ആന്ദ്രെ റസൽ മികച്ച കായികക്ഷമതയോടെ എല്ലാ കളികളും കളിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രധാനമായും ചെയ്യേണ്ടത്. ട്വന്റി20 ക്രിക്കറ്റിൽ നാടകീയ ഇന്നിങ്സുകളിലൂടെ കളിയുടെ ഗതി മാറ്റാനാവുന്നവർ വേറെയുണ്ടെങ്കിലും എല്ലാ കളികളിലും റസൽ മൂന്നോ നാലോ ഓവർ ബാറ്റു ചെയ്താൽ ടീം ജയപക്ഷത്താവുമെന്നതുകൊണ്ടാണ് അദ്ദേഹം ഐപിഎല്ലിലെ വിലയേറിയ താരങ്ങളിലൊരാളാവുന്നത്.
വിലക്കിന്റെ കാലത്തും റസലിനെ പിന്തുണച്ച് അദ്ദേഹത്തെ ടീമിൽ നിലനർത്താൻ ശ്രദ്ധിച്ച കെകെആർ ഇപ്പോഴതിന്റെ ഗുണം അനുഭവിക്കുകയാണ്. വിശ്വസ്തത വളർത്തിയെടുക്കേണ്ടതാണ്. എത്ര പണം നൽകുന്നുവെന്നതല്ല, ആവശ്യങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാവുക എന്നതാണ് പ്രധാനം. റസൽ, സുനിൽ നരെയ്ൻ എന്നിവരുടെ വിഷമസന്ധികളിൽ കെകെആർ എപ്പോഴും തുണയായി കൂടെയുണ്ടായിരുന്നു. ഇരുവരും മികച്ച കളിയിലൂടെ അതിനു നന്ദി കാട്ടുന്നു.
ഇരുവർക്കും ഈ ഐപിഎൽ ഉജ്വലനേട്ടങ്ങളുടേതാണ്. ഐപിഎൽ ഫൈനലിന്റെ അവസാന പന്തിൽ വിക്കറ്റെടുത്ത് കളി ജയിപ്പിച്ചാലും നരെയ്ന്റെ മുഖത്ത് അമിതാഹ്ലാദമൊന്നും പ്രകടമാകില്ല. നിർമമത അതിന്റെ സമുന്നതിയിൽ നരെയ്നിൽ കാണാനാകും.
നിതീഷ് റാണയും വേണ്ടപ്പോൾ തിളങ്ങി ടീമിന് മുതൽക്കൂട്ടാകുന്നു. ഡൽഹി ഡെയർഡെവിൾസിനെതിരെ റോബിൻ ഉത്തപ്പയുടെ ചെറുതെങ്കിലും മനോഹരമായ ഇന്നിങ്സ് എത്ര നിർണായകമായെന്നു കാണുക. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ സഞ്ജു സാംസൺ ചെയ്തതുപോലെ ഈ മുപ്പതുകൾ എഴുപതുകളും എൺപതുകളുമാക്കി മാറ്റാൻ ഉത്തപ്പ ശ്രദ്ധിക്കണം. ഉത്തപ്പയും റാണയും ഇതുപോലെ രണ്ടോ മൂന്നോ ഇന്നിങ്സ് കൂടി കളിച്ചാൽ കെകെആർ ശരിക്കും സൂപ്പർ ടീമായി മാറും.
സാംസന്റെ കളി എന്നെ ശരിക്കും സന്തോഷിപ്പിച്ചു. ഈ യുവാവിൽ സവിശേഷമായ പ്രതിഭാ തിളക്കം ഞാൻ കാണുന്നു. ഇതുപോലുള്ള ഇന്നിങ്സുകളിലൂടെ അദ്ദേഹമത് ഇനിയും കാണിച്ചുകൊടുക്കണം. താനൊരു നല്ല വിക്കറ്റ് കീപ്പർ കൂടിയാണെന്ന കാര്യം കൂടി അദ്ദേഹം ഇടക്കിടെ ഓർമിപ്പിക്കുന്നതും നല്ലതാണ്. കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണിൽ സാംസൺ മികച്ച ഫോമിലായിരുന്നു. എല്ലാവരും ശ്രദ്ധിക്കുന്ന ഏറ്റവും നല്ല വേദിയാണ് ഐപിഎൽ. രാജസ്ഥാൻ റോയൽസ് കൊൽക്കത്തയെ നേരിടുമ്പോൾ എല്ലാ കണ്ണുകളും ഈ യുവാവിലായിരിക്കും.