കുറയുമോ ബാങ്ക് വായ്പകളുടെ പലിശ? റിസർവ് ബാങ്കിന്റെ പണനയം 9ന്, പുതിയ അംഗങ്ങളുടെ നിലപാട് നിർണായകം
നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കിൽ ആ വായ്പയിന്മേൽ നിങ്ങളുടെ മൊത്തം പലിശബാധ്യത 28.98 ലക്ഷം രൂപയായിരിക്കും.
നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കിൽ ആ വായ്പയിന്മേൽ നിങ്ങളുടെ മൊത്തം പലിശബാധ്യത 28.98 ലക്ഷം രൂപയായിരിക്കും.
നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കിൽ ആ വായ്പയിന്മേൽ നിങ്ങളുടെ മൊത്തം പലിശബാധ്യത 28.98 ലക്ഷം രൂപയായിരിക്കും.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായുള്ള കാത്തിരിപ്പിന് അടുത്തയാഴ്ചയോടെ അവസാനമാകുമോ? വായ്പകളുടെ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകുമോ അതോ കടുംപിടിത്തം തുടർന്ന് പലിശനിരക്ക് നിലനിർത്തുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്തയാഴ്ച അറിയാം. ഒക്ടോബർ 7 മുതൽ 9 വരെയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) നിർണായക യോഗം.
2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കിൽ എംപിസി തൊട്ടിട്ടില്ല. റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽ തുടരുകയാണ്. റീപ്പോനിരക്ക് കുറഞ്ഞാലേ ബാങ്കുകൾ വായ്പകളുടെ പലിശയും കുറയ്ക്കൂ. ഫലത്തിൽ, റീപ്പോ കുറഞ്ഞാലേ വാഹന, ഭവന, വിദ്യാഭ്യാസ, കാർഷിക, വ്യക്തിഗത വായ്പകളുടെയൊക്കെ പലിശഭാരവും ഇഎംഐ ബാധ്യതയും കുറയൂ.
പണപ്പെരുപ്പം ആശ്വാസതലത്തിൽ
പണപ്പെരുപ്പം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ യോഗങ്ങളിൽ റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കാതിരുന്നത്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഥവാ റീറ്റെയ്ൽ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് എംപിസിയുടെ പ്രവർത്തനലക്ഷ്യം. ഇത് 6 ശതമാനത്തിനും മുകളിലായിരുന്നത് കഴിഞ്ഞവർഷം റിസർവ് ബാങ്കിനെ റീപ്പോനിരക്ക് നിലനിർത്താൻ പ്രേരിപ്പിച്ചു.
നിലവിൽ പണപ്പെരുപ്പം 4 ശതമാനത്തിനും താഴെയാണ്. മാത്രമല്ല, പണപ്പെരുപ്പം 6 ശതമാനം വരെ ഉയർന്നാലും അത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ജൂലൈയിൽ 3.6 ശതമാനമായിരുന്ന പണപ്പെരുപ്പം ഓഗസ്റ്റിൽ 3.65 ശതമാനമാണ്. അതായത്, പലിശനിരക്ക് കുറയ്ക്കാൻ പണപ്പെരുപ്പം നിലവിൽ അനുകൂലമാണ്.
ആശങ്കയായി ഭക്ഷ്യവിലപ്പെരുപ്പം
റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നത് ഭക്ഷ്യ വിലപ്പെരുപ്പമാണ് (ഫുഡ് ഇൻഫ്ലേഷൻ). റീറ്റെയ്ൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം ഇപ്പോഴും ഉയർന്ന തലത്തിൽ തുടരുന്നതാണ് പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് റിസർവ് ബാങ്കിനെ തടയുന്നത്. ജൂലൈയിൽ 5.42 ശതമാനമായിരുന്ന ഇത് ഓഗസ്റ്റിൽ 5.66 ശതമാനത്തിലെത്തിയിരുന്നു. അതേസമയം, ജൂണിലെ 9.36%, മേയിലെ 8.69% എന്നിവയെ അപേക്ഷിച്ചു നോക്കുമ്പോൾ ഭക്ഷ്യവിലപ്പെരുപ്പം മികച്ചതോതിൽ കുറഞ്ഞിട്ടുമുണ്ട്.
അതേസമയം, റീറ്റെയ്ൽ പണപ്പെരുപ്പ നിർണയത്തിൽ നിന്ന് ഭക്ഷ്യവിലപ്പെരുത്തെ എടുത്തുകളയണമെന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇതു പരിഗണിച്ചേക്കുമെന്ന സൂചനകളുമുണ്ട്. നിലവിൽ റീറ്റെയ്ൽ പണപ്പെരുപ്പ നിർണയത്തിൽ 54% ഭക്ഷ്യ, പാനീയ വസ്തുക്കളെ അടിസ്ഥാനമാക്കിയാണ്. ഇത് 8 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ആലോചന. എന്നാൽ, അത്തരമൊരു നീക്കം അബദ്ധമായിരിക്കുമെന്നാണ് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ മുഖ്യഘടകമാണ് ഭക്ഷ്യ വിലകൾ. അത് എടുത്തുകളയുന്നത് പണപ്പെരുപ്പ നിയന്ത്രണ നടപടികളിന്മേലുള്ള വിശ്വാസ്യതയ്ക്ക് തന്നെ മങ്ങലേൽപ്പിക്കും. ജനങ്ങളുടെ കുടുംബ ബജറ്റിന്റെ മുഖ്യപങ്കും പോകുന്നത് ഭക്ഷ്യോത്പന്നങ്ങൾ വാങ്ങാനാണെന്നിരിക്കേ പണപ്പെരുപ്പത്തിൽ അവയ്ക്ക് നിർണായക സ്വാധീനവുമുണ്ട്. ഭക്ഷ്യോത്പന്നങ്ങളെ പണപ്പെരുപ്പ നിർണയത്തിൽ നിലനിർത്തുക തന്നെ വേണമെന്നും അദ്ദേഹം പറയുന്നു.
അമേരിക്ക കുറച്ചു, ഇന്ത്യയോ?
4 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സെപ്റ്റംബർ 18ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചത്. അരശതമാനം (0.50%) ബമ്പർ ഇളവാണ് പ്രഖ്യാപിച്ചതും. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്തായിരുന്നു നടപടി. റീറ്റെയ്ൽ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിലും അത് 3 ശതമാനത്തിന് താഴെയെത്തിയപ്പോൾ തന്നെ അമേരിക്ക പലിശഭാരം കുറയ്ക്കുകയായിരുന്നു. അടുത്ത യോഗങ്ങളിലും പലിശ കുറയ്ക്കുമെന്ന സൂചനയും ഫെഡറൽ റിസർവ് നൽകിയിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങൾക്ക് അനുസൃതമാണ് എംപിസിയുടെ നയങ്ങളെന്നും വിദേശ കേന്ദ്ര ബാങ്കുകളുടെ നയം സ്വാധീനിക്കില്ലെന്നും നിരീക്ഷകർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ ഈ മാസത്തെ യോഗത്തിലും റിസർവ് ബാങ്ക് പലിശനിരക്കിൽ തൊടാൻ സാധ്യത വിരളം. മാത്രമല്ല, രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും റിസർവ് ബാങ്ക് കണക്കിലെടുത്തേക്കും. രണ്ടുകാര്യങ്ങളും ഇന്ത്യയിൽ പണപ്പെരുപ്പം കൂടാൻ വഴിവയ്ക്കുന്നവയാണ് എന്നതാണ് കാരണം. ഒക്ടോബറിലെ യോഗത്തിൽ പലിശനിരക്ക് നിരനിർത്തിയശേഷം ഡിസംബറോടെ പലിശനയത്തിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയ്യാറാകുമെന്നും വിലയിരുത്തലുകലുണ്ട്.
നിർണായകം സ്വതന്ത്രരുടെ നിലപാട്
എംപിസിയിൽ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ആഷിമ ഗോയൽ, മലയാളിയായ പ്രൊഫ. ജയന്ത് വർമ, ശശാങ്ക് ഭീഡെ എന്നിവരുടെപ്രവർത്തന കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ പ്രൊഫ. രാം സിങ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഡയറക്ടർ ഡോ. നാഗേഷ് കുമാർ, സാമ്പത്തിക വിദഗ്ദ്ധൻ സൗഗത ഭട്ടാചാര്യ എന്നിവരാണ് പുതിയ അംഗങ്ങൾ.
നിലവിലെ അംഗങ്ങളിൽ പ്രൊഫ. ജയന്ത് വർമയും ആഷിമ ഗോയലും റീപ്പോനിരക്കിൽ ഇളവ് വേണമെന്ന് കഴിഞ്ഞ യോഗങ്ങൾ ശക്തമായി വാദിച്ചിരുന്നു. ഇന്ത്യ പോലൊരു സമ്പദ്‍വ്യവസ്ഥ ഏറെക്കാലം 6.50 ശതമാനമെന്ന ഉയർന്ന പലിശനിരക്കിൽ തുടരുന്നത് സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന നിലപാടായിരുന്നു പ്രൊഫ. ജയന്ത് വർമയുടേത്.
പുതിയ അംഗങ്ങളിൽ സൗഗത ഭട്ടാചാര്യ പ്രൊഫ. ജയന്തിന് സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന് സൂചനകളുണ്ട്. പലിശഭാരം കുറച്ചുകൊണ്ട്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അനിവാര്യമാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ താനെഴുതിയ ലേഖനത്തിൽ സൗഗത അഭിപ്രായപ്പെട്ടിരുന്നു.
റീപ്പോ കുറഞ്ഞാൽ നേട്ടം എങ്ങനെ?
റീപ്പോനിരക്ക് കുറച്ചാൽ വായ്പകളുടെ പലിശഭാരവും കുറയ്ക്കാൻ ബാങ്കുകൾ തയ്യാറാകും. എന്നാൽ, റീപ്പോ കുറച്ചതിന് ആനുപാതികമായ ഇളവ് ബാങ്കുകൾ നൽകുമോയെന്ന് കണ്ടറിയണം. ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്ക് കുറയണമെങ്കിൽ റീപ്പോ കുറയേണ്ടത് അനിവാര്യമാണ്. റീപ്പോ കുറച്ചാൽ പലിശഭാരം കുറയും, ഇഎംഐ തുകയും കുറയും. ഓരോ മാസവും കൂടുതൽ തുക മിച്ചം നേടാൻ ഇത് ഉപഭോക്താവിനെ സഹായിക്കും. ആ പണം മറ്റ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താം.
ഉദാഹരണത്തിന്, നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കിൽ ആ വായ്പയിന്മേൽ നിങ്ങളുടെ മൊത്തം പലിശബാധ്യത 28.98 ലക്ഷം രൂപയായിരിക്കും. നിങ്ങൾ ആകെ തിരിച്ചടയ്ക്കുന്നത് 53.98 ലക്ഷം രൂപയും. റീപ്പോനിരക്ക് 0.25% കുറച്ചു എന്നിരിക്കട്ടെ. നിങ്ങളുടെ വായ്പയുടെ പലിശ 8.75 ശതമാനത്തിലേക്ക് താഴും. അതായത്, ഇഎംഐ 22,093 രൂപയായി കുറയും. മൊത്തം പലിശ ബാധ്യത 28.02 ലക്ഷം രൂപയുമാകും; ഈയിനത്തിൽ നേട്ടം 96,000 രൂപ. മൊത്തം തിരിച്ചടവ് 53.02 ലക്ഷം രൂപയായിരിക്കും; കുറയുന്നത് 78,000 രൂപയും.