6 മാസമായി അനക്കമില്ല! പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം; അനുകൂലമായി ക്രൂഡ് ഓയിൽ വിലയിടിവ്
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ പെട്രോൾ, ഡീസൽ വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിന്റേതായിരുന്നു തീരുമാനം.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ പെട്രോൾ, ഡീസൽ വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിന്റേതായിരുന്നു തീരുമാനം.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ പെട്രോൾ, ഡീസൽ വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിന്റേതായിരുന്നു തീരുമാനം.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനും പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾക്കും മേൽ വീണ്ടും സമ്മർദ്ദം. കഴിഞ്ഞ മാർച്ച് 15നാണ് പെട്രോൾ, ഡീസൽ വിലയിൽ അവസാനമായി മാറ്റമുണ്ടായത്. ലിറ്ററിന് രണ്ടു രൂപ വീതം അന്ന് കുറച്ചു. അതോടെ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില). കഴിഞ്ഞ മാർച്ച്-ഏപ്രിൽ കാലയളവിൽ ബാരലിന് 80-90 ഡോളർ നിരക്കിലായിരുന്ന ഡബ്ല്യുടിഐ ക്രൂഡ് വില കഴിഞ്ഞ ദിവസങ്ങളിൽ 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 65.75 ഡോളറിലേക്ക് കുറഞ്ഞതോടെയാണ് ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്.
എണ്ണക്കമ്പനികളുടെ മനസ്സിലെന്ത്?
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ പെട്രോൾ, ഡീസൽ വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിന്റേതായിരുന്നു തീരുമാനം. മുൻമാസങ്ങളിലുണ്ടായ പ്രവർത്തനനഷ്ടം നികത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും രണ്ടുവർഷത്തോളം എണ്ണക്കമ്പനികൾ വില പരിഷ്കരിക്കാതിരുന്നത്.
മാർച്ചിൽ വില കുറച്ചെങ്കിലും തുടർന്ന് ആറുമാസമായി വിലയിൽ എണ്ണക്കമ്പനികൾ തൊട്ടിട്ടില്ല. ഇതും പ്രവർത്തന ലാഭം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തലുകൾ. നടപ്പുവർഷത്തെ (2024-25) ഒന്നാംപാദമായ ഏപ്രില്‍-ജൂണിൽ 7,371 കോടി രൂപയുടെ സംയോജിത ലാഭമാണ് മൂന്ന് എണ്ണക്കമ്പനികളും ചേർന്ന് നേടിയത്. ഇന്ത്യൻ ഓയിലിന്റെ ലാഭം 81 ശതമാനവും എച്ച്പിസിഎല്ലിന്റേത് 94 ശതമാനവും കുറഞ്ഞു. ബിപിസിഎല്ലിന്റെ ലാഭക്കുറവ് 71 ശതമാനവുമായിരുന്നു.
അതുകൊണ്ട്, നിലവിലെ ക്രൂഡ് ഓയിൽ വിലക്കുറവ് മാത്രം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഇന്ധന വില കുറയ്ക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളുണ്ട്. ഏതാനും ആഴ്ചകൾ കൂടി ക്രൂഡ് വിലയുടെ ട്രെൻഡ് നിരീക്ഷിച്ച ശേഷമാകും തീരുമാനം.
മുന്നിൽ റെക്കോർഡ് ലാഭം?
ക്രൂഡ് വില കുറയുന്നത് പൊതുമേഖലാ എണ്ണ വിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് നേട്ടമാണ്. ഇറക്കുമതിച്ചെലവും ഉൽപാദനച്ചെലവും കുറയുകയും ലാഭക്ഷമത കൂടുകയും ചെയ്യും. ക്രൂഡ് വിലക്കുറവ് നടപ്പുവർഷം റെക്കോർഡ് ലാഭം നേടാൻ എണ്ണക്കമ്പനികളെ സഹായിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഇതും പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള സമ്മർദ്ദം ശക്തമാക്കുന്നു. ഇതിന് പുറമേ, നിലവിൽ വിപണി വിലയേക്കാൾ ഡിസ്കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നാണ് ഇന്ത്യൻ കമ്പനികൾ ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്നതും. ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 42 ശതമാനവും റഷ്യയിൽ നിന്നാണ്. ഇതും ഉൽപാദനച്ചെലവ് കുറയ്ക്കാൻ എണ്ണക്കമ്പനികളെ സഹായിക്കുന്നുണ്ട്.
ചൈന, അമേരിക്ക എന്നീ ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളിലെ ഡിമാൻഡ് കുറഞ്ഞതാണ് നിലവിൽ വിലയിടിവിന് കാരണമാകുന്നത്. അതേസമയം, ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിയുന്നതിന് തടയിടാൻ സൗദി അറേബ്യ, റഷ്യ എന്നിവയുടെ നേതൃത്വത്തിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് അടിയന്തര ഇടപെടലും നടത്തിയേക്കും.
ഉൽപാദനം വെട്ടിക്കുറച്ചുകൊണ്ടാകും ഇത്. ഈ മാസം പ്രതിദിനം 22 ലക്ഷം ബാരൽ വീതം ഉൽപാദനം കുറയ്ക്കാൻ സൗദി തീരുമാനിച്ചിരുന്നു. വിപണിസാഹചര്യം പ്രതികൂലമായാൽ സൗദിയും മറ്റും കൂടുതൽ അളവിൽ ഉൽപാദനം വെട്ടിക്കുറയ്ക്കുന്നതിലേക്ക് കടന്നേക്കും. ഇത് വില കുറയുന്നതിന് തടസ്സമാകും.