ഏഴാം കപ്പൽപ്പട ഇനി ഇന്ത്യയുടെ മിത്രം; യുഎസും ഇന്ത്യയും ഒരുമിക്കുന്നത് വെറുതേയല്ല; ഡോ. കെ.എൻ.രാഘവൻ എഴുതുന്നു
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഏടുകളിൽ ഒന്നാണ് 1971 ലെ പാക്കിസ്ഥാൻ യുദ്ധം. പശ്ചിമ പാക്കിസ്ഥാൻ തങ്ങളുടെ മുകളിൽ അടിച്ചേൽപ്പിച്ച കിരാത ഭരണത്തിനെതിരെ ഷേഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ പോരാടിയ കിഴക്കൻ ജനതയെ ഇന്ത്യ പിന്തുണച്ചു. ഇതേ തുടർന്നുണ്ടായ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ പട്ടാളത്തിനു മുൻപിൽ കീഴടങ്ങുകയും ബംഗ്ലദേശ് എന്ന രാജ്യം പിറവി എടുക്കുകയും ചെയ്തു. സേനകൾ തമ്മിലുള്ള പോരാട്ടം നടക്കുമ്പോൾ ഇന്ത്യയെ വിരട്ടുവാനായി അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൻ ഏഴാം കപ്പൽ പടയിലെ വിമാനവാഹിനി കപ്പലായ ‘എന്റർപ്രൈസ്’ ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിട്ടു.
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഏടുകളിൽ ഒന്നാണ് 1971 ലെ പാക്കിസ്ഥാൻ യുദ്ധം. പശ്ചിമ പാക്കിസ്ഥാൻ തങ്ങളുടെ മുകളിൽ അടിച്ചേൽപ്പിച്ച കിരാത ഭരണത്തിനെതിരെ ഷേഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ പോരാടിയ കിഴക്കൻ ജനതയെ ഇന്ത്യ പിന്തുണച്ചു. ഇതേ തുടർന്നുണ്ടായ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ പട്ടാളത്തിനു മുൻപിൽ കീഴടങ്ങുകയും ബംഗ്ലദേശ് എന്ന രാജ്യം പിറവി എടുക്കുകയും ചെയ്തു. സേനകൾ തമ്മിലുള്ള പോരാട്ടം നടക്കുമ്പോൾ ഇന്ത്യയെ വിരട്ടുവാനായി അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൻ ഏഴാം കപ്പൽ പടയിലെ വിമാനവാഹിനി കപ്പലായ ‘എന്റർപ്രൈസ്’ ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിട്ടു.
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഏടുകളിൽ ഒന്നാണ് 1971 ലെ പാക്കിസ്ഥാൻ യുദ്ധം. പശ്ചിമ പാക്കിസ്ഥാൻ തങ്ങളുടെ മുകളിൽ അടിച്ചേൽപ്പിച്ച കിരാത ഭരണത്തിനെതിരെ ഷേഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ പോരാടിയ കിഴക്കൻ ജനതയെ ഇന്ത്യ പിന്തുണച്ചു. ഇതേ തുടർന്നുണ്ടായ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ പട്ടാളത്തിനു മുൻപിൽ കീഴടങ്ങുകയും ബംഗ്ലദേശ് എന്ന രാജ്യം പിറവി എടുക്കുകയും ചെയ്തു. സേനകൾ തമ്മിലുള്ള പോരാട്ടം നടക്കുമ്പോൾ ഇന്ത്യയെ വിരട്ടുവാനായി അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൻ ഏഴാം കപ്പൽ പടയിലെ വിമാനവാഹിനി കപ്പലായ ‘എന്റർപ്രൈസ്’ ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിട്ടു.
സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഏടുകളിൽ ഒന്നാണ് 1971 ലെ പാക്കിസ്ഥാൻ യുദ്ധം. പശ്ചിമ പാക്കിസ്ഥാൻ തങ്ങളുടെ മുകളിൽ അടിച്ചേൽപ്പിച്ച കിരാത ഭരണത്തിനെതിരെ ഷേഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ പോരാടിയ കിഴക്കൻ ജനതയെ ഇന്ത്യ പിന്തുണച്ചു. ഇതേ തുടർന്നുണ്ടായ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ പട്ടാളത്തിനു മുൻപിൽ കീഴടങ്ങുകയും ബംഗ്ലദേശ് എന്ന രാജ്യം പിറവി എടുക്കുകയും ചെയ്തു.
സേനകൾ തമ്മിലുള്ള പോരാട്ടം നടക്കുമ്പോൾ ഇന്ത്യയെ വിരട്ടുവാനായി അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൻ ഏഴാം കപ്പൽ പടയിലെ വിമാനവാഹിനി കപ്പലായ ‘എന്റർപ്രൈസ്’ ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിട്ടു. എന്നാൽ ഈ താക്കീതിന് മുൻപിൽ പതറാതെ സേനയുടെ മുന്നേറ്റം പിന്തുണയ്ക്കുകയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചെയ്തത്. യുദ്ധഭൂമിയിലെ വിജയം നൽകുന്ന സന്തോഷത്തോട് കിടപിടിക്കുന്ന ആത്മാഭിമാനമാണ് ഈ സംഭവം ഓരോ ഭാരത പൗരനിലും ഉണർത്തിയത്. ഒരു വൻ ശക്തിയുടെ ഭീഷണിക്ക് മുൻപിൽ ധീരതയോടെ നെഞ്ചുയർത്തി നിൽക്കുക എന്ന വലിയ കാര്യമാണ് ഭാരതം അന്ന് ചെയ്തത്.
∙ ശീതസമരം തീർന്നു, ഇന്ത്യയോടുള്ള ശത്രുതയും
1970 കളിൽ അമേരിക്ക ഇന്ത്യയെ സോവിയറ്റ് യൂണിയന്റെ ചേരിയിലുള്ള ശത്രുരാജ്യമായിട്ടാണ് കണ്ടിരുന്നത്. ഇതിനു പ്രധാന കാരണം അന്ന് അവർ പാക്കിസ്ഥാനുമായി അടുത്ത ചങ്ങാത്തത്തിൽ ആയിരുന്നത് കൊണ്ടാണ്. സോവിയറ്റ് യൂണിയന് എതിരെയുള്ള ആഗോള പോരാട്ടത്തിൽ അവർ പാക്കിസ്ഥാനെ ഒരു മുൻനിര രാഷ്ട്രമായി കണ്ടു. ഈ കാരണം കൊണ്ട് തന്നെ ധനവും യുദ്ധക്കോപ്പുകളും യഥേഷ്ടം നൽകി പിന്തുണച്ചു. ഇന്ത്യയെ നിശിതമായി വിമർശിക്കാനും പ്രധാനമന്ത്രിയെയും മറ്റു നേതാക്കളെയും അപമാനിക്കാനും യുഎസ് നിരന്തരം ശ്രമിച്ചു. ഇന്ത്യയിലാണെങ്കിൽ നമ്മുടെ ഭരണ വ്യവസ്ഥയെ തകിടം മറിക്കാൻ യുഎസ് ശ്രമിക്കും എന്ന ഭയം വ്യാപകമായി ഉണ്ടായിരുന്നു.
സിഐഎ എന്ന ചാര സംഘടന ഉപയോഗിച്ച് തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ തകർക്കുകയും ഭരണാധികാരികളെ വകവരുത്തുകയും ചെയ്യുന്നത് യുഎസിന്റെ ആക്കാലത്തെ വിനോദമായിരുന്നു. ഇതെല്ലാം കൊണ്ട്, 1960 –70 കാലത്തു വളർന്നു വന്ന തലമുറ യുഎസിനെ സംശയദൃഷ്ടിയോടെ മാത്രമേ കണ്ടിട്ടുള്ളൂ.
∙ യുഎസിന്റെ നോട്ടം ഇന്ത്യൻ വിപണി
1990കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഈ സ്ഥിതിക്ക് മാറ്റം വന്നു. ഒരു ഏകധ്രുവ ലോകത്തിൽ നിലനിൽപ്പിന് വേണ്ടി ഇന്ത്യയ്ക്കും വിദേശനയങ്ങൾ പുനഃപരിശോധിക്കേണ്ടി വന്നു. ഈ ഘട്ടത്തിൽ ഇന്ത്യ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ചതും ഇന്ത്യയിലെ വിപണിയുടെ അനന്ത സാധ്യതയും യുഎസിനെ ആകർഷിച്ചു. ഇതോടൊപ്പം തന്നെ, 1990കളുടെ മധ്യത്തോടെ, കമ്യൂണിസമല്ല ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന തിരിച്ചറിവ് യുഎസിനുണ്ടായി. ഇതോടെ വാഷിങ്ടണും ഇസ്‌ലാമാബാദും തമ്മിലുള്ള അടുപ്പത്തിന് വിള്ളൽ വീണു; ഇത് ഇന്ത്യയുമായി കൂടുതൽ അടുക്കാൻ സഹായകമായി.
കാർഗിൽ യുദ്ധ സമയത്തു പാക്കിസ്ഥാനെ പിന്തുണയ്ക്കാതെ യുഎസ് നിഷ്പക്ഷ നിലപാടെടുത്തത് ഇന്ത്യയോടുള്ള പുതിയ സമീപനത്തിന്റെ ദൃഷ്ടാന്തമായി. യുഎസ് പ്രസിഡന്റുമാർ ഇന്ത്യയെ ഒരു നല്ല സുഹൃത്തായി കാണാൻ തുടങ്ങി. ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഊഷ്മളതയേറി. ഇതിന്റെ ഒരു സ്വാഭാവിക പരിണാമമായിരുന്നു 2008ൽ ഇന്ത്യയും യുഎസും ഒപ്പുവച്ച ആണവശക്തി മേഖലയിൽ സഹകരണത്തിനുള്ള ഉടമ്പടി.
∙ ഇന്ത്യ–യുഎസ് ഭായി ഭായി, ചൈനയ്ക്ക് ആശങ്ക
യുഎസും ഇന്ത്യയും തമ്മിൽ വളർന്നു വന്ന സൗഹൃദം അലോസരപ്പെടുത്തിയത് പാക്കിസ്ഥാനെ മാത്രമായിരുന്നില്ല. 1986ന് ശേഷം സമാധാനവും സ്വസ്ഥതയും വിളയാടിയ ഇന്ത്യ–ചൈന അതിർത്തിയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തു. ആദ്യമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി കണ്ടിരുന്ന ഏറ്റുമുട്ടലുകൾ 2013ൽ ഷി ചിൻപിങ് അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ രൂക്ഷമായി. 2017ൽ ദോക് ലാം മേഖലയിൽ ഉണ്ടായ ദീര്‍ഘനാൾ നീണ്ടുനിന്ന സ്തംഭനാവസ്ഥയും 2020ൽ ഗൽവാനിൽ ഇന്ത്യയുടെ ജവാന്മാർ വീരമൃത്യു വരിച്ചതുമെല്ലാം ഇതിന്റെ ബാക്കിപത്രങ്ങൾ തന്നെ.
ചൈന വളരെ ആസൂത്രിതമായി ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുവാൻ ശ്രമം തുടങ്ങി. ശ്രീലങ്ക, മാല ദ്വീപുകൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ വൻതുകകൾ മുടക്കി അവർ തുറമുഖ നിർമാണത്തിന് മുതിർന്നു.
ഈ സംരംഭങ്ങൾ ഈ രാഷ്ട്രങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വച്ചെങ്കിലും തങ്ങളോട് ആഭിമുഖ്യമുള്ള ഭരണാധികാരികളെ ഉപയോഗിച്ച് ചൈന തങ്ങളുടെ ലക്ഷ്യം കാണുക തന്നെ ചെയ്തു. ഇങ്ങനെ തങ്ങളുടെ വീട്ടുമുറ്റം എന്ന് വിളിക്കാവുന്ന മേഖലയിൽ ചൈന കടന്നുകയറ്റം നടത്തുന്ന സാഹചര്യം ഉയർന്നപ്പോഴാണ് ഇന്ത്യ ഇതിനെ പ്രതിരോധിക്കാനുള്ള പരിശ്രമം ആരംഭിച്ചത്.
∙ ചൈനയ്ക്കെതിരെ ക്വാഡ്
നയപരമായ ഈ വ്യതിചലനത്തിന്റെ ഭാഗമായാണ് ക്വാഡ് (QUAD) എന്നറിയപ്പെടുന്ന അനൗപചാരികമായ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ ഇന്ത്യ തീരുമാനിച്ചത്. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ 4 രാജ്യങ്ങളുടെ കൂട്ടായ്മ ആയ ക്വാഡിനെ ചൈന തുടക്കം മുതൽ സംശയത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്. ഈ 4 രാജ്യങ്ങളുടെയും സേനകൾ ചേർന്നുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ ചൈനയെ കൂടുതൽ വെറി പിടിപ്പിച്ചു. തങ്ങളുടെ വളർച്ചയ്ക്ക് തടയിടുവാനും സ്വാധീന മേഖലയെ ചുരുക്കുവാനും യുഎസ് തങ്ങളുടെ പരിസരത്തുള്ള ജനാധിപത്യ രാഷ്ട്രങ്ങളുടെ കൂട്ട് പിടിക്കുകയാണെന്ന് അവർ ന്യായമായും ശങ്കിച്ചു.
ക്വാഡ് ഒരു സൈനിക സഖ്യമല്ലെന്നും സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ സംഭാഷണത്തിനുള്ള വേദി മാത്രമാണെന്നുമുള്ള വിശദീകരണം ചൈന മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുവാനും രാജ്യാന്തര വേദികളിൽ ആ രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുവാനും ചൈന കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു. മസൂദ് അസറിനെ പോലുള്ള തീവ്രവാദികളെ ഭീകരവാദി പട്ടികയിൽ ചേർക്കുന്ന പ്രമേയം ചൈന ഐക്യരാഷ്ട്ര സംഘടനയില്‍ തടഞ്ഞത് ഇതിനോട് കൂട്ടിവായിക്കേണ്ട കാര്യമാണ്.
ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക കേന്ദ്രങ്ങൾ സ്ഥാപിച്ചു ഇന്ത്യയെ വരിഞ്ഞു മുറുക്കുവാൻ കെൽപുള്ള, ചുറ്റും ഒരു മുത്തുമാല (a string of pearls) തീർക്കുവാനുള്ള പുറപ്പാടിലാണ് എന്ന തിരിച്ചറിവാണ് ഡൽഹിയെ നാവിക സമുദ്ര സംബന്ധ നയങ്ങളിൽ മാറ്റം വരുത്തുവാൻ പ്രേരിപ്പിച്ചത്.
ക്വാഡിന്റെ ഭാഗമായുള്ള എക്സർസൈസ് മലബാർ എന്ന നാവിക അഭ്യാസങ്ങളിൽ ഇന്ത്യയുടെ നാവികസേന യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സേനകളുടെ കൂടെ പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷം 2022 ഏപ്രിൽ മാസത്തിൽ 44 രാജ്യങ്ങൾ അംഗങ്ങൾ ആയുള്ള സംയുക്ത സമുദ്ര സേനയിൽ (Combined Maritime Force അഥവാ CMF) ഇന്ത്യ താൽക്കാലിക അംഗത്വം (Associate Membership) എടുത്തു. ഇത് 2023 നവംബർ മാസത്തിൽ പൂർണ അംഗത്വത്തിലേക്ക് ഉയർത്തുകയും ചെയ്തു.
∙ എന്താണ് സംയുക്ത സമുദ്രസേന
എന്താണീ സിഎംഎഫ്? 44 രാജ്യങ്ങൾ അംഗങ്ങൾ ആയുള്ള നാവിക സേനയുടെ കൂട്ടായ്മയാണിത്. സമുദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലെയും നൗകകളിലെയും ചരക്കുകളും ജീവനക്കാരും ധാരാളം ഭീഷണികൾ നേരിടുന്നുണ്ട്. രാജ്യാന്തര സമുദ്ര മേഖലയിൽ സുരക്ഷയും ശാന്തിയും സമൃദ്ധിയും ഉറപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം. കടൽ കൊള്ള, മയക്കുമരുന്നിന്റെ കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ തടയുക എന്നിവയൊക്കെയാണ് ഈ സേനയുടെ പ്രവർത്തന മേഖല.
ഇന്ത്യ സിഎംഎഫിൽ അംഗത്വം കൊണ്ട് എന്താണ് നേടുന്നത്? സംശയലേശമന്യേ പറയാൻ സാധിക്കും സിഎംഎഫ് യുഎസിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ്; ഇതിന്റെ കമാൻഡർ യുഎസ് നാവിക സേനയിലെ റിയർ അഡ്മിറൽ ആണ്. സിഎംഎഫിന്റെ പ്രവർത്തനങ്ങളിലും അഭ്യാസങ്ങളിലും പങ്കെടുക്കുമ്പോൾ ഇന്ത്യയുടെ നാവിക സേനയുടെ അംഗങ്ങൾ വേറെ രാഷ്ട്രങ്ങളിലെ സേനയിലെ ഉദ്യോഗസ്ഥരുടെ കൂടെ ഒരുമയോടെ പ്രവർത്തിക്കേണ്ടി വരും; അവരിൽ നിന്ന് നിർദേശങ്ങള്‍ സ്വീകരിച്ചു നടപ്പാക്കേണ്ടി വരും. ഇതെല്ലാം കൊണ്ട് കൃത്യമായ ലക്ഷ്യബോധം ഇല്ലാതെ ഇന്ത്യ ഇങ്ങിനെയൊരു നീക്കത്തിന് മുതിരില്ല.
∙ യുദ്ധ തന്ത്രം പങ്കിടാൻ യുഎസും ഇന്ത്യയും
ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ്. സിഎംഎഫിലെ ഇന്ത്യയുടെ അംഗത്വം കൊണ്ട് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങളുമായി സംയോജിപ്പിക്കുവാൻ ഇന്ത്യയ്ക്ക് അവസരം ലഭിക്കും. ഇത് വഴി ഈ മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യവും പ്രസക്തിയും ഉറപ്പിക്കുവാനും ചൈനയുടെ നീക്കങ്ങൾക്ക് തടയിടുവാനും ഒരു വലിയ പരിധിവരെ സാധിക്കുകയും ചെയ്യും. ഇതിനു പുറമെ മറ്റു രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ച് യുഎസിന്റെ, നാവിക സേനയിലെ അംഗങ്ങളുടെ കൂടെ ഒരുമിച്ചു പ്രവർത്തിക്കുന്നത് വഴി ഈ പ്രവർത്തനങ്ങൾ സംഘർഷ രഹിതമാകുവാനും പരസ്പര വിശ്വാസം ജനിപ്പിക്കുവാനും സഹായിക്കും.
കൂടുതൽ മികച്ച സാമഗ്രികളും സംവിധാനങ്ങളും ഉപയോഗിക്കുവാനും കൂടുതൽ ഏകോപിച്ചു പ്രവർത്തനം നടത്തുവാനും ഈ രീതിയിൽ നമ്മുടെ സേനയുടെ മികവ് വർധിപ്പിക്കുവാനും ഇത് മൂലം കഴിയും. ഈ നീക്കത്തിന്റെ ഏറ്റവും പ്രധാനവും നീണ്ടു നിൽക്കുന്നതുമായ അനന്തരഫലം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ ഇത് ദൃഢമാക്കും എന്നാണ്. രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും നിശ്ചയിക്കുന്നതിൽ ആശയങ്ങളുടെയും താൽപര്യങ്ങളുടെയും സമന്വയവും നേതാക്കള്‍ തമ്മിലുള്ള അടുപ്പവും പോലെ തന്നെ ഒരു നിർണായക ഘടകമാണ് സായുധ സേനയിലെ അംഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും.
∙ ഇന്ത്യൻ നാവിക ശക്തിക്ക് മുതൽക്കൂട്ട്
സിഎംഎഫിന്റെ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത് വഴി ഇന്ത്യയുടെയും യുഎസിന്റെയും നാവിക സേനകൾ ഒരുമിച്ചു പ്രവർത്തിക്കുവാനുള്ള വേദി ഒരുങ്ങും. ഇത് രണ്ടു രാജ്യങ്ങളിലെ സൈന്യങ്ങൾ തമ്മിൽ കൂടുതൽ അടുത്ത് ഇടപഴുകുവാനും സൗഹൃദവും വിശ്വാസവും വർധിപ്പിക്കുവാനും സഹായിക്കും. ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടി വരുമ്പോൾ ഈ പരിജ്ഞാനവും മുൻപരിചയവും രണ്ടു സേനകൾക്കും വലിയ ഗുണം ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
2022ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ സുനയന എന്ന യുദ്ധ കപ്പലിനെ സിഎംഎഫിലേക്ക് സ്വാഗതം ചെയ്തത് യുഎസിന്റെ റിയർ അഡിമിറൽ ബ്രാഡ് കൂപ്പർ ആണ്. 2024ൽ തൽവാർ എന്ന യുദ്ധ കപ്പൽ 940 കിലോ മയക്കു മരുന്ന് പിടിച്ചെടുത്തപ്പോൾ ആ നീക്കം നയിച്ചത് കാനഡയുടെ ക്യാപ്റ്റൻ കോളിൻ മാത്യൂസ് ആയിരുന്നു.
1971ൽ ഏഴാം നാവിക പടയും എന്റർപ്രൈസ് എന്ന വിമാനവാഹിനിയുമെല്ലാം നമുക്ക് പേടിസ്വപ്നങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് അവയെല്ലാം നമ്മുടെ സേനയുടെ കൂടെ പ്രവർത്തിക്കുന്ന ഒരു മിത്ര രാജ്യത്തിന്റെ പടക്കോപ്പുകളായി മാറിയിരിക്കുന്നു. യുഎസിന്റെ ഒരു സഖ്യ രാഷ്ട്രമായി മാറാതെ അവരുടെ സൈനിക ബലത്തിന്റെ തണൽ ഇന്ത്യയ്ക്ക് ലഭ്യമാക്കി എന്നത് ഇന്ത്യൻ നയതന്ത്രത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ഇത് നമ്മുടെ രാഷ്ട്ര താൽപര്യങ്ങളുടെ ഉന്നമനത്തിന് വേണ്ടി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്നതാണ് ഡൽഹിയിലെ നേതൃത്വം നേരിടുന്ന അടുത്ത വെല്ലുവിളി.