ബോണ്ടും ഡോളറും തിരിച്ചുകയറ്റത്തിൽ; അനങ്ങാതെ സ്വർണം, ഇനി വില എങ്ങോട്ട്?
രാജ്യാന്തര വിപണിയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തുടരുന്നത് വിലയെ വലിയ കുതിപ്പിൽ നിന്ന് അകറ്റുകയാണ്.
രാജ്യാന്തര വിപണിയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തുടരുന്നത് വിലയെ വലിയ കുതിപ്പിൽ നിന്ന് അകറ്റുകയാണ്.
രാജ്യാന്തര വിപണിയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തുടരുന്നത് വിലയെ വലിയ കുതിപ്പിൽ നിന്ന് അകറ്റുകയാണ്.
രാജ്യാന്തര സ്വർണ വില 2,500 ഡോളറിന് മുകളിൽ തന്നെ തുടരുകയാണെങ്കിലും തുടർച്ചയായ നാലാം നാളിലും മാറ്റമില്ലാതെ കേരളത്തിലെ വില. പവന് 6,695 രൂപയിലും ഗ്രാമിന് 53,560 രൂപയിലുമാണ് ഇന്നും വ്യാപാരം. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 5,540 രൂപയിലും വെള്ളി വില ഗ്രാമിന് 93 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,980 രൂപ കൊടുത്താൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാം. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.
ലാഭമെടുപ്പ്, പലിശ, യുദ്ധം: ഇനി വില എങ്ങോട്ട്?
രാജ്യാന്തര വിപണിയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തുടരുന്നത് വിലയെ വലിയ കുതിപ്പിൽ നിന്ന് അകറ്റുകയാണ്. അതേസമയം, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നതിനാൽ സ്വർണ വില ഉയരങ്ങളിലേക്ക് വൈകാതെ നീങ്ങിയേക്കാമെന്ന് നിരീക്ഷകർ പറയുന്നു.
മധ്യേഷ്യയിൽ ഇസ്രയേലും ലെബനനിലെ ഹിസ്ബുല്ലയും തമ്മിൽ സംഘർഷം മുറുകുന്നതും സ്വർണ വില വർധനയ്ക്ക് ആക്കംകൂട്ടിയേക്കും. ഔൺസിന് 2,514 ഡോളറിലാണ് ഇപ്പോൾ രാജ്യാന്തര വില. ഇത് 2,530 എന്ന പ്രതിരോധനിരക്ക് മറികടന്നാലേ ഉടനൊരു വലിയ കുതിപ്പിന് സാധ്യതയുള്ളൂ എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 2,532 ഡോളറാണ് നിലവിലെ റെക്കോർഡ്. 2,530 ഡോളർ ഭേദിച്ചാൽ പിന്നെ വില 2,660 ഡോളർ വരെ കുതിച്ചുയർന്നേക്കാം. അതായത്, ആനുപാതികമായി കേരളത്തിലും വില മുന്നേറും. ഒരുപക്ഷേ നിലവിലെ റെക്കോർഡായ മെയ് 20ന് കുറിച്ച പവന് 55,120 രൂപ എന്ന റെക്കോർഡും മറികടന്നേക്കാം. എന്നാൽ 2,530 ഡോളർ എന്ന പ്രതിരോധ നിരക്കിലേക്ക് എത്താനാകുന്നില്ലെങ്കിലോ വിപണിയിൽ വാങ്ങൽട്രെൻഡ് സജീവമല്ലെങ്കിലോ വില താഴേക്ക് നീങ്ങി 2,468 ഡോളറിലേക്ക് വീണേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ വില താഴേക്കാകും നീങ്ങുകയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ബോണ്ടും ഡോളറും കയറ്റത്തിൽ
കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന വ്യക്തമായ സൂചന നൽകിയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ദുർബലമായ ഡോളറും ബോണ്ടും ഇന്ന് തിരിച്ചുകയറിയിട്ടുണ്ട്. സെപ്റ്റംബറിലെ യോഗത്തിൽ യുഎസ് ഫെഡ് പലിശ കുറയ്ക്കാൻ സാധ്യതയുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ഇളവ് കിട്ടുമോ എന്നതാണ് നിലവിലെ ആശങ്ക.
യുഎസിന്റെ കഴിഞ്ഞപാദത്തിലെ ജിഡിപി വളർച്ചാക്കണക്ക് വ്യഴാഴ്ച പുറത്തുവരും. കണക്കുകൾ പലിശ കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ, പലിശയിറക്കം വൈകിയേക്കാം. പുറമേ, മധ്യേഷ്യ വീണ്ടും യുദ്ധസാഹചര്യത്തിൽ അമർന്നതും യുഎസ് ഫെഡിനെ മാറി ചിന്തിപ്പിച്ചേക്കുമെന്ന് കരുതുന്നവരുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഡോളറും ബോണ്ടും അൽപം മെച്ചപ്പെട്ടത്. യൂറോയും യെന്നും അടക്കം ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 0.02% ഉയർന്ന് 100.85ൽ എത്തി. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 0.011% ഉയർന്ന് 3.829 ശതമാനവുമായി.