‘സിനിമയിൽ സിദ്ദിഖ്–ലാലുണ്ടെങ്കില് പേരു കിട്ടില്ല’: സംവിധായകൻ പിന്മാറി; ‘നന്ദി’ പറഞ്ഞ് മാണി സി.കാപ്പനും
‘‘മോനേ കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. കേക്കുന്നില്ലാ കേക്കുന്നില്ലാ...’’ വാസ്തവത്തിൽ മുകേഷും വാർഡനും തമ്മിലുള്ള ഈ ഡയലോഗ് കേൾക്കാത്തവരുണ്ടോ! സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവു സ്പീക്കിങ്ങിലെ ഈ ഡയലോഗിനെ മൂടാൻ ഒരു പുതപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഈ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ നടന്നതാണ് യഥാർഥ തമാശ സീൻ.
‘‘മോനേ കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. കേക്കുന്നില്ലാ കേക്കുന്നില്ലാ...’’ വാസ്തവത്തിൽ മുകേഷും വാർഡനും തമ്മിലുള്ള ഈ ഡയലോഗ് കേൾക്കാത്തവരുണ്ടോ! സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവു സ്പീക്കിങ്ങിലെ ഈ ഡയലോഗിനെ മൂടാൻ ഒരു പുതപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഈ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ നടന്നതാണ് യഥാർഥ തമാശ സീൻ.
‘‘മോനേ കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. കേക്കുന്നില്ലാ കേക്കുന്നില്ലാ...’’ വാസ്തവത്തിൽ മുകേഷും വാർഡനും തമ്മിലുള്ള ഈ ഡയലോഗ് കേൾക്കാത്തവരുണ്ടോ! സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവു സ്പീക്കിങ്ങിലെ ഈ ഡയലോഗിനെ മൂടാൻ ഒരു പുതപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഈ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ നടന്നതാണ് യഥാർഥ തമാശ സീൻ.
‘‘മോനേ കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. കേക്കുന്നില്ലാ കേക്കുന്നില്ലാ...’’ വാസ്തവത്തിൽ മുകേഷും വാർഡനും തമ്മിലുള്ള ഈ ഡയലോഗ് കേൾക്കാത്തവരുണ്ടോ! സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവു സ്പീക്കിങ്ങിലെ ഈ ഡയലോഗിനെ മൂടാൻ ഒരു പുതപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഈ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ നടന്നതാണ് യഥാർഥ തമാശ സീൻ. ആ രംഗം ചിത്രീകരിക്കപ്പെട്ടില്ലെന്നു മാത്രം.
സിനിമയിലും ജീവിതത്തിലും അത്തരം എത്രയോ തമാശ സീനുകൾ ഓർമയാക്കിയാണ് സിദ്ദിഖ് ഈ ലോകത്തോടു വിടപറഞ്ഞത്. തന്റെ ജീവിതത്തിൽനിന്നാണ് സിനിമയിലേക്കുള്ള രംഗങ്ങളിൽ സിദ്ദിഖ് നർമം കണ്ടെത്തിയതെന്ന് ഓർക്കുകയാണ് ഇവർ. ഈ തമാശ രംഗങ്ങളിൽ സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നവർ. ഓരോ തമാശ രംഗങ്ങളിലും സിദ്ദിഖ് എത്രയോ വിയർപ്പൊഴുക്കിയെന്നും കാണാം.
∙ നേതാവ് കാപ്പനെ പൊക്കി, സിദ്ദിഖ് മുകേഷിനെയും
മാന്നാർ മത്തായി സ്പീക്കിങ് എന്ന ഹിറ്റ് സിനിമ. ഗർവാസീസ് ആശാനെ കാണാനെത്തിയ മുകേഷിനെ അൽപം പൊക്കിയടിച്ചിട്ടുണ്ടെന്ന് ഇന്ദ്രൻസ് പറയുന്നുണ്ട്. ഉർവശി തിയറ്റേഴ്സ് പാർട്നർ, നടൻ അങ്ങനെ പലതും. അപ്പോൾ മുകേഷിന്റെ മറുപടി ഇങ്ങനെ: അതെങ്ങനാ പൊക്കിയടിച്ചതാകുന്നേ, ഉള്ളതല്ലേ. അതു സിനിമ. യഥാർഥ സംഭവത്തിൽ നായകൻ സിനിമാ സംവിധായകൻ കൂടിയായ മാണി സി. കാപ്പൻ എംഎൽഎയാണ്.
സംഭവം മാണി സി. കാപ്പൻ ഓർക്കുന്നു: ‘‘സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ ഞാനും സിദ്ദിഖും കോട്ടയത്തെ പ്രസംഗകനായ ഒരു നേതാവുമുണ്ട്. നേതാവ് ചടങ്ങിൽ എന്നെ പരിചയപ്പെടുത്തി. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ്, നടനാണ്, സംവിധായകനാണ്, ദാനശീലനാണ് എന്നൊക്കെ. ചടങ്ങു കഴിഞ്ഞു. കാറിൽ ഞാനും നേതാവും സിദ്ദിഖും. ചെലവു ചെയ്യണം ഞാനൊന്ന് പൊക്കിയെന്ന് നേതാവ് എന്നോടു പറഞ്ഞു. സ്വാഭാവികമായും അതെന്തിനാ, ഉള്ളതല്ലേ എന്നു ഞാൻ ചോദിച്ചു. സിദ്ദിഖ് അതു കേട്ടിരുന്നു. പിന്നെ ഞാൻ ആ ഡയലോഗ് കേൾക്കുന്നത് സിനിമയിലാണ്’’, കാപ്പൻ ഓർക്കുന്നു.
മാന്നാർ മത്തായി സ്പീക്കിങ്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഈ സിനിമയുടെ പിന്നിലും ഏറെ കഥകളുണ്ട്. പാല എംഎൽഎയായ മാണി സി. കാപ്പന്റെ പേരിലാണ് സിനിമ ഇറങ്ങിയതെങ്കിലും യഥാർഥത്തിൽ സിനിമ സംവിധാനം ചെയ്തത് സിദ്ദിഖും ലാലുമായിരുന്നു. കോട്ടയം ഭാഗത്തായിരുന്നു ഷൂട്ടിങ്. സംവിധാനം ചെയ്യാമെന്നേറ്റ സംവിധായകൻ ഒടുവിൽ കൈമലർത്തി. സിനിമയിൽ സിദ്ദിഖും ലാലുമുണ്ടെങ്കിൽ താങ്കൾക്കു പേരു കിട്ടില്ലെന്ന് പ്രമുഖ സംവിധായകനെ ആരോ വിളിച്ചു പറഞ്ഞു. അതോടെ, സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയ സിദ്ദിഖ്–ലാൽതന്നെ സംവിധാനവും ഏറ്റെടുത്തു.
പിണങ്ങിപ്പോയ സംവിധായകൻ പ്രശ്നമുണ്ടാക്കിയാലോ എന്നുസംശയിച്ച് സംവിധായകന്റെ പേര് മാണി സി. കാപ്പൻ ഏറ്റെടുത്തു. പകരം സിനിമയുടെ ടൈറ്റിൽ കാർഡിൽ ഇങ്ങനെയൊരു കുറിപ്പ് വന്നു. ‘ഈ ചിത്രം സംവിധാനം ചെയ്യാൻ പൂർണമായും എന്നെ സഹായിച്ച സിദ്ദിഖ്– ലാലുമാർക്ക് എന്റെ പേരിലും ഒകെ പ്രൊഡക്‌ഷൻസിന്റെ പേരിലും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു– മാണി സി. കാപ്പൻ'. മലയാള സിനിമയുടെ ചരിത്രത്തിൽ ഇങ്ങനെ സംവിധായകന്റെ പേര് എഴുതിക്കാണിച്ചതും ചർച്ചയായി. കടുത്ത പനിക്കിടയിലാണ് ജനാർദ്ദനൻ വീഴുന്ന രംഗം ചിത്രീകരിക്കാൻ സിദ്ദിഖ് വന്നത്, കാപ്പൻ ഓർക്കുന്നു.
∙ കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ്... മുന്നിൽ നിന്നു മാറടോ, മാറടോ
സിനിമാക്കാരുടെ പ്രിയപ്പെട്ട ഹോട്ടലാണ് ആലപ്പുഴ ബ്രദേഴ്സ്. ബ്രദേഴ്സിൽ താമസിച്ചാണ് ഷൂട്ടിങ് നടത്തുക. എഴുത്തും അവിടെത്തന്നെ. സിദ്ദിഖിന്റെ പ്രിയപ്പെട്ട മുറി 16 ആണ്. നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമ ഷൂട്ട് ചെയ്യുന്ന ഫാസിൽ 19–ാം നമ്പർ മുറിയിലാണ്. സിദ്ദിഖ് തൊട്ടടുത്ത് 16ലും. ഹോട്ടൽ റിസപ്ഷനിലാണ് കമ്പിളിപ്പുതപ്പ് ഷൂട്ട് ചെയ്യുന്നത്. പഴയ വീടിന്റെ ലിവിങ് റൂം പോലെയാണ് ബ്രദേഴ്സിന്റെ പൂമുഖം. കാഷ് കൗണ്ടറിലാണ് ഫോൺ. തൊട്ടു മുന്നിൽ ഹോട്ടലിൽ വരുന്നവർക്ക് ഇരിക്കാൻ സോഫയുണ്ട്. അന്ന് ഇന്നത്തേതു പോലുള്ള തിരക്കില്ല. ഭക്ഷണം കഴിക്കാൻ വന്ന ഒരുദ്യോഗസ്ഥൻ സോഫയിൽ ഇരിക്കുന്നു. ഹോട്ടൽ ഉടമ ബാലചന്ദ്രൻ ഓർക്കുന്നു:
‘‘മുകേഷ് ഫോണ്‍ ചെയ്യുന്നു. തൊട്ടു പിന്നിൽ നിന്ന് സിദ്ദിഖ് ഡയലോഗ് പറഞ്ഞു കൊടുക്കുന്നു. ഷൂട്ടിങ് ശ്രദ്ധിച്ച് ഉദ്യോഗസ്ഥനും. അൽപം കഴിഞ്ഞപ്പോൾ സീൻ മാറി. തന്റെ മുന്നിൽനിന്നു മാറി നിൽക്കാൻ ഉദ്യോഗസ്ഥൻ സിദ്ദിഖിനോട് പറഞ്ഞു. കാരണം അദ്ദേഹത്തിന് സിദ്ദിഖ് മുന്നിൽ നില്‍ക്കുന്നതിനാൽ മുകേഷിനെ കാണാൻ കഴിയുന്നില്ലത്രെ. താൻ സംവിധായകനാണെന്ന് സിദ്ദിഖ് പറഞ്ഞു നോക്കി. താൻ ഉദ്യോഗസ്ഥനാണെന്ന് അങ്ങേരും. ഒടുവിൽ ഞാൻ സംസാരിച്ചാണ് ഉദ്യോഗസ്ഥനെ തൊട്ടുപിന്നിലെ കസേരയിലേക്ക് മാറ്റിയിരുത്തിയത്’’– ബാലചന്ദ്രൻ ഓർക്കുന്നു. അടുത്തിടെ ഹോട്ടൽ നവീകരിച്ചു. പഴയ സുഹൃത്തുക്കളുടെ ഹോട്ടലിനു മുന്നിലെ ചിത്രങ്ങൾ ബാലചന്ദ്രൻ ശേഖരിക്കുന്നുണ്ട്. ‘‘ഇനി തിരുവനന്തപുരം പോകുമ്പോൾ അതിലെ വരാം’’ അതായിരുന്നു സിദ്ദിഖിന്റെ അവസാന വാക്ക്, ബാലചന്ദ്രൻ പറഞ്ഞു.
∙ മതിലിടിക്കാന്‍ മടിച്ച് കണ്ടെത്തിയ ഉർവശി തിയറ്റേഴ്സ്
ഉർവശി തിയറ്റേഴ്സിന്റെ ഓഫിസോ അതോ വീടോ? അതു തേടി ആലപ്പുഴയിൽ എത്തുന്നവരുണ്ടായിരുന്നു. കാരണം സിദ്ദിഖ്–ലാൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷനുകളും ഏറെ ചർച്ചയായിട്ടുണ്ട്. റാംജിറാവും സ്പീക്കിങ് സിനിമയിലെ ഉർവശി തിയറ്റേഴ്സ് എന്ന നാടകശാലയായി ചിത്രീകരിച്ച വീട് പ്രശസ്തമായത് ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞോടിയ ഉർവശി തിയറ്റേഴ്സിലെ വീട് ആലപ്പുഴയിലെ കൈതവനയിലായിരുന്നു. ‘മനസ്സിൽ കണ്ട ലൊക്കേഷനുകൾ സൗഹൃദം ഉപയോഗപ്പെടുത്തിയാണ് സിദ്ദിഖ് കണ്ടെത്തിയിരുന്നത്. ഉർവശി തിയറ്റേഴ്സ്, അതുപോലെ വിയറ്റ്നാം കോളനിയിലെ രംഗങ്ങൾ ഷൂട്ട് ചെയ്ത കെട്ടിടങ്ങൾ ഇവയെല്ലാം അങ്ങനെയാണ് കണ്ടെത്തിയത്.’’– പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവായിരുന്ന എ.കബീർ ഓർക്കുന്നു.
‘‘ഒരു ദിവസം സിദ്ദിഖും ലാലും കാണാനെത്തുന്നു. ആലപ്പുഴയിൽ ലൊക്കേഷന് വേണ്ടിയുള്ള സഹായം തേടിയാണ് കൊച്ചിയില്‍നിന്നുള്ള വരവ്. ഒരു നാടക ശാല അതിന് പറ്റിയ ഒരു പഴയ വീട് വേണം. നാടകവണ്ടി വീട്ടുമുറ്റത്ത് കിടക്കണം, അതിനുള്ള സൗകര്യം വേണം. ഇങ്ങനെയൊരു ആവശ്യവുമായിട്ടാണ് സിദ്ദിഖും ലാലും എത്തിയത്. 'സ്ഫോടനം' എന്ന മലയാള സിനിമ ഷൂട്ട് ചെയ്ത ഒരു വീടാണ് മനസ്സിൽ ആദ്യമെത്തിയത്. ആ വീട്ടിലേക്ക് അവരെ കൊണ്ടുപോയി. വീട്ടിലെത്തിയപ്പോൾ വലിയ നാടക വണ്ടി മുറ്റത്തേയ്ക്ക് കയറ്റിയിടാൻ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടു. മതിൽ പൊളിച്ചാൽ മാത്രമേ അത് സാധ്യമാവൂ. മതില്‍ പൊളിച്ചാൽ ഷൂട്ടിങ് കഴിയുമ്പോൾ തിരികെ കെട്ടിനൽകണം. അത് സിനിമയുടെ ബജറ്റിനെ ബാധിക്കും.
ആ വീട് വേണ്ടെന്നു വച്ച സംഘം പിന്നീട് എസ്ഡി കോളജിന് സമീപം, കൗൺസിലറായ രാജീവിന്റെ വീട് അനുയോജ്യമാണെന്ന് അറിഞ്ഞ് അങ്ങോട്ടേക്ക് എത്തി. ആ വീട് കണ്ട് ആദ്യ നോട്ടത്തിൽതന്നെ സിദ്ദിഖിന് സന്തോഷമായി. അവിടെനിന്ന് നേരിട്ട് എല്ലാവരും ഫാസിലിന്റെ വീട്ടിലേക്കാണ് എത്തിയത്. അവിടെ എത്തിയതും സിദ്ദിഖ് ഫാസിലിനോട് പറഞ്ഞു, ‘പാച്ചിക്കാ നമ്മൾ മനസ്സിൽ കണ്ട സാധനം കിട്ടി പാച്ചിക്കാ...’. എവിടെനിന്ന് കിട്ടിയെന്ന് ഫാസിൽ ചോദിച്ചപ്പോൾ ‘കബീർ കാട്ടിത്തന്നു’ എന്നും മറുപടി നൽകി’’, കബീർ ഓർക്കുന്നു.
‘‘വിയറ്റ്നാം കോളനിക്കായി കയർ ഗോഡൗൺ വേണമെന്ന ആവശ്യവുമായിട്ടാണ് പിന്നീട് സിദ്ദിഖ് എത്തിയത്. തുടർന്ന് ആലപ്പുഴ ന്യൂ ബസാറിന് സമീപമുള്ള ഒരു കൊപ്രാ കമ്പനി കൊണ്ടുപോയി കാണിച്ചു. ഗുജറാത്തികളായിരുന്നു അത് നടത്തിയിരുന്നത്. അത് ഇഷ്ടമായതിനെ തുടർന്ന് ഉടമകളിൽനിന്ന് അനുമതി വാങ്ങി നൽകി. മാർവാഡികളുടെ ഉടമസ്ഥതയിലുള്ള ഒരു സ്കൂളാണ് ആ സിനിമയിൽ പള്ളിയായി ചിത്രീകരിച്ചത്’’, കബീർ പറയുന്നു.
ഇതിനെല്ലാം കബീറിന് നൽകിയ പ്രതിഫലം എന്താണ്? അതും സിദ്ദിഖ് ശൈലിയിൽ ഒരു തമാശയാണ്. വിയറ്റ്നാം കോളനിക്ക് ശേഷം എവിടെ കബീറിനെ കണ്ടാലും സിദ്ദിഖ് ഇങ്ങനെ പറയും. ‘‘അടിവച്ച് അടിവച്ച് മുന്നോട്ട്’’. വിയറ്റ്നാം കോളനി ഷൂട്ടിങ് മുടക്കാനെത്തിയ ഒരു ഗുണ്ടയെ കബീർ അടികൊടുത്തു വിട്ട സംഭവം ഓർത്തെടുത്തായിരുന്നു ഈ കളിയാക്കൽ. മലയാള സിനിമയിലെ മറ്റൊരു ഹിറ്റായിരുന്നു കാബൂളിവാല എന്ന ചിത്രം. എറണാകുളത്തെ സർക്കസ് കമ്പനിയിലാണ് കാബൂളിവാലയുടെ ഷൂട്ടിങ് നടന്നത്. ഇപ്പോൾ സ്വകാര്യ വസ്ത്രശാല സ്ഥിതി ചെയ്യുന്ന മണപ്പാട്ടി പറമ്പ് എന്നിടമായിരുന്നു അത്. ഷോ നടക്കുന്ന സമയത്ത് ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഷോ ഇല്ലാത്ത സമയത്ത് തമ്പിനകത്ത് ആർട്ടിസ്റ്റുകളെ വച്ച് ചിത്രീകരിക്കും. സർക്കസ് കമ്പനിക്ക് 35,000 രൂപ നൽകിയായിരുന്നു ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയെടുത്തത്.
∙ കടം കൊണ്ട വേഷം, ചെമ്മീൻ വർഗീസ്
സൗഹൃദം നിലനിർത്തുന്നതിൽ സിദ്ദിഖ് ഏറെ താൽപര്യം എടുത്തിരുന്നുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു: ‘‘നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സംവിധായകന്റെ സഹായികളായി ഇവർ വന്നെങ്കിലും ആദ്യ ദിവസങ്ങളിലൊന്നും പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട വാർത്ത എത്തിയത്. അങ്ങനെ ഷൂട്ടിങ് നിർത്തി വച്ച് എല്ലാവരും ഉദയാ സ്റ്റുഡിയോയിൽ തങ്ങി. ഈ ദിവസമാണ് ആദ്യമായി സിദ്ദിഖിനെയും ലാലിനെയും പരിചയപ്പെടുന്നത്.
പിന്നീട് റാംജി റാവു സ്പീക്കിങ് സിനിമ ചെയ്യുന്ന സമയത്താണ് സിദ്ദിഖ് ഫോൺ ചെയ്തിട്ട് പെട്ടെന്ന് വരണമെന്ന് പറയുന്നത്. 'ചെമ്മീൻ വർഗീസ്' എന്ന കഥാപാത്രം ചെയ്യുന്നതിന് വേണ്ടിയായിരുന്നു വിളിച്ചത്. സി.എ.പോളിന് പറഞ്ഞു വച്ചിരുന്നതായിരുന്നു ആ കഥാപാത്രം. എന്നാൽ അദ്ദേഹത്തിന് എത്താൻ കഴിയാതിരുന്നതിനാലാണ് ആ വേഷം ചെയ്യേണ്ടി വന്നത്. രണ്ടു മാസം മുൻപ് തന്റെ സിനിമയുടെ ഷൂട്ടിങ് നടന്നപ്പോഴും ആ സ്ഥലം തിരഞ്ഞു പിടിച്ച് സിദ്ദിഖ് എത്തി. ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’ എന്നു പേരിട്ട സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരം ജില്ലയിലെ അകത്തുമുറി എന്ന സ്ഥലത്ത് വച്ചായിരുന്നു. യാത്ര ചെയ്ത് എത്താൻ പ്രയാസമുള്ള ഒറ്റപ്പെട്ടയിടമായിരുന്നു അത്. എന്നിട്ടും അവിടെ സ്ഥലം തിരക്കി സിദ്ദിഖ് എത്തി’’– ആലപ്പി അഷ്റഫ് പറഞ്ഞു.
‘‘ഒരു തിയറ്ററിൽ 400 ദിവസം തുടർച്ചയായി പ്രദര്‍ശിപ്പിച്ച സിനിമ, ഗോഡ്ഫാദറിലൂടെ ഈ റെക്കോർഡും സ്വന്തമാക്കിയാണ് സിദ്ദിഖ് മടങ്ങിയത്. അഞ്ചും ആറും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്ന ഇക്കാലത്ത് ഇനി ഒരു മലയാള സിനിമയ്ക്കും ഈ റെക്കോർഡ് ഭേദിക്കാനാവില്ല’’, ആലപ്പി അഷറഫ് ഉറപ്പിച്ചു പറയുന്നു. ‘ചിത്രം’ സിനിമ 365 ദിവസമാണ് തുടർച്ചയായി പ്രദർശിപ്പിച്ചത്. എന്നാൽ ഈ സിനിമയുടെ റെക്കോർഡ് അഞ്ഞൂറാനും മക്കളും ഒന്നിച്ചിറങ്ങി തകർക്കുകയായിരുന്നു. ‘ചിത്ര’മോടിയ അതേ തിയറ്ററിൽ 400 ദിവസം ഗോഡ്ഫാദറും നിറഞ്ഞോടി. ഇതോടെ മലയാള സിനിമയുടെ ഗോഡ്ഫാദറായി സിദ്ദിഖ് തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
∙ സിദ്ദിഖ് ബോളിവുഡിനോട് ബൈ പറഞ്ഞതെന്തിനാണ്? സിദ്ദിഖും ലാലും പിരിഞ്ഞതെന്തിനാണ്?
എന്തുകൊണ്ടാകാം മുംബൈയ്ക്കു വണ്ടി കയറിയ സിദ്ദിഖ് വൈകാതെ തിരിച്ചെത്തിയത്? പ്രിയദർശനു പിന്നാലെ മലയാള സിനിമയിൽനിന്ന് ബോളിവുഡിൽ എത്തിയ സംവിധായകനാണ് സിദ്ദിഖ്. സൽമാൻ ഖാനെ നായകനാക്കി സംവിധാനം ചെയ്ത 'ബോഡിഗാർഡ്' മുടക്കുമുതലിന്റെ നാലിരട്ടിയാണ് നിർമാതാവിന് സമ്മാനിച്ചത്. പരാജയത്തിൽ കൂപ്പുകുത്തി നിന്നിരുന്ന സൽമാൻ ഖാനാവട്ടെ ഈ ചിത്രം ബോളിവുഡിലേക്കുള്ള രണ്ടാം വരവുമായി. എന്നിട്ടും പ്രിയദർശനെ പോലെ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ തുടരാൻ സിദ്ദിഖ് തയാറായില്ല. സിദ്ദിഖിന്റെ രണ്ടാമതൊരു സിനിമ അവിടെ ഉണ്ടായതുമില്ല. അവസരങ്ങൾ തേടി സിദ്ദിഖ് അവിടെ നിന്നതുമില്ല.
തെലുങ്കില്‍നിന്നും മറ്റും തന്നെ തേടിയെത്തുന്ന അവസരങ്ങൾക്കു പോലും കൈ കൊടുക്കാൻ അദ്ദേഹം മടിച്ചിരുന്നു. തനിക്ക് പ്രിയപ്പെട്ട സൗഹൃദ വലയത്തിൽനിന്ന് പുറത്തേയ്ക്കു കടക്കാൻ എന്നും മടികാട്ടിയ സിദ്ദിഖ് മലയാള സിനിമയെ അത്രത്തോളം സ്നേഹിച്ചു. ‘‘സിദ്ദിഖിന്റെ എല്ലാ സിനിമകളിലും ഒരു സസ്പെൻസുണ്ട്. അതുപോലെ ജീവിതത്തിലും. എന്തുകൊണ്ട് സിദ്ദിഖ് ബോളിവുഡിൽ തുടർന്നില്ലെന്നതും സിദ്ദിഖും ലാലും എന്തുകൊണ്ടാണ് വഴിപിരിഞ്ഞതെന്നതും സിനിമാപ്രേമികൾക്കു മുന്നില്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആദ്യം കാണുന്ന സമയം മുതൽ സിദ്ദിഖിനെയും ലാലിനെയും ഞാൻ ഒന്നിച്ചാണു കണ്ടിട്ടുള്ളത്. വഴക്കിട്ടിട്ടൊന്നുമല്ല അവർ രണ്ടായി സിനിമയിൽ തുടരാൻ തീരുമാനിച്ചത്. പിന്നീടും ലാൽ നിർമിച്ച സിനിമ സംവിധാനം ചെയ്യാൻ സിദ്ദിഖ് എത്തിയിരുന്നു’’, അഷ്റഫ് ഓർക്കുന്നു.
English Summary: How Director Siddique finds Locations, Memories Shared by Friends