‘നല്ലതു വരുമെന്ന’ വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന റഷ്യയിലെ പ്രതിപക്ഷത്തിന്റെ തണുത്തുറഞ്ഞു പോകാത്ത പ്രതിരോധത്തിന്റെ അടയാളമായിരുന്നു അലക്സി നവൽനി എന്ന നാൽപത്തെട്ടുകാരൻ. പോളാർ വുൾഫ് എന്ന വിളിപ്പേരുള്ള, ആർട്ടിക് മേഖലയിലെ ഐകെ ത്രീ എന്ന തടവറയിൽ വ്യായാമ നടപ്പിനിടെ വീണു മരിക്കും വരെ അദ്ദേഹം അങ്ങനെ തന്നെയായിരുന്നു അവർക്ക്. മോചിപ്പിക്കപ്പെടാനിരിക്കുന്ന ഒരു ലോകത്ത് തങ്ങളെ നയിക്കാൻ ശേഷിയുള്ളവനായി അലക്സി നവൽനി അവർക്കിടയിൽ നിറഞ്ഞു നിന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ് നവൽനി തങ്ങൾക്കിടയിലേക്കു തിരിച്ചു വരുമെന്ന റഷ്യൻ പ്രതിപക്ഷനിരയുടെ ഉറച്ച വിശ്വാസമാണ് 2024 ഫെബ്രുവരിയിലൊരു നാൾ നവൽനിയുടെ മരണ വൃത്താന്തം അവരെ തേടിയെത്തിയതോടെ തകർന്നടിഞ്ഞത്. അദ്ദേഹത്തിന്റെ മരണം റഷ്യയിലെ പ്രതിപക്ഷത്തെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിനു പിന്നാലെ ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ പത്നി യൂലിയ നവൽനയ യുഎസിലെത്തി പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. അതിനു ശേഷം അദ്ദേഹം പ്രസ്താവനയിറക്കി: ‘‘യൂലിയ പോരാട്ടം തുടരും. അവർ ഒന്നും ഉപേക്ഷിച്ചു പോകില്ല’’. ഏറെ പ്രാധാന്യമുണ്ടെന്നു കരുതപ്പെടുന്ന ആ സന്ദർശനത്തിന്റെ അനന്തരഫലമെന്തെന്ന് ഇനി കണ്ടറിയാനിരിക്കുന്നതേയുള്ളൂ. ഒരിക്കൽ ക്യാമറകളെ ഒഴിവാക്കി നടന്ന യൂലിയ നവൽനയ ഇന്നു ക്യാമറകൾക്കു മുന്നിലിരിക്കുകയാണ്. പുട്ടിന്റെ വാഴ്ച അവസാനിപ്പിക്കാൻ

‘നല്ലതു വരുമെന്ന’ വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന റഷ്യയിലെ പ്രതിപക്ഷത്തിന്റെ തണുത്തുറഞ്ഞു പോകാത്ത പ്രതിരോധത്തിന്റെ അടയാളമായിരുന്നു അലക്സി നവൽനി എന്ന നാൽപത്തെട്ടുകാരൻ. പോളാർ വുൾഫ് എന്ന വിളിപ്പേരുള്ള, ആർട്ടിക് മേഖലയിലെ ഐകെ ത്രീ എന്ന തടവറയിൽ വ്യായാമ നടപ്പിനിടെ വീണു മരിക്കും വരെ അദ്ദേഹം അങ്ങനെ തന്നെയായിരുന്നു അവർക്ക്. മോചിപ്പിക്കപ്പെടാനിരിക്കുന്ന ഒരു ലോകത്ത് തങ്ങളെ നയിക്കാൻ ശേഷിയുള്ളവനായി അലക്സി നവൽനി അവർക്കിടയിൽ നിറഞ്ഞു നിന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ് നവൽനി തങ്ങൾക്കിടയിലേക്കു തിരിച്ചു വരുമെന്ന റഷ്യൻ പ്രതിപക്ഷനിരയുടെ ഉറച്ച വിശ്വാസമാണ് 2024 ഫെബ്രുവരിയിലൊരു നാൾ നവൽനിയുടെ മരണ വൃത്താന്തം അവരെ തേടിയെത്തിയതോടെ തകർന്നടിഞ്ഞത്. അദ്ദേഹത്തിന്റെ മരണം റഷ്യയിലെ പ്രതിപക്ഷത്തെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിനു പിന്നാലെ ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ പത്നി യൂലിയ നവൽനയ യുഎസിലെത്തി പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. അതിനു ശേഷം അദ്ദേഹം പ്രസ്താവനയിറക്കി: ‘‘യൂലിയ പോരാട്ടം തുടരും. അവർ ഒന്നും ഉപേക്ഷിച്ചു പോകില്ല’’. ഏറെ പ്രാധാന്യമുണ്ടെന്നു കരുതപ്പെടുന്ന ആ സന്ദർശനത്തിന്റെ അനന്തരഫലമെന്തെന്ന് ഇനി കണ്ടറിയാനിരിക്കുന്നതേയുള്ളൂ. ഒരിക്കൽ ക്യാമറകളെ ഒഴിവാക്കി നടന്ന യൂലിയ നവൽനയ ഇന്നു ക്യാമറകൾക്കു മുന്നിലിരിക്കുകയാണ്. പുട്ടിന്റെ വാഴ്ച അവസാനിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നല്ലതു വരുമെന്ന’ വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന റഷ്യയിലെ പ്രതിപക്ഷത്തിന്റെ തണുത്തുറഞ്ഞു പോകാത്ത പ്രതിരോധത്തിന്റെ അടയാളമായിരുന്നു അലക്സി നവൽനി എന്ന നാൽപത്തെട്ടുകാരൻ. പോളാർ വുൾഫ് എന്ന വിളിപ്പേരുള്ള, ആർട്ടിക് മേഖലയിലെ ഐകെ ത്രീ എന്ന തടവറയിൽ വ്യായാമ നടപ്പിനിടെ വീണു മരിക്കും വരെ അദ്ദേഹം അങ്ങനെ തന്നെയായിരുന്നു അവർക്ക്. മോചിപ്പിക്കപ്പെടാനിരിക്കുന്ന ഒരു ലോകത്ത് തങ്ങളെ നയിക്കാൻ ശേഷിയുള്ളവനായി അലക്സി നവൽനി അവർക്കിടയിൽ നിറഞ്ഞു നിന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ് നവൽനി തങ്ങൾക്കിടയിലേക്കു തിരിച്ചു വരുമെന്ന റഷ്യൻ പ്രതിപക്ഷനിരയുടെ ഉറച്ച വിശ്വാസമാണ് 2024 ഫെബ്രുവരിയിലൊരു നാൾ നവൽനിയുടെ മരണ വൃത്താന്തം അവരെ തേടിയെത്തിയതോടെ തകർന്നടിഞ്ഞത്. അദ്ദേഹത്തിന്റെ മരണം റഷ്യയിലെ പ്രതിപക്ഷത്തെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിനു പിന്നാലെ ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ പത്നി യൂലിയ നവൽനയ യുഎസിലെത്തി പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. അതിനു ശേഷം അദ്ദേഹം പ്രസ്താവനയിറക്കി: ‘‘യൂലിയ പോരാട്ടം തുടരും. അവർ ഒന്നും ഉപേക്ഷിച്ചു പോകില്ല’’. ഏറെ പ്രാധാന്യമുണ്ടെന്നു കരുതപ്പെടുന്ന ആ സന്ദർശനത്തിന്റെ അനന്തരഫലമെന്തെന്ന് ഇനി കണ്ടറിയാനിരിക്കുന്നതേയുള്ളൂ. ഒരിക്കൽ ക്യാമറകളെ ഒഴിവാക്കി നടന്ന യൂലിയ നവൽനയ ഇന്നു ക്യാമറകൾക്കു മുന്നിലിരിക്കുകയാണ്. പുട്ടിന്റെ വാഴ്ച അവസാനിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നല്ലതു വരുമെന്ന’ വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന റഷ്യയിലെ പ്രതിപക്ഷത്തിന്റെ തണുത്തുറഞ്ഞു പോകാത്ത പ്രതിരോധത്തിന്റെ അടയാളമായിരുന്നു അലക്സി നവൽനി എന്ന നാൽപത്തെട്ടുകാരൻ. പോളാർ വുൾഫ് എന്ന വിളിപ്പേരുള്ള, ആർട്ടിക് മേഖലയിലെ ഐകെ ത്രീ എന്ന തടവറയിൽ വ്യായാമ നടപ്പിനിടെ വീണു മരിക്കും വരെ അദ്ദേഹം അങ്ങനെ തന്നെയായിരുന്നു അവർക്ക്. മോചിപ്പിക്കപ്പെടാനിരിക്കുന്ന ഒരു ലോകത്ത് തങ്ങളെ നയിക്കാൻ ശേഷിയുള്ളവനായി അലക്സി നവൽനി അവർക്കിടയിൽ നിറഞ്ഞു നിന്നു.

രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ് നവൽനി തങ്ങൾക്കിടയിലേക്കു തിരിച്ചു വരുമെന്ന റഷ്യൻ പ്രതിപക്ഷനിരയുടെ ഉറച്ച വിശ്വാസമാണ് 2024 ഫെബ്രുവരിയിലൊരു നാൾ നവൽനിയുടെ മരണ വൃത്താന്തം അവരെ തേടിയെത്തിയതോടെ തകർന്നടിഞ്ഞത്. അദ്ദേഹത്തിന്റെ മരണം റഷ്യയിലെ പ്രതിപക്ഷത്തെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിനു പിന്നാലെ ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ പത്നി യൂലിയ നവൽനയ യുഎസിലെത്തി പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. അതിനു ശേഷം അദ്ദേഹം പ്രസ്താവനയിറക്കി: ‘‘യൂലിയ പോരാട്ടം തുടരും. അവർ ഒന്നും ഉപേക്ഷിച്ചു പോകില്ല’’. ഏറെ പ്രാധാന്യമുണ്ടെന്നു കരുതപ്പെടുന്ന ആ സന്ദർശനത്തിന്റെ അനന്തരഫലമെന്തെന്ന് ഇനി കണ്ടറിയാനിരിക്കുന്നതേയുള്ളൂ.

ബെർലിനിലെ റഷ്യൻ എംബസിക്ക് സമീപം നടന്ന പ്രതിഷേധ റാലിയിലേക്ക് എത്തുന്ന യൂലിയ നവൽനയ (Photo by Tobias SCHWARZ / AFP)
ADVERTISEMENT

∙ ക്യാമറകൾക്കു മുന്നിലേക്ക്, ആഗ്രഹിക്കാത്ത വരവ്

ഒരിക്കൽ ക്യാമറകളെ ഒഴിവാക്കി നടന്ന യൂലിയ നവൽനയ ഇന്നു ക്യാമറകൾക്കു മുന്നിലിരിക്കുകയാണ്. പുട്ടിന്റെ വാഴ്ച അവസാനിപ്പിക്കാൻ മുൻപത്തേക്കാളധികം ഇടപെടാനും പ്രവർത്തിക്കാനും യൂലിയ ജനങ്ങളോട് അഭ്യർഥിക്കുന്നു. നവൽനി തുടങ്ങി വച്ച പോരാട്ടം താൻ തുടരുമെന്ന് പ്രഖ്യാപിക്കുന്നു. നവൽനിയുടെ മരണ ശേഷം പുറത്തുവിട്ട വിഡിയോയിൽ തന്റെ ജീവിതവും ഹൃദയത്തിന്റെ പകുതിയും തകർത്തു കളഞ്ഞയാളാണ് പുട്ടിൻ എന്നും യൂലിയ പറയുന്നു. ഇപ്പോൾ റഷ്യയിലെ പ്രതിപക്ഷത്തിന്റെ മുഖമായി മാറിയ യൂലിയ നവൽനയ ആരാണ്? വീട്ടിനുള്ളിൽ കുട്ടികളുമായ ഒതുങ്ങിക്കഴിയാൻ ആഗ്രഹിച്ച ആ വനിത എങ്ങനെയാണ് ഒരു രാജ്യത്തിന്റെ അവകാശ പോരാട്ടങ്ങളുടെ പ്രതീകമായി ഉയർത്തപ്പെട്ടത്? പുട്ടിനെപ്പോലെ അതിശക്തനായ ഒരു ഭരണാധികാരിയെ വെല്ലുവിളിക്കാൻ പോന്ന ശക്തി യൂലിയയ്ക്കുണ്ടോ?

അലക്സി നവൽനിയും യൂലിയ നവൽനയയും (REUTERS/Tatyana Makeyeva/File Photo)

∙ പ്രണയിനി, പങ്കാളി, അമ്മ

1976 ജൂലൈ 24ന് സോവിയറ്റ് യൂണിയനിലെ മോസ്കോയിലാണ് യൂലിയയുടെ ജനനം. വേർപിരിഞ്ഞ മാതാപിതാക്കളുടെ കുട്ടിയായിട്ടാണ് യൂലിയ വളർന്നത്. ശാസ്ത്രജ്ഞനായിരുന്നു പിതാവ് ബോറിസ് അലക്സാന്ദ്രോവിച്ച് അബ്രോസിമോവ്. സർക്കാരിനു കീഴിൽ ലൈറ്റ് ഇൻഡസ്ട്രി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അല്ല വ്ലാഡിമിറോവ്ന അമ്മയും. യൂലിയയ്ക്ക് 5 വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. പ്രശസ്തമായ പ്ലഖനോവ് റഷ്യൻ സർവകലാശാലയിൽ നിന്ന് ഇന്റർനാഷനൽ ഇക്കണോമിക് റിലേഷൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ യൂലിയ കുറച്ചുകാലം മോസ്കോയിൽ ഒരു ബാങ്കിലും ജോലി ചെയ്തു. 1998ൽ നടത്തിയ ഒരു തുർക്കി യാത്രയ്ക്കിടെയാണ് റഷ്യയിൽ നിന്നെത്തിയ അലക്സി നവൽനി എന്ന ചെറുപ്പക്കാരനായ അഭിഭാഷകനെ പരിചയപ്പെടുന്നത്.

ഭാവി വാഗ്ദാനമായ ഒരു അഭിഭാഷകനെയോ റഷ്യയുടെ ചരിത്രത്തിൽ ഇടംപിടിക്കാൻ പോന്ന ഒരു പ്രതിപക്ഷ നേതാവിനെയോ അല്ല ഞാൻ വിവാഹം കഴിച്ചത്, അലക്സി നവൽനി എന്ന ചെറുപ്പക്കാരനെയാണ്

ADVERTISEMENT

രാജ്യാന്തര വിഷയങ്ങളിലുള്ള അവളുടെ അറിവും റഷ്യൻ രാഷ്ട്രീയത്തിലുള്ള പരിജ്ഞാനവും അലക്സിയെ ആകർഷിച്ചു. ആ പരിചയം പ്രണയമായി വളർന്നു. 2000ൽ ഇവർ വിവാഹിതരായി. 2001ൽ മകൾ ദാരിയയും 2008ൽ മകൻ സഖറും ജനിച്ചു. ഈ രണ്ടു മക്കളുടെ അമ്മയായും അലക്സി നവൽനി എന്ന അഭിഭാഷകന്റെ ജീവിതപങ്കാളിയായും ലോകത്തിനു മുന്നിൽ വെളിച്ചപ്പെടാതെ ജീവിക്കാൻ ആഗ്രഹിച്ച യൂലിയ തനി വീട്ടമ്മയായി മാറി. ഭർത്താവിനെ പൂർണമായും റഷ്യൻ ജനതയ്ക്ക് വിട്ടു കൊടുത്ത് യൂലിയ വീട്ടിലൊതുങ്ങിക്കൂടി. അപ്പോഴേക്കും റഷ്യയിലെ അഴിമതി സർക്കാരുകൾക്കെതിരെ നവൽനി പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞിരുന്നു. അലക്സി നവൽനിയുടെ പോരാട്ടങ്ങളെക്കുറിച്ചു പറയാതെ യൂലിയ നവൽനയയെപ്പറ്റി ഒരു വിവരവും പൂർണമാകില്ല.

∙ പോരാളിയായിരുന്നു നവൽനി

റഷ്യൻ രാഷ്ട്രീയത്തിന് പ്രത്യാശാഭരിതമായ പ്രകാശ രേഖയായി 2008 മുതലാണ് അലക്സി നവൽനി എന്ന പേരിന്റെ ഉടമ ശ്രദ്ധിക്കപ്പെടുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിനായി സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ച നവൽനിയുടെ ബ്ലോഗ് എഴുത്തുകൾ പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. റഷ്യയിലെ ആന്റി പുട്ടിൻ ക്യാംപെയ്നുകളുടെ നേതൃസ്ഥാനത്തേക്ക് അലക്സി നവൽനി ഉയർത്തപ്പെടുന്നത് വളരെപ്പെട്ടെന്നായിരുന്നു. 2011ലാണ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആയ ആന്റി കറപ്ഷൻ ഫൗണ്ടേഷൻ അദ്ദേഹം സ്ഥാപിക്കുന്നത്. റഷ്യയുടെ അധികാരകേന്ദ്രങ്ങളിൽ വർധിക്കുന്ന അഴിമതിയും ധൂർത്തും ചെറുക്കാൻ ലക്ഷ്യമിട്ടായിരുന്നു സംഘടനയുടെ രൂപീകരണം.

അലക്സി നവൽനിയുടെ ചുമർ ചിത്രത്തിനു സമീപം ആദരാഞ്ജലി അർപ്പിച്ച് പൂക്കൾ സമർപ്പിച്ചിരിക്കുന്നു. . (Photo by Joe Klamar / AFP)

വലിയതോതിൽ കൃത്രിമം നടന്നുവെന്ന് ആരോപണമുയർന്ന 2011ലെ ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലും താരമായിരുന്നു നവൽനി. തിരഞ്ഞെടുപ്പിനു ശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ് അലക്സി നവൽനി പ്രതിപക്ഷ നേത‍ൃനിരയിൽ പ്രതിഷ്ഠിക്കപ്പെടുന്നത്. തസ്കര സംഘമെന്നും കാപട്യക്കാരുടെ കൂട്ടമെന്നും പുട്ടിന്റെ യുണൈറ്റഡ് പാർട്ടിയെ നവൽനി ആക്ഷേപിച്ചു. ജനങ്ങളെ ചൂഷണം ചെയ്യുന്ന കൊള്ളസംഘത്തെ നയിക്കുന്നയാളാണ് പുട്ടിനെന്നും നവൽനി ആരോപിച്ചു.

ADVERTISEMENT

മോസ്കോ മേയർ തിരഞ്ഞെടുപ്പിൽ ഇതിനിടെ മത്സരിക്കുകയും ചെയ്തു. 2017ൽ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിന്റെ അനധികൃത സമ്പാദ്യങ്ങൾ തുറന്നുകാട്ടുന്ന വിഡിയോ നവൽനി പുറത്തുവിട്ടതോടെ കത്തിപ്പടർന്ന അഴിമതിവിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകളാണ് അറസ്റ്റിലായത്. 2018ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ നവൽനി മത്സരിച്ചിരുന്നു. പുട്ടിൻ നടത്തുന്നതു കൃത്രിമ തിരഞ്ഞെടുപ്പാണെന്ന് ആരോപിച്ച് വോട്ടെടുപ്പു ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത നവൽനിയെ അറസ്റ്റ് ചെയ്തത് ഏറെ പ്രതിഷേധം സൃഷ്ടിച്ചു.

അലക്സി നവൽനിയെ പ്രതിഷേധങ്ങൾക്കിടെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. (Photo by Vasily MAXIMOV / AFP)

∙ നവൽനിക്കെതിരെ ആക്രമണങ്ങൾ

2017 ഏപ്രിൽ 27ന് ആണ് നവൽനിക്കെതിരെ കടുത്ത ആക്രമണുണ്ടാകുന്നത്. ആന്റി കറപ്ഷൻ ഫൗണ്ടേഷന്റെ ഓഫിസിൽ വച്ച് അജ്ഞാതർ രാസവസ്തുക്കളടങ്ങിയ സ്പ്രേ (ബ്രില്ല്യന്റ് ഗ്രീൻ ഡൈ) അദ്ദേഹത്തിനു നേർക്കു പ്രയോഗിച്ചു. നവൽനിക്കു നേരെ മാത്രമല്ല റഷ്യയിൽ രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാൻ പതിവായി ഉപയോഗിക്കുന്ന ആന്റി സെപ്റ്റിക് ആണ് ബ്രില്ല്യന്റ് ഗ്രീൻ. സിൽക്കിനും കമ്പിളിക്കും നിറം ചേർക്കാൻ റഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നതാണ് ഈ രാസവസ്തു. റഷ്യയിലും യുക്രെയ്നിലുമെല്ലാം സെല്യോങ്ക അറ്റാക്ക് (Zelyonka attack) എന്ന് അറിയപ്പെടുന്ന ഇത്തരത്തിലുള്ള അതിക്രമത്തിന് ഇരയായവർ ഒട്ടേറെപ്പേരാണ്.

സെല്യോങ്ക അറ്റാക്കിന് ശേഷം അലക്സി നവൽനി (Photo credit: Wikipedia)

പച്ച നിറത്തിലുള്ള ഈ രാസവസ്തു മുഖത്തേക്ക് ചീറ്റുകയോ ഒഴിക്കുകയോ ആണു ചെയ്യുന്നത്. കാഴ്ച ശക്തി വരെ ഇല്ലാതാക്കാൻ പോന്ന മാരകമായ ഈ ഡൈ ചർമത്തിൽ നിന്നു നീക്കം ചെയ്യുന്നതും ഏറെ ശ്രമകരമാണ്. ഗവൺമെന്റ് അനുകൂലികൾ 2010–2020 കാലഘട്ടത്തിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നയിക്കുന്നവരെ എതിരിടാൻ മുഖ്യമായും ഈ ആക്രമണരീതിയാണ് അവലംബിച്ചത്. 2023ൽ റഷ്യൻ മാധ്യമ പ്രവർത്തകയായ ഏലേന മിലാഷിന ചെച്നിയയിൽ വച്ച് സെല്യോങ്ക അറ്റാക്കിന് ഇരയായത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പക്ഷേ നവൽനി ഇത്തരമൊരു ആക്രമണത്തിനിരയായതോടെ ഇതും നവൽനി അനുകൂലികൾ സർക്കാർ വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ചു. പച്ചനിറത്തിലുള്ള ഡൈ പുരണ്ട മുഖവുമായി നവൽനി തെരുവിലൂടെ നടന്നു നീങ്ങുന്ന ചിത്രം സർക്കാർ വിരുദ്ധ പോരാട്ടത്തിന്റെ തീവ്രതയുടെ അടയാളമായി.

ബ്രില്ല്യന്റ് ഗ്രീൻ ഡൈ ഉപയോഗിച്ചുള്ള ആക്രമണത്തിനിരയായ അലക്സി നവൽനിയെ യൂലിയ പരിചരിക്കുന്നു (AP Photo/Evgeny Feldman)

നവൽനിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തിയെത്തന്നെ ഈ ആക്രമണം ബാധിച്ചിരുന്നു. നവൽനിക്കെതിരായ ആക്രമണത്തെത്തുടർന്ന് ഒട്ടേറെപ്പേർ പച്ചച്ചായം പൂശിയ മുഖവുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിനു പിന്തുണ അറിയിച്ചു. റഷ്യൻ വിപ്ലവത്തിന്റെ നിറമായിത്തന്നെ പച്ച നിറം വാഴ്ത്തപ്പെട്ടു തുടങ്ങാനും അധികം വൈകിയില്ല. നവൽനിയുടെ അനുയായി ലിത്വാനിയയിൽ പ്രവാസ ജീവിതം നയിക്കുന്ന, ലിയോനിഡ് വൊളോക്കോവിനെ കാർ തടഞ്ഞു നിർത്തി മുളക് സ്പ്രേ പ്രയോഗിച്ച ശേഷം ചുറ്റിക കൊണ്ടാണ് ആക്രമിച്ചത്. ഒട്ടേറെപ്പേർ റഷ്യയിൽ കാരണമെന്തെന്ന് ഇനിയുമറിയാത്ത മരണങ്ങൾക്കും ദുരൂഹ മരണങ്ങൾക്കും ഇടയായി.

∙ കടുത്ത പ്രയോഗം

സൈബീരിയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2020 ഓഗസ്റ്റ് 20ന് ആണ് അലക്സി നവൽനിക്കെതിരെ വിഷം പ്രയോഗിക്കുന്നത്. സൈബീരിയയിലെ ടോംസ്ക് നഗരത്തിലെ വിമാനത്താവളത്തിൽ വച്ച് നവൽനി കുടിച്ച ചായയിൽ നൊവിചോക് എന്ന വിഷം കലർത്തിയിരുന്നെന്ന സംശയമാണ് അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിച്ചത്. വിമാന യാത്രയ്ക്കിടെ നവൽനി ബോധരഹിതനായി വീണു. തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി നവൽനിയെ ആശുപത്രിയിലേക്കു മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്കു കൊണ്ടു പോയ അദ്ദേഹം 2021 ജനുവരി 17നു റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും അറസ്റ്റിലായി. മുൻ ജയിൽവാസകാലത്തുള്ള പരോൾ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

അലക്സി നവൽനിയുടെ മരണത്തെത്തുടർന്ന് റഷ്യയിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം. (Photo by Brendan SMIALOWSKI / AFP)

പരോൾലംഘനത്തിനു മൂന്നരവർഷം തടവിനു ശിക്ഷിക്കപ്പെട്ടു. കോടതിക്കെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ കോടതിയലക്ഷ്യത്തിന്റെയും അഴിമതിവിരുദ്ധ പ്രവർത്തനത്തിനു ലഭിച്ച 47 ലക്ഷം ഡോളർ തട്ടിയെടുത്തെന്ന പേരിലും വിവിധ കേസുകൾ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. 2022ൽ ഈ കേസുകളിൽ 9 വർഷം തടവിനു ശിക്ഷിച്ചു. 2023ൽ തീവ്രവാദപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം നൽകിയെന്ന കേസിൽ 19 വർഷം കൂടി തടവ് വിധിച്ചു. ഇതിനിടെ, വിഡിയോ ലിങ്ക് വഴി റഷ്യൻ കോടതിയിൽ ഹാജരാക്കിയപ്പോൾ പുട്ടിന്റെ യുക്രെയ്ൻ ആക്രമണത്തെ നവൽനി രൂക്ഷമായി വിമർശിച്ചിരുന്നു. ഒടുവിൽ ആർട്ടിക് മേഖലയിലെ ഐകെ ത്രീ എന്ന തടവറയിൽ വച്ച് റഷ്യയിൽ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയായിരുന്ന ആ പോരാട്ട ജീവിതത്തിന് അവസാനമായി.

∙ യൂലിയ തുടരുന്ന പോരാട്ടം

യൂലിയ ഇല്ലാതെ എന്റെ പോരാട്ടം തുടരുക സാധ്യമാകുമായിരുന്നില്ല– ഒരിക്കൽ നവൽനി പറഞ്ഞു. കുടുംബം നോക്കി ഒതുങ്ങിക്കഴിയാൻ ഇഷ്ടപ്പെടുന്നു എന്നു പറയുമ്പോഴും നവൽനിയുടെ വീര്യമായിരുന്നു യൂലിയ. മരിക്കുവോളം അവർ നവൽനിക്കു പിന്തുണയുമായി ഒപ്പവും അകലെയും നിലകൊണ്ടു. മക്കൾക്കും ഭർത്താവിനും വേണ്ടി ബാങ്കിലെ ജോലി ഉപേക്ഷിച്ചു. റഷ്യൻ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തേക്ക് നവൽനി അവരോധിക്കപ്പെട്ടെങ്കിൽ അതിൽ മുഖ്യപങ്കു വഹിച്ചത് യൂലിയ തന്നെയായിരുന്നു. ‘‘ഭാവി വാഗ്ദാനമായ ഒരു അഭിഭാഷകനെയോ റഷ്യയുടെ ചരിത്രത്തിൽ ഇടംപിടിക്കാൻ പോന്ന ഒരു പ്രതിപക്ഷ നേതാവിനെയോ അല്ല ഞാൻ വിവാഹം കഴിച്ചത്, അലക്സി നവൽനി എന്ന ചെറുപ്പക്കാരനെയാണ്’’ എന്ന് ഒരു അഭിമുഖത്തിൽ യൂലിയ പറഞ്ഞിട്ടുണ്ട്.

അലക്സി നവൽനിയും യൂലിയ നവൽനയയും (Alexei Navalny via AP)

2000ൽ നവൽനി സ്ഥാപിച്ച പാർട്ടിയിൽ നവൽനിക്കൊപ്പം യൂലിയയും അംഗത്വമെടുത്തെങ്കിലും പൊതുപരിപാടികളിലോ മറ്റോ അവർ പങ്കെടുത്തില്ല. സ്വകാര്യ ജീവിതത്തിലേക്ക് രാഷ്ട്രീയത്തിന്റെ ഭീഷണികൾ കടത്തിക്കൊണ്ടു വരാൻ ഇഷ്ടപ്പെടാതെ അവർ ഒഴിഞ്ഞു നിന്നു. 2020ൽ വിഷബാധയെത്തുടർന്ന് നവൽനി ജർമനിയിൽ ചികിത്സയിലായിരുന്ന സമയത്ത് പക്ഷേ യൂലിയ ചില റാലികളിൽ പങ്കെടുത്ത് പ്രഭാഷണം നടത്തി. സൈബീരിയയിലെ ജയിലിൽ നവൽനി രോഗാതുരനാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മോചനമാവശ്യപ്പെട്ട് യൂലിയ നേരിട്ട് പുട്ടിന് കത്തെഴുതുകയും ചെയ്തു. പുട്ടിന്റെ കണ്ണിലെ കരടാണെന്ന് അറിയാമായിരുന്നിട്ടും, പല തവണയുണ്ടായ ആക്രമണങ്ങൾ ഒഴിഞ്ഞുപോകാത്ത വിധം പിന്നാലെ ഇനിയുമുണ്ടാകുമെന്ന് അറിഞ്ഞിരുന്നിട്ടും ചികിത്സ കഴിഞ്ഞ് നവൽനി യൂലിയയ്ക്കൊപ്പം റഷ്യയിലേക്കു തന്നെ മടങ്ങിയെത്തി.

ചികിത്സയിൽ കഴിഞ്ഞിരുന്ന അലക്സി നവൽനി കുടുംബത്തിനൊപ്പം (Photo by Handout / Instagram account @navalny / AFP)

ആ വരവിനെ യൂലിയയും എതിർത്തില്ല. റഷ്യൻ ജനതയ്ക്ക് നവൻനിയെപ്പോലെയൊരു പോരാളിയെ ആവശ്യമാണെന്ന് യൂലിയയ്ക്ക് അറിയമായിരുന്നു. പക്ഷേ ആ മടങ്ങിവരവിന് യൂലിയ നൽകേണ്ടി വന്നത് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അലക്സിയുടെ ജീവനായിരുന്നു. നവൽനിയുടെ മരണത്തിനു ശേഷം ഒരു യുട്യൂബ് പ്രഭാഷണത്തിലാണ് വീട്ടകത്ത് ഒതുങ്ങിക്കൂടാനുള്ള തന്റെ തീരുമാനം മാറ്റുകയാണെന്ന് യൂലിയ അറിയിച്ചത്. ‘‘സ്വതന്ത്രവും സമാധാനപൂർണവുമായ ഒരു റഷ്യയാണ് നമുക്ക് വേണ്ടത്. എന്റെ ഭർത്താവ് സ്വപ്നം കണ്ടത് അങ്ങനെയൊരു രാജ്യമാണ്. ആ രാജ്യം കെട്ടിപ്പടുക്കാൻ ഞാനും നിങ്ങൾക്കൊപ്പം അണിചേരുകയാണ്. നവൽനിയുടെ പോരാട്ടങ്ങൾ അനാഥമാകാൻ ഞാൻ അനുവദിക്കില്ല’’ യൂലിയ പറഞ്ഞു.

അലക്സിയുടെ മരണത്തോടെ തകർന്നടിഞ്ഞു പോകുമെന്നു കരുതിയ റഷ്യൻ പ്രതിപക്ഷത്തിന് ജീവശ്വാസമാകുകയായിരുന്നു ആ വാക്കുകൾ. ആക്രമണങ്ങൾ തങ്ങളെ തളർത്തുന്നില്ലെന്നും യൂലിയയുടെ വരവിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നുമാണ് നവൽനിയുടെ അനുയായി വോളോക്കോവ് ബിബിസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘‘നവൽനിക്കു പകരം വയ്ക്കാൻ ആരുമില്ല. എങ്കിലും യൂലിയയുടെ നേതൃത്വം പ്രതിപക്ഷനിരയ്ക്കു നൽകുന്ന ആവേശം ചെറുതല്ല, അവൾ അത് ആഗ്രഹിച്ചതല്ലെങ്കിലും’’ വൊളോക്കോവ് പറയുന്നു.

2024 മാർച്ച് ഒന്നിനായിരുന്നു, നവൽനിയുടെ സംസ്കാരച്ചടങ്ങുകൾ മോസ്കോയിൽ നടന്നത്. ജീവിച്ചിരുന്ന നവൽനിയേക്കാൾ മരിച്ചു പോയ നവൽനിയെ റഷ്യൻ സർക്കാർ ഭയന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു സംസ്കാരച്ചടങ്ങുകൾ വൈകിപ്പിക്കാനെടുത്ത നടപടികളും ചടങ്ങു നടത്താൻ മുന്നോട്ടു വച്ച നിബന്ധനകളും. യൂലിയയും രണ്ടു മക്കളും ചടങ്ങിൽ പങ്കെടുത്തില്ല. നവൽനിയുടെ അമ്മയാണ് ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.

സംസ്കാരച്ചടങ്ങുകളോടനുബന്ധിച്ച് എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാൽ അവർ ഉത്തരവാദിയാകുമെന്ന് റഷ്യൻ ഭരണകൂടം ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. എങ്കിലും അവിടെ തടിച്ചു കൂടിയ ആയിരങ്ങൾ ‘നവൽനി... നവൽനി’ എന്നു മന്ത്രിച്ചു കൊണ്ടേയിരുന്നു. ഫ്രാൻസ്, ജർമനി, യുഎസ് എന്നീ രാജ്യങ്ങൾ തങ്ങളുടെ അംബാസഡർമാരെ ചടങ്ങിന് അയച്ച് നവൽനിയെ ആദരിച്ചു. നവൽനിയുടേത് സ്വാഭാവിക മരണമെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന സർക്കാരിന് അധികം വിലക്കുകൾ ഏർപ്പെടുത്തുന്നത് തങ്ങളുടെ മുഖം ചീത്തയാക്കുകയേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതിനാൽ അത്തരം പങ്കാളിത്തങ്ങളെ തടയാനുമാവുമായിരുന്നില്ല. 

അലക്സി നവൽനിയുടെ ശവകുടീരത്തിനു സമീപം നവൽനിയുടെ അമ്മ ലുഡ്മിലയും യൂലിയ നവൽനയയുടെ അമ്മ അല്ലയും (Photo by Olga MALTSEVA / AFP)

∙ പുട്ടിന്റെ അടുത്ത ഇരയോ?

യൂലിയയുടെ ഓരോ നീക്കത്തെയും റഷ്യ ഏറെ കരുതലോടെ കാണുന്നു. അവരുടെ പ്രസ്താവനകൾ വിശകലനം ചെയ്ത് പുട്ടിൻ അനുകൂല മാധ്യമങ്ങൾ മറുപടികൾ നൽകുന്നു. അമേരിക്കൻ സിഐഎയുടെ കയ്യിലെ പാവയാണ് അവരെന്നും വിദേശ രാജ്യത്തിരുന്ന് റഷ്യക്കെതിരെ ഗൂഢാലോചന നടത്തുകയാണ് യൂലിയ എന്നും ആക്ഷേപിക്കുന്നു. പുട്ടിന്റെ ചാര സംഘങ്ങളുടെ അടുത്ത ഇര നിശ്ചയമായും യൂലിയ ആകുമെന്ന് പ്രതിപക്ഷ നേതാക്കൾ ഭയക്കുന്നു. ബെലാറസിലെ സ്വിയറ്റ്ലാന സിഖനൂസ്കയുടെ പുതിയ പതിപ്പായി ലോകം യൂലിയയെ കാണുന്നു. ബെലാറസിന്റെ നേതാവായ അലക്സാണ്ടർ ലുകാഷെങ്കെയ്ക്കെതിരെ രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാതെ സമാന സാഹചര്യത്തിൽ രംഗത്തിറങ്ങേണ്ടി വന്നയാളാണ് സ്വിയറ്റ്ലാന.

അലക്സിയുടെ ആഗ്രഹപ്രകാരമായിരുന്നില്ല യൂലിയയുടെ വരവ്. ഒരിക്കലും തങ്ങൾ തമ്മിൽ അങ്ങനെയൊരു പിൻഗാമി സംസാരം ഉണ്ടായിട്ടില്ലെന്ന് ടൈം മാഗസിനു നൽകിയ അഭിമുഖത്തിൽ യൂലിയ പറയുന്നു. 2022ൽ കോടതിയിൽ ഹാജരാക്കിയ വേളയിലാണ് യൂലിയ അവസാനമായി നവൽനിയെ കാണുന്നത്. ഇപ്പോൾ ജർമനി കേന്ദ്രമാക്കിയാണ് യൂലിയയുടെ പ്രവർത്തനങ്ങൾ എന്നു കരുതപ്പെടുന്നു. നവൽനിയുടെ മരണശേഷം സാൻഫ്രാൻസിസ്കോയിലെത്തി ജോ ബൈഡനെ നേരിട്ടു കണ്ടപ്പോഴും യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തപ്പോഴും യൂലിയ ലോകശ്രദ്ധയിൽ വന്നു. ഏറ്റവുമൊടുവിൽ ടൈം മാഗസിന് അഭിമുഖം നൽകാൻ യൂലിയ തിരഞ്ഞെടുത്ത് ലിത്വാനിയയുടെ തലസ്ഥാനമായ വിലിനിയസ് ആണ്.

മോസ്കോയിൽ പുട്ടിനെതിരെ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്ന അലക്സി നവൽനിയും യൂലിയ നവൽനയയും. (AP Photo/Evgeny Feldman, File)

റഷ്യയിൽ നിന്ന് അകന്നു നിൽക്കുമ്പോഴും ആ രാജ്യത്തെ ജനത ചിന്തിക്കുന്നതെന്തെന്ന് യൂലിയ വ്യക്തമാക്കുന്നു. അടിച്ചമർത്തിയുള്ള പുട്ടിന്റെ വാഴ്ചയ്ക്ക് ഒരു നാൾ അന്ത്യമാകുമെന്ന് യൂലിയ സ്വപ്നം കാണുന്നു. നവൽനിയുടെ മരണത്തോടെ അവസാനിക്കുമെന്ന് ക്രെംലിൻ കരുതിയ പോരാട്ടത്തിന് പുതുജീവനേകുന്നത് യൂലിയയുടെ സാന്നിധ്യമാണ്. ‘‘എന്നെ ഇല്ലാതാക്കിയാൽ ആ സ്ഥാനത്ത് മറ്റൊരാൾ വരും. അവരെയും ഇല്ലായ്മ ചെയ്താൽ പകരം നൂറു കണക്കിന് ആളുകൾ ഉണ്ടാകും ആ ദൗത്യം ഏറ്റെടുക്കാൻ’’ യൂലിയ പറയുന്നു.

ജർമനിയിലെ ഒരു സ്കൂളിൽ ചേർന്ന മകൻ സഖറിനും സ്റ്റാൻഫഡിൽ വിദ്യാർഥിയായ മകൾ ദാരിയയ്ക്കും ഇടയിലെവിടെയോ ജീവിക്കുകയാണ് യൂലിയ. തന്റെ ഭർത്താവ് പറയാതെ പോയ പോരാട്ടങ്ങളുടെ ബാക്കി പൂരിപ്പിച്ചെടുക്കാനും ഒരു ജനതയുടെ പ്രത്യാശാഭരിതമായ ജീവിതത്തിന് വെട്ടം പകരാനുമായി. പുട്ടിൻ ഏറ്റവും ഭയക്കുന്ന ആൾ എന്ന് വോൾസ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചിരുന്ന അലക്സി നവൽനിയുടെ ഓർമക്കുറിപ്പ് ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ‘പേട്രിയട്ട്’ എന്നു പേരിട്ടിരിക്കുന്ന ഈ പുസ്തകം പുറത്തിറങ്ങുമ്പോഴേക്ക് അദ്ദേഹം ഏറ്റെടുത്ത പോരാട്ട വഴിയിൽ ഒരുപാടു ദൂരം മുന്നേറിയിട്ടുണ്ടാകും യൂലിയ.

English Summary:

How Yulia Navalnaya is Leading Russia’s Opposition After Her Husband’s Death