ചിങ്ങം കളറാകും! ഓണത്തിന് മലയാളി അണിയുക 7,000 കോടിയുടെ സ്വർണം; ഓണക്കോടിക്ക് 8,000 കോടി
കാർ, ബൈക്ക്, സ്വർണം, മൊബൈൽഫോൺ, വൗച്ചറുകൾ തുടങ്ങി ഓരോ മേഖലയിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ. സംസ്ഥാനത്തെ വസ്ത്ര, ഗൃഹോപകരണ, ഇലക്ട്രോണിക്സ് വിപണിയുടെ പൂക്കാലം കൂടിയാണ് ഓണക്കാലം.
കാർ, ബൈക്ക്, സ്വർണം, മൊബൈൽഫോൺ, വൗച്ചറുകൾ തുടങ്ങി ഓരോ മേഖലയിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ. സംസ്ഥാനത്തെ വസ്ത്ര, ഗൃഹോപകരണ, ഇലക്ട്രോണിക്സ് വിപണിയുടെ പൂക്കാലം കൂടിയാണ് ഓണക്കാലം.
കാർ, ബൈക്ക്, സ്വർണം, മൊബൈൽഫോൺ, വൗച്ചറുകൾ തുടങ്ങി ഓരോ മേഖലയിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ. സംസ്ഥാനത്തെ വസ്ത്ര, ഗൃഹോപകരണ, ഇലക്ട്രോണിക്സ് വിപണിയുടെ പൂക്കാലം കൂടിയാണ് ഓണക്കാലം.
ചിങ്ങം പിറന്ന് ഓണക്കാലത്തിന്റെയും വിവാഹ സീസണിന്റെയും ആരവവും തുടങ്ങിയതോടെ സംസ്ഥാനത്തെ വ്യാപാരശാലകളും തിരക്കിലേക്ക്. പുതിയ സാരി, ഷർട്ട്, ചുരിദാർ, ഫോൺ, ടിവി, സ്വർണം, കമ്പ്യൂട്ടർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിങ്ങനെ മനസ്സിനിണങ്ങിയതും വീട്ടാവശ്യത്തിനുള്ളതുമായ ഉൽപന്നങ്ങൾ വാങ്ങാൻ മലയാളികൾ കാത്തിരിക്കുന്ന കാലം കൂടിയാണിത്.
പൊന്നാകാൻ സ്വർണ വിപണി
ഇക്കുറി കേരളത്തിൽ ഓണത്തിന്റെ 10 ദിവസങ്ങളിൽ 7,000 കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കഴിഞ്ഞവർഷം 10 ദിവസങ്ങളിലായി 5,000 കോടി രൂപയുടെ വിൽപന നടന്നിരുന്നു. 2022ലെ ഓണക്കാലത്തേക്കാൾ 20-25 ശതമാനമായിരുന്നു വളർച്ച.
മുൻവർഷത്തേക്കാൾ വില വൻതോതിൽ ഉയർന്നിട്ടുണ്ടെങ്കിലും വിൽപനയെ ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഓണക്കാലം വിവാഹ സീസൺ കൂടിയായതിനാൽ ഇക്കുറിയും മികച്ച വിൽപന തന്നെയാണ് പ്രതീക്ഷ. ശരാശരി 25 പവൻ ആഭരണങ്ങളാണ് വിവാഹ പർച്ചേസുകാർ വാങ്ങുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു. 200 പവൻ വരെ വാങ്ങുന്നവരുമുണ്ട്. ഓണത്തിന് സമ്മാനങ്ങളായി നൽകാൻ കമ്മൽ, മോതിരം, വള, മൂക്കുത്തി തുടങ്ങിയ ആഭരണങ്ങൾ വാങ്ങുന്നവരും ധാരാളം.
വജ്രവും 18 കാരറ്റും
ഡയമണ്ട് ആഭരണങ്ങളുടെ വിൽപന, കേരളത്തിലെ മൊത്തം ആഭരണ വിൽപനയുടെ 5 ശതമാനത്തോളം മാത്രമാണ്. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ഭേദപ്പെട്ട വിലക്കുറവുണ്ടെന്നത് 18 കാരറ്റിൽ തീർത്ത ആഭരണങ്ങളുടെ സ്വീകാര്യതയും കൂട്ടുന്നു. ഓണം ഓഫറുകളും ഉപയോക്താക്കളെ വൻതോതിൽ ആകർഷിക്കുമെന്നാണ് കരുതുന്നത്.
ഒട്ടുമിക്ക ജ്വല്ലറികളും സ്വന്തംനിലയിലും അസോസിയേഷനുകളും ഓഫറുകൾക്ക് തുടക്കമിട്ടു കഴിഞ്ഞു. രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയുമായാണ് എകെജിഎസ്എംഎയുടെ ഓണം, സ്വർണോത്സവം പദ്ധതിയിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്ന സമ്മാനം. സ്വർണാഭരണങ്ങൾ മുൻകൂർ ബുക്ക് ചെയ്ത് കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങളും ഉപയോക്താക്കളെ ആകർഷിക്കുന്നുണ്ട്.
കേരളം ലക്ഷം കോടി വിപണി
കേരളത്തിൽ പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ട്. 2021-22ൽ വിറ്റുവരവ് 1.05 ലക്ഷം കോടി രൂപയായിരുന്നു. ഓരോ വർഷവും 10-15 ശതമാനമാണ് സംയോജിത വളർച്ച (സിഎജിആർ). നിലവിൽ വിറ്റുവരവ് 1.3 ലക്ഷം കോടി രൂപയായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ. ഒരുദിവസം ശരാശരി 250 കോടി രൂപയുടെ സ്വർണ ആഭരണങ്ങളാണ് കേരളത്തിൽ വിറ്റഴിയുന്നത്.
ഇന്ത്യയിൽ തന്നെ സ്വർണാഭരണ വിൽപനയിലും ഉപഭോഗത്തിലും ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആഭരണം എന്നതിന് പുറമേ വിശ്വസനീയ സമ്പാദ്യവുമായി മലയാളികൾ സ്വർണത്തെ കാണുന്നുണ്ട്. അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയ വായ്പകൾ പ്രയോജനപ്പെടുത്താമെന്നതാണ് മുഖ്യ കാരണം. സാധാരണ അക്ഷയതൃതീയയ്ക്കാണ് കേരളത്തിൽ ഏറ്റവുമധികം സ്വർണാഭരണ വിൽപന നടക്കുന്നത്. ഇക്കഴിഞ്ഞ അക്ഷയതൃതീയയ്ക്ക് വിറ്റുവരവ് 1,600 കോടി രൂപയായിരുന്നു.
കളറാകാൻ ഓണക്കോടികളും
ഓണക്കോടി ഇല്ലാതെ എന്ത് ഓണാഘോഷം. സംസ്ഥാനത്തെ വസ്ത്ര വിപണിയുടെ പൂക്കാലം കൂടിയാണ് ഓണക്കാലം. 20,000-25,000 കോടി രൂപയുടെ വസ്ത്ര വിൽപനയാണ് പ്രതിവർഷം കേരളത്തിൽ നടക്കുന്നത്. ഇതിന്റെ ഏതാണ്ട് 40-50 ശതമാനവും നടക്കുന്നത് ഓണക്കാലത്താണ്. ഇക്കുറി ഓണത്തിന് പ്രതീക്ഷിക്കുന്നത് 8,000 മുതൽ 10,000 കോടി രൂപയുടെ വരെ വിൽപന.
പുത്തൻ കളക്ഷനുകളും സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമൊക്കെയായി ആകർഷക ഓഫറുകളോടെ വസ്ത്ര വിതരണക്കാരും ഓണ വിപണിയിൽ സജീവമായി കഴിഞ്ഞു. കേരള സാരി, മ്യൂറൽ പെയിന്റിങ്ങുകളാൽ മനോഹരമാക്കിയ സാരികൾ തുടങ്ങിയവയ്ക്കാണ് ഓണക്കാലത്ത് പ്രിയം വനിതകൾക്കിടയിൽ പ്രിയം കൂടുതൽ. പെയിന്റിങ്ങുകളാൽ മിനുങ്ങുന്ന ഷർട്ടുകൾക്കാണ് പുരുഷന്മാർക്കിടയിൽ താൽപര്യം. നവജാത ശിശുക്കൾ മുതൽ കുട്ടികളുടെ വസ്ത്രങ്ങളിലും പുതിയ ട്രെൻഡുകൾ വിപണിയിൽ കാണാം.
ടിവി, മൊബൈൽ, എസി....
വസ്ത്രവും സ്വർണവും മാത്രമല്ല, പുത്തൻ ടിവിയും ഫോണുമൊക്കം വാങ്ങാനും മലയാളികൾ ഏറ്റവുമധികം തിരക്കുകൂട്ടുന്നത് ഓണക്കാലത്താണ്. മികച്ച ഡിസ്കൗണ്ട് ഓഫറുകളും സമ്മാനപദ്ധതികളും പുതിയ കളക്ഷനുകളുമാണ് ആകർഷണം. കഴിഞ്ഞവർഷത്തെ ഓണക്കാലത്ത് കേരളത്തിൽ 420 കോടി രൂപയുടെ പുതിയ ടിവികളാണ് വിറ്റുപോയത്. ഇക്കുറി വിൽപന 500 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷകൾ.
മൊബൈൽഫോൺ വിൽപന 2,200 കോടി രൂപയുടേതായിരുന്നു. ഇക്കുറിയത് 3,000 കോടി രൂപ കടന്നേക്കും. എസി വിൽപന 337 കോടി രൂപയായിരുന്നത് ഇക്കുറി 350 കോടി രൂപ കവിയുമെന്നും കരുതുന്നു. മഴയ്ക്ക് ശമനമില്ലാത്ത് എസി വിപണിയെ അൽപം ബാധിച്ചിട്ടുണ്ട്. റഫ്രിജറേറ്റർ വിൽപന കഴിഞ്ഞവർഷം 375-380 കോടി രൂപയായിരുന്നത് ഇക്കുറി 400-425 കോടി രൂപയായേക്കും. 300 കോടി രൂപയിൽ കുറയാത്ത വാഷിങ് മെഷീൻ വിൽപനയും പ്രതീക്ഷിക്കുന്നു. കമ്പ്യൂട്ടർ, ലാപ്ടോപ്പ് വിപണിയുടെ പ്രതീക്ഷ 500 കോടി രൂപയിൽ കുറയാത്ത വിൽപനയാണ്. കഴിഞ്ഞവർഷം ഓണത്തിന് 430 കോടി രൂപയായിരുന്നു.
സമ്മാനങ്ങളും ഓഫറുകളും
വസ്ത്രം, ഗൃഹോപകരണം, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവ വലിയ ഡിസ്കൗണ്ടിൽ വാങ്ങാമെന്നത് മാത്രമല്ല ഓണക്കാലത്ത് ഉപയോക്താക്കളെ ആകർഷിക്കുന്നത്. ഓണക്കാലത്താണ് പുതുപുത്തൻ ഉൽപന്ന ശ്രേണികൾ വിപണിയിലെത്തുന്നത്. മറ്റൊന്ന്, സമ്മാനങ്ങളാണ്.
കാർ, ബൈക്ക്, സ്വർണം, മൊബൈൽഫോൺ, വൗച്ചറുകൾ തുടങ്ങി ഓരോ മേഖലയിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങളാണ്. ഇവയ്ക്കെല്ലാം പുറമേ ഉപയോക്താക്കളെ ആകർഷിക്കുന്നത് അധിക വാറന്റിയാണ്. ഓണക്കാലത്ത് ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും 4-5 വർഷ അധിക വാറന്റി ഓഫറുകളിലൂടെ ലഭിക്കുമെന്നതും നിരവധി പേരെ ആകർഷിക്കുന്നുണ്ടെന്ന് ബിസ്മി ഗ്രൂപ്പ് മേധാവി വി.എ. അജ്മൽ പറഞ്ഞു.