കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിക്ക് കുതിപ്പ്; കിറ്റെക്സും മുന്നോട്ട്, റൈറ്റ്സ് ഇഷ്യൂ അനുപാതവുമായി ജിയോജിത്
കൊച്ചിൻ ഷിപ്പ്‍യാർഡിന് പുറമേ എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിലേക്ക്, സൂചികയുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഇടംപിടിക്കുന്നത് കീ ഇൻഡസ്ട്രീസ്, ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങി 13 കമ്പനികളാണ്.
കൊച്ചിൻ ഷിപ്പ്‍യാർഡിന് പുറമേ എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിലേക്ക്, സൂചികയുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഇടംപിടിക്കുന്നത് കീ ഇൻഡസ്ട്രീസ്, ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങി 13 കമ്പനികളാണ്.
കൊച്ചിൻ ഷിപ്പ്‍യാർഡിന് പുറമേ എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിലേക്ക്, സൂചികയുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഇടംപിടിക്കുന്നത് കീ ഇൻഡസ്ട്രീസ്, ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങി 13 കമ്പനികളാണ്.
ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വൻ നേട്ടത്തോടെ പുത്തനുയരം കുറിച്ച ഇന്ന് കേരള ഓഹരികളും കാഴ്ചവയ്ക്കുന്നത് ശ്രദ്ധേയ നേട്ടം. കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരി 10% കുതിച്ച് അപ്പർ-സർക്യൂട്ടിൽ 1,846.05 രൂപയിലാണുള്ളത്.
എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിൽ ഇടംനേടുന്ന കരുത്തിലാണ് മുന്നേറ്റം. ഇൻഡെക്സിൽ ഇടംപിടിക്കുന്നതോടെ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികളിലേക്ക് 3 കോടി ഡോളറിന്റെ (ഏകദേശം 250 കോടി രൂപ) അധിക നിക്ഷേപം എത്തുമെന്ന് കരുതുന്നു. മാത്രമല്ല, അടുത്തയാഴ്ചയോടെ ലാഭവിഹിത വിതരണം നടക്കുമെന്നതും കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളെ ഇന്ന് നിക്ഷേപകർക്ക് പ്രിയമുള്ളതാക്കി.
കിറ്റെക്സ് ഓഹരിയിൽ ഇന്ന് 4.66% ഉയർന്നാണ് വ്യാപാരം. ബിപിഎൽ 4.07%, കേരള ആയുർവേദ 3.68%, ജിയോജിത് 2.18%, നിറ്റ ജെലാറ്റിൻ 2.01% എന്നിവയാണ് നേട്ടത്തിൽ മുന്നിലുള്ള മറ്റ് കേരള ഓഹരികൾ. ഓഹരിക്ക് 50 രൂപ വീതം അവകാശ ഓഹരി (റൈറ്റ്സ് ഇഷ്യൂ) വിൽപന വഴി 200 കോടി രൂപ സമാഹരിക്കാൻ ജിയോജിത്തിന്റെ ഡയറക്ടർ ബോർഡ് അനുമതി നൽകി.
ജിയോജിത്തിന്റെ ഓരോ 6 ഓഹരിക്കും ഒന്നുവീതം ഓഹരിയാണ് ലഭിക്കുക. സെല്ല സ്പേസ് ആണ് 4.82% താഴ്ന്ന് ഇന്ന് നഷ്ടത്തിൽ മുന്നിലുള്ള കേരള ഓഹരി. 4.62% താഴ്ന്ന് സഫ സിസ്റ്റംസ് തൊട്ടടുത്തുണ്ട്. ടോളിൻസ് ടയേഴ്സ്, മുത്തൂറ്റ് ഫിനാൻസ്, യൂണിറോയൽ മറീൻ എന്നിവയും രണ്ടു ശതമാനം വരെ താഴ്ന്നു.
തിളങ്ങി മെറ്റലുകൾ
വിശാല വിപണിയിൽ ഇന്ന് 2.01% നേട്ടവുമായി നിഫ്റ്റി മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ എന്നിയാണ് മുന്നേറ്റത്തെ നയിക്കുന്നത്. ബ്രോക്കറേജുകളായ മക്വയറി, മോർഗൻ സ്റ്റാൻലി എന്നിവ മികച്ച റേറ്റിങ്ങും ലക്ഷ്യവിലയും നൽകിയത് ഇവയ്ക്ക് കരുത്തായി.
ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരി 'ഔട്ട്പെർഫോം' (പ്രതീക്ഷയിൽ കവിഞ്ഞ നേട്ടം) നടത്തുമെന്ന് മക്വയറി പറയുന്നു. കോൾ ഇന്ത്യ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ എന്നിവയുടെ ലക്ഷ്യവില ഉയർത്തുകയും ചെയ്തു. സെൻസെക്സിലും നിഫ്റ്റി50ലും ജെഎസ്ഡബ്ല്യു സ്റ്റീൽ നേട്ടത്തിൽ മുൻനിരയിലുണ്ട്.
കുതിച്ചവരും കിതച്ചവരും
സെൻസെക്സിൽ 4.44% ഉയർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് നേട്ടത്തിൽ ഒന്നാമത്. ജെഎസ്ഡബ്ല്യു സ്റ്റീൽ (3.38%), മാരുതി സുസുക്കി (2.48%), എൽ ആൻഡ് ടി (2.31%), ടാറ്റാ സ്റ്റീൽ (1.91%), അദാനി പോർട്സ് (1.65%) എന്നിവ തൊട്ടടുത്തുണ്ട്. എൻടിപിസിയാണ് 0.59% താഴ്ന്ന് നഷ്ടത്തിൽ ഒന്നാമതുള്ളത്. നിഫ്റ്റി50ൽ 4.02% ഉയർന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെയാണ് ഒന്നാംസ്ഥാനത്ത്. 3.58% നേട്ടവുമായി ഐഷർ മോട്ടോഴ്സ് രണ്ടാംസ്ഥാനത്തും 3.26% ഉയർന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ മൂന്നാമതുമാണ്.
ഓട്ടോ ഓഹരികളിലും ഇന്ന് മികച്ച വാങ്ങൽ താൽപര്യമുണ്ട്. അതേസമയം, മുഖ്യ വരുമാന സ്രോതസ്സായ അമേരിക്കയിൽ പലിശയിളവ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഐടി കമ്പനികളുടെ ഓഹരികൾ നിരാശപ്പെടുത്തി. നിഫ്റ്റി50ൽ 0.56% താഴ്ന്ന് ടിസിഎസാണ് നഷ്ടത്തിൽ മുന്നിൽ. എൻടിപിസി 0.50%, സിപ്ല 0.47% എന്നിങ്ങനെ താഴ്ന്ന് തൊട്ടുപിന്നാലെയുണ്ട്.
4.65 ലക്ഷം കോടിക്കുതിപ്പ്
ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്നിതുവരെ 4.61 ലക്ഷം കോടി രൂപ വർധിച്ച് 470.08 ലക്ഷം കോടി രൂപയായി. ഇന്നലെ വ്യാപാരാന്ത്യത്തിൽ മൂല്യം 465.47 ലക്ഷം കോടി രൂപയായിരുന്നു.
ശ്രദ്ധ നേടി ഇവരും
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിൽ നിന്ന് വാങ്ങൽ (buy) റേറ്റിങ്ങും 1,850 രൂപ ലക്ഷ്യവിലയും കിട്ടിയ കരുത്തിൽ അദാനി പോർട്സ് ഓഹരി ഇന്ന് 3% ഉയർന്നു. നിലവിൽ വില 1,450 രൂപയാണ്. എസിസി ഒഴികെയുള്ള അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലാണുള്ളത്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന വാർത്തകളെ തുടർന്ന് ഐടിഡി സിമന്റേഷൻ ഓഹരി വില 14 ശതമാനത്തിലധികം മുന്നേറി.
ലോൺഡ്രി സ്ഥാപനമായ ക്വിക്ലോയെ (Quiclo) ഏറ്റെടുക്കാനുള്ള നീക്കത്തെ തുടർന്ന് ജ്യോതി ലാബ്സ് ഓഹരി 2% ഉയർന്നു. ഏറ്റെടുക്കലിലൂടെ ലോൺഡ്രി ശ്രേണിയിലേക്കും ചുവടുവയ്ക്കുകയാണ് ഉജാല ബ്രാൻഡിന്റെ മാതൃകമ്പനിയായ ജ്യോതി ലാബ്സ്. സ്വർണപ്പണയ വായ്പാ വിതരണത്തിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് മാറ്റിയതിനെ തുടർന്ന് ഐഐഎഫ്എൽ ഫിനാൻസ് ഓഹരി ഇന്ന് 11% ഉയർന്നു. വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃസ്ഥാപനം ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരി 2% താഴ്ന്നു. ഇൻവെസ്റ്റെക്കിൽ നിന്ന് വിൽക്കുക (Sell) റേറ്റിങ് കിട്ടിയതാണ് തിരിച്ചടി.
ബ്രോക്കറേജുകളിൽ നിന്ന് വാങ്ങൽ (buy) റേറ്റിങ്ങ് കിട്ടിയ കരുത്തിലാണ് പ്രമുഖ പൊതുമേഖലാ പ്രതിരോധക്കമ്പനികളുടെ ഓഹരികളുടെ കുതിപ്പ്. മാസഗോൺ ഡോക്ക്, ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് എന്നിവ എട്ട് ശതമാനത്തിലധികവും പരസ് ഡിഫൻസ്, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഭാരത് ഡൈനാമിക്സ് എന്നിവ 4% വരെയും ഉയർന്നു.
എന്തുകൊണ്ട് സൂചികകൾ റെക്കോർഡിൽ?
അടിസ്ഥാന പലിശനിരക്ക് കുറച്ച നടപടി ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും പിന്തുടർന്നേക്കുമെന്ന സൂചനകൾ ഓഹരി വിപണികൾക്ക് ഉണർവായിട്ടുണ്ട്. ആഗോളതലത്തിൽ ഓഹരി വിപണികൾ നേട്ടത്തിന്റെ ട്രാക്കിലായിട്ടുമുണ്ട്. യുഎസ് പലിശ കുറച്ചതിനാൽ ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിലേക്ക് വിദേശ നിക്ഷേപം വൻതോതിൽ എത്തുമെന്ന വിലയിരുത്തലുകളും കരുത്താകുന്നു. പുറമേ, നിരവധി കമ്പനികളുടെ ഓഹരികൾ വ്യക്തിഗത മികവോടെ മുന്നേറുന്നതും ഇന്ത്യൻ ഓഹരി സൂചികകളെ ഇന്ന് റെക്കോർഡിലേക്ക് ഉയർത്തി.
എഫ്ടിഎസ്ഇ ഇൻഡെക്സിലേക്ക് ഇവരും
കൊച്ചിൻ ഷിപ്പ്‍യാർഡിന് പുറമേ എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിലേക്ക്, സൂചികയുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഇടംപിടിക്കുന്നത് കീ ഇൻഡസ്ട്രീസ്, ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങി 13 കമ്പനികളാണ്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആദിത്യ ബിർള കാപ്പിറ്റൽ, ടാറ്റ ടെക്നോളജീസ് എന്നിങ്ങനെ നിലവിൽ ഇൻഡെക്സിൽ തുടരുന്ന കമ്പനികളുടെ ഓഹരികളിലേക്ക് അധികമായി 39 കോടി ഡോളർ (3,250 കോടി രൂപ) എത്തുമെന്നും വിലയിരുത്തപ്പെടുന്നു.