കാടിളക്കി മോദിയും ഷായും, എവിടെ രാഹുലും ജയറാമും? ബിജെപിയെ അല്ല, ജെഎംഎമ്മിനു പേടി സ്വന്തം ‘സുഹൃത്ത്’ കോൺഗ്രസിനെ!
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം ഈ രീതിയാണ് പിന്തുടരുന്നത്. ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം ഈ രീതിയാണ് പിന്തുടരുന്നത്. ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം ഈ രീതിയാണ് പിന്തുടരുന്നത്. ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം (ജാർഖണ്ഡ് മുക്‌തി മോർച്ച) ഈ രീതിയാണ് പിന്തുടരുന്നത്.
ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
∙ കല്ലുകളിൽ കോറിയ വിപ്ലവം
ആദിവാസികൾക്കു ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങൾ കോറിയിട്ട കല്ലുകൾ റാഞ്ചിക്കടുത്തുള്ള കുംടി ജില്ലയിൽ പലയിടത്തു കാണാം. സന്താൾ, ഒറാവൻ, മുണ്ട തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ നടത്തിയ ‘പഥൽഘഡി’ അഥവാ ശിലാലിഖിത സമരത്തിന്റെ ഭാഗമായി നാട്ടിയവ. ജലവൈദ്യുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്ന ആശങ്കയെത്തുടർന്നാണ് 2014ൽ ബിജെപി ഭരണകാലത്ത് കുംടി ജില്ലയിൽ ആദിവാസികൾ സമരം തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി രഘുബർ ദാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ, ആദിവാസികൾക്കു ഭൂമിയിൽ അവകാശം ഉറപ്പു നൽകുന്ന നിയമങ്ങളിൽ ഭേദഗതി വരുത്തിയതോടെ സമരം രൂക്ഷമായി. 2018 വരെ നീണ്ട സമരത്തെത്തുടർന്നു സർക്കാരിനു നിയമഭേദഗതി പിൻവലിക്കേണ്ടി വന്നു.
ആദിവാസി വിഭാഗങ്ങളുടെ മതമായ ‘സർന’യ്ക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന ആവശ്യം ഇത്തവണ ഉയർന്നിട്ടുണ്ട്. ജെഎംഎമ്മും കോൺഗ്രസും ഈ ആവശ്യം പ്രചാരണവിഷയമാക്കിയിട്ടുണ്ട്. പരിഗണിക്കാമെന്നു ബിജെപിയും പറയുന്നു.
∙ പ്രതീക്ഷയോടെ ബിജെപി
28 ആദിവാസി സംവരണസീറ്റിൽ രണ്ടെണ്ണം മാത്രമാണു നിലവിൽ ബിജെപിക്കുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 പട്ടികവർഗ സംവരണ സീറ്റുകളിലൊന്നു പോലും നേടാനുമായില്ല. ആദിവാസി മേഖലകളായ കോലാനിലും സന്താൾ പർഗാനയിലും ഛോട്ടാനാഗ്പുർ സൗത്തിലും കാര്യമായ നേട്ടമുണ്ടാക്കാതെ ജാർഖണ്ഡിൽ അധികാരത്തിൽ തിരിച്ചെത്താനാകില്ല. സ്വാതന്ത്ര്യ സമരപോരാളിയും ആദിവാസി നേതാവുമായ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഉളിഹാതു രാഷ്ട്രപതിയും പ്രധാനമന്ത്രിയും സന്ദർശിച്ചതും ബിർസ മുണ്ടയെ വാഴ്ത്തി തിരഞ്ഞെടുപ്പു പ്രചാരണത്തിനു നരേന്ദ്ര മോദി തുടക്കം കുറിച്ചതും വെറുതേയല്ല.
ജെഎംഎം മുൻ നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറനാണ് ആദിവാസി മേഖലകളിൽ ബിജെപിയുടെ തുറുപ്പുചീട്ട്. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) സഖ്യത്തിൽ തിരിച്ചെത്തിയെന്നതും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ബംഗ്ലദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ നാട്ടുകാരുടെ ജോലിയും ഭൂമിയും സ്വന്തമാക്കുന്നു, സ്ത്രീകളെ വിവാഹം കഴിച്ച് മതം മാറ്റുന്നു തുടങ്ങിയ ആരോപണങ്ങളുയർത്തി വിവിധ വിഭാഗങ്ങളെ കൂടെ നിർത്താനാണു ബിജെപി ശ്രമം. വിമതശബ്ദമുയർത്തിയ വിരേന്ദർ സിങ്ങിനെ വർക്കിങ് പ്രസിഡന്റാക്കിയും മറ്റുള്ളവരെ അനുനയിപ്പിച്ചും പാളയത്തിലെ പടയ്ക്കു കുറച്ചെങ്കിലും ശമനമുണ്ടാക്കുകയും ചെയ്തു.
∙ ആത്മവിശ്വാസത്തിൽ ജെഎംഎം
ജെഎംഎം സഖ്യം 2019ൽ നേടിയ 47ൽ ഇരുപത്തഞ്ചും പട്ടികവർഗ സംവരണ സീറ്റുകളാണ്. ആദിവാസി മേഖലകളിലെ സ്വാധീനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്നതും ഭരണവിരുദ്ധ വികാരം കാര്യമായി പ്രകടമല്ലെന്നതുമാണു ജെഎംഎമ്മിന് ആത്മവിശ്വാസം നൽകുന്നത്. വനിതകൾക്കുള്ള പ്രതിമാസ പാരിതോഷികം 1000 രൂപയായിരുന്നത് ഡിസംബർ മുതൽ 2500 രൂപയാക്കാൻ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുൻപു സർക്കാർ തീരുമാനിച്ചതും ഗുണം ചെയ്യും. പഥൽഘഡി സമരവുമായി ബന്ധപ്പെട്ട് 15,000ൽപരം പേർ പ്രതികളായ കേസുകൾ സർക്കാർ പിൻവലിച്ചതു മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്.
വലിയ പ്രചാരണ ബോർഡുകളിൽ ഹേമന്ത് സോറൻ തനിച്ചല്ല; പിതാവും ആദിവാസികളുടെ ആരാധ്യനുമായ ഷിബു സോറനുമുണ്ട്. കോവിഡ്കാലത്ത്, പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നു തൊഴിലാളികളെ നാട്ടിലേക്കു തിരിച്ചെത്തിച്ചതും ഹേമന്തിന്റെ നേട്ടങ്ങളിൽപെടുന്നു. ഹേമന്തിന്റെ ഭാര്യ കൽപന സോറന്റെ പ്രചാരണയോഗങ്ങൾക്കു സ്ത്രീകളടക്കം വൻജനാവലിയെത്തുന്നതും പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
∙ പാലമോ കോൺഗ്രസ്, പാരയോ?
ബിജെപിയെക്കാളേറെ ജെഎംഎം ‘ഭയക്കുന്നത്’ സഖ്യകക്ഷിയായ കോൺഗ്രസിനെയാണ്. ആദിവാസി ഇതര വിഭാഗങ്ങളിലേക്കും മുസ്‌ലിംകളിലേക്കുമുള്ള ജെഎംഎമ്മിന്റെ പാലമാണു കോൺഗ്രസ്. പക്ഷേ, ദുർബലമാണു കോൺഗ്രസ് പ്രചാരണം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രണ്ടുതവണ വീതം മാത്രമാണു പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തത്.
ജാർഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ജയറാം രമേശ് ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരിക്കെ മാവോയിസ്റ്റ് കേന്ദ്രമായ സരന്ദയിലേക്കു സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തയാളാണു ജയറാം രമേശ്. നരേന്ദ്ര മോദിയും അമിത്ഷായും രാജ്നാഥ് സിങ്ങും അടക്കമുള്ള ബിജെപി നേതൃത്വം ഇളക്കിമറിച്ചു പ്രചാരണം നടത്തുമ്പോഴാണു കോൺഗ്രസ് ദേശീയ നേതൃത്വം മുഖം തിരിച്ചു നിൽക്കുന്നത്.
30 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് രണ്ടക്കം തികയ്ക്കുമോയെന്നാണ് ആശങ്ക. കോൺഗ്രസിന്റെ ദൗർബല്യം കണക്കിലെടുക്കുമ്പോൾ, അധികാരത്തിലെത്താൻ 30 സീറ്റെങ്കിലും ജെഎംഎം തനിച്ചു നേടേണ്ടി വരും.
∙ ‘ജനങ്ങളെ വിഡ്ഢികളാക്കരുത്’
ഈയിടെമാത്രം സജീവ രാഷ്ട്രീയത്തിലെത്തിയ ആളാണു കൽപന സോറൻ. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യയായ കൽപന ഇപ്പോൾ ജാർഖണ്ഡിലെ താരപ്രചാരകയാണ്. അളന്നു മുറിച്ച വാക്കുകളിൽ അവർ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്നു. അവരുടെ പൊതുയോഗങ്ങളിൽ വമ്പിച്ച സ്ത്രീ സാന്നിധ്യമാണിപ്പോൾ. ആരെയും നിരാശരാക്കാതെ, മണ്ഡലങ്ങളിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങി അവർ പ്രസംഗിക്കുന്നു.
ഈ വർഷമാദ്യം ഉപതിരഞ്ഞെടുപ്പിൽ ഗാണ്ടെയിൽനിന്നാണു കൽപന എംഎൽഎയായത്. ഇത്തവണയും അവർ മത്സരിക്കുന്നുണ്ട്. പക്ഷേ, അതൊന്നും കോൺഗ്രസ് സ്ഥാനാർഥികളടക്കമുള്ളവരുടെ പ്രചാരണത്തിനെത്തുന്നതിനു തടസ്സമാവുന്നില്ല. കജ്റി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി രാജേഷ് കശ്യപിന്റെ പ്രചാരണ യോഗത്തിനെത്തിയ കൽപന സോറൻ ‘മലയാള മനോരമ’യോടു സംസാരിച്ചപ്പോൾ:
? വൻ ജനക്കൂട്ടമാണല്ലോ കൽപനയുടെ യോഗങ്ങൾക്ക്.
അതു വ്യക്തിപരമല്ല. ജെഎംഎമ്മിനോടു ജനങ്ങൾക്കുള്ള ഇഷ്ടവും പ്രതിബദ്ധതയുമാണു കാണിക്കുന്നത്.
? ജാർഖണ്ഡിലെ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണല്ലോ ബിജെപിയുടെ ആരോപണം.
രാജ്യത്തെ സ്ത്രീകളെല്ലാം സുരക്ഷിതരാണോ? മണിപ്പുരിലെ സ്ത്രീകളെപ്പറ്റി എന്താണവർ പറയാത്തത്.
? എന്താണു പ്രധാന പ്രചാരണവിഷയം.
എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുകയെന്നതു തന്നെയാണ്. ബിജെപിക്കു സാധിക്കാത്തതും അതാണ്. ആദിവാസികളുടെ ക്ഷേമത്തെപ്പറ്റി പറയുന്നവർ എന്താണു ചെയ്യുന്നത്? ആദിവാസികളുടെ സംവരണം വെട്ടിക്കുറയ്ക്കുകയല്ലേ അവർ ചെയ്തത്? ആദിവാസികൾക്കിടയിൽ കലാപം നടക്കുന്ന മണിപ്പുരിലേക്ക് അവരുടെ ഏതു നേതാവാണു പോയത്? രാഹുൽ ഗാന്ധിയല്ലേ പോയത്. ഇവർ ആരെയാണു വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്?
∙ ചാട്ടം അങ്ങോട്ടും ഇങ്ങോട്ടും
ഈ തിരഞ്ഞെടുപ്പിൽ ഹേമന്ത് സോറനെ സ്ഥാനാർഥിയായി നാമനിർദേശം ചെയ്ത മണ്ഡൽ മുർമു അടുത്ത മണിക്കൂറിൽ ബിജെപിയിൽ. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി മുൻ മന്ത്രി ജെഎംഎമ്മിൽ. മലക്കം മറിച്ചിലുകൾക്കു ജാർഖണ്ഡിലും കുറവില്ല. മുൻമന്ത്രി ലൂയിസ് മറാൻഡി, ബാരി മുർമു, ബസിയോ ബെസ്റ, ചംപയ് സോറനെതിരെ മത്സരിക്കുന്ന ഗണേഷ് മാലിക് തുടങ്ങിയവർ ബിജെപിയിൽനിന്നു ജെഎംഎമ്മിലെത്തി.
ഹേമന്ത് സോറനെ 2014ൽ ഡുംക മണ്ഡലത്തിൽ തോൽപിച്ചയാളാണു ലൂയിസ് മറാൻഡി. എജെഎസ്‌യു നേതാവ് കേദാർ ഹാജ്റ ഇത്തവണ ജെഎംഎം സ്ഥാനാർഥിയാണ്. കോൺഗ്രസിന്റെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് മാനസ് സിൻഹ ഇപ്പോൾ വർക്ക് ചെയ്യുന്നതു ബിജെപിയിൽ.
∙ വേണ്ടിയിരുന്നില്ലേ കേജ്‌രിവാൾ മാതൃക?
ഇ.ഡി കേസിൽ ജയിൽ മോചിതനായശേഷം ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം പെട്ടെന്നു തിരിച്ചെടുത്തതിന്റെ പ്രത്യാഘാതമെന്തെന്നു കൂടി ഈ തിരഞ്ഞെടുപ്പു വ്യക്തമാക്കും. ഷിബു സോറന്റെ വലംകയ്യായിരുന്ന ചംപയ് സോറനെ അപമാനിച്ചു പുറത്തേക്കു നയിച്ചതാണെന്ന ആരോപണം ആദിവാസികളെ സ്വാധീനിച്ചേക്കാം. കേജ്‌രിവാളിനെപ്പോലെ തിരഞ്ഞെടുപ്പിനു ശേഷമേ മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തൂ എന്നു ഹേമന്ത് സോറൻ പറഞ്ഞിരുന്നെങ്കിൽ വീരനായക പരിവേഷം കിട്ടുമായിരുന്നുവെന്നാണ് നിരീക്ഷകരിൽ ചിലർ വിലയിരുത്തുന്നത്.
എന്നാൽ, ജെഎംഎമ്മിനെ വഞ്ചിച്ചു പുറത്തു പോയതാണു ചംപയ് എന്ന എതിർവാദവുമുണ്ട്. ഹേമന്തിനെ ജയിലിലടച്ചതാണ് ആദിവാസി വിഭാഗങ്ങളെ കൂടുതൽ സ്വാധീനിക്കുകയെന്നും അവർ പറയുന്നു. തനിക്കു സീറ്റ് ലഭിക്കാൻ വേണ്ടി മകൻ ബാബുലാൽ സോറനാണു ചംപയ് സോറനെ ബിജെപി പാളയത്തിലെത്തിച്ചതെന്നും ഹേമന്ത് തിരിച്ചെത്തിയില്ലായിരുന്നെങ്കിൽ പാർട്ടിയെ മുഴുവനായി ബിജെപി പാളയത്തിലെത്തിക്കുമായിരുന്നുവെന്നും അവർ ആരോപിക്കുന്നു. ബാബുലാൽ സോറൻ ബിജെപി സ്ഥാനാർഥിയായി രംഗത്തുണ്ട്.
∙ മുഖ്യമന്ത്രിമാർ വാഴാത്ത നാട്
ആദിവാസികൾക്കായി രൂപീകരിച്ച സംസ്ഥാനത്ത് 5 വർഷം തികച്ചു ഭരിച്ചത്, 2014ൽ മുഖ്യമന്ത്രിയായ, ആദിവാസിഇതര വിഭാഗത്തിൽനിന്നുള്ള രഘുബർ ദാസ് മാത്രം. ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള മറ്റ് 6 പേർക്കും അതിനു സാധിച്ചില്ല.
∙ ഖനി, അഴിമതി
ഖനിയുടമയായിരുന്നു റാഞ്ചിയിലെ ടാക്സി ഡ്രൈവർ റോഷൻ. സ്വന്തം ഭൂമിയിൽ കുഴിച്ചു നോക്കിയതാണ്. പൊലീസ് പിടിച്ചപ്പോൾ നിർത്തി. അധികൃതവും അനധികൃതവുമായ ഖനനം സംസ്ഥാനത്തു വ്യാപകം. പക്ഷേ, സംസ്ഥാനം രൂപീകരിച്ചിട്ട് കാൽനൂറ്റാണ്ടാകുമ്പോഴും ജീവിതനിലവാരം താഴോട്ടു തന്നെ. ഖനികളിലൊന്നും തദ്ദേശവാസികൾക്കു തൊഴിൽ ലഭിക്കുന്നില്ല. കടലാസ് സഹകരണ സംഘങ്ങൾക്കുവരെ ഇവിടെ ഖനനനത്തിനു ലൈസൻസ് ലഭിക്കും. അവരതു സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികൾക്കു മറിച്ചുകൊടുക്കും. ഈ കമ്പനികൾ തെലങ്കാനയിൽനിന്നും ബിഹാറിൽനിന്നും തൊഴിലാളികളെ ഇറക്കും. കൽക്കരി ഖനികൾക്കായി 600 വില്ലേജുകളിലെ 3 ലക്ഷത്തോളം പേർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.
ജൽ, ജംഗിൾ, സമീൻ (വെള്ളം, കാട്, ഭൂമി) എന്നിവ തങ്ങളുടെ സ്വത്താണെന്നു കരുതി ജീവിക്കുന്നവരുടെ പ്രതിഷേധവും പ്രാദേശികമായി വോട്ടിനെ സ്വാധീനിച്ചേക്കാം. പക്ഷേ, സംസ്ഥാനത്തിന്റെ തലവര മാറാനിടയില്ല. ബിജെപി വന്നാലും ജെഎംഎം വന്നാലും സംസ്ഥാനം ഭരിക്കുന്നതു ഖനിയുടമകൾ തന്നെയാകും.