സ്വർണത്തിന് വീണ്ടും വില കുറഞ്ഞു; കാത്തിരിക്കുന്നത് വിലക്കുതിപ്പോ? കാതോർക്കാം അമേരിക്കയിലേക്ക്
പലിശനിരക്കിൽ യുഎസ് ഫെഡ് കുറവ് വരുത്തിയാൽ രാജ്യാന്തര വിലയുടെ അടുത്ത ലക്ഷ്യം 2,610 ഡോളറായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയും കുതിക്കും.
പലിശനിരക്കിൽ യുഎസ് ഫെഡ് കുറവ് വരുത്തിയാൽ രാജ്യാന്തര വിലയുടെ അടുത്ത ലക്ഷ്യം 2,610 ഡോളറായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയും കുതിക്കും.
പലിശനിരക്കിൽ യുഎസ് ഫെഡ് കുറവ് വരുത്തിയാൽ രാജ്യാന്തര വിലയുടെ അടുത്ത ലക്ഷ്യം 2,610 ഡോളറായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയും കുതിക്കും.
സ്വർണ വില റെക്കോർഡുകൾ തകർത്ത് കുതിച്ചുയരുമോ? അതോ കുത്തനെ ഇടിയുമോ? ഇന്നാണ് ഏവരും കാത്തിരുന്ന നിർണായക ദിനം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പണനയം പ്രഖ്യാപിക്കും. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 5.25-5.50% എന്ന 23 വർഷത്തെ ഏറ്റവും ഉയരത്തിലാണ് പലിശനിരക്കുള്ളത്.
കഴിഞ്ഞ 4 വർഷമായി തുടർച്ചയായി പലിശ കൂട്ടുകയായിരുന്ന യുഎസ് ഫെഡ് എന്ന ഫെഡറൽ റിസർവ് ഇന്ന് പലിശ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഏതാനും നാൾ മുമ്പുവരെ പലിശനിരക്കിൽ 0.25% കുറവ് വരുത്തുമെന്നായിരുന്നു കൂടുതൽ പ്രതീക്ഷകൾ. എന്നാൽ, ഇപ്പോൾ 60% പ്രതീക്ഷകളും പലിശയിൽ 0.50% അഥവാ അരശതമാനം കുറവിന് സാധ്യതയുണ്ടെന്നാണ്. കാരണം, 5.25-5.50% എന്ന നിലവിലെ നിരക്ക് അസഹനീയമാണെന്ന വിലയിരുത്തൽ ശക്തമാണ്.
പലിശയിൽ ചെറിയ കുറവുണ്ടായാൽ പോലും സ്വർണ വില കൂടാൻ അതിടയാക്കും. പലിശ കുറഞ്ഞാൽ ആനുപാതികമായി യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) ഇടിയും. ഇവയിലെ നിക്ഷേപം അനാകർഷകമാകും. നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റും. ദുർബലമായ ഡോളർ ഉപയോഗിച്ച് കൂടുതൽ സ്വർണവും വാങ്ങിക്കൂട്ടാനാകും. ഫലത്തിൽ, ഡിമാൻഡ് വർധനയുടെ ബലത്തിൽ സ്വർണ വില കുതിക്കും. ഇത് ഇന്ത്യയിലെ വിലയെയും സ്വാധീനിക്കും.
ഇന്നും ചെറിയ വിലയിറക്കം
കേരളത്തിൽ ഇന്നും സ്വർണ വില നേരിയതോതിൽ കുറഞ്ഞു. ഇതുപക്ഷേ, വലിയ കുതിപ്പിന് മുമ്പുള്ള ചെറിയ ഇറക്കം മാത്രമാണെന്ന വിലയിരുത്തൽ ശക്തമാണ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 6,850 രൂപയായി. 120 താഴ്ന്ന് 54,800 രൂപയാണ് പവൻ വില. ഇന്നലെയും ഗ്രാമിന് 15 രൂപയും പവൻ 120 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,680 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് ഒരു രൂപ പിന്നോട്ടിറങ്ങി 95 രൂപയായി.
രാജ്യാന്തര വിലയിലും കുറവ്
കഴിഞ്ഞദിവസം സർവകാല റെക്കോർഡായ ഔൺസിന് 2,589.59 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,574 ഡോളറിൽ. ഒരുവേള 2,564 ഡോളറിലേക്ക് താഴ്ന്ന വില ഇപ്പോൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട്. പലിശനിരക്കിൽ യുഎസ് ഫെഡ് കുറവ് വരുത്തിയാൽ രാജ്യാന്തര വിലയുടെ അടുത്ത ലക്ഷ്യം 2,610 ഡോളറായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയും കുതിക്കും.
ഇന്നൊരു പവന് നികുതിയടക്കം വില
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (എച്ച്‍യുഐഡി) ചാർജ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 59,320 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,415 രൂപ.