മാധബിക്കെതിരെ അനധികൃത സ്വത്ത് ഉൾപ്പെടെ 4 ഗുരുതര ആരോപണങ്ങൾ; ഓഹരി വിപണി എങ്ങനെ പ്രതികരിക്കും?
ഇക്കാര്യങ്ങളൊന്നും മാധബിയോ ധവാലോ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ഹിൻഡൻബർഗ് പറയുന്നു. വിദേശത്തെ കടലാസ് കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച് അന്വേഷിക്കണമെങ്കിൽ സെബി മേധാവി ആദ്യം കണ്ണാടി നോക്കണമെന്ന് ഹിൻഡൻബർഗ് പരിഹസിക്കുന്നുമുണ്ട്.
ഇക്കാര്യങ്ങളൊന്നും മാധബിയോ ധവാലോ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ഹിൻഡൻബർഗ് പറയുന്നു. വിദേശത്തെ കടലാസ് കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച് അന്വേഷിക്കണമെങ്കിൽ സെബി മേധാവി ആദ്യം കണ്ണാടി നോക്കണമെന്ന് ഹിൻഡൻബർഗ് പരിഹസിക്കുന്നുമുണ്ട്.
ഇക്കാര്യങ്ങളൊന്നും മാധബിയോ ധവാലോ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ഹിൻഡൻബർഗ് പറയുന്നു. വിദേശത്തെ കടലാസ് കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച് അന്വേഷിക്കണമെങ്കിൽ സെബി മേധാവി ആദ്യം കണ്ണാടി നോക്കണമെന്ന് ഹിൻഡൻബർഗ് പരിഹസിക്കുന്നുമുണ്ട്.
സെബി മേധാവി മാധബി പുരി ബുചിനെതിരെ ഹിൻഡൻബർഗ് റിസർച്ച് തൊടുത്തുവിട്ടത് പ്രധാനമായും 4 ഗുരുതര ആരോപണം. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വിദേശത്തുനിന്ന് പണമൊഴുക്കിയെന്ന് കരുതുന്ന കടലാസ് കമ്പനികളിൽ മാധബിക്കും ഭർത്താവ് ധവാൽ ബുചിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് പറയുന്നു.
അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്താൻ സെബി മടിക്കുന്നതിന് പിന്നിലെ കാരണം വേറെയല്ലെന്നും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടുന്നു. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ആരോപണ ശരങ്ങൾ ചൊരിയുന്നത്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുടെ നിയന്ത്രണത്തിൽ മൗറീഷ്യസിലും ബർമുഡയിലും കടലാസ് കമ്പനികൾ (ഷെൽ കമ്പനികൾ) രജിസ്റ്റർ ചെയ്തിരുന്നു. ഇവ വഴി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികളിലേക്ക് അദാനി തന്നെ നിക്ഷേപം നടത്തി ഓഹരി വില പെരുപ്പിച്ചു.
ഇങ്ങനെ വില കൂട്ടിയ ഓഹരികൾ ഈടുവച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നുമാണ് ഹിൻഡൻബർഗ് ആദ്യമുന്നയിച്ച ആരോപണം. ഇക്കാര്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് അറിയാമായിരുന്നിട്ടും നടപടിയുണ്ടായില്ല. ഇക്കാര്യം അന്വേഷിക്കേണ്ട സെബി, അദാനിയെ സംരക്ഷിക്കാനുള്ള നടപടികളാണ് എടുത്തതെന്നും ഹിൻഡൻബർഗ് പിന്നീട് ആരോപിച്ചു.
ഇതിനിടെ, അദാനിക്കെതിരായ റിപ്പോർട്ട് പുറത്തുവിടും മുമ്പ് ഒരു അമേരിക്കൻ ഹെഡ്ജ് ഫണ്ട് മാനേജർക്ക് അത് നൽകുകയും ലാഭം നേടുകയും ചെയ്തുവെന്ന് ആരോപിച്ച സെബി, ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഇതിനെതിരായ പ്രത്യാരോപണത്തിന്റെ ഭാഗമായാണ് മാധബിക്കെതിരെ ഇപ്പോൾ തെളിവുകൾ നിരത്തി ഹിൻഡൻബർഗ് തിരിച്ചടിച്ചിരിക്കുന്നത്.
∙ മാധബി ആദ്യം കണ്ണാടി നോക്കണം!
2015 ജൂൺ 5നാണ് സിംഗപ്പൂരിലെ ഐപിഇ പ്ലസ് ഫണ്ട്-ഒന്നിൽ മാധബിയും ഭർത്താവ് ധവാൽ ബുചും അക്കൗണ്ട് ആരംഭിച്ചതെന്ന് വിസിൽബ്ലോവർ വഴി തരപ്പെടുത്തിയ രേഖകളിലൂടെ ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടുന്നു. ഐഐഎഫ്എല്ലിന്റെ പ്രതിനിധി അരുൺ ചോപ്രയാണ് ഇത് സംബന്ധിച്ച രേഖകളിൽ ഒപ്പിട്ടത്. ഈ ഫണ്ടിലെ നിക്ഷേപത്തിന്റെ സ്രോതസ്സായി മാധബിയും ധവാലും പറഞ്ഞിട്ടുള്ളത് ശമ്പളം എന്നാണ്. ആസ്തി 10 മില്യൺ ഡോളറും (ഏകദേശം 80 കോടി രൂപ).
2017ൽ സെബി മേധാവിയായി മാധബി നിയമിതയാകുന്നതിന് ആഴ്ചകൾക്ക് മുമ്പ് ധവാൽ മൗറീഷ്യസ് ആസ്ഥാനമായ ട്രൈഡന്റ് ട്രസ്റ്റിന് അയച്ച ഇ-മെയിലും ഹിൻഡൻബർഗ് പുറത്തുവിട്ടു. ഗ്ലോബൽ ഡൈനാമിക് ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ (ജിഡിഒഎഫ്) നിക്ഷേപങ്ങളുടെ മുഴുവൻ ഉടമസ്ഥാവകാശം ഇനി തനിക്കായിരിക്കുമെന്നാണ് ഈ സന്ദേശത്തിൽ ധവാൽ പറയുന്നത്.
ഇക്കാര്യങ്ങളൊന്നും മാധബിയോ ധവാലോ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ഹിൻഡൻബർഗ് പറയുന്നു. വിദേശത്തെ കടലാസ് കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച് അന്വേഷിക്കണമെങ്കിൽ സെബി മേധാവി ആദ്യം കണ്ണാടി നോക്കണമെന്ന് ഹിൻഡൻബർഗ് പരിഹസിക്കുന്നുമുണ്ട്.
∙ മാധബിക്കെതിരായ ആരോപണങ്ങൾ ഇങ്ങനെ:
1. അദാനിയുടെ കടലാസ് കമ്പനിയിൽ നിക്ഷേപം: അദാനി ഗ്രൂപ്പ് ഓഹരികളിലേക്ക് നിക്ഷേപമെത്തിയ വിദേശത്തെ കടലാസ് കമ്പനികളിൽ സെബി മേധാവി മാധവി പുരി ബുചിനും ഭർത്താവ് ധവാൽ ബുചിനും നിക്ഷേപമുണ്ട്. അദാനിക്കെതിരെ ആരോപണങ്ങളുയർന്നപ്പോൾ സെബി ഉഴപ്പിയതിന് പിന്നിലെ കാരണവും ഇതാണ്.
2. കൺസൾട്ടിങ് സ്ഥാപനത്തിന്റെ ഉടമ: സെബി ചെയർപേഴ്സൺ ആയിരിക്കെ തന്നെ 2017 ഏപ്രിൽ മുതൽ 2022 മാർച്ചുവരെ സിംഗപ്പുരിലെ കൺസൾട്ടിങ് സ്ഥാപനമായ ആഗോര പാർട്ണേഴ്സിന്റെ 100 ശതമാനം ഓഹരികളും മാധബിക്കുണ്ടായിരുന്നു. പിന്നീടിത്, ഭർത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി മാധബി സ്വകാര്യ ഇ-മെയിലിൽ നിന്നയച്ച സന്ദേശം ഹിൻഡൻബർഗ് പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ, തന്റെ വരുമാനക്കണക്ക് വ്യക്തമാക്കിയ രേഖകളിൽ മാധബി ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ഇത്, സെബി മേധാവിക്ക് മറ്റ് ബിസിനസ് താൽപര്യങ്ങളുണ്ടെന്നതിന് തെളിവാണെന്നും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടുന്നു.
3. ബ്ലാക്ക്സ്റ്റോണിൽ ഭിന്ന താൽപര്യം: മാധബി സെബിയുടെ മേധാവിയായിരിക്കേ, അവരുടെ ഭർത്താവ് ധവാലിനെ പ്രമുഖ റിയൽ എസ്റ്റേറ്റ് നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ മുതിർന്ന ഉപദേശകനായി നിയമിച്ചു. ഓഹരികൾ പോലെ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ പുറത്തിറക്കുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ് ട്രസ്റ്റ് (റീറ്റ്സ്) ആണ് ബ്ലാക്ക്സ്റ്റോൺ.
റീറ്റ്സുകൾക്ക് അനുകൂലമായ നിരവധി തീരുമാനങ്ങൾ ഇക്കാലയളവിൽ സെബിയിൽ നിന്നുണ്ടായെന്നും ഭാവിയുടെ നിക്ഷേപ ഉൽപന്നങ്ങളാണ് റീറ്റ്സുകളെന്ന് മാധബി പല സന്ദർഭങ്ങളിലും വിശേഷിപ്പിച്ചുവെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.
4. അനധികൃത സമ്പാദ്യം: മാധബി പുരി ബുചിന് അഗോര അഡ്വൈസറി എന്ന കൺസൾട്ടിങ് സ്ഥാപനത്തിൽ ഇപ്പോൾ 99 ശതമാനം ഓഹരിയുണ്ട്. ഈ സ്ഥാപനത്തിന്റെ ഡയറക്ടർ അവരുടെ ഭർത്താവ് ധവാലാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ഈ സ്ഥാപനം 1.98 കോടി രൂപ വരുമാനം നേടി. ഇത് മാധബി, സെബിക്ക് സമർപ്പിച്ച വേതനക്കണക്കിന്റെ 4.4 മടങ്ങ് വരും. പക്ഷേ, ഇക്കാര്യം അവർ വെളിപ്പെടുത്തിയിട്ടില്ലെന്നും ഹിൻഡൻബർഗ് പറയുന്നു.
∙ നിഷേധിച്ച് മാധബി; ജീവിതം തുറന്ന പുസ്തകം
ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും തന്റെയും ഭർത്താവിന്റെയും ജീവിതവും വരുമാനക്കണക്കുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച് പ്രസ്താവനയിലൂടെ പ്രതികരിച്ചു. സത്യത്തിന്റെ കണികപോലും ആരോപണങ്ങളിലില്ല.
എല്ലാ കണക്കുകളും കൃത്യമായി കഴിഞ്ഞവർഷങ്ങളിൽ സെബിക്ക് സമർപ്പിച്ചിട്ടുണ്ട്. അവ പരസ്യപ്പെടുത്തുന്നതിൽ തനിക്ക് ഒരു വിമുഖതയുമില്ല. ഇവ സംബന്ധിച്ച വിശദമായ മറുപടി പിന്നീട് നൽകും. ഹിൻഡൻബർഗിനെതിരെ നടപടിയെടുത്തതിന് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധബി പ്രതികരിച്ചു.
∙ എല്ലാ കണ്ണുകളും ഓഹരി വിപണിയിലേക്ക്
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ തുടർച്ചയാണ് സെബി മേധാവി മാധവി പുരി ബുചിനെതിരെയുള്ള ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലുകൾ. 2023 ജനുവരിയിൽ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നടിഞ്ഞിരുന്നു. ഏകദേശം 12.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഒലിച്ചുപോയത്.
ഹിൻഡൻബർഗിന്റെ പുതിയ ആരോപണങ്ങൾ സെബി മേധാവിക്ക് നേരെയാണെങ്കിലും അതിന്റെ കുന്തമുന നീളുന്നത് ഫലത്തിൽ അദാനി ഗ്രൂപ്പിന് നേരെയാണ്. അദാനി ഓഹരികൾ തിങ്കളാഴ്ച സമ്മർദ്ദത്തിലായേക്കാമെന്ന് വിലയിരുത്തലുകളുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധബിയോട് അന്വേഷണ വിധേയമായി അവധിയിൽ പോകാൻ നിർദേശിച്ചേക്കും. ഇത് ഓഹരി വിപണിയെയാകെ ഉലച്ചേക്കാമെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, അദാനിയൊഴികെ മറ്റേതെങ്കിലും കമ്പനിയുടെ ഓഹരികൾ ആരോപണങ്ങളുടെ ഭാഗമല്ലാത്തതിനാൽ വിപണി സ്ഥിരത പുലർത്താനാണ് സാധ്യതയെന്നും ചിലർ പ്രതീക്ഷിക്കുന്നു.
∙ മാധബിക്ക് ഭിന്ന താൽപര്യം, അന്വേഷണം വേണമെന്ന് കോൺഗ്രസ്
സെബി മേധാവി മാധബിക്ക് അദാനി ഗ്രൂപ്പിൽ ഭിന്നതാൽപര്യമുണ്ടെന്ന് വ്യക്തമായെന്നും അഴിമതിയുടെ വ്യപ്തി പുറത്തുകൊണ്ടുവരാൻ ജെപിസി (സംയുക്ത പാർലമെന്റ് കൗൺസിൽ) അന്വേഷണം അനിവാര്യമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഹിൻഡൻബർഗിന്റേത് ഗുരുതര ആരോപണങ്ങളാണെന്നും കുറ്റമറ്റ അന്വേഷണം വേണമെന്നും കോൺഗ്രസ് എംപി ശശി തരൂർ ആവശ്യപ്പെട്ടു.