സ്വർണ, എംഎസ്എംഇ വായ്പകൾ വളർത്താൻ സൗത്ത് ഇന്ത്യൻ ബാങ്ക്; നിക്ഷേപങ്ങൾക്കും ഊന്നൽ
ബാങ്കിന്റെ സാമ്പത്തികഭദ്രത സുശക്തമാണ്. 18.04 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (സിഎആർ). കൂടുതൽ മൂലധനം സമാഹരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. എങ്കിലും ഉചിതമായ സമയത്ത് അതുസംബന്ധിച്ച തീരുമാനങ്ങളെടുക്കും.
ബാങ്കിന്റെ സാമ്പത്തികഭദ്രത സുശക്തമാണ്. 18.04 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (സിഎആർ). കൂടുതൽ മൂലധനം സമാഹരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. എങ്കിലും ഉചിതമായ സമയത്ത് അതുസംബന്ധിച്ച തീരുമാനങ്ങളെടുക്കും.
ബാങ്കിന്റെ സാമ്പത്തികഭദ്രത സുശക്തമാണ്. 18.04 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (സിഎആർ). കൂടുതൽ മൂലധനം സമാഹരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. എങ്കിലും ഉചിതമായ സമയത്ത് അതുസംബന്ധിച്ച തീരുമാനങ്ങളെടുക്കും.
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് റീറ്റെയ്ൽ, എംഎസ്എംഇ വായ്പകളും നിക്ഷേപങ്ങളും ഉയർത്താൻ കൂടുതൽ ഊന്നൽ നൽകും. ഇതുവരെ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിൽ ശാഖകൾ തുറന്ന് വിപണി വിപുലീകരിക്കും. ബാങ്കിന്റെ സാമ്പത്തികസ്ഥിതി സുശക്തമാണെന്ന് 'മനോരമ ഓൺലൈനിന്' അനുവദിച്ച അഭിമുഖത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടിവ് ഡയറക്ടർ ഡോൾഫി ജോസ് പറഞ്ഞു. അഭിമുഖത്തിലേക്ക്:
ജൂലൈ-സെപ്റ്റംബർ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭം 18.15% ഉയർന്ന് 325 കോടി രൂപയായി. കിട്ടാക്കടവും മികച്ചതലത്തിലേക്ക് കുറഞ്ഞു. എന്തൊക്കെ ഘടകങ്ങളാണ് മികച്ച പ്രവർത്തനഫലത്തിലേക്ക് നയിച്ചത്?
നിലവാരമുള്ള (കിട്ടാക്കടമാകാൻ സാധ്യത കുറഞ്ഞ) വായ്പകളിൽ ശ്രദ്ധയൂന്നിയതും പ്രവർത്തനഘടന പരിഷ്കരിച്ച് സേവനങ്ങളും ഉൽപന്നങ്ങളും മെച്ചപ്പെടുത്തിയതും മികച്ച പ്രവർത്തനഫലത്തിന് വഴിതുറന്നുവെന്ന് ഞാൻ കരുതുന്നു. ട്രഷറി വരുമാനം ഉയർന്നു. പ്രവർത്തനച്ചെലവ് (കോസ്റ്റ-ടു-ഇൻകം റേഷ്യോ) കുറഞ്ഞു. കഴിഞ്ഞ മാർച്ചിൽ 64.5% ആയിരുന്ന ഇത് ഇപ്പോൾ 58.7 ശതമാനമാണ്. വായ്പകളുടെ റിക്കവറി മികച്ചതാക്കി.
വായ്പാ-നിക്ഷേപ അനുപാതം (സി.ഡി റേഷ്യോ) 80 ശതമാനമെന്ന മെച്ചപ്പെട്ട തലത്തിലാണുള്ളത്. കഴിഞ്ഞപാദത്തിൽ അറ്റ പലിശ അനുപാതം (എൻഐഎം) അൽപം കുറഞ്ഞെങ്കിലും അത് റിസർവ് ബാങ്കിന്റെ പുതിയ ചട്ടപ്രകാരമുണ്ടായ മാറ്റമാണ്. നേരത്തേ പിഴപ്പലിശയെന്നത് പലിശ വരുമാനമായാണ് കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ പ്രവർത്തനേതര വരുമാനമായാണ് കാണുന്നത്. ഇതാണ് എൻഐഎം കുറയാനിടയാക്കിയത്. പൊതുവേ മികച്ചതായിരുന്നു സെപ്റ്റംബർപാദം. വരും പാദങ്ങളിലും ഇതേ മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷ.
വായ്പകളിൽ ഇപ്പോഴും 40% ശതമാനവും കോർപ്പറേറ്റ് വായ്പകളാണ്. അത് വെല്ലുവിളിയല്ലേ?
കോർപ്പറേറ്റ് വായ്പകൾ വെല്ലുവിളിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും സൗത്ത് ഇന്ത്യൻ ബാങ്കിൽ അവയെല്ലാം നിലവാരമുള്ളവയാണ്. എങ്കിലും, അത്തരം വായ്പകളിൽ അധിക ഊന്നലുണ്ടാകില്ല. റീറ്റെയ്ൽ, എംഎസ്എംഇ വായ്പകൾ വളർത്താനാണ് ശ്രമം. ഭവന, വാഹന, സ്വർണപ്പണയ വായ്പകൾക്ക് കൂടുതൽ ശ്രദ്ധ നൽകും. വലിയ വളർച്ചാ സാധ്യതയാണ് ഈ വായ്പ വിഭാഗങ്ങളിൽ കാണുന്നത്.
കിട്ടാക്കടം മികച്ചതലത്തിലേക്ക് കുറയ്ക്കാൻ ബാങ്കിന് സാധിച്ചല്ലോ?
ഓൾഡ് ബുക്കിലെ കിട്ടാക്കട വായ്പകളിൽ റിക്കവറി പ്രവർത്തനങ്ങൾ മികച്ചരീതിയിൽ നടക്കുന്നുണ്ട്. മെല്ലെ ഓൾഡ് ബുക്ക് കിട്ടാക്കട രഹിതമാക്കും. ന്യൂ ബുക്ക് ഏറെ ഭദ്രമാണ്. (സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ മുരളി രാമകൃഷ്ണനാണ് ഓൾഡ് ബുക്കും ന്യൂ ബുക്കും ആവിഷ്കരിച്ചത്. അദ്ദേഹം ചുമതലയേറ്റശേഷമുള്ള വായ്പകളെ ന്യൂ ബുക്കിൽ ഉൾപ്പെടുത്തി. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ ഊർജിതമാക്കുകയായിരുന്നു ലക്ഷ്യം. 2020 സെപ്റ്റംബറിലെ കണക്കനുസരിച്ച് അറ്റ എൻപിഎ 2.53 ശതമാനമായിരുന്നു. ന്യൂ ബുക്ക് വന്നതോടെ ഇപ്പോൾ ബാങ്കിന്റെ അറ്റ എൻപിഎ 1.31 ശതമാനമേയുള്ളൂ).
കൂടുതൽ മൂലധന സമാഹരണത്തിന് പദ്ധതിയുണ്ടോ?
ബാങ്കിന്റെ സാമ്പത്തികഭദ്രത സുശക്തമാണ്. 18.04 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (സിഎആർ). കൂടുതൽ മൂലധനം സമാഹരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. എങ്കിലും ഉചിതമായ സമയത്ത് അതുസംബന്ധിച്ച തീരുമാനങ്ങളെടുക്കും.
ബാങ്കിന്റെ വിപുലീകരണ പ്രവർത്തനങ്ങളെക്കുറിച്ച് പറയാമോ?
സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു യൂണിവേഴ്സൽ ബാങ്കാണ്. കേരളത്തിന് പുറത്ത് 450ൽ അധികം ശാഖകളുണ്ട്. ഇനിയും സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കും. ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും കൂടുതൽ ശ്രദ്ധ വിപുലീകരണത്തിലുണ്ടാകും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം ഇടപാടുകളിൽ 98% ഡിജിറ്റൽ ആണല്ലോ?
അതെ. ഡിജിറ്റൽ ബാങ്കിങ്ങിന് വലിയ പ്രാധാന്യം സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്നുണ്ട്. ഉപഭോക്തൃ സൗഹൃദമായ നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ് ഞങ്ങളുടെ മൊബൈൽ ബാങ്കിങ് ആപ്പായ എസ്ഐബി മിറർ. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ ബാങ്കിങ് സേവനം വിപുലീകരിക്കാനായി നിരവധി ഫിൻടെക് കമ്പനികളുമായും ബാങ്ക് സഹകരിക്കുന്നു. ഗോൾഡ് ലോൺ, നിക്ഷേപ സമാഹരണം, ക്രെഡിറ്റ് കാർഡ് സേവനം തുടങ്ങിയവയിൽ ഇത്തരം സഹകരണമുണ്ട്. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ബാങ്കിനുള്ളത്. 4 ലക്ഷം കാർഡുകൾ ഇതിനകം വിതരണം ചെയ്തു.
ബാങ്കുകളിൽ നിക്ഷേപം കുറയുന്നതിൽ റിസർവ് ബാങ്ക് അടുത്തിടെ ആശങ്ക അറിയിച്ചിരുന്നു. താങ്കൾക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
ആളുകൾ സേവിങ് എന്നതിൽ നിന്ന് നിക്ഷേപം എന്നതിലേക്ക് മാറുന്നതാണ് ഈ ആശങ്കയ്ക്ക് പിന്നിൽ. ഓഹരികളിലേക്കും മ്യൂച്വൽഫണ്ടുകളിലുമാണ് ശ്രദ്ധ. എന്നാൽ, സൗത്ത് ഇന്ത്യൻ ബാങ്കിന് പ്രതിസന്ധിയില്ല. ഞങ്ങളുടെ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) ഉയരുന്നുണ്ട്. മൊത്തം നിക്ഷേപത്തിൽ 30% എൻആർ (പ്രവാസി) അക്കൗണ്ടുകളിലുമാണ്. 80 ശതമാനമാണ് വായ്പാ-നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ). നല്ല പൊസിഷനിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. മ്യൂച്വൽഫണ്ട്, ഇൻഷുറൻസ് തുടങ്ങിയ പ്രവർത്തനേതര വരുമാന വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്കിനും സാന്നിധ്യമുണ്ട്.
- ബാങ്കിങ് രംഗത്ത് 30ലേറെ വർഷത്തെ പരിചയ സമ്പത്തുള്ള ഡോൾഫി ജോസ് ഇക്കഴിഞ്ഞ ജൂലൈയിലാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. കരൂർ വൈശ്യ ബാങ്കിൽ ചീഫ് ജനറൽ മാനേജർ, കോട്ടക് മഹീന്ദ്ര ബാങ്കിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. റീറ്റെയ്ൽ, കൊമേഴ്സ്യൽ ബാങ്കിങ്, ഫിൻടെക്, സൈബർ സെക്യൂരിറ്റി മേഖലകളിൽ വൈദഗ്ധ്യമുണ്ട്.