ക്രിക്കറ്റ് ഒളിംപിക്സിൽ വന്നാൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പ്(?); തടസ്സം നിൽക്കുന്നത് ബിസിസിഐ

മുംബൈ ∙ ക്രിക്കറ്റിനെ ഒളിംപിക്സില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒളിംപിക്സ് മെഡലിന്റെ കാര്യത്തിൽ വൻ വരൾച്ച അനുഭവിക്കുന്ന ഇന്ത്യയ്ക്ക് ഒരു മെഡൽ ഏതാണ്ട് ഉറപ്പാക്കാവുന്ന ഇനമാണെങ്കിലും, ക്രിക്കറ്റ് ഒളിംപിക്സ് ഇനമാക്കുന്നതിന് എതിരുനിൽക്കുന്നത് ആരെന്നറിഞ്ഞാൽ ആരാധകർ ഞെട്ടും. അതു സാക്ഷാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് (ബിസിസിഐ). ഒളിംപിക്സില്‍ പങ്കെടുത്താല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കീഴിലാവുമെന്ന ബോധ്യമാണ് ബിസിസിഐയെ പിന്തിരിപ്പിക്കുന്നത്.

അതേസമയം, 2024ലെ ഒളിംപിക്സിലെങ്കിലും ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷൻ. ഒളിംപിക്സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തിയാല്‍ മെഡല്‍ പ്രതീക്ഷയില്‍ മുന്നിലുണ്ടാകും ഇന്ത്യ. അതിനിടെയാണ് ക്രിക്കറ്റിന്റെ ഒളിംപിക്സ് പ്രവേശനത്തിന് ബിസിസിഐ തടസ്സം നിൽക്കുന്നത്.

1900ലെ പാരിസ് ഒളിംപിക്സിലാണ് ക്രിക്കറ്റ് അവസാനമായി മല്‍സര ഇനമായത്. ട്വന്റി-20 പതിപ്പിനെ 2024 ഒളിംപിക്സിന്റെ ഭാഗമാക്കാനാണ് ഇപ്പോള്‍ ഐസിസിയുടെ ശ്രമം. ഏറ്റവും മികച്ച ടീമുകളും അവരുടെ മുന്‍നിര താരങ്ങളും പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമെ ആവശ്യം പരിഗണിക്കൂവെന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി അറിയിച്ചിട്ടുള്ളത്. ഇന്ത്യയുടെ സമ്മതമില്ലാതെ ഐസിസിക്ക് മുന്നോട്ടുപോകാനുമാവാത്ത അവസ്ഥ. ഒളിംപിക്സില്‍ പങ്കെടുക്കുന്നതോടെ ഒളിംപിക് അസോസിയേഷന് കീഴിലാകുമോ തങ്ങളെന്ന ഭയമാണ് പ്രധാനമായും ബിസിസിഐയെ പിന്നോട്ടടിക്കുന്നത്. 

അങ്ങനെ വന്നാല്‍ സ്വയംഭരണാവകാശം നഷ്ടമാകുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഭയപ്പെടുന്നു. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി ബിസിസിഐ സിഇഒയോട് തീരുമാനമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ അംഗങ്ങളുടെ അഭിപ്രായമായിരിക്കും സിഇഒ സമിതിക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്. ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ലാഭകരമാണ് ആ സമയത്ത് മറ്റൊരു പരമ്പര കളിക്കുന്നതെന്നാണ് പല ബോര്‍ഡ് അംഗങ്ങളുടേയും അഭിപ്രായം. അതേസമയം, വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഒളിംപിക്സ് പ്രവേശനം ഗുണകരമാണെന്ന് വാദിക്കുന്നവരും ബിസിസിഐയിലുണ്ട്.