യുദ്ധം, അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂട്, ഫെഡ് നിരക്ക് കുറയ്ക്കൽ: ഇന്ത്യൻ ഓഹരി വിപണി വരുംവാരം തിളച്ചു മറിയുമോ?
രാജ്യാന്തര വിപണിക്കൊപ്പം 2%ൽ കൂടുതൽ മുന്നേറിയ ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് ഉയരങ്ങൾ സ്വന്തമാക്കി. രാജ്യാന്തര വിപണി പിന്തുണക്കൊപ്പം വിദേശ ഫണ്ടുകളുടെ വാങ്ങലും, വ്യാഴാഴ്ചത്തെ ഷോർട് കവറിങ്ങും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ ഐടി, ഫാർമ, മെറ്റൽ
രാജ്യാന്തര വിപണിക്കൊപ്പം 2%ൽ കൂടുതൽ മുന്നേറിയ ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് ഉയരങ്ങൾ സ്വന്തമാക്കി. രാജ്യാന്തര വിപണി പിന്തുണക്കൊപ്പം വിദേശ ഫണ്ടുകളുടെ വാങ്ങലും, വ്യാഴാഴ്ചത്തെ ഷോർട് കവറിങ്ങും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ ഐടി, ഫാർമ, മെറ്റൽ
രാജ്യാന്തര വിപണിക്കൊപ്പം 2%ൽ കൂടുതൽ മുന്നേറിയ ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് ഉയരങ്ങൾ സ്വന്തമാക്കി. രാജ്യാന്തര വിപണി പിന്തുണക്കൊപ്പം വിദേശ ഫണ്ടുകളുടെ വാങ്ങലും, വ്യാഴാഴ്ചത്തെ ഷോർട് കവറിങ്ങും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ ഐടി, ഫാർമ, മെറ്റൽ
രാജ്യാന്തര വിപണിയ്ക്കൊപ്പം ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ച റെക്കോർഡ് ഉയരങ്ങൾ സ്വന്തമാക്കി. വിദേശ ഫണ്ടുകളുടെ വാങ്ങലും വ്യാഴാഴ്ചത്തെ ഷോർട് കവറിങ്ങും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ ഐടി, ഫാർമ, മെറ്റൽ സെക്ടറുകൾക്ക് നൽകിയ പിന്തുണ അടുത്ത ആഴ്ചയും തുടർന്നേക്കാം.
മുൻആഴ്ചയിൽ റെക്കോർഡ് തകർച്ച നേരിട്ട് 24852 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വ്യാഴാഴ്ച 25433 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ച 25356 പോയിന്റിലാണവസാനിച്ചത്. വ്യാഴാഴ്ച 83116 പോയിന്റെന്ന പുതിയ ഉയരം കുറിച്ച സെൻസെക്സ് വെള്ളിയാഴ്ച 82890 പോയിന്റിലും ക്ളോസ് ചെയ്തു.
ഫെഡ് നിരക്ക് കുറക്കൽ രാജ്യാന്തര വിപണിക്ക് നൽകുന്ന മുന്നേറ്റം ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. തിങ്കളും, ചൊവ്വയും ചൈനീസ് വിപണി അവധിയാണെന്നതും വിപണിക്ക് അനുകൂലമായേക്കാം. ഫെഡ് നിരക്ക് ആവേശത്തിൽ നിന്നും രാജ്യാന്തര വിപണി അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടിലേക്കും, ഇന്ത്യൻ വിപണി രണ്ടാം പാദഫലങ്ങളിലേക്കും ശ്രദ്ധ തിരിക്കും. യുദ്ധവ്യാപന വാർത്തകളും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ഐടി, ഫാർമ സെക്ടറുകൾ നാസ്ഡാകിനെ പിന്തുടരുമ്പോൾ ഫെഡ് നിരക്ക് കുറയ്ക്കലിലും, ചൈനീസ് നിരക്ക് കുറയ്ക്കൽ പിന്തുണയിലും പ്രതീക്ഷ വെച്ച് ലോഹ വിലയും ഉയർന്നേക്കാവുന്നത് മെറ്റൽ ഓഹരികൾക്കു പ്രതീക്ഷയാണ്.
ഫെഡ് നിരക്ക് കുറക്കും
സെപ്തംബർ 18ന് ബുധനാഴ്ച ഫെഡ് റിസർവ് നിരക്ക് കുറയ്ക്കൽ തീരുമാനങ്ങളും, നയവ്യതിയാനങ്ങളും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയെ ചുറ്റിപ്പറ്റിയുള്ള ഊഹങ്ങളും, കണക്ക്കൂട്ടലുകളും തന്നെയാകും അടുത്ത ആഴ്ചയിലും ലോക വിപണിയുടെ ഗതി നിർണയിക്കുക. 2023 ജൂലൈ മാസത്തിൽ അവസാനമായി നടത്തിയ നിരക്കുയർത്തലോടെ 5.25%ൽ എത്തിച്ച ശേഷം ഒരു കൊല്ലമായി അതേ നിരക്കിൽ തുടരുന്ന അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്ക് ഈയാഴ്ച കുറച്ച് തുടങ്ങുന്നത് ലോകവിപണിക്ക് പുത്തൻ ഉയരങ്ങൾ നൽകിയേക്കാം.
ഫെഡ് റിസർവ് ഇത്തവണ ആദ്യഘട്ടത്തിൽ തന്നെ 50 ബേസിസ് പോയിന്റ് നിരക്കിളവ് നടത്തിയേക്കുമെന്ന വിപണി ധാരണ വെള്ളിയാഴ്ചയും അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. വെള്ളിയാഴ്ച 0.65% മുന്നറിയ നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 5% നേട്ടമുണ്ടാക്കിയപ്പോൾ എസ്&പി 3.2%വും, ഡൗ ജോൺസ് 2%വും മുന്നേറ്റം നേടി. ചൈനയൊഴികെയുള്ള ഏഷ്യൻ വിപണികളും കഴിഞ്ഞ ആഴ്ച ‘ഫെഡ് പ്രതീക്ഷ’യിൽ മുന്നേറ്റം നടത്തി. ബാങ്ക് ഓഫ് ജപ്പാന്റെ നിരക്കുയർത്തൽ ഭീഷണികൾ മറികടന്ന് ജപ്പാന്റെ നിക്കി സൂചിക കഴിഞ്ഞ ആഴ്ചയിൽ 3%ൽ കൂടുതൽ നേട്ടമുണ്ടാക്കി.
നിരക്ക് കുറച്ച് ഇസിബി
ഫെഡ് റിസർവിന്റെ നിരക്ക് കുറക്കലിന് മുന്നോടിയായി യൂറോപ്യൻ കേന്ദ്ര ബാങ്കായ ഇസിബി അടിസ്ഥാന പലിശനിരക്ക് 4.25%ൽ നിന്നും 3.65%ലേക്ക് കുറച്ചത് ലോക വിപണിക്ക് പിന്തുണ നൽകി. നിരക്ക് കുറക്കലിനെ തുടർന്ന് വ്യാഴാഴ്ച യൂറോപ്യൻ വിപണികളും മുന്നേറിയിരുന്നു.
അടുത്ത ആഴ്ചയിൽ ലോക വിപണിയിൽ
∙ഫെഡ് റിസർവ് യോഗം ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് നടക്കുക. ഫെഡിന്റെ പുതിയ നയങ്ങളും, പലിശ സൂചനകളും, ഫെഡ് ചെയർമാന്റെ പ്രസംഗവും ബുധനാഴ്ചയാണ് നടക്കുക.
∙ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ പലിശനിരക്ക് വ്യാഴാഴ്ചയും, പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെയും, ബാങ്ക് ഓഫ് ജപ്പാന്റെയും പുതിയ പലിശ നിരക്കുകൾ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുന്നത്
∙അമേരിക്കൻ റീറ്റെയ്ൽ വില്പനക്കണക്കുകളും, വ്യാവസായികോല്പാദനകണക്കുകളും ചൊവ്വാഴ്ചയും, ഹൗസിങ് ഡേറ്റ ബുധനാഴ്ചയും, ജോബ് ഡേറ്റ വ്യാഴാഴ്ചയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙യൂറോ സോൺ, ബ്രിട്ടീഷ് റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ബുധനാഴ്ചയും, ബ്രിട്ടീഷ് റീറ്റെയ്ൽ വില്പനക്കണക്കുകൾ വെള്ളിയാഴ്ചയും യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും.
∙നാളെ ഇന്ത്യയുടെ കയറ്റുമതികണക്കുകളും, ചൊവ്വാഴ്ച ഭക്ഷ്യവിലക്കയറ്റവും, മൊത്തവിലക്കയറ്റക്കണക്കുകളും പുറത്ത് വരുന്നു.
ഓഹരികളും സെക്ടറുകളും
∙ചൈനയിൽ നിന്നുമുള്ള ബയോടെക് കമ്പനികൾക്ക് അമേരിക്കയിൽ പ്രവർത്തിക്കുന്നതിൽ നിന്നും നിരോധനം ഏർപ്പെടുത്താനുള്ള ബില്ലിന് അമേരിക്കൻ സെനറ്റിന്റെ ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ അനുമതി ലഭിച്ചത് ചൈനീസ് ഫാർമ മേഖലക്ക് തിരിച്ചടിയാണ്. ബിൽ അമേരിക്കൻ സെനറ്റിലും, ഹൗസിലും പാസായാൽ ഇന്ത്യൻ ഫാർമ, ബയോ ടെക്ക് കമ്പനികളുടെ സാധ്യതയേറും.
∙ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വർദ്ധിപ്പിക്കാനായി പ്രഖ്യാപിച്ച 10900 കോടി രൂപയുടെ പിഎം ഇ-ഡ്രൈവ് പദ്ധതി ഇലക്ട്രിക് ടൂവീലറുകളുടെയും, ഇലക്ട്രിക് ത്രീവീലറുകളുടെയും, ട്രക്കുകളുടെയും വില്പന ത്വരിതപ്പെടുത്തുമെന്നത് അതാത് സെക്ടറുകളിലെ ഓഹരികൾക്ക് അനുകൂലമാണ്. ഓല ഇലക്ട്രിക്, രത്തൻ ഇന്ത്യ എന്റർപ്രൈസസ്, ഗ്രീവ്സ് കോട്ടൺ, ഹീറോ, ടിവിഎസ് മോട്ടോഴ്‌സ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.
∙സ്വർണവില മുന്നേറുന്നത് ജ്വല്ലറി ഓഹരികൾക്കും, സ്വർണ പണയസ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും അനുകൂലമാണ്.
∙ക്രൂഡ് ഓയിൽ വില വീഴ്ച ഓയിൽ മാർക്കറ്റിങ് ഓഹരികൾക്കൊപ്പം ടയർ, പെയിന്റ്, പ്ലാസ്റ്റിക്, എഫ്എംസിജി ഓഹരികൾക്കും അനുകൂലമാണ്.
∙∙തേജസ് യുദ്ധ വിമാനങ്ങളും, ധ്രുവ് ഹെലികോപ്ടറുകളും വാങ്ങാൻ ഈജിപ്ത് പദ്ധതിയിടുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് അനുകൂലമാണ്.
കഴിഞ്ഞ വർഷം 272% മുന്നേറ്റം നേടിയ സുസ്‌ലോൺ എനർജിയുടെ വിൻഡ് മിൽ ഓർഡർ ബുക്കിന്റെ വലുപ്പം 5 ജിഗാ വാട്ടിന്റെതാണ്. കഴിഞ്ഞ ആഴ്ച എൻടിപിസിയിൽ നിന്നും ലഭിച്ച 1166 മെഗാവാട്ടിന്റെ ചരിത്ര ഓർഡർ ഓഹരിക്ക് വീണ്ടും കുതിപ്പ് നൽകിയിരുന്നു. ഒരു മെഗാവാട്ട് വിൻഡ് മില്‍ സ്ഥാപിക്കാനുള്ള ശരാശരി ചെലവ് ആറര കോടി രൂപയാണ്.
∙ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിലും, ജെഎൽ ആർ മോഡലുകൾക്ക് വിദേശത്തും വില കുറച്ചത് വരും പാദങ്ങളിൽ ടാറ്റ മോട്ടോഴ്സിന്റെ മാർജിനെ ബാധിക്കുമെന്നത് പരിഗണിച്ച് വിദേശ നിക്ഷേപക സ്ഥാപനമായ യൂബിഎസ് ടാറ്റ മോട്ടോഴ്‌സിന് 825 രൂപ ലക്‌ഷ്യം പ്രഖ്യാപിച്ചത് ഓഹരിക്ക് വലിയ തിരുത്തലാണ് നൽകിയത്. ഉൽസവകാലത്തെ കാറുകളുടെ വിലക്കിഴിവ് കമ്പനിയുടെ വില്പനവളർച്ചക്ക് വഴി വച്ചേക്കാവുന്നത് പ്രതീക്ഷയാണ്,
∙ടാറ്റ പവർ ഇവി ചാർജിങ് സൊല്യൂഷൻ ടാറ്റ മോട്ടോഴ്‌സുമായി 200 അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായി കരാറൊപ്പിട്ടത് വെള്ളിയാഴ്ച ടാറ്റ മോട്ടോഴ്സിനും, ടാറ്റ പവറിനും മുന്നേറ്റം നൽകി.
∙വൊഡാഫോൺ ഐഡിയക്ക് 2.50 രൂപ ഡിസ്‌കൗണ്ട് വിലയിട്ട് തകർത്ത ഗോൾഡ്മാൻ സാക്‌സ് കമ്പനിയുടെ മുൻപ് നടന്ന എഫ്പിഓയിൽ പങ്കെടുത്തിരുന്നത് അമേരിക്കൻ ബ്രോക്കറുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്. നേരത്തെ യൂബിഎസ് ഐഡിയക്ക് 18 രൂപ വിലയിട്ട് ഓഹരിവില കയറ്റിയ ശേഷം 16.57 രൂപക്ക് ഓഹരി വിറ്റ് ഒഴിഞ്ഞിരുന്നു.
∙വായ്പ-നിക്ഷേപ അനുപാതം ക്രമപ്പെടുത്താനായി എച്ച്ഡിഎഫ്സി ബാങ്കിന്റെ 8400 കോടി രൂപയുടെ ലോൺ ബുക്ക് വിറ്റൊഴിയാനായി വിദേശ-ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളുമായി ചർച്ചയിലാണ്.
∙യെസ് ബാങ്കിലെ എസ്ബിഐ ഓഹരി വില്പന പദ്ധതിക്ക് വിദേശകമ്പനിക്ക് 51% ഓഹരിപങ്കാളിത്തം നൽകാനാവില്ല എന്ന ആർബിഐയുടെ നിലപാടാണ് വിലങ്ങു തടിയാകുന്നത്.
∙സ്വിഗ്ഗിയുടെ ഐപിഓ വരാനിരിക്കുന്നതും, ബ്ലിങ്കിറ്റിന്റെ മികച്ച മൂല്യവും സൊമാറ്റോയുടെ സ്വീകാര്യതയും വർദ്ധിപ്പിച്ചു.
ലിസ്റ്റിങ്
നാളെയാണ് ബജാജ് ഹൗസിങ് ഫിനാൻസ് ലിസ്റ്റ് ചെയ്യുന്നത്. ക്രോസ്സ് ലിമിറ്റഡും, ടോളിൻസ് ടയേഴ്‌സും നാളെ തന്നെയാണ് ലിസ്റ്റ് ചെയ്യുന്നത്.
3 ലക്ഷം കോടി രൂപ സമാഹരിച്ച ബജാജ് ഹൗസിങ്ങിന്റെ ഐപിഓ വിജയം ഇന്ത്യൻ വിപണിയുടെ വലിയ സാധ്യതയുടെ സൂചനയാണ്. ഓഹരി ഗ്രേ മാർക്കറ്റിൽ 100%ൽ കൂടുതൽ പ്രീമിയത്തിൽ വ്യാപാരം നടന്നത് മികച്ച ലിസ്റ്റിങ് സാധ്യതയാണ് സൂചിപ്പിക്കുന്നത്.
പതിനാറിരട്ടി അപേക്ഷകൾ ലഭിച്ച ക്രോസ്സ് ലിമിറ്റഡിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയം അൻപത് രൂപയാണ്.
ടോളിൻസ് ടയേഴ്‌സ് ഇഷ്യൂ വിലയിൽ നിന്നും 30 രൂപ പ്രീമിയത്തിൽ 256 രൂപയിലാണ് ഗ്രേ മാർക്കറ്റിൽ തുടരുന്നത്.
ഐപിഓ
വെള്ളിയാഴ്ച ആരംഭിച്ച വെസ്റ്റേൺ ക്യാരിയേഴ്സിന്റെ ഐപിഓ ബുധനാഴ്ചയാണ് അവസാനിക്കുന്നത്.
തിങ്കളാഴ്ച ആരംഭിക്കുന്ന ആർകേഡ് ഡെവലപ്പേഴ്സിന്റെയും, നോർത്തേൺ ആർക്ക് ക്യാപിറ്റലിന്റെയും ഐപിഓകൾ വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്.
ക്രൂഡ് ഓയിൽ
ആഴ്ചകൾ നീണ്ട വീഴ്ചകൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയിൽ ക്രൂഡ് ഓയിൽ നേട്ടം കുറിച്ചു. ചൈനയിൽ ക്രൂഡ് ഓയിലിന്റെ ആവശ്യകത കുറയുമെന്ന സൂചനക്ക് പിന്നാലെ അമേരിക്കയിലെ മാന്ദ്യ സൂചനകളുമാണ് ക്രൂഡ് ഓയിൽ വില വീഴാൻ ഇടയാക്കിയത്. ഫെഡ് റിസർവ് അടുത്ത ആഴ്ച നിരക്ക് കുറക്കാനിരിക്കെ ബ്രെന്റ് ക്രൂഡ് ഓയിൽ 72 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
രാജ്യാന്തര സ്വർണ വില വീണ്ടും റെക്കോർഡ് മുന്നേറ്റം നടത്തി. വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ 2614 ഡോളർ വരെ മുന്നേറിയ സ്വർണം 2606 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡ് നിരക്ക് കുറക്കുന്നത് ഡോളറിനും, ബോണ്ട് യീൽഡിനും തിരുത്തൽ നല്കുമെന്നതും, യുദ്ധവ്യാപന സാധ്യതയുമാണ് സ്വർണത്തിന്റെ മുന്നേറ്റത്തിന് ആധാരമായത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക