സ്മൃതിക്കു സെഞ്ചുറി; വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്കു രണ്ടാം വിജയം

വിൻഡീസിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ.

ലണ്ടൻ ∙ ഇംഗ്ലണ്ടിനെതിരെ നഷ്ടമായ സെഞ്ചുറി വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ ഓപ്പണർ സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ (106*) കരുത്തിൽ വെസ്റ്റ് ഇൻഡീസിനെ ഏഴുവിക്കറ്റിനു തോൽപിച്ച ഇന്ത്യ വനിതാ ലോകകപ്പിൽ രണ്ടാം വിജയമാഘോഷിച്ചു. ഇംഗ്ലണ്ടിനെ കീഴടക്കിയ ആദ്യമൽസരത്തിൽ 90 റൺസ് നേടി വിജയശിൽപിയായ സ്മൃതി, ഇന്നലെ 13 ഫോറും രണ്ടു സിക്സും ഉൾപ്പെടെയാണു സെഞ്ചുറി തികച്ചത്.

ക്യാപ്റ്റൻ മിതാലി രാജിനൊപ്പം (46) മൂന്നാം വിക്കറ്റിൽ 108 റൺസ് കൂട്ടുകെട്ടു പടുത്തുയർത്തിയ സ്മൃതി, 45 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. മിതാലി ക്രീസിലെത്തുമ്പോൾ രണ്ടിനു 33 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു ഇന്ത്യ.

സ്കോർ: വെസ്റ്റ് ഇൻഡീസ് – 50 ഓവറിൽ എട്ടിന് 183. ഇന്ത്യ: 42.3 ഓവറിൽ മൂന്നിനു 186.

നേരത്തെ, ടോസ് നേടിയ ക്യാപ്റ്റൻ മിതാലി രാജ് ബോളിങ് തിരഞ്ഞെടുക്കുയായിരുന്നു. ഇടംകൈ സ്പിന്നർമാരായ പൂനം യാദവ്, ദീപ്തി ശർമ, ഓഫ് സ്പിന്നർ ഹർമൻപ്രീത് കൗർ എന്നിവരുടെ മികച്ച ബോളിങ്ങാണ് വെസ്റ്റ് ഇൻഡീസിനെ വരച്ച വരയിൽ നിർത്തിയത്. മൂവരും രണ്ടുവിക്കറ്റ് വീതം നേടി. 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസിലായിരുന്ന ടീം ഇതോടെ, ആറിനു 91 എന്ന നിലയിലേക്കു കൂപ്പുകുത്തി. വി‍ൻഡീസ് നിരയിൽ 43 റൺസുമായി ഹെയ്‌ലി മാത്യൂസ് ടോപ്സ്കോററായി. ഷാനെൽ ഡാലി (33), ആഫി ഫ്ലെച്ചർ (36) എന്നിവരും മോശമല്ലാതെ ബാറ്റ് ചെയ്തതിനാലാണ് വിൻഡീസ് സ്കോർ 180 കടന്നത്.