കിവികളെ എറിഞ്ഞിട്ടു; വെല്ലിങ്ടനിൽ ഇന്ത്യയ്ക്ക് 35 റൺസ് ജയം
Mail This Article
വെല്ലിങ്ടൻ∙ന്യൂസീലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 35 റൺസ് ജയം. 253 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലൻഡിനെ 217 റൺസിന് ഇന്ത്യ പുറത്താക്കി. താരതമ്യേന ഭേദപ്പെട്ട വിജയ ലക്ഷ്യമായിരുന്നിട്ടും ഇന്ത്യൻ ബോളർമാര്‍ അവസരത്തിനൊത്തുയർന്നതാണു മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇതോടെ ഇന്ത്യയുടെ പരമ്പര നേട്ടം 4–1 ആയി.
ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ഭുവനേശ്വര്‍ കുമാർ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 32 പന്തിൽ 44 റൺസെടുത്ത ജെയിംസ് നീഷാമാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ.
കോളിൻ മൺറോ (18 പന്തിൽ 24), ഹെൻറി നിക്കോൾസ് (15 പന്തില്‍ എട്ട്), റോസ് ടെയ്‍ലര്‍ (4 പന്തിൽ 1), നായകൻ കെയ്ൻ വില്യംസൺ (73 പന്തിൽ 39), ടോം ലാതം (49 പന്തിൽ 37), കോളിൻ ഗ്രാൻഡ്ഹോം (8 പന്തിൽ 11), ടോഡ് ആസിൽ (16 പന്തിൽ 10), മിച്ചൽ സാന്റ്നർ (37 പന്തിൽ 22), ട്രെന്റ് ബോള്‍ട്ട് (1) എന്നിങ്ങനെയാണു പുറത്തായ ന്യൂസീലൻഡ് താരങ്ങളുടെ സ്കോറുകൾ. ന്യൂസീലന്‍ഡ് ഓപ്പണര്‍മാരെ പുറത്താക്കി ഷമി ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്.
നിലയുറപ്പിക്കാനാകാതെ സീനിയർ താരം റോസ് ടെയ്‍ലറും പുറത്തായി. എന്നാൽ ടോം ലാതമിനെ കൂട്ടുപിടിച്ച് നായകൻ കെയ്ൻ വില്യംസൺ ന്യൂസീലൻഡ് സ്കോർ ഉയർത്തുകയായിരുന്നു. സ്കോർ 105ൽ നിൽക്കെ വില്യംസണെ കേദാർജാദവ് പുറത്താക്കി. ടോം ലാതമിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ചാഹൽ മൽസരം ഇന്ത്യയുടെ കൈകളിലെത്തിച്ചു. ഗ്രാൻഡ്ഹോമിനെയും ചാഹൽ തന്നെ വീഴ്ത്തി. ന്യൂസീലൻഡ് ടോപ്സ്കോറർ ജെയിംസ് നീഷാമിനെ ധോണി റണ്ണൗട്ടാക്കി. ടോഡ് ആസിൽ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബോൾട്ട് എന്നിവരെയും ചെറിയ സ്കോറിന് ഒതുക്കിയതോടെ മൽസരം ഇന്ത്യയ്ക്ക് സ്വന്തം. 9 പന്തിൽ 17 റൺസുമായി മാറ്റ് ഹെൻറി ന്യൂസീലൻഡ് നിരയിൽ പുറത്താകാതെ നിന്നു.
രക്ഷകരായി റായുഡു, പാണ്ഡ്യ; ഇന്ത്യ 252നു പുറത്ത്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറില്‍ 252 റൺസെടുത്തു പുറത്തായി. 113 പന്തിൽ 90 റൺസെടുത്ത അംബാട്ടി റായുഡുവും അവസാന പന്തുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യ (22 പന്തില്‍ 45)യുമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. വിജയ് ശങ്കർ 64 പന്തിൽ 45 റൺസെടുത്തു.
രോഹിത് ശര്‍മ (16 പന്തിൽ 2), ശിഖർ ധവാൻ (13 പന്തില്‍ 6), ശുഭ്മാൻ ഗിൽ (11 പന്തിൽ 7), ധോണി (6 പന്തില്‍ 1), കേദാർ ജാദവ് (45 പന്തിൽ 34), ഭുവനേശ്വര്‍ കുമാർ (8 പന്തിൽ 6), മുഹമ്മദ് ഷമി (1 പന്തിൽ 1) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എട്ട് റൺസില്‍ നിൽക്കെ ഇന്ത്യൻ നായകൻ രോഹിത് ശർമ പുറത്തായി. 12ൽ ധവാനും. യുവതാരം ശുഭ്മാൻ ഗില്ലിന് തുടർച്ചയായ രണ്ടാം മൽസരത്തിലും തിളങ്ങാനായില്ല. മാറ്റ് ഹെൻറിയുടെ പന്തിൽ സാന്റ്നർക്കു ക്യാച്ച് നൽകിയാണു യുവതാരം പുറത്തായത്. ധോണി ഒരു റൺസ് മാത്രം നേടി പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയായി.
തുടർന്ന് അംബാട്ടി റായുഡുവും വിജയ് ശങ്കറും നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയ്ക്കു തുണയായി. പതുക്കെയാണെങ്കിലും 29 ഓവറിൽ ഇന്ത്യൻ സ്കോര്‍ 100 കടന്നു. 116–ാം റൺസിൽ ഈ കൂട്ടുകെട്ട് ന്യൂസീലൻഡ് തകർത്തു. അർധ സെഞ്ചുറിയിലേക്കടുത്ത വിജയ് ശങ്കർ റണ്ണൗട്ടാകുകയായിരുന്നു. ഹെൻറിയുടെ പന്തിൽ മൺറോയ്ക്കു ക്യാച്ച് സമ്മാനിച്ച് അംബാട്ടി റായുഡു കൂടാരം കയറി. കേദാർ ജാദവിനെയും ഹെൻറി മടക്കി.
വമ്പൻ അടികളുമായി ഹാർദിക് പാണ്ഡ്യ കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ അതിവേഗം ഉയർന്നു. അഞ്ച് സിക്സുകളും രണ്ട് ഫോറും പായിച്ച പാണ്ഡ്യ 45 റൺസെടുത്തു പുറത്താകുകയായിരുന്നു. ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യുസ്‍വേന്ദ്ര ചാഹൽ പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി നാല് വിക്കറ്റ് വീഴ്ത്തി, ട്രെന്‍റ് ബോള്‍ട്ട് മൂന്നും ജെയിംസ് നീഷാം ഒരു വിക്കറ്റും വീഴ്ത്തി.