മാസവരുമാനം 55,000 രൂപ: 10 വർഷത്തിനകം വീടുവയ്ക്കാന് 30 ലക്ഷം സമാഹരിക്കാനാകുമോ?
Q : എനിക്കും (33 വയസ്സ്) ഭാര്യയ്ക്കുംകൂടി 55,000 രൂപയാണ് മാസവരുമാനം. അച്ഛൻ, അമ്മ, രണ്ടുവയസ്സുള്ള മകൾ എന്നിവർ അടങ്ങിയതാണ് കുടുംബം.10 വർഷത്തിനുള്ളിൽ ഒരു വീടു പണിയുകയാണ് പ്രധാന ലക്ഷ്യം. ഞങ്ങളുടെ നിലവിലെ സാമ്പത്തികാവസ്ഥ ചുവടെ ചേർക്കുന്നു ചെലവ് ∙ ഇഎംഐ – 4,350 രൂപ (8 മാസംകൂടി) ∙ ഇൻഷുറൻസ് – 17,000 രൂപ
Q : എനിക്കും (33 വയസ്സ്) ഭാര്യയ്ക്കുംകൂടി 55,000 രൂപയാണ് മാസവരുമാനം. അച്ഛൻ, അമ്മ, രണ്ടുവയസ്സുള്ള മകൾ എന്നിവർ അടങ്ങിയതാണ് കുടുംബം.10 വർഷത്തിനുള്ളിൽ ഒരു വീടു പണിയുകയാണ് പ്രധാന ലക്ഷ്യം. ഞങ്ങളുടെ നിലവിലെ സാമ്പത്തികാവസ്ഥ ചുവടെ ചേർക്കുന്നു ചെലവ് ∙ ഇഎംഐ – 4,350 രൂപ (8 മാസംകൂടി) ∙ ഇൻഷുറൻസ് – 17,000 രൂപ
Q : എനിക്കും (33 വയസ്സ്) ഭാര്യയ്ക്കുംകൂടി 55,000 രൂപയാണ് മാസവരുമാനം. അച്ഛൻ, അമ്മ, രണ്ടുവയസ്സുള്ള മകൾ എന്നിവർ അടങ്ങിയതാണ് കുടുംബം.10 വർഷത്തിനുള്ളിൽ ഒരു വീടു പണിയുകയാണ് പ്രധാന ലക്ഷ്യം. ഞങ്ങളുടെ നിലവിലെ സാമ്പത്തികാവസ്ഥ ചുവടെ ചേർക്കുന്നു ചെലവ് ∙ ഇഎംഐ – 4,350 രൂപ (8 മാസംകൂടി) ∙ ഇൻഷുറൻസ് – 17,000 രൂപ
Q : എനിക്കും (33 വയസ്സ്) ഭാര്യയ്ക്കുംകൂടി 55,000 രൂപയാണ് മാസവരുമാനം. അച്ഛൻ, അമ്മ, രണ്ടുവയസ്സുള്ള മകൾ എന്നിവർ അടങ്ങിയതാണ് കുടുംബം. 10 വർഷത്തിനുള്ളിൽ ഒരു വീടു പണിയുകയാണ് പ്രധാന ലക്ഷ്യം. ഞങ്ങളുടെ നിലവിലെ സാമ്പത്തികാവസ്ഥ ചുവടെ ചേർക്കുന്നു
ചെലവ്
∙ ഇഎംഐ – 4,350 രൂപ (8 മാസംകൂടി)
∙ ഇൻഷുറൻസ് – 17,000 രൂപ (വാർഷികം)
∙ മറ്റു ചെലവുകൾ – 20,000 രൂപ
∙ ബാധ്യത (സ്വർണപ്പണയം) – 90,000 രൂപ
നിക്ഷേപം
∙ ചിട്ടി – മാസം 4,200 (5 ലക്ഷത്തിന്‍റേത്. ഇതുവരെ പിടിച്ചിട്ടില്ല. ഇനി 5 വർഷംകൂടി അടവുണ്ട്)
∙ സുകന്യ സമൃദ്ധി – മാസം 3,000 രൂപ
∙ മ്യൂച്വൽഫണ്ട് എസ്ഐപി – മാസം 4,000 രൂപ
(ഒരു വർഷത്തോളമായി തുടങ്ങിയിട്ട്)
∙ ഓഹരി നിക്ഷേപം – ആകെ 50,000 രൂപ
∙ ചൈൽഡ് ലൈഫ് പ്ലാൻ (യുലീപ്–മാക്സ് ലൈഫ്) – മാസം 2,046 രൂപ (5 വർഷം പ്രീമിയം അടയ്ക്കണം. 15 വർഷംവരെയാണ് കാലാവധി)
ലക്ഷ്യങ്ങൾ
10 വർഷത്തിനുള്ളിൽ ഒരു വീടു പണിയുകയാണ് പ്രധാനലക്ഷ്യം. 30 ലക്ഷം രൂപയാണ് ഇതിനായി ബജറ്റ് കണക്കാക്കുന്നത്. നിക്ഷേപം എങ്ങനെ തുടരണം? ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക. തുക സ്വരുക്കൂട്ടി വീടു പണിയണമെന്നാണ് ആഗ്രഹം.
–സുനിൽ എസ്.
A : സാമ്പത്തികാസൂത്രണം നടത്തി ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്തുന്നതോടൊപ്പം സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനുള്ള താങ്കളുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. സാമ്പത്തികാസൂത്രണം ഉയർന്ന വരുമാനമുള്ളവർക്കു മാത്രമാണ് എന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. എന്നാൽ ഏതു നിലയിലുള്ള വരുമാനമായാലും ശരിയായ രീതിയിൽ ആസൂത്രണം ചെയ്താൽ അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതോടൊപ്പം വലിയ ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുനിൽക്കുവാനുമാകും. വിവിധ നിക്ഷേപങ്ങളിൽ ഒരു തുക മിച്ചംപിടിച്ചു നിക്ഷേപിക്കാനും കഴിയും. ഇത്തരം നിക്ഷേപങ്ങൾ ആ വ്യക്തിയുടെ ജീവിതലക്ഷ്യങ്ങൾക്കും റിസ്ക് എടുക്കാനുള്ള കഴിവിനും അനുസരിച്ചാണോ എന്ന കാര്യംകൂടി മനസ്സിലാക്കിവേണം പ്ലാൻ ചെയ്യാൻ. നിക്ഷേപങ്ങളും ജീവിതലക്ഷ്യങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത രീതിയിലാവും പലരും മുന്നോട്ടുപോകുക.
ഉദാഹരണത്തിന് ഏഴു വർഷം കഴിഞ്ഞുവരുന്ന ലക്ഷ്യത്തിന് 10 വർഷം കഴിഞ്ഞ് കാലാവധി എത്തുന്ന നിക്ഷേപം എടുക്കേണ്ട സാഹചര്യം ഉണ്ടായാലോ? ആ മൂന്നു വർഷത്തെ വ്യത്യാസം പരിഹരിക്കുന്നതിന് വായ്പയെ ആശ്രയിക്കേണ്ടി വരും. ഇതു പലിശയിനത്തിൽ വലിയ നഷ്ടം വരുത്തും. മാത്രമല്ല, നിക്ഷേപത്തിന്റെ ശരിക്കുമുള്ള വളർച്ചയുടെ പ്രയോജനം ലഭിക്കാതെ പോകാനുള്ള സാഹചര്യവും ഉണ്ടാകാം. ഇനി മാറ്റിവയ്ക്കാനാവുന്ന ലക്ഷ്യമാണെങ്കിൽപോലും പണപ്പെരുപ്പംകൂടി കണക്കിലെടുക്കുമ്പോൾ വീണ്ടും നിക്ഷേപത്തിന്റെ യഥാർഥ വളർച്ചയുടെ ആനുകൂല്യം ലഭിക്കാതെ വന്നേക്കാം.
ഇവിടെ താങ്കളുടെ ആകെ വരുമാനം 55,000 രൂപയാണ്. ഇതിൽനിന്നു ജീവിതച്ചെലവുകൾ, ബാധ്യത, തിരിച്ചടവ്, ഇൻഷുറൻസ് എന്നിവയ്ക്കായി മാസം 25,767 രൂപ നീക്കിവയ്ക്കുന്നു. ബാക്കി 29,000 രൂപയോളമാണ് നിക്ഷേപത്തിനായി നീക്കിവയ്ക്കാനാകുക. നിലവിൽ ചിട്ടി (4,200), സുകന്യ സമൃദ്ധി (3,000), മ്യൂച്വൽഫണ്ട് എസ്ഐപി (4,000), ചൈൽഡ് ലൈഫ് പ്ലാൻ–യുലീപ് (2,046) എന്നിങ്ങനെ മാസം 13,246 രൂപ നിക്ഷേപിക്കുന്നുണ്ട്. ബാക്കിയുള്ള 15,750 രൂപയോളം പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയോ, ചെലവഴിക്കുകയോ ചെയ്യുന്നുണ്ടാവും. അതായത്, നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്നതിനെക്കാൾ തുക പ്രത്യേക ഉദ്ദേശ്യങ്ങളില്ലാതെ ഉണ്ട് എന്നു സാരം. താങ്കളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആകെ വരുമാനത്തിന്റെ 30% ഇങ്ങനെ അനാവശ്യ ചെലവിലേക്കു പോകുന്നു എന്നു വേണം കരുതാൻ. ഈ ഒരു വ്യത്യാസം ഭൂരിഭാഗം ആളുകളിലും ഉണ്ടാവാറുണ്ട് എന്നതാണ് യാഥാർഥ്യം. അതായത്, മിച്ചംപിടിക്കാൻ സാധിക്കുന്ന തുകയിൽ ഒരു വിഹിതം മാത്രം നിക്ഷേപിക്കുകയും ബാക്കി തുക ഒരു ലക്ഷ്യവുമില്ലാതെ വിനിയോഗിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ കാര്യമായ നിക്ഷേപം ഇല്ലാതെപോകും. എന്നാൽ ഈ തുക എവിടെ വിനിയോഗിച്ചു എന്നു മനസ്സിലാക്കാനും കഴിയില്ല. ഇത്തരം സാഹചര്യം ഒഴിവാക്കാൻ സാമ്പത്തികാസൂത്രണം ഏറെ സഹായിക്കും.
വീടിന് 30 ലക്ഷമല്ല, വേണം 54 ലക്ഷം
പത്തു വർഷത്തിനുള്ളിൽ 30 ലക്ഷം രൂപ ബജറ്റ് വരുന്ന വീടു പണിയുക എന്നതാണല്ലോ പ്രധാന ലക്ഷ്യം. ഇതോടൊപ്പം കുട്ടിയുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് എന്നിവകൂടി ജീവിതലക്ഷ്യത്തിന്റെ ഭാഗമാണ്. ഇത്തരം ലക്ഷ്യങ്ങൾക്കൂടി മുൻകൂട്ടി പ്ലാൻ ചെയ്ത് നേരത്തെ നിക്ഷേപിച്ചുതുടങ്ങിയാൽ കുറഞ്ഞ നിക്ഷേപംകൊണ്ടുതന്നെ ആവശ്യമായ തുക കണ്ടെത്താനാകും.
ഇപ്പോൾ മുപ്പതു ലക്ഷം രൂപ ചെലവുവരുന്ന വീടാണ് ലക്ഷ്യമെന്നു കരുതുന്നു. പക്ഷേ, പത്തുവർഷം കഴിഞ്ഞ് വീടു പണിയുമ്പോൾ 6% പണപ്പെരുപ്പം കണക്കാക്കിയാൽപോലും 54 ലക്ഷം രൂപ വേണ്ടിവരും. നിലവിൽ അടയ്ക്കുന്ന അഞ്ചു ലക്ഷം രൂപയുടെ ചിട്ടിയിൽ അഞ്ചു വർഷം കഴിയുമ്പോൾ 4.50 ലക്ഷം രൂപ കിട്ടും. അതിനുശേഷം അഞ്ചുവർഷംകൂടി കഴിഞ്ഞാണ് വീടു പണിയുന്നത്. ഇക്കാലയളവിൽ ഈ തുക സ്ഥിരനിക്ഷേപമായി ഇടാം. അതുവഴി അടുത്ത പത്തു വർഷംകൊണ്ടു 6 ലക്ഷം രൂപ സമാഹരിക്കാനാകും. ബാക്കി 48 ലക്ഷം രൂപ പ്രതിമാസ നിക്ഷേപത്തിലൂടെ സ്വരൂപിക്കണം. 12% വളർച്ച പ്രതീക്ഷിക്കാവുന്ന ഇക്വിറ്റിഫണ്ടിൽ 21,500 രൂപ വീതം നിക്ഷേപിച്ചാൽ ഈ തുക സമാഹരിക്കാനാകും. നിലവിലെ ചിട്ടിയടവ് 4,200 രൂപയും അധികമായി നിക്ഷേപിക്കേണ്ടിവരുന്ന 21,500 രൂപയും ചേർത്ത് ആകെ 25,700 രൂപ വീട് എന്ന ലക്ഷ്യത്തിനായി മാസം നീക്കിവയ്ക്കണം. ആകെ മിച്ചംപിടിക്കുന്നത് 29,000 രൂപയിൽനിന്ന് 25,700 രൂപ മാറ്റിയാൽ ബാക്കി 3,300 രൂപയാണ് മിച്ചം. ഇതിൽനിന്ന് 2,046 രൂപ യുലിപ് പോളിസിക്കായി മാറ്റിയാൽ ബാക്കി 1,250 രൂപയാണ് മിച്ചം ഉണ്ടാവുക. ഫലത്തിൽ, ഇപ്പോൾ മിച്ചംപിടിക്കാൻ സാധിക്കുന്ന മുഴുവൻ തുകയും നിക്ഷേപത്തിനായി വിനിയോഗിക്കേണ്ടിവരും.
തൊണ്ണൂറായിരം രൂപയുടെ സ്വർണവായ്പ ബാധ്യതയായി നിൽക്കുന്നുണ്ട്. ഈ ബാധ്യത എത്രയും വേഗം തീർക്കാൻ ശ്രമിക്കണം. അടുത്ത എട്ടു മാസം ഇഎംഐ ആയി 4,350 രൂപ വീതം അടയ്ക്കാനുണ്ട്. അതിനുശേഷം തുടർന്നുള്ള 20 മാസം സ്വർണവായ്പ തിരിച്ചടവിനായി വിനിയോഗിച്ചാൽ ഈ ബാധ്യത തീർക്കാനാകും. അതായത്, അടുത്ത 28 മാസംകൊണ്ടു ബാധ്യതകളിൽനിന്നു പൂർണമായും മാറാനാകും.
കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഇന്നത്തെ നിലയിൽ അഞ്ചു ലക്ഷം രൂപ നീക്കിവയ്ക്കാൻ നോക്കാം. ഈ തുകയ്ക്ക് 8% പണപ്പെരുപ്പം കണക്കാക്കിയാൽ 16 ലക്ഷം രൂപ കുട്ടിയുടെ 17–ാം വയസ്സിൽ സമാഹരിക്കണം. ഈ തുക സമാഹരിക്കാൻ നിലവിൽ മിച്ചം തുക ഇല്ലാത്തതുകൊണ്ടു സ്വർണവായ്പ തീരുന്നതനുസരിച്ച് ഈ ലക്ഷ്യത്തിലേക്ക് 4,000 രൂപവീതം നിക്ഷേപിച്ചുതുടങ്ങാം. ദീർഘകാല നിക്ഷേപമായതുകൊണ്ട് ഇക്വിറ്റിഫണ്ട് നിക്ഷേപമാകും അനുയോജ്യം. 12% വളർച്ച ലഭിച്ചാൽ 12 ലക്ഷം രൂപ സമാഹരിക്കാനാകും. ഇപ്പോൾ കുട്ടിയുടെ പേരിൽ നിക്ഷേപിച്ചുവരുന്ന ചൈൽഡ് ലൈഫ് പ്ലാൻ ശരാശരി 10% വളർച്ച ലഭിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 4 ലക്ഷം രൂപ ലഭിക്കും എന്നു പ്രതീക്ഷിക്കാം. ഈ തുകയുംകൂടി ചേർത്ത് കുട്ടിയുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താം.
ഇന്നത്തെ 15,000 രൂപ ജീവിതച്ചെലവിനു തുല്യമായ തുക, 56–ാം വയസ്സിൽ വിരമിച്ചശേഷം 80വയസ്സുവരെയെങ്കിലും ലഭിക്കണം. അതിനായി 1.50 കോടി രൂപയോളം റിട്ടയർമെന്റ് സമയത്ത് സമാഹരിക്കേണ്ടതുണ്ട്. പക്ഷേ, അതിന് ഇനി 23 വർഷം കൂടിയുള്ളതുകൊണ്ടു ഈ തുക അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിലൂടെ സമാഹരിക്കാനാകും. അടുത്ത അഞ്ചുവർഷത്തോടെ ചിട്ടി, യുലീപ് അടവുകൾ തീരും. ഈ തുകകൾ ഉപയോഗിച്ച് റിട്ടയർമെന്റ് തുക സമാഹരിക്കാനായി തുടങ്ങാം. അതായത്, 6,500 രൂപവീതം അഞ്ചു വർഷത്തിനുശേഷം ഈ ലക്ഷ്യത്തിലേക്കു നിക്ഷേപിച്ചുതുടങ്ങുക. 18 വർഷംകൊണ്ടു 12% വളർച്ച ലഭിച്ചാൽ ഈ തുക 46 ലക്ഷം രൂപയായി മാറും. വീട് എന്ന സ്വപ്നം സഫലീകരിച്ചശേഷം പത്തുവർഷം കഴിഞ്ഞ് അതിലേക്കു നിക്ഷേപിച്ചുവരുന്ന 21,500 രൂപ റിട്ടയർമെന്റിനായി നീക്കിവയ്ക്കുക. 13 വർഷംകൊണ്ട് ഈ തുക 77 ലക്ഷം രൂപയായിമാറും. ഇത്തരത്തിൽ ആകെ 1.23 കോടി രൂപ സമാഹരിക്കാനാകും. ഭാവിയിൽ മറ്റു വരുമാനങ്ങളും ശമ്പള വർധനവുംകൂടി മാറ്റിവയ്ക്കാനായാൽ ഈ ലക്ഷ്യത്തിനുള്ള ബാക്കി തുകകൂടി കണ്ടെത്താം.
രണ്ടുപേരുടെയും കരിയർ തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ കൂടുതൽ വരുമാനം ലഭിക്കുംവിധം ജോലിയിൽ മാറ്റമോ, കയറ്റമോ വരുത്താൻ സാധിക്കാവുന്നതേയുള്ളൂ. അതുവഴി ജീവിതനിലവാരം കുറെക്കൂടി മെച്ചപ്പെടുത്താനും കൂടുതൽ തുക നിക്ഷേപത്തിനായി കണ്ടെത്താനും കഴിയും.
ലേഖകൻ ജിയോജിത്തിന്റെ പ്ലാനിങ് വിഭാഗമായ സ്റ്റെപ്സിലാണ് ( ഓഗസ്റ്റ് മാസം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)