നവംബര്‍ ആദ്യവാരം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഡൊണള്‍ഡ്‌ ട്രംപിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. തിരഞ്ഞെടുപിന്‌ മുന്‍പുള്ള പ്രചാരണ സമയത്ത്‌ ട്രംപ്‌ യുഎസ് ജനതയ്ക്ക്‌ നല്‍കിയ ഏതൊക്കെ വാഗ്ദാനങ്ങള്‍ വേഗം നടപ്പാക്കും എന്നതാണ് ലോകമെമ്പാടുമുള്ള ഇപ്പോഴത്തെ ചര്‍ച്ച. തന്റെ കൂടെ പ്രവര്‍ത്തിക്കേണ്ട ഭരണസാരഥികളെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ്‌ ട്രംപ്‌. മുറപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാകുമെന്നു ജോ ബൈഡന്‍ അറിയിച്ച സ്ഥിതിക്ക്‌ 2020ല്‍ ഉണ്ടായ സംഭവങ്ങളുടെ പുനരാവര്‍ത്തനം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. യുഎസ് കേവലം സാമ്പത്തിക സൈനിക മേഖലകളില്‍ ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യം മാത്രമല്ല; ലോക രാഷ്ട്രങ്ങളുടെ അനൗപചാരിക നേതാവ്‌ കൂടിയാണ്‌. ലോകത്തിന്റെ കാവലാളായും സ്വന്തന്ത്ര രാജ്യങ്ങളുടെ വക്താവായും യുഎസിന് സ്ഥാനമുണ്ട്‌. ഇന്ന്‌ രാജ്യാന്തര വാണിജ്യ മേഖലയെ നിലനിര്‍ത്തുന്ന കറന്‍സി യുഎസ് ഡോളര്‍ ആണ്‌. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും യുഎസുമായുള്ള ബന്ധത്തിന്‌ വലിയ പ്രാധാന്യം നല്‍കുന്നു എന്നതും ഒരു വസ്തുതയാണ്‌. ഇതു കൊണ്ടെല്ലാം ട്രംപിന്റെ രണ്ടാം വരവിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന്‌ പഠിക്കുന്ന തിരക്കിലാണ്‌ ഒട്ടു മിക്ക രാഷ്ട്രങ്ങളും നയതന്ത്രജ്ഞ സമൂഹവും.

നവംബര്‍ ആദ്യവാരം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഡൊണള്‍ഡ്‌ ട്രംപിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. തിരഞ്ഞെടുപിന്‌ മുന്‍പുള്ള പ്രചാരണ സമയത്ത്‌ ട്രംപ്‌ യുഎസ് ജനതയ്ക്ക്‌ നല്‍കിയ ഏതൊക്കെ വാഗ്ദാനങ്ങള്‍ വേഗം നടപ്പാക്കും എന്നതാണ് ലോകമെമ്പാടുമുള്ള ഇപ്പോഴത്തെ ചര്‍ച്ച. തന്റെ കൂടെ പ്രവര്‍ത്തിക്കേണ്ട ഭരണസാരഥികളെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ്‌ ട്രംപ്‌. മുറപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാകുമെന്നു ജോ ബൈഡന്‍ അറിയിച്ച സ്ഥിതിക്ക്‌ 2020ല്‍ ഉണ്ടായ സംഭവങ്ങളുടെ പുനരാവര്‍ത്തനം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. യുഎസ് കേവലം സാമ്പത്തിക സൈനിക മേഖലകളില്‍ ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യം മാത്രമല്ല; ലോക രാഷ്ട്രങ്ങളുടെ അനൗപചാരിക നേതാവ്‌ കൂടിയാണ്‌. ലോകത്തിന്റെ കാവലാളായും സ്വന്തന്ത്ര രാജ്യങ്ങളുടെ വക്താവായും യുഎസിന് സ്ഥാനമുണ്ട്‌. ഇന്ന്‌ രാജ്യാന്തര വാണിജ്യ മേഖലയെ നിലനിര്‍ത്തുന്ന കറന്‍സി യുഎസ് ഡോളര്‍ ആണ്‌. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും യുഎസുമായുള്ള ബന്ധത്തിന്‌ വലിയ പ്രാധാന്യം നല്‍കുന്നു എന്നതും ഒരു വസ്തുതയാണ്‌. ഇതു കൊണ്ടെല്ലാം ട്രംപിന്റെ രണ്ടാം വരവിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന്‌ പഠിക്കുന്ന തിരക്കിലാണ്‌ ഒട്ടു മിക്ക രാഷ്ട്രങ്ങളും നയതന്ത്രജ്ഞ സമൂഹവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബര്‍ ആദ്യവാരം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഡൊണള്‍ഡ്‌ ട്രംപിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. തിരഞ്ഞെടുപിന്‌ മുന്‍പുള്ള പ്രചാരണ സമയത്ത്‌ ട്രംപ്‌ യുഎസ് ജനതയ്ക്ക്‌ നല്‍കിയ ഏതൊക്കെ വാഗ്ദാനങ്ങള്‍ വേഗം നടപ്പാക്കും എന്നതാണ് ലോകമെമ്പാടുമുള്ള ഇപ്പോഴത്തെ ചര്‍ച്ച. തന്റെ കൂടെ പ്രവര്‍ത്തിക്കേണ്ട ഭരണസാരഥികളെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ്‌ ട്രംപ്‌. മുറപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാകുമെന്നു ജോ ബൈഡന്‍ അറിയിച്ച സ്ഥിതിക്ക്‌ 2020ല്‍ ഉണ്ടായ സംഭവങ്ങളുടെ പുനരാവര്‍ത്തനം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. യുഎസ് കേവലം സാമ്പത്തിക സൈനിക മേഖലകളില്‍ ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യം മാത്രമല്ല; ലോക രാഷ്ട്രങ്ങളുടെ അനൗപചാരിക നേതാവ്‌ കൂടിയാണ്‌. ലോകത്തിന്റെ കാവലാളായും സ്വന്തന്ത്ര രാജ്യങ്ങളുടെ വക്താവായും യുഎസിന് സ്ഥാനമുണ്ട്‌. ഇന്ന്‌ രാജ്യാന്തര വാണിജ്യ മേഖലയെ നിലനിര്‍ത്തുന്ന കറന്‍സി യുഎസ് ഡോളര്‍ ആണ്‌. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും യുഎസുമായുള്ള ബന്ധത്തിന്‌ വലിയ പ്രാധാന്യം നല്‍കുന്നു എന്നതും ഒരു വസ്തുതയാണ്‌. ഇതു കൊണ്ടെല്ലാം ട്രംപിന്റെ രണ്ടാം വരവിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന്‌ പഠിക്കുന്ന തിരക്കിലാണ്‌ ഒട്ടു മിക്ക രാഷ്ട്രങ്ങളും നയതന്ത്രജ്ഞ സമൂഹവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബര്‍ ആദ്യവാരം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഡൊണള്‍ഡ്‌ ട്രംപിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. തിരഞ്ഞെടുപിന്‌ മുന്‍പുള്ള പ്രചാരണ സമയത്ത്‌ ട്രംപ്‌ യുഎസ് ജനതയ്ക്ക്‌ നല്‍കിയ ഏതൊക്കെ വാഗ്ദാനങ്ങള്‍ വേഗം നടപ്പാക്കും എന്നതാണ് ലോകമെമ്പാടുമുള്ള ഇപ്പോഴത്തെ ചര്‍ച്ച. തന്റെ കൂടെ പ്രവര്‍ത്തിക്കേണ്ട ഭരണസാരഥികളെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ്‌ ട്രംപ്‌. മുറപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാകുമെന്നു ജോ ബൈഡന്‍ അറിയിച്ച സ്ഥിതിക്ക്‌ 2020ല്‍ ഉണ്ടായ സംഭവങ്ങളുടെ പുനരാവര്‍ത്തനം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം.

യുഎസ് കേവലം സാമ്പത്തിക സൈനിക മേഖലകളില്‍ ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യം മാത്രമല്ല; ലോക രാഷ്ട്രങ്ങളുടെ അനൗപചാരിക നേതാവ്‌ കൂടിയാണ്‌. ലോകത്തിന്റെ കാവലാളായും സ്വന്തന്ത്ര രാജ്യങ്ങളുടെ വക്താവായും യുഎസിന് സ്ഥാനമുണ്ട്‌. ഇന്ന്‌ രാജ്യാന്തര വാണിജ്യ മേഖലയെ നിലനിര്‍ത്തുന്ന കറന്‍സി യുഎസ് ഡോളര്‍ ആണ്‌. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും യുഎസുമായുള്ള ബന്ധത്തിന്‌ വലിയ പ്രാധാന്യം നല്‍കുന്നു എന്നതും ഒരു വസ്തുതയാണ്‌. ഇതു കൊണ്ടെല്ലാം ട്രംപിന്റെ രണ്ടാം വരവിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന്‌ പഠിക്കുന്ന തിരക്കിലാണ്‌ ഒട്ടു മിക്ക രാഷ്ട്രങ്ങളും നയതന്ത്രജ്ഞ സമൂഹവും.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (File Photo by Tom Brenner/ REUTERS)
ADVERTISEMENT

∙ ട്രംപിന്റെ കണ്ണിലെ കരടാണ് മെക്‌സിക്കോ

ട്രംപിന്റെ തിരഞ്ഞെടുപ്പ്‌ പത്രികയിലെ മുഖ്യ അജൻഡ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം നിര്‍ത്തുന്നതിനെ കുറിച്ചായിരുന്നു. മെക്‌സിക്കോ വഴിയുള്ള നിയമപ്രകാരമല്ലാത്ത കുടിയേറ്റത്തെ നഖശിഖാന്തം എതിർക്കുന്നയാളാണ് ട്രംപ്. ഇവർ യുഎസ് ജനതയുടെ, പ്രത്യേകിച്ച്‌ വെളുത്ത വര്‍ഗക്കാരുടെ ജോലികള്‍ തട്ടിയെടുക്കുകയും നാട്ടില്‍ അക്രമവും മോഷണവും നടത്തി സമാധാനം കെടുത്തുകയുമാണെന്നാണ് ട്രംപിന്റെ വാദം. യുഎസ് ജനതയിൽ ഭൂരിഭാഗവും ഇതിനോട് യോജിക്കുന്നുവെന്നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ കാണിക്കുന്നത്‌. മെക്‌സിക്കോ അതിര്‍ത്തി മതില്‍ കെട്ടി അടയ്ക്കുമെന്നും യുഎസിൽ അനധികൃതമായി കഴിയുന്ന വ്യക്തികളെ കണ്ടുപിടിച്ചു നാടുകടത്തുമെന്നും വേണ്ടിവന്നാല്‍ അതിനു പട്ടാളത്തെ ഉപയോഗിക്കുമെന്നുമുള്ള ട്രംപിന്റെ വാക്കുകള്‍ അവര്‍ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്‌. 

കുടിയേറ്റ പ്രശ്നങ്ങളില്‍ കടുംപിടിത്തം പിടിക്കുന്ന ടോം ഹോമനെ ‘ബോര്‍ഡര്‍ സാര്‍’ എന്ന തസ്തികയില്‍ നിയമിച്ചുകൊണ്ട്‌ താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന സന്ദേശമാണ്‌ ട്രംപ്‌ നല്‍കുന്നത്‌. ഇതില്‍ നിന്നും അനധികൃത കുടിയേറ്റം എന്ന വിഷയത്തില്‍ ട്രംപിന്റെ ക്ഷോഭവും അരിശവുമെല്ലാം മെക്‌സിക്കോയെ ലക്ഷ്യമാക്കിയുള്ളതാണെന്ന കാര്യം വ്യക്തമാണ്‌. ഇതിനു പുറമേ വാണിജ്യം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിലും ട്രംപ്‌ മെക്‌സിക്കോയെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നു. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഈ രാജ്യം യുഎസിലേക്ക് കയറ്റുമതി നടത്തുന്നു എന്നത് ട്രംപിനെ ചൊടിപ്പിക്കുന്നു. ചൈനയെ പോലെ മെക്‌സിക്കോയും തങ്ങളില്‍നിന്നും ജോലികളും വരുമാനവും തട്ടിയെടുക്കുകയാണെന്നാണ് ട്രംപിന്റെ പരാതി.

∙ അയലത്ത് ബോംബിടുമോ ട്രംപ്?

ADVERTISEMENT

ഇതിനു പരിഹാരമായി ട്രംപ്  കാണുന്നത് മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ മേല്‍ ചുങ്കം ചുമത്തുക എന്നതാണ്‌. മെക്‌സിക്കോ വഴി യുഎസില്‍ എത്തുന്ന ‘ഫെന്റാനില്‍’ എന്ന ലഹരിവസ്തുവിന്റെ കള്ളക്കടത്ത്‌ തടയാൻ ഈ സംഘങ്ങളുടെ അനധികൃത നിര്‍മാണ ശാലകളിലും ബോംബുകള്‍ വര്‍ഷിക്കണം എന്ന ആശയവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്‌. ചുരുക്കത്തിൽ മെക്‌സിക്കോയെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വലിയ പടപ്പുറപ്പാടാണ് വരുന്നതെന്ന സന്ദേശമാണ്‌ ട്രംപ്‌ നല്‍കുന്നത്‌. യുഎസിന്റെ തെക്കുവശത്ത് സ്ഥിതി ചെയ്യുന്ന മെക്‌സിക്കോ വിസ്തീര്‍ണത്തില്‍ ലോകത്തിലെ പതിമൂന്നാമത്തെ വലിയ രാഷ്ട്രമാണ്‌. പ്രകൃതിവിഭവങ്ങള്‍ ധാരാളമുള്ള ഈ രാജ്യം വലിയൊരു സാംസ്കാരിക പൈതൃകവും പേറുന്നു. 

യുഎസിനെ ലക്ഷ്യമാക്കി മെക്സിക്കോയിലൂടെ സഞ്ചരിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഘം നദി കടക്കുന്നു (File Photo by Adrees Latif/REUTERS)

1519 മുതല്‍ 300ല്‍പരം വര്‍ഷങ്ങള്‍ സ്പെയിനിന്റെ അധീശത്തിലായിരുന്ന മെക്‌സിക്കോ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്വതന്ത്രമായി. എന്നാല്‍ അതിനു ശേഷം യുഎസുമായി നടന്ന യുദ്ധത്തില്‍ കലിഫോര്‍ണിയ, ടെക്‌സസ്‌, നെവാഡ, അരിസോന മുതലായ പ്രദേശങ്ങള്‍ നഷ്ടമായി. ഇരുപതാം നൂറ്റാണ്ട്‌ മുതല്‍ ജനാധിപത്യം ഈ നാട്ടില്‍ പതുക്കെ വേരുപിടിച്ചു തുടങ്ങി. സാമ്പത്തിക രംഗത്ത്‌ പുരോഗതി കൈവരിച്ചെങ്കിലും ഇന്നും  അഴിമതിയും കുറ്റകൃത്യങ്ങളും ലഹരിക്കച്ചവടവും തകൃതിയാണ്. ട്രംപ്‌ തന്റെ പ്രചാരണ സമയത്ത്‌ ആയുധമാക്കിയ മൂന്നു വിഷയങ്ങളും ഒരു വലിയ പരിധി വരെ സത്യമാണ്‌. യുഎസിലേക്ക്‌ അനധികൃത കുടിയേറ്റം സംഭവിക്കുന്നത്‌ തെക്കന്‍ അതിര്‍ത്തിയില്‍ കൂടി മാത്രമാണ്‌. വടക്കു വശത്തുള്ള കാനഡ വഴി നിയമാനുസൃതമല്ലാതെ ആരും യുഎസിൽ പ്രവേശിക്കുന്നതായി പരാതിയില്ല.

∙ അനധികൃത കുടിയേറ്റക്കാര്‍ ഒരു കോടി 

പടിഞ്ഞാറ്‌ പസിഫിക്‌ മഹാസമുദ്രം മുതല്‍ കിഴക്ക്‌ മെക്‌സിക്കന്‍ ഉള്‍ക്കടല്‍ വരെ നീണ്ടുകിടക്കുന്ന യുഎസിന്റെയും മെക്‌സിക്കോയുടേയും ഇടയിലുള്ളത്  3145 കിലോമീറ്റര്‍ നീളമുള്ള കരയില്‍ക്കൂടിയുള്ള അതിര്‍ത്തിയാണ്‌.  ജനവാസമുള്ള മേഖലകള്‍ മുതല്‍ മനുഷ്യജീവിതം ദുസ്സഹമാക്കുന്ന മരുഭൂമിയും പുല്‍മേടുകളും കുന്നുകളും പുഴകളും താഴ്‌വരകളുമെല്ലാം അടങ്ങുന്നതാണ്‌ ഈ അതിര്‍ത്തി.

മെക്‌സിക്കോ – യുഎസ് അതിർത്തിയിലെ പരുക്കൻ ഭൂപ്രദേശങ്ങൾ (File Photo by JOHN MOORE / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

ഇതുവഴി അതിക്രമിച്ചു കടക്കുവാന്‍ ധാരാളം പഴുതുകള്‍ ഉണ്ട്‌. ഇവ പൂര്‍ണമായി തടയുക എന്നത്‌ തികച്ചും അസാധ്യമാണ്. മനുഷ്യക്കടത്തുകാരും അനധികൃത കുടിയേറ്റക്കാരും യുഎസിലേക്ക് കടക്കാന്‍ ഈ അതിര്‍ത്തി തിരഞ്ഞെടുക്കുന്നതും ഇതേ കാരണംകൊണ്ടാണ്‌. ഇന്ന്‌ അമേരിക്കയില്‍ ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാര്‍ പാര്‍ക്കുന്നുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇവരില്‍ 7 ലക്ഷത്തോളം ഇന്ത്യക്കാരും ഉണ്ടെന്നതാണ്‌ രസകരമായ വസ്തുത!

∙ അയലത്തേക്ക് കളം മാറ്റി യുഎസ് കമ്പനികള്‍ 

യുഎസ് വ്യവസായികള്‍ 1930 മുതല്‍ തങ്ങളുടെ ഫാക്ടറികൾ മെക്സിക്കോയില്‍ സ്ഥാപിക്കാന്‍ തുടങ്ങി. ഉല്‍പാദനച്ചെലവ്‌ ഇവിടെ കുറവായതാണ്‌ ഇവിടെ ആദ്യം വന്ന കാര്‍ നിര്‍മാണ ഭീമന്മാരായ ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്‌ തുടങ്ങിയവരെ ഈ നീക്കത്തിന്‌ പ്രേരിപ്പിച്ചത്‌. കാലക്രമേണ കൂടുതൽ വ്യവസായികൾ മെക്സിക്കോയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതാണ്‌ കൂടുതല്‍ ലാഭകരമെന്ന്‌ മനസ്സിലാക്കി ഫാക്ടറികൾ ഇവിടേക്ക്‌ മാറ്റി. ചൈന ലോകത്തിന്റെ ഉൽപാദനശാലയായി മാറുന്നതിനും മുന്‍പേ യുഎസ് കമ്പനികള്‍ മെക്‌സിക്കോയിൽ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചു കൂടുതല്‍ ലാഭം കൊയ്യുന്നതിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കിയിരുന്നു. 

മെക്സിക്കോയിൽ ഉൽപാദിപ്പിക്കുന്ന ലഹരി വസ്തുക്കള്‍ (File Photo by Claudio Vargas/ REUTERS)

1994ല്‍ യുഎസും കാനഡയും മെക്‌സിക്കോയും ചേര്‍ന്ന്‌ ഒപ്പു വെച്ച ഉത്തര യുഎസ് സ്വതന്ത്ര വ്യാപാര കരാര്‍ (നോര്‍ത്ത്‌ അമേരിക്കന്‍ ഫ്രീ ട്രേഡ്‌ അഗ്രീമെന്‍റ്‌ അഥവാ NAFTA) പ്രാബല്യത്തില്‍ വന്നതിനു ശേഷം ഈ പ്രക്രിയയ്ക്ക്‌ വേഗത കൂടി. വ്യവസായികള്‍ അയൽ‍രാജ്യത്തേക്ക് ഉല്‍പാദനം  മാറ്റിയതു മൂലം യുഎസിലെ  ഫാക്ടറികളില്‍ ഭൂരിഭാഗവും അടച്ചു പൂട്ടേണ്ട നിലയിലായി. ഇതുണ്ടാക്കിയ തൊഴില്‍ നഷ്ടവും സാമൂഹിക അരക്ഷിതാവസ്ഥയും  ട്രംപിനുള്ള വോട്ടുകളായി. 

∙ യുഎസിനെ മയക്കുന്ന ഫെന്റാനില്‍

ലോകത്തിലെ ലഹരിമരുന്നു മാഫിയകളുടെ ആത്യന്തികമായ ലക്ഷ്യം യുഎസ് വിപണിയാണ്. ഇവിടെനിന്നും ലഭിക്കുന്ന ലാഭം വേറെ ഒരു രാജ്യത്തുനിന്നും കിട്ടില്ല. ഈ കാരണം കൊണ്ടാണ് ഏഷ്യയില്‍ നിന്ന്‌ ഹാഷിഷും ഹെറോയിനും തെക്കന്‍ അമേരിക്കയില്‍നിന്നും കൊക്കെയ്നും യുഎസിൽ സുലഭമായത്. ഇന്ന്‌ യുഎസ് സമൂഹം നേരിടുന്ന വലിയ വിപത്ത്‌ ഫെന്റാനില്‍ എന്ന ലഹരി മരുന്നാണ്. ഇത്‌ പ്രധാനമായും ചൈനയിലാണ്  ഉല്‍പാദിക്കപ്പെടുന്നത്‌. എന്നാല്‍ അടുത്ത കാലങ്ങളില്‍ ചൈന ഇതിന്റെയും ഇതിന്റെ മുന്‍ഗാമിയായ രാസവസ്തുവിന്റെയും (precursor chemical) ഉല്‍പാദനത്തിലും വിപണനത്തിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 

ശക്തമായൊരു തിരിച്ചുവരവാണ്‌ ട്രംപ്‌ നടത്തിയിട്ടുള്ളത്‌.  പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു ട്രംപ്‌ ആവില്ല ഇക്കുറി ഭരണം കയ്യാളുന്നത്‌. വഴിയില്‍ തടസ്സമാകുന്നതെല്ലാം നിര്‍ദയം തുടച്ചുമാറ്റുവാനുള്ള നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നുമുണ്ടാകും

ചൈനയില്‍ നിന്നും മെക്‌സിക്കോ വഴി ലഹരിവസ്തുക്കൾ യുഎസിൽ എത്തുന്നതിനു പുറമെ മെക്സിക്കോയിലെ അധോലോകവും  ഇത് ഉൽപാദിപ്പിച്ചു യുഎസിലേക്ക് കടത്തുന്നുണ്ട്‌. മെക്സിക്കോയിലെ രാഷ്ട്രീയ നേതൃത്വവും ലഹരിമരുന്ന്‌ മാഫിയയും തമ്മിലുള്ള അടുപ്പം ഇക്കൂട്ടർക്ക് സഹായകരമാണ്. ഈ സാഹചര്യത്തിലാണ് അയലത്തെ മാഫിയകളെയും ലഹരിമരുന്ന്‌ നിര്‍മാണശാലകളെയും ബോംബിട്ട്‌ നശിപ്പിക്കണം എന്ന ആശയം ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. നേരത്തേ ട്രംപ്‌  അധികാരത്തില്‍ ഇരുന്നപ്പോൾ ഫെന്റാനില്‍ കള്ളക്കടത്ത്‌ ഇത്രയും രൂക്ഷമല്ലായിരുന്നു. അതിനാൽ മെക്‌സികോയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇക്കാര്യം വലിയ ചര്‍ച്ചാവിഷയമായില്ല. 

മെക്‌സിക്കോ – യുഎസ് അതിർത്തിയിൽ ഉയർത്തിയ വേലി മറികടക്കുന്ന അനധികൃത കുടിയേറ്റക്കാരൻ (File Photo by Hannah McKay / REUTERS)

∙ അന്നും മെക്സിക്കോയെ വരച്ചവരയിൽ നിർത്തി

അതേസമയം മറ്റു രണ്ടു വിഷയങ്ങള്‍ 2017- 21 കാലഘട്ടത്തില്‍ യുഎസിനും മെക്സിക്കോക്കും ഇടയിൽ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റം തടയുമെന്ന വാഗ്ദാനം 2016ൽ ട്രംപിന്റെ വിജയത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു പ്രധാന കാരണമായിരുന്നു. പ്രസിഡന്റ് ആയിരുന്ന നാല്‌ വര്‍ഷവും ട്രംപ്‌ കുടിയേറ്റം നിയന്ത്രിക്കുവാന്‍ മെക്സിക്കോയുടെ  മേല്‍ സമ്മര്‍ദം ചെലുത്തി. ഒരു ഘട്ടത്തില്‍ ഇതില്‍ ഉപേക്ഷ വരുത്തിയാല്‍ മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ചുങ്കം ഏര്‍പ്പെടുത്തുമെന്നും ഭീഷണി മുഴക്കി. ട്രംപിന്റെ ഈ ആവശ്യത്തിനു മുന്‍പില്‍ മെക്സിക്കോ സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സായുധ സേനയെ അതിര്‍ത്തി മേഖലയില്‍ കൂടുതലായി വിന്യസിച്ചു. 

ഇതിനു പുറമേ യുഎസിൽ അഭയം തേടുന്നവര്‍ അതിനുള്ള നിയമാനുസൃതമായ അനുമതി ലഭിക്കുന്നതു വരെ മെക്സിക്കോയില്‍ കഴിയണം എന്ന നിയമവും ട്രംപ്‌ കൊണ്ടു വന്നു. വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇത്‌ നിര്‍ബന്ധബുദ്ധിയോടെ യുഎസ് നടപ്പിലാക്കി. ഇതിനു മെക്‌സിക്കോയും സമ്മതം മൂളി. അതുപോലെ യുഎസ് പുറംതള്ളുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക്‌, അവര്‍ തങ്ങളുടെ നാട്ടുകാരല്ലെങ്കിലും, മെക്‌സിക്കോ പ്രവേശനം അനുവദിച്ചു. ഇതെല്ലാം കൊണ്ടാകാം മെക്‌സിക്കോയുടെ ചെലവില്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുക മുതലായ കടുത്ത നടപടികളിലേക്ക്‌ അന്ന് ട്രംപും കടന്നില്ല.

മെക്സിക്കൻ മുൻ പ്രസിഡന്റ് ആന്ദ്രേ മാന്വല്‍ ലോപസ്‌ ഒപ്രഡോര്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം (File Photo by WIN MCNAMEE/ AFP / GETTY IMAGES NORTH AMERICA)

∙ ചൈന മെക്‌സിക്കോയുടെ ഐശ്വര്യം!

വാണിജ്യ- വ്യാപാര കാര്യങ്ങളിലും ട്രംപ്‌ തന്റെ ആദ്യ ഇന്നിങ്സില്‍ മാറ്റങ്ങള്‍ വരുത്തി. നാഫ്‌റ്റയുടെ (NAFTA) പുനരവലോകനം നടത്തണമെന്ന ട്രംപിന്റെ നിര്‍ബന്ധത്തിനു കാനഡയും മെക്‌സിക്കോയും വഴങ്ങി. ചര്‍ച്ചകള്‍ക്കൊടുവില്‍  പുതിയ കരാര്‍ തയാറാക്കാൻ തീരുമാനമായി. അങ്ങനെ ഉടലെടുത്ത യുഎസ്- മെക്‌സിക്കോ- കാനഡ കരാറില്‍ മൂന്ന്‌ രാജ്യങ്ങളും 2018ല്‍ ഒപ്പുവയ്ക്കുകയും 2020 മുതല്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. ഇതേസമയം ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക്‌  ട്രംപ്‌ ചുങ്കം ചുമത്തിയത്‌ മെക്‌സിക്കോയ്ക്ക് ഗുണകരമായി ഭവിച്ചു. ചൈനയിലുള്ള പല വന്‍ വ്യവസായികളും യുഎസ്, കാനഡ വിപണികൾ ലക്ഷ്യമിട്ട്‌ മെക്‌സിക്കോയില്‍ കൂറ്റന്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. പിൽക്കാലത്ത് ബൈഡനും ഈ ഇറക്കുമതി ചുങ്കം മാറ്റമില്ലാതെ നിലനിര്‍ത്തിയതോടെ ചൈനയില്‍നിന്നുള്ള കൂടുതല്‍ വ്യവസായങ്ങള്‍ മെക്സിക്കോയിലേക്ക്‌ കുടിയേറുന്നുണ്ട്‌. ഇതോടെ യുഎസുമായുള്ള വാണിജ്യ ബന്ധത്തില്‍ മെക്‌സിക്കോ കൂടുതല്‍ മെച്ചം നേടി. ഇപ്പോൾ ഇതാണ്‌ ട്രംപിനെ അരിശം കൊള്ളിക്കുന്ന പ്രശ്‌നമായി മാറിയത്.

മെക്സിക്കൻ മുൻ പ്രസിഡന്റ് ആന്ദ്രേ മാന്വല്‍ ലോപസ്‌ ഒപ്രഡോര്‍( File Photo by Carlos Jasso/REUTERS)

2018 മുതല്‍ ആറു വര്‍ഷം മെക്‌സിക്കോയുടെ പ്രസിഡന്റ് ആയിരുന്ന ആന്ദ്രേ മാന്വല്‍ ലോപസ്‌ ഒപ്രഡോര്‍ തഴക്കവും പഴക്കവും സിദ്ധിച്ച പ്രായോഗികബുദ്ധിയുള്ള ഒരു രാഷ്ട്രീയാഭ്യാസി ആയിരുന്നു. അദ്ദേഹത്തിന്‌ ട്രംപുമായി നല്ല വ്യക്തി ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞു. ട്രംപിന്‌ ആവശ്യമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുവാനും എന്നാല്‍ മെക്സിക്കോയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചില്‍ കൂടാതെ സൂക്ഷിക്കുവാനും കഴിഞ്ഞു. 

∙ ട്രംപ് 2.0യിൽ മാറ്റങ്ങൾ പ്രകടം

കഴിഞ്ഞതവണ ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ നിലനിന്നിരുന്ന സാഹചര്യങ്ങളല്ല യുഎസിലും മെക്‌സിക്കോയിലും ഇപ്പോഴുള്ളത്‌. കഴിഞ്ഞ തവണ ട്രംപിന്റേത്‌ ഒരു അപ്രതീക്ഷിത വിജയമായിരുന്നു. ട്രംപ്‌ ആദ്യമായിട്ടായിരുന്നു സര്‍ക്കാരുമായി ബന്ധപ്പെട്ട തസ്തികയില്‍ അധികാരത്തിലെത്തുന്നത്‌. അന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ ട്രംപിന്റെയും ഭരണസംവിധാനത്തിന്റെയും മുകളില്‍ സ്വാധീനവും ഉണ്ടായിരുന്നു. അതുകൊണ്ട്‌ വിചാരിച്ചതു പോലെ പല കാര്യങ്ങളും മുന്നോട്ട്‌ കൊണ്ടു പോകുവാന്‍ ട്രംപിന്‌ കഴിഞ്ഞിരുന്നില്ല. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Image Credit:realDonaldTrump/x)

എന്നാല്‍ ഇന്ന്‌ വളരെ ശക്തമായൊരു തിരിച്ചുവരവാണ്‌ ട്രംപ്‌ നടത്തിയിട്ടുള്ളത്‌. പാര്‍ട്ടിക്ക്‌ അതീതമായ ജനപിന്തുണ ട്രംപിനുണ്ട്‌ എന്നത്‌ വ്യക്തമാണ്‌. അതിനും പുറമേ പ്രതിനിധി സഭയിലും സെനറ്റിലും ട്രംപിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം നേടുവാനുമായി. പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു ട്രംപ്‌ ആവില്ല ഇക്കുറി ഭരണം കയ്യാളുന്നത്‌. ഇതുവരെ പ്രഖ്യാപിച്ച കാബിനറ്റ്‌ അംഗങ്ങളുടെ പട്ടികയും വൃക്തമാക്കുന്നത്‌ തന്നോട്‌ പൂര്‍ണകൂറും വിധേയത്വവുമുള്ള വ്യക്തികളെ മാത്രമേ ട്രംപ്‌ നാമനിര്‍ദേശം ചെയ്യുന്നുള്ളൂ എന്നാണ്‌. ഇതെല്ലാംകൊണ്ട്‌ താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ കൂടുതല്‍ വ്യഗ്രത കാണിക്കുന്നതിനോടൊപ്പം തന്റെ വഴിയില്‍ തടസ്സമാകുന്നതെല്ലാം നിര്‍ദയം തുടച്ചുമാറ്റുവാനുള്ള നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകും എന്നും മനസ്സിലാക്കണം.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബാം (image credit: Image Credit: ClaudiaSheinbaumPardo/facebook)

∙ ക്ലോഡിയ – ട്രംപ് എന്താവും ഭാവി? 

മെക്സികോയില്‍ 2024ല്‍ വന്ന ഭരണമാറ്റത്തിലൂടെ ക്ലോഡിയ ഷെയ്ന്‍ബാം എന്ന വനിത പ്രസിഡന്റായി സ്ഥാനമേറ്റു. ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ക്ലോഡിയ ആശയങ്ങളോടും സിദ്ധാന്തങ്ങളോടും കൂടുതല്‍ കൂറു പുലര്‍ത്തുന്ന നേതാവായിട്ടാണ്‌ അറിയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ഒപ്രഡോറിനെ പോലെ, പ്രായോഗികതയില്‍ മുഴുകിയ സമീപനം ഇവരില്‍ നിന്നും ഉണ്ടായിക്കൊള്ളമെന്നില്ല. കച്ചവടങ്ങളില്‍ മികച്ച ഡീലുകൾ നടത്താനുള്ള പ്രാഗദ്ഭ്യം തെളിയിച്ച വൃക്തിയാണ്‌ ട്രംപ്‌. അതേരീതികള്‍ തന്നെയാണ്‌ അദ്ദേഹം രാജ്യതന്ത്രത്തിലും പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നത്‌. രാഷ്ട്രീയ തത്വശാസ്ത്രപരമായ കാര്യങ്ങളില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു രാഷ്ട്രനേതാക്കള്‍ തമ്മില്‍ ഏതൊക്കെ കാര്യങ്ങളില്‍ എങ്ങനെയെല്ലാം യോജിപ്പിലെത്തും എന്ന്‌ പ്രവചിക്കുക അസാധ്യമാണ്‌. അതുപോലെ പ്രസക്തമായ മറ്റൊരു കാര്യമാണ്‌ ഇതുവരെ ട്രംപ്‌ ഒരു വനിതാ രാഷ്ട്രത്തലവനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന വസ്തുത. ഇതൊക്കെ കൊണ്ട്‌ ട്രംപും ക്ലോഡിയയും തമ്മിലുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഏതു ദിശയില്‍ നീങ്ങുമെന്ന്‌ അറിയുവാന്‍ ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഉദ്വേഗത്തോടെയും കൗതുകത്തോടെയും കാത്തിരിക്കുന്നു.

ക്ലോഡിയ ഷെയ്ന്‍ബാം (image credit: Image Credit: ClaudiaSheinbaumPardo/facebook)

ട്രംപ്‌ ആത്യന്തികമായി വളരെ പ്രായോഗികമതിയായ രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്‌ യുഎസിലെ വന്‍ വ്യവസായികളുടെ പിന്തുണയുണ്ട്‌. ഇവരുടെ ലക്ഷ്യം തങ്ങളുടെ ലാഭം പരമാവധി വര്‍ധിപ്പിക്കുക എന്നതു മാത്രമാണ്‌. ട്രംപിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി മാത്രം ഇവര്‍ ആരും തങ്ങളുടെ ഫാക്ടറികള്‍ യുഎസിലേക്ക് തിരികെ കൊണ്ടു വരില്ലെന്ന വസ്തുത ട്രംപിനും അറിയാം. പല കാരണങ്ങളാല്‍ ചൈനയില്‍നിന്നുള്ള ഉല്‍പാദനം കുറയ്ക്കുവാന്‍ ഇവര്‍ക്ക്‌ വലിയ വൈമുഖ്യമുണ്ടാകില്ല; എന്നാല്‍ മെക്‌സിക്കോയില്‍ നിന്നും ഉല്‍പാദനശാലകള്‍ മാറ്റുവാന്‍ ഇവര്‍ താല്‍പര്യപ്പെടില്ല. അതുകൊണ്ട്‌ ട്രംപും ഇതിനു വേണ്ടി ഇവരെ നിര്‍ബന്ധിക്കില്ല. അതേസമയം അനധികൃത കുടിയേറ്റവും ലഹരി കള്ളക്കടത്തും നിയന്ത്രിക്കുവാന്‍ മെക്‌സിക്കോ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഇറക്കുമതിച്ചുങ്കം എന്ന ഭീഷണി ഉപയോഗിക്കുവാനും വേണ്ടി വന്നാല്‍ നടപ്പാക്കുവാനും ട്രംപ് മടി കാണിക്കില്ല. 

ഈ കാര്യങ്ങള്‍ ക്ലോഡിയയ്ക്കും അറിയാവുന്നതാണ്‌. തന്റെ ആദര്‍ശങ്ങളും മെക്‌സിക്കോയുടെ താല്‍പര്യങ്ങളും ബലി കഴിക്കാതെ ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്ക്‌ മാത്രം വഴങ്ങി ഉഭയ കക്ഷി ബന്ധം ഉലച്ചിലില്ലാതെ മുന്‍പോട്ടു കൊണ്ടു പോവുക എന്ന തന്ത്രമാകും ക്ലോഡിയ നടപ്പാക്കുവാന്‍ ശ്രമിക്കുക.

ലോകത്തിലെ പ്രഥമ സാമ്പത്തിക സൈനിക ശക്തിയായ യുഎസിന്റെ പ്രവചനാതീതമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന പ്രസിഡന്റിനെ കൈകാര്യം ചെയ്യുക എന്ന ദുഷ്കരമായ ദൗത്യമാണ്‌ ക്ലോഡിയയുടെ ചുമലിലുള്ളത്‌. ഈ കൃത്യം അവര്‍ എങ്ങിനെ നിര്‍വഹിക്കുമെന്നും എത്രത്തോളം വിജയിക്കുമെന്നുള്ളതാവും യുഎസ്–മെക്സിക്കോ ബന്ധത്തിൽ നിർണായകമാവുക.  

English Summary:

Trump 2.0 and Mexico: From Tariffs to Troops, Inside Trump's Plan to Pressure Mexico- Global Canvas