ധനലക്ഷ്മി ബാങ്കിന് ജൂൺപാദത്തിൽ 8 കോടി രൂപ നഷ്ടം; ഓഹരികളിൽ വീഴ്ച
ഏപ്രിൽ-ജൂണിൽ മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും ധനലക്ഷ്മി ബാങ്ക് രേഖപ്പെടുത്തിയത് ഭേദപ്പെട്ട വളർച്ച. വായ്പകൾ 6.02 ശതമാനം ഉയർന്ന് 10,644 കോടി രൂപയിലെത്തി. ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 84 ശതമാനം നേട്ടം സമ്മാനിച്ചിട്ടുണ്ട്.

തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം. മുൻവർഷത്തെ സമാനപാദത്തിൽ 28.30 കോടി രൂപയുടെ ലാഭമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ബാങ്കിന്റെ ലാഭം വാർഷികാടിസ്ഥാനത്തിൽ 91.33% കുറഞ്ഞ് 3.31 കോടി രൂപയിൽ എത്തിയിരുന്നു.
ജൂൺപാദത്തിൽ ബാങ്ക് 3.29 കോടി രൂപയുടെ പ്രവർത്തന നഷ്ടവും നേരിട്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ബാങ്കിന് 57.94 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായിരുന്നു. മൊത്ത വരുമാനം 341.40 കോടി രൂപയിൽ നിന്ന് 337.94 കോടി രൂപയായി കുറഞ്ഞു. മൊത്തം ചെലവ് 283.46 കോടി രൂപയിൽ നിന്ന് 341.23 കോടി രൂപയായി വർധിച്ചു.
മൊത്തം കിട്ടാക്കടം താഴേക്ക്
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം കിട്ടാക്കട അനുപാതം അഥവാ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം കഴിഞ്ഞപാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ 5.21 ശതമാനത്തിൽ നിന്ന് 4.04 ശതമാനത്തിലേക്ക് കുറഞ്ഞത് നേട്ടമാണ്. എന്നാൽ, അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.09 ശതമാനത്തിൽ നിന്ന് 1.26 ശതമാനമായി ഉയർന്നത് തിരിച്ചടിയുമാണ്.
ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം (സിഎആർ) 12.57 ശതമാനത്തിൽ നിന്ന് 13.37 ശതമാനമായി മെച്ചപ്പെട്ടു. അതേസമയം, അറ്റ ലാഭ മാർജിൻ (നെറ്റ് പ്രോഫിറ്റ് മാർജിൻ) പോസിറ്റീവ് 8.29 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 2.37 ശതമാനമായി.
ഓഹരികളിൽ നഷ്ടം
ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഒരുവേള 7 ശതമാനത്തോളം താഴ്ന്ന് 39.80 രൂപവരെ എത്തിയ വില ഇപ്പോഴുള്ളത് 6.06% താഴ്ന്ന് 40.60 രൂപയിൽ.
1,027 കോടി രൂപ വിപണിമൂല്യമുള്ള ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 84 ശതമാനം നേട്ടം സമ്മാനിച്ചിട്ടുണ്ട്. 200 ശതമാനമാണ് കഴിഞ്ഞ 5 വർഷത്തെ നേട്ടം. 7.60 രൂപയിൽ നിന്ന് 56.40 രൂപവരെയാണ് ഇക്കാലയളവിൽ ഓഹരി വില ഉയർന്നത്.
വായ്പകളിലും നിക്ഷേപങ്ങളിലും നേട്ടം
നടപ്പുർഷം ഏപ്രിൽ-ജൂണിൽ മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും ധനലക്ഷ്മി ബാങ്ക് രേഖപ്പെടുത്തിയത് ഭേദപ്പെട്ട വളർച്ചയാണ്. വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 10,040 കോടി രൂപയിൽ നിന്ന് 6.02 ശതമാനം ഉയർന്ന് 10,644 കോടി രൂപയിലെത്തി. സ്വർണ വായ്പകളിലെ വളർച്ച 28.64 ശതമാനം. 2,451 കോടി രൂപയിൽ നിന്ന് 3,153 കോടി രൂപയായാണ് വർധന.
മൊത്തം നിക്ഷേപങ്ങൾ 13,402 കോടി രൂപയിൽ നിന്ന് 7.75 ശതമാനം ഉയർന്ന് 14,440 കോടി രൂപയായി. കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA) നിക്ഷേപം 6.18 ശതമാനം വർധിച്ചതും നേട്ടമാണ്. 4,242 കോടി രൂപയിൽ നിന്ന് 4,504 കോടി രൂപയായാണ് ഉയർച്ച. ബാങ്കിന്‍റെ മൊത്തം ബിസിനസ് 23,442 കോടി രൂപയിൽ നിന്ന് 7 ശതമാനം ഉയർന്ന് 25,084 കോടി രൂപയിലുമെത്തിയിരുന്നു.