കത്തിക്കയറി വിലക്കയറ്റം; 'ലക്ഷ്മണരേഖ' ലംഘിച്ചു, കേരളത്തിലും മുന്നോട്ട്, പലിശഭാരം കുറയാൻ സാധ്യത മങ്ങി
ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്കും ഇടപാടുകാരുടെ ഇഎംഐ ബാധ്യതയും തൽകാലം നിലവിലെ ഉയർന്ന നിരക്കിൽ തന്നെ തുടരും.
ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്കും ഇടപാടുകാരുടെ ഇഎംഐ ബാധ്യതയും തൽകാലം നിലവിലെ ഉയർന്ന നിരക്കിൽ തന്നെ തുടരും.
ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്കും ഇടപാടുകാരുടെ ഇഎംഐ ബാധ്യതയും തൽകാലം നിലവിലെ ഉയർന്ന നിരക്കിൽ തന്നെ തുടരും.
രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയിൽ വൻ കുതിച്ചുകയറ്റം. പച്ചക്കറികളുടെ വില പിടിവിട്ടുയർന്നതോടെ സെപ്റ്റംബറിൽ ചില്ലറ വിലക്കയറ്റത്തോത് അഥവാ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പം (റീറ്റെയ്ൽ പണപ്പെരുപ്പം/Retail Inflation) 9 മാസത്തെ ഉയരമായ 5.49 ശതമാനത്തിലെത്തിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി. ജൂലൈയിൽ 5-വർഷത്തെ താഴ്ചയായ 3.60%, ഓഗസ്റ്റിലെ 3.65% എന്നിങ്ങനെയായിരുന്നു പണപ്പെരുപ്പം.
ഗ്രാമീണമേഖലകളിലാണ് വിലക്കയറ്റത്തോത് കൂടുതലെന്നതും ആശങ്കയാണ്. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.16 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം 5.87 ശതമാനത്തിലെത്തി. നഗരങ്ങളിലേത് 3.14 ശതമാനത്തിൽ നിന്ന് 5.05 ശതമാനമായും കുതിച്ചു. ഭക്ഷ്യ വിലപ്പെരുപ്പം അഥവാ ഫുഡ് ഇൻഫ്ലേഷൻ ഓഗസ്റ്റിലെ 5.66 ശതമാനത്തിൽ നിന്ന് 9.24 ശതമാനത്തിലേക്ക് സെപ്റ്റംബറിൽ കത്തിക്കയറിയതും വലിയ ആശങ്കയാണ്. ജൂലൈയിൽ ഇത് 5.42 ശതമാനമായിരുന്നു. മഴക്കെടുതിയെ തുടർന്ന് കാർഷികോൽപാദനം ഇടിഞ്ഞതാണ് വിനയായത്.
പച്ചക്കറി വില പൊള്ളുന്നു
പച്ചക്കറികളുടെ വില വർധനയാണ് കഴിഞ്ഞമാസം പണപ്പെരുപ്പം കൂടാൻ മുഖ്യകാരണം. ഓഗസ്റ്റിലെ 10.71 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം പച്ചക്കറി വിലനിലവാരം 35.99 ശതമാനത്തിലേക്കാണ് ഉയർന്നത്. ഭവന വിലനിലവാരം 2.66ൽ നിന്ന് 2.78 ശതമാനത്തിലെത്തി. ഇന്ധനം, പയർ വർഗങ്ങൾ, പഞ്ചസാര, ഇറച്ചി, മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രം, പാദരക്ഷകൾ എന്നിവയുടെ വിലനിലവാരം കഴിഞ്ഞമാസം കുറയുകയാണുണ്ടായത്.
കേരളത്തിലും വിലക്കയറ്റം ശക്തം
കേരളത്തിലും വിലക്കയറ്റം കൂടുകയാണെന്ന് വ്യക്തമാക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കഴിഞ്ഞമാസം സംസ്ഥാനത്തെ റീറ്റെയ്ൽ പണപ്പെരുപ്പം. ഓഗസ്റ്റിൽ 4.10 ശതമാനമായിരുന്ന പണപ്പെരുപ്പം കഴിഞ്ഞമാസം 5.52 ശതമാനത്തിലെത്തി. ജൂലൈയിൽ 5.83 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.13ൽ നിന്ന് സെപ്റ്റംബറിൽ 5.92 ശതമാനമായി. നഗരങ്ങളിലേത് 4.03ൽ നിന്ന് 4.81 ശതമാനത്തിലുമെത്തി.
എന്നാൽ, രാജ്യത്ത് പണപ്പെരുപ്പനിരക്ക് കഴിഞ്ഞമാസം ഏറ്റവും കൂടുതൽ ബിഹാറിലായിരുന്നു; 7.50%. ഛത്തീസ്ഗഢ് (7.36%), ഉത്തർപ്രദേശ് (6.74%), ഒഡിഷ (6.56%), ഹരിയാന (6.20%), ഗുജറാത്ത് (6.05%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ഡൽഹിയിലാണ് നിരക്ക് ഏറ്റവും കുറവ്; 3.67%. ബംഗാൾ 4.27 ശതമാനവുമായി തൊട്ടടുത്തുണ്ട്.
എന്താണ് തിരിച്ചടി?
രാജ്യത്തെ ജനങ്ങളുടെ കുടുംബ ബജറ്റിന്റെ മുഖ്യപങ്കും ചെലവിടുന്നത് പച്ചക്കറികൾ വാങ്ങാനാണെന്നിരിക്കേ, അവയ്ക്കാണ് കഴിഞ്ഞമാസം വില വൻതോതിൽ കൂടിയത്. രാജ്യത്ത് അടിസ്ഥാന പലിശനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരത്തിലാണുള്ളത്. റീപ്പോനിരക്ക് പരിഷ്കരിക്കാൻ റിസർവ് ബാങ്ക് പ്രധാനമായും വിലയിരുത്തുന്നത് റീറ്റെയ്ൽ പണപ്പെരുപ്പത്തിന്റെ ദിശയാണ്. ഇത് 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എന്നാൽ, സെപ്റ്റംബറിൽ ഈ 'ലക്ഷ്മണരേഖ' ലംഘിക്കപ്പെട്ടു.
കഴിഞ്ഞ 10 തവണയും റിസർവ് ബാങ്കിന്റെ പണനയ സമിതി (എംപിസി) പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നില്ല. പണപ്പെരുപ്പം വെല്ലുവിളി ഉയർത്തുന്നു എന്നതായിരുന്നു മുഖ്യകാരണം. ഭക്ഷ്യ വിലപ്പെരുപ്പം ഉയർന്നു നിൽക്കുന്നതാണ് റിസർവ് ബാങ്കിനെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. നിലവിൽ റീറ്റെയ്ൽ പണപ്പെരുപ്പം പരിധിവിടുകയും ഭക്ഷ്യ വിലപ്പെരുപ്പം കുതിച്ചുയരുകയും ചെയ്തതോടെ, ഡിസംബറിലെ യോഗത്തിലും എംപിസി പലിശ കുറയ്ക്കാനുള്ള സാധ്യത മങ്ങി. അതായത് ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്കും ഇടപാടുകാരുടെ ഇഎംഐ ബാധ്യതയും തൽകാലം നിലവിലെ ഉയർന്ന നിരക്കിൽ തന്നെ തുടരും.
അതേസമയം, പണപ്പെരുപ്പം രണ്ട് ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ഡിസംബറിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വിരളം. ഭക്ഷ്യ വിലപ്പെരുപ്പമാണ് പ്രധാന വിലങ്ങുതടി. ഒക്ടോബറിലെ പണപ്പെരുപ്പവും കൂടി വിലയിരുത്തിയശേഷമേ പലിശ സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് എംപിസി കടക്കാനിടയുള്ളൂ.