്സഹായതകളുമുണ്ട്.

 

ചരിത്രവും ഭാവനയും ഇടകലർത്തി, അനുപമമായ കയ്യടക്കത്തോടെയാണ് സിവിയും കൽക്കിയും രചന നടത്തിയത്. ആഖ്യാനത്തിലും ഭാഷയിലും കഥാപാത്ര സൃഷ്ടിയിലും ആ കയ്യടക്കം തെളിഞ്ഞുകാണാം. മാർത്താണ്ഡവർമയും അനന്തപത്മനാഭൻ വലിയ പടത്തലവനും രാമയ്യൻ ദളവയും സുഭദ്രയും ചന്ത്രക്കാറനും ഹരിപഞ്ചാനനന്മാരുമൊക്കെ മലയാള നോവലിലെതന്നെ എക്കാലത്തെയും ഗംഭീര കഥാപാത്രങ്ങളാണ്. അതുപോലെ ആദിത്യ കരികാലനും വന്ദിയ തേവനും പഴുവേട്ടരയന്മാരും നന്ദിനിയും പൂങ്കുഴലിയും ആഴ്‌വാർകടിയൻ നമ്പിയുമൊക്കെ കൽക്കിയുടെ പാത്രസൃഷ്ടിയുടെ അനന്യ മാതൃകകളാണ്. 

 

∙ വന്ദിയതേവനാകാൻ കൊതിച്ചവർ

 

പിൽക്കാലചരിത്രം രാജരാജ ചോളൻ എന്ന് ആദരവോടെ വിളിച്ച അരുൾമൊഴി വർമന്റെ വിളിപ്പേരായിരുന്നു പൊന്നിയിൻ സെൽവൻ. പൊന്നിയുടെ പ്രിയപുത്രൻ. കാവേരിനദിയുടെ മറ്റൊരു പേരാണ് പൊന്നി. ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെതന്നെ മഹാവീരന്മാരിലൊരാളുടെ പേരാണ് കൽക്കി തന്റെ നോവലിനിട്ടതെങ്കിലും അതിലെ നായകൻ– കഥയെ മുന്നോട്ടു നയിക്കുന്നവൻ എന്ന അർഥത്തിൽ–  വല്ലവരയൻ വന്ദിയതേവനാണ്. 

 

ചോളരുടെ സാമന്തരായിരുന്ന വാന (ബാണ) വംശത്തിലെ രാജകുമാരനാണ് വന്ദിയതേവൻ എന്നു നോവൽ പറയുന്നു. അതേസമയം, അദ്ദേഹത്തിന്റെ വംശത്തെപ്പറ്റി ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുള്ളത്. തഞ്ചാവൂരിൽ രാജരാജ ചോളൻ നിർമിച്ച രാജരാജേശ്വരം ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ കുന്ദവൈ പിരട്ടിയാരുടെ (പൊന്നിയിൻ സെൽ‌വനിലെ കുന്ദവ തന്നെ) ഭർത്താവായ വല്ലവരയൻ വന്ദിയതേവനെപ്പറ്റി പരാമർശമുണ്ട്. 

 

ആദിത്യ കരികാലന്റെ സുഹൃത്തും യുദ്ധവീരനുമായിരുന്ന വന്ദിയതേവനെ കുസൃതിക്കാരനും ശൃംഗാരലോലുപനുമായ യുവാവായാണ് കൽക്കി അവതരിപ്പിക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ സിനിമയാക്കാൻ ശ്രമിച്ച എംജിആറും രജനികാന്തും കമൽഹാസനും ആഗ്രഹിച്ചത് വന്ദിയതേവന്റെ വേഷമായിരുന്നു. എംജിആർ നിർമിച്ച്, സംവിധാനം ചെയ്ത്, നായകനാകാൻ ഒരുങ്ങിയ ചിത്രം അവസാന നിമിഷം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഒരു അപകടത്തിൽ പരുക്കേറ്റ് എംജിആർ വിശ്രമത്തിലായതോടെയാണ് അതു മുടങ്ങിയത്.

 

‘പൊന്നിയിൻ സെൽവൻ’ സിനിമയായാൽ വന്ദിയതേവനാകണമെന്ന് രജനികാന്തിനും മോഹമുണ്ടായിരുന്നു. അരുൾമൊഴി വർമനായി കമൽഹാസൻ, ആദിത്യ കരികാലനായി വിജയകാന്ത്, നന്ദിനിയായി ഹിന്ദി നടി രേഖ, കുന്ദവൈ ആയി ശ്രീദേവി, പെരിയ പഴുവെട്ടരായർ ആയി സത്യരാജ് അങ്ങനെയായിരുന്നു രജനികാന്തിന്റെ ആഗ്രഹം. അതു നടന്നില്ല. പിന്നീട് മണിരത്നം ഈ സിനിമ പ്രഖ്യാപിച്ചപ്പോൾ പെരിയ പഴുവെട്ടരായരുടെ വേഷം തനിക്കു വേണമെന്ന് രജനികാന്ത് ആഗ്രഹം പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. നായകനായല്ലാതെ രജനിയെ കണ്ടാൽ ആരാധകർ സഹിക്കില്ലെന്നായിരുന്നു മണിരത്നം കാരണം പറഞ്ഞത്. 

 

കമൽഹാസൻ നോവലിന്റെ സിനിമാ അവകാശം വാങ്ങിയതും വന്ദിയതേവനെ അവതരിപ്പിക്കാൻ ആഗ്രഹിച്ചാണ്. കമലിന്റെ സിനിമാ പദ്ധതിയെപ്പറ്റി അറിഞ്ഞ ശിവാജി ഗണേശൻ, ഈ റോൾ തന്റെ മകൻ പ്രഭുവിനു നൽകണമെന്ന് കമലിനോട് ആവശ്യപ്പെട്ടു. ‘അപ്പോൾ ‍ഞാനോ?’ എന്ന കമലിന്റെ ചോദ്യത്തിന്, ‘നീ ആദിത്യ കരികാലനായിക്കോ’ എന്നായിരുന്നത്രേ നടികർ തിലകത്തിന്റെ മറുപടി. മണിരത്നം ‘പൊന്നിയിൻ സെൽവൻ’ ചെയ്യാൻ ആദ്യം പദ്ധതിയിട്ടതും കമലിനൊപ്പമായിരുന്നു. അതു മുന്നോട്ടുപോയില്ല. 

 

പിന്നീട് വീണ്ടും അതിനു ശ്രമിച്ചപ്പോൾ വന്ദിയതേവന്റെ കഥാപാത്രം ചെയ്യാൻ തിര‍ഞ്ഞെടുത്തത് വിജയ്‌യെ ആയിരുന്നു. അതു നടന്നിരുന്നെങ്കിൽ തമിഴകത്തിന്റെ മനംകവർന്ന കുസൃതിക്കാരൻ യോദ്ധാവിനെ പിൽക്കാലം ഓർത്തുവയ്ക്കുക ദളപതിയുടെ മുഖച്ഛായയിൽ ആയിരുന്നേനേ. സിനിമയുടെ ദൈവങ്ങൾ പക്ഷേ ആ നിയോഗത്തിന്റെ തലപ്പാവു ചാർത്താൻ തിര‍ഞ്ഞെടുത്തത് കാർത്തിയെയാണ്. വന്ദിയതേവനായി ഇനി മറ്റൊരാളെ സങ്കൽപിക്കാനാവാത്തവണ്ണം അയാളതു ഭംഗിയാക്കുകയും ചെയ്തു.

 

∙ പൊന്നിയുടെ പുത്രന്റെ രണ്ടാമൂഴം

 

ഇന്ത്യൻ സിനിമയുടെ മുഖമെന്ന് ഊറ്റംകൊണ്ടിരുന്ന ബോളിവുഡിന്റെ നെഞ്ചിലൂടെ ദക്ഷിണേന്ത്യന്‍ സിനിമ നടത്തിയ പടയോട്ടത്തിനാണ് കഴിഞ്ഞ ദശകം സാക്ഷിയായത്. ബാഹുബലി, കെജിഎഫ് പരമ്പരകളും 2.0 യും പുഷ്പയും ആർആർആറും പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗവുമൊക്കെ ഉത്തരേന്ത്യൻ സിനിമാ ഭൂമികയെ ഇളക്കിമറിച്ചു പണം വാരി. ദക്ഷിണേന്ത്യൻ സിനിമയെ, പ്രത്യേകിച്ച് തമിഴ്, തെലുങ്ക് സിനിമകളെ ഊതിവീർ‌പ്പിച്ച മസാലകളെന്നു പരിഹസിച്ചിരുന്ന ‌ബോളിവുഡിന് ബോക്സ്ഓഫിസിൽ തെന്നിന്ത്യൻ മാസ് സിനിമകളോടു പിടിച്ചുനിൽക്കാൻ പാടുപെടേണ്ടിവന്നു. ആ വിജയപരമ്പരയിലേക്ക് തെന്നിന്ത്യയിൽനിന്നുള്ള അടുത്ത കുതിപ്പാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം.

 

പകയും പ്രണയവും അധികാരക്കൊതിയുമൊക്കെ ഇഴപിരിഞ്ഞ കഥയുടെ രണ്ടാമങ്കം തുടങ്ങുകയാണ്. ചോളഭൂമിയിലെ, ചോരയും മരണവും കലർന്നൊഴുകുന്ന പോർനിലങ്ങളുടെയും ഗൂഢതന്ത്രങ്ങളുടെ വിഷച്ചിലന്തിവലകൾ വിരിയുന്ന നെടുങ്കോട്ടകളുടെയും കഥ. പ്രതികാരമാളുന്ന ശിരസ്സുകളുെടയും പ്രണയത്താൽ മുറിവേറ്റ ഹൃദയങ്ങളുടെയും കഥ.

 

ചോളയോദ്ധാക്കളുടെ രണ്ടാം വരവിൽ ഇന്ത്യൻ വാണിജ്യ സിനിമയുടെ ഏതേതു വിജയക്കൊടിക്കൂറകളിലാണു തീ പടരുക? കാത്തിരിക്കാം.

 

English Summary: Ponniyin Selvan 2: All You Need to Know About the Novel and the Movie Sequel