‘ഫാലീ...’ എന്ന ബാപ്സിയുടെ വിളിയില്‍ എല്ലാം മറക്കും; ഏറ്റവും ഇഷ്ടം കേരളം; ‘ചതി പാടില്ല, അഭിഭാഷകർ കളവു പറഞ്ഞും ജയിക്കരുത്’
ഓക്സ്‌ഫഡ് സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ മുതൽ ഫാലി എസ്.നരിമാനെ അറിയാം. അതായത് 1993 മുതൽ. ഏകദേശം 30 വർഷത്തോളമായി. ഞാൻ അഭിഭാഷകനായി ജോലി ചെയ്തു തുടങ്ങിയപ്പോൾ മുതൽ ഉള്ള അടുപ്പമായിരുന്നു. ഒരു അഭിഭാഷകൻ എങ്ങനെയായിരിക്കണം എന്നത് നമുക്ക് പറഞ്ഞു തരാൻ ഒരാൾ ഉണ്ടായിരുന്നു, അദ്ദേഹം പോയതോടെ അടുത്ത തലമുറയ്ക്ക് അതില്ലാതായി. അത്രത്തോളം വലിയൊരു മനുഷ്യനായിരുന്നു ഫാലി എസ്. നരിമാൻ. അദ്ദേഹം കേസുകൾ വാദിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഇന്ത്യൻ നിയമവ്യവസ്ഥ വളർത്തിയെടുക്കണം എന്ന് നിർബന്ധമുള്ളയാളായിരുന്നു, അത് അവസാന സമയത്തു പോലും അദ്ദേഹം ചെയ്തിരുന്നു.

കേസ് ജയിക്കാനായി എന്തും ചെയ്യുന്ന ആളായിരുന്നില്ല ഫാലി എന്നു ഞാനുൾപ്പെടെ വിളിച്ചിരുന്ന ഫാലി എസ്.നരിമാൻ. ഇന്‍സ്റ്റിറ്റ്യൂഷണൽ എത്തിക്സ് പാലിക്കപ്പെടണം എന്ന് നിർബന്ധമുള്ള ആളായിരുന്നു അദ്ദേഹം. അതിൽനിന്ന് ഒരിക്കലും വഴിമാറി നടന്നില്ല. ഒരു കേസ് എടുക്കണമെങ്കിൽ അത് ആദ്യം അദ്ദേഹത്തിന് ബോധ്യപ്പെടണം. ചതി പാടില്ല എന്നതാണ് അദ്ദേഹത്തിന്റെ നയം. കേസുകൾ കളവ് പറഞ്ഞോ കാര്യങ്ങൾ മറച്ചുവച്ചോ ജയിക്കാന്‍ പാടില്ല.
ചില മേഖലകളിൽ ജഡ്ജിമാർക്ക് ധാരണക്കുറവ് ഉണ്ടെങ്കിൽ അവരെ തെറ്റിദ്ധരിപ്പിച്ച് നേട്ടമുണ്ടാക്കുകയല്ല, മറിച്ച് അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം തന്റെ വാദങ്ങൾ മുന്നോട്ടു വയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 2021ൽ, യുവ അഭിഭാഷകർക്ക് വേണ്ടി ഇന്ത്യൻ ലോ ഇന്‍സ്റ്റിറ്റ്യൂട്ടും ‘ലൈവ് ലോ’യും ചേർന്ന് നടത്തിയ ‘ബികമിങ് ആൻ അഡ്വക്കറ്റ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയത് ഫാലി എസ്.നരിമാനായിരുന്നു. അന്ന് അതിൽ സംസാരിക്കണമെന്ന് ഞാനാണ് അദ്ദേഹത്തോട് വിളിച്ച് അഭ്യര്‍ഥിച്ചത്. ഏതൊരു അഭിഭാഷകനും കേട്ടിരിക്കേണ്ട പ്രഭാഷണമായിരുന്നു അത്. യുട്യൂബിൽ അത് ലഭ്യമാണ്.
∙ വലുപ്പച്ചെറുപ്പങ്ങളില്ലാതിരുന്ന ഫാലി
2011ലാണ് ഞാൻ സീനിയർ അഭിഭാഷകനാകുന്നത്. ഫാലി എങ്ങനെയാണ് തന്റെ ജൂനിയർമാരോടും സീനിയർ അഭിഭാഷകരോടുമൊക്കെ പെരുമാറുന്നത് എന്നത് ബോധ്യപ്പെടുത്തുന്ന ഒരു സംഭവമുണ്ടായത് ഓർക്കുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് മറ്റൊരു സീനിയർ അഭിഭാഷകന് എന്തോ അസൗകര്യമുണ്ടായി. അപ്പോൾ ഡൽഹിയിൽ നിന്ന് എനിക്കൊരു ഫോൺ കോൾ. ഫാലിയാണ്. കേസിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. എനിക്ക് അവിടെ വരെ എത്താൻ സാധിക്കുമോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. അതിനൊപ്പം അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു; സീനിയർ അഭിഭാഷകനോട് ഇങ്ങനെ ചോദിക്കുന്നത് ശരിയല്ല എന്നറിയാം, ഇവിടെ ജൂനിയർമാരും മറ്റുമുണ്ട്, പക്ഷേ താങ്കൾ ഒന്നു വന്നിരുന്നു എങ്കിൽ നന്നായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.
ഡല്‍ഹിയിലെത്തി ഫാലിയെ കണ്ടു. കേസുമായി ബന്ധപ്പെട്ടവരും അവിടെയുണ്ട്. ജൂനിയർ അഭിഭാഷകനായിരിക്കുമ്പോൾ ഫാലിയുടെ എതിർവശത്തായിരുന്നു ഇരുന്നിരുന്നത് എങ്കിൽ അന്നു ചെന്നപ്പോൾ ഇരുത്തിയത് ഫാലിക്കൊപ്പം വലതു വശത്ത്. ഇടതുവശത്ത് മറ്റൊരു സീനിയർ അഭിഭാഷകനായ അരവിന്ദ് ദത്താറും. കേസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വരുമ്പോൾ അതിന്റെ വിശദാംശങ്ങൾ അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. ചില കാര്യങ്ങള്‍ കക്ഷികളോട് ചോദിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മമായി അദ്ദേഹം മനസ്സിലാക്കി. അതായിരുന്നു ശീലം. കേസുമായി ബന്ധപ്പെട്ട എത്ര െചറിയ കാര്യങ്ങളും മനസ്സിലാക്കാൻ ശ്രമിക്കും. വലുപ്പച്ചെറുപ്പങ്ങളില്ലായിരുന്നു അദ്ദേഹത്തിന്. രാജ്യത്തെ വലിയ അഭിഭാഷകനായിരിക്കുമ്പോഴും സുപ്രീം കോടതിയിൽ വാദിക്കുന്ന ആർജവത്തോടെ മറ്റുള്ള സ്ഥലങ്ങളിലും അദ്ദേഹം വാദിക്കും. ഇത്തരത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
∙ എന്നും ഒപ്പമുണ്ടായിരുന്ന ബാപ്‌സി
അദ്ദേഹത്തെ കേസ് ബ്രീഫ് ചെയ്യാൻ ഇരിക്കുമ്പോൾ നമ്മളും അതിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കണം. പണ്ടൊക്കെ അത്തരം കാര്യങ്ങളിൽ പിഴവ് വന്നാൽ പുസ്തകമോ അല്ലെങ്കിൽ കയ്യിൽ കിട്ടുന്നത് എടുത്ത് എറിയും. ബ്രീഫിങ് എല്ലാം കഴിയുമ്പോൾ എല്ലാവരേയും കൂട്ടി ചായ കുടിക്കുകയും മറ്റും ചെയ്യും. അതൊക്കെയായിരുന്നു ശീലങ്ങള്‍. യാതാരു ആഡംബരങ്ങളും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുറിയിൽ ഒരു വലിയ മേശയുണ്ടാകും, അതിൽ നിറയെ പുസ്തകങ്ങളും. അതിന്റെ ഇടയിൽ ഫാലിയും ഇരിപ്പുണ്ടാകും. ബ്രീഫിങ്ങിന് അങ്ങേയറ്റം ശ്രദ്ധയോടെയാണ് ഇരിക്കുന്നത്.
അദ്ദേഹവും ഭാര്യ ബാപ്സിയും തമ്മിലുള്ള ബന്ധം കാണുന്നതുതന്നെ സന്തോഷകരമായിരുന്നു. അത് അങ്ങേയറ്റം ഊഷ്മളവും ശക്തവുമായിരുന്നു. ബാപ്സി എപ്പോഴും ഒപ്പമുണ്ടായിരുന്നു. ഒരിക്കൽ മുംബൈ വിമാനത്താവളത്തിൽ വച്ചാണ്, ഒരു പരിചിതമുഖം പെട്ടെന്ന് കാണുന്നത്. ഫാലിയും ബാപ്സിയുമാണ്. വീൽച്ചെയറിലാണ് ബാപ്സി. അത് ഉന്തിക്കൊണ്ട് വരുന്നത് ഫാലിയും. സുഖമില്ലാതിരുന്ന സമയത്തൊക്കെ ബാപ്സിയെ അദ്ദേഹം നോക്കുന്നതു കണ്ടാൽ നമുക്കൊക്കെ അസൂയ തോന്നും. നേരത്തേ പറഞ്ഞതു പോലെ, ജൂനിയർമാരെ ഒക്കെ വഴക്കുപറഞ്ഞ് ദേഷ്യപ്പെട്ട് ഇരിക്കുകയാണെങ്കിലും അകത്തു നിന്ന് ‘ഫാലീീീ...’ എന്നൊരു വിളി വന്നാൽ പൂച്ചയെ പോലെ ശാന്തനായി അകത്തേക്ക് പോകുന്ന ഫാലിയെയാകും നമ്മൾ കാണുന്നത്. നന്നായി യാത്ര ചെയ്ത, യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ട, എല്ലാം ഭക്ഷണവും കഴിക്കുന്ന, എന്നാൽ മിതത്വം പാലിച്ച് ആസ്വദിച്ച് ജീവിച്ച മനുഷ്യനായിരുന്നു അദ്ദേഹം.
∙ ‘കേരളം, എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലം’
2023ലാണ് എനിക്ക് പിഎച്ച്ഡി ലഭിക്കുന്നത്. ഞാൻ ആ തീസിസ് മുഴുവൻ അദ്ദേഹത്തിന് അയച്ചുകൊടുത്തു. അദ്ദേഹത്തിന് അതു വായിക്കേണ്ട കാര്യമില്ല. എന്നാൽ അദ്ദേഹം അത് മുഴുവൻ വായിച്ചു എന്നു മാത്രമല്ല, ദീർഘമായ ഒരു കുറിപ്പാണ് അതിനെക്കുറിച്ച് തന്നത്. തീസിസ് പുസ്തകമാക്കുമ്പോൾ അതിൽ കൂട്ടിച്ചേർക്കേണ്ട കാര്യങ്ങളും വരുത്തേണ്ട മാറ്റങ്ങളുമെല്ലാം പറഞ്ഞായിരുന്നു അത്.
ഞാൻ ഡല്‍ഹിയിൽ പോയിട്ട് ഒരു തവണ പോലും അദ്ദേഹത്തെ കാണാതെ മടങ്ങിയിട്ടില്ല. ഒരു മാസം മുൻപ് ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സഹായിയെ ബന്ധപ്പെട്ട് കൂടിക്കാഴ്ച നടക്കുമോ എന്നാരാഞ്ഞിരുന്നു. വരാനും വൈകിട്ട് അഞ്ചരയ്ക്ക് കാണാമെന്നും അപ്പോൾതന്നെ മറുപടി കിട്ടി. ആറു മണി മുതൽ അദ്ദേഹം നടക്കാൻ പോകുന്ന സമയമാണ്. ഞാൻ അവിടെ എത്തുമ്പോൾ കാണുന്ന കാഴ്ച, ഗേറ്റിനു മുന്നിൽ കസേരയിട്ട് എന്നെ കാത്തിരിക്കുന്ന ഫാലിയെ ആണ്. അടുത്തത് അപ്രതീക്ഷിതമായിരുന്നു. എഴുന്നേറ്റ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു.
തുടക്കത്തിൽ രാജ്യത്തെ പ്രമുഖനായ അഭിഭാഷകനെ കണ്ടുപഠിക്കാനും മറ്റുമുള്ള കാര്യങ്ങൾക്കായിരുന്നു അദ്ദേഹവുമൊത്തുള്ള സമയങ്ങൾ ഞാൻ ഉപയോഗപ്പെടുത്തിയത്. പക്ഷേ, പോകെപ്പോകെ ജീവിതത്തിൽ ഒരു പിതാവിനെപ്പോലെ അദ്ദേഹം മാറുന്നതു ഞാൻ അനുഭവിച്ചു. എന്റെ മകൾ അഖില ഡൽഹിയിൽ പഠിക്കുന്ന സമയത്ത് അവള്‍ക്കായി ഒട്ടേറെ പുസ്തകങ്ങൾ, അതിൽ ഓരോന്നിലും അദ്ദേഹം ഒപ്പിട്ടു നൽകിയിട്ടുണ്ട്.
വാദത്തിനും മറ്റുമായി കേരളത്തിൽ വരുമ്പോൾ എന്നെ വിളിക്കും. ഞാനും ഭാര്യ ഇന്ദുവും കൂടി അവരെ കാണാൻ പോകും. കേരളത്തെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. കേസ് കഴിഞ്ഞാൽ മട്ടാഞ്ചേരിയും മറ്റുമൊക്കെ കറങ്ങാൻ പോകുമായിരുന്നു. ഈ രാജ്യത്ത് തനിക്ക് പോകാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്ന് ചോദിച്ചാൽ അത് കേരളമാണ് എന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാനും അടുക്കാനും പഠിക്കാനുമെല്ലാം കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.