കാൻപുർ ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോൾ വിജയശിൽപികളായി മാറിയവർ ഒരുപിടി താരങ്ങളുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടീമിന് സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്സുകളുമായി മികച്ച ടോട്ടൽ സമ്മാനിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഉൾപ്പെടെയുള്ളവർ. എന്നാൽ, ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ടീമിന് വളരെ ത്രില്ലിങ്ങായ വിജയം സമ്മാനിച്ചത് ബുംറ–ഭുവനേശ്വർ ദ്വയമാണെന്ന് നൂറുവട്ടം.
ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളെന്ന പേര് അന്വർഥമാക്കുന്ന പ്രകടനത്തോടെയാണ് ഇരുവരും ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽനിന്നും തിരിച്ചുകയറിയത്. അവസാന അഞ്ച് ഓവറിൽ ആറു വിക്കറ്റുകൾ ബാക്കിനിൽക്കെ വിജയത്തിലേക്ക് 50 റൺസ് മാത്രം മതിയായിരുന്ന കിവീസിനെ, ഉജ്വലമായ ബോളിങ്ങിലൂടെ ഭുവനേശ്വർ–ബുംറ സഖ്യം വരിഞ്ഞുമുറുക്കുകയായിരുന്നു. വലിയ ഷോട്ടുകൾ കളിക്കാൻ പ്രാപ്തരായ ഹെൻറി നിക്കോൾസും ലാഥവും ഉൾപ്പെടെയുള്ള താരങ്ങൾ ക്രീസിൽ നിൽക്കുമ്പോഴായിരുന്നു ഇത്.
ശരിയാണ്. മൽസരത്തിലാകെ 10 ഓവർ ബോൾ ചെയ്ത് 92 റൺസ് വഴങ്ങിയ ഭുവനേശ്വർ എങ്ങനെ വിജയശിൽപിയായി എന്ന ചോദ്യമുയർന്നേക്കാം. എന്നാൽ, ഒന്നാം ഓവറിലെ 19 റൺസ് ഉൾപ്പെടെ ആദ്യ സ്പെല്ലിൽ തല്ലു വാങ്ങിക്കൂട്ടിയ ഭുവനേശ്വർ അവസാന ഓവറുകളിൽ നടത്തിയ ബോളിങ് പ്രകടനം കാണാതെ പോകരുത്. ആദ്യത്തെ അഞ്ച് ഓവറിൽ 51 റൺസ് വഴങ്ങിയ ഭുവനേശ്വറിന് വിക്കറ്റുകളൊന്നും കിട്ടിയിരുന്നില്ല. രണ്ടാം സ്പെല്ലിലെ മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങിയ ഭുവനേശ്വറിനെ വീണ്ടും കിവീസ് താരങ്ങൾ ‘പഞ്ഞിക്കിട്ടു’. ഇത്തവണയും വിക്കറ്റുകളൊന്നും കിട്ടിയില്ല.
46–ാം ഓവർ
എന്നാൽ, വിജയത്തിലേക്ക് 30 പന്തിൽ 50 റൺസ് എന്ന നിലയിൽ നിൽക്കെ ഭുവനേശ്വർ യഥാർഥ ഭുവനേശ്വറായി. ഭുവനേശ്വറും ബുംറയും ചേർന്നെറിഞ്ഞ അവസാന അഞ്ച് ഓവറുകൾ ചരിത്രവുമായി. 46–ാം ഓവർ എറിയാൻ ബുംറ എത്തുമ്പോൾ ആരാധകർ ആശ്വാസത്തിലായിരുന്നു. അതുവരെ ഏറ്റവും കുറവ് തല്ലുവാങ്ങിയ താരമായിരുന്നു അയാൾ. ആദ്യ സ്പെല്ലിൽ നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയ ബുംറ ഒരു വിക്കറ്റും വീഴ്ത്തി. ഭുവനേശ്വർ കുമാറിനെ ഒരു വശത്ത് കിവീസ് താരങ്ങൾ തല്ലിയൊതുക്കുമ്പോഴായിരുന്നു ഈ പ്രകടനം.
നീണ്ട ഇടവേളയ്ക്കുശേഷം രണ്ടാം സ്പെല്ലിനെത്തിയപ്പോഴും ബുംറ നടത്തിയത് തകർപ്പൻ പ്രകടനം. മൂന്ന് ഓവറിൽ എട്ടു റൺസ് മാത്രം വഴങ്ങി വീണ്ടും ഒരു വിക്കറ്റ്. അതുവരെയെറിഞ്ഞ ഏഴ് ഓവറിൽ ബുംറ വഴങ്ങിയിരുന്നത് 20 റൺസ് മാത്രം. എന്നാൽ, 46–ാം ഓവറിൽ ചിത്രം മാറി. ആ ഓവറിലാണ് മൽസരത്തിൽ ബുംറ ഏറ്റവുമധികം തല്ലു വാങ്ങിയത്. 15 റൺസാണ് ഈ ഓവറിൽ പിറന്നത്. ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെയായിരുന്നു ഇത്.
47–ാം ഓവർ
എന്നാൽ, തുടർന്നുള്ള നാല് ഓവറുകളിൽ കളി മാറി. അപ്പോൾ 24 പന്തിൽ ന്യൂസീലൻഡിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 35 റൺസ്. ആറു വിക്കറ്റ് ബാക്കിയിരിക്കെ അവർക്ക് അനായാസം എത്തിപ്പിടിക്കാമായിരുന്ന ലക്ഷ്യം. 47–ാം ഓവർ എറിഞ്ഞ ഭുവനേശ്വർ മൽസരചിത്രം മാറ്റിമറിച്ചു. ഈ ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വർ സാക്ഷാൽ ഹെന്റി നിക്കോള്‍സിന്റെ വിക്കറ്റും വീഴ്ത്തി. അതിസുന്ദരമായൊരു യോർക്കറാണ് നിക്കോൾസിന്റെ കുറ്റി തെറിപ്പിച്ചത്. 24 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 37 റൺസുമായി നിക്കോൾസ് തകർപ്പൻ ഫോമിൽ കളിച്ചുവരുമ്പോഴായിരുന്നു ഇത്.
48–ാം ഓവർ
ഒപ്പം നിന്ന കൂട്ടുകാരൻ പോയതോടെ ലാഥത്തിന്റെയും ശ്രദ്ധ പതറി. 48–ാം ഓവർ എറിഞ്ഞ ബുംറ ലാഥത്തെ പുറത്താക്കി. ഇല്ലാത്ത റണ്ണിനോടിയ ലാഥത്തെ ഉശിരനൊരു ത്രോയിലൂടെ ബുംറ റണ്ണൗട്ടാക്കുകയായിരുന്നു. മൽസരം കണ്ട ആരാധകരെ ഏറ്റവും ആവേശം കൊള്ളിച്ച കളിനിമിഷം. ഈ സമയമത്രയും ന്യൂസീലന്‍ഡിനെ സംബന്ധിച്ചിടത്തോവം ബോളും വിജയത്തിലേക്കാവശ്യമായ റൺസും തമ്മിലുള്ള അന്തരം കൂടിവരികയായിരുന്നു.
49–ാം ഓവർ
എന്നാൽ, 49–ാം എറിഞ്ഞ ഭുവനേശ്വറിന്റെ രണ്ടാം പന്ത് മിച്ചൽ സാന്റ്നർ ഗാലറിയിലെത്തിച്ചതോടെ സമ്മർദ്ദം വീണ്ടും ഇന്ത്യയ്ക്കു മേലായി. തുടർന്നുള്ള 10 പന്തിൽ അവർക്കു വേണ്ടിയിരുന്നത് 18 റൺസു മാത്രം. അടുത്ത പന്ത് വൈഡായതോടെ കിവീസിന്റെ ലക്ഷ്യം 10 പന്തിൽ 17 റൺസായി കുറഞ്ഞു. എന്നാൽ തുടർന്നുള്ള നാലു പന്തുകളിൽ രണ്ടു റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വർ സമ്മർദ്ദമത്രെയും കിവീസിനു ‘കൈമാറി’.
50–ാം ഓവർ
അവസാന ഓവർ എറിയാൻ ബുംറ എത്തുമ്പോൾ കിവീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 15 റൺസ്. ആദ്യത്തെ മൂന്നു പന്തിൽ മൂന്ന് റൺസ്. നാലാം പന്ത് സാന്റ്നർ ഉയർത്തി അടിച്ചു. സിക്സിന്റെ മണമുള്ള ഷോട്ടിലേക്ക് ആരാധകർ കണ്ണുംനട്ടിരിക്കെ പന്ത് ബൗണ്ടറി ലൈനിനു സമീപം ശിഖർ ധവാന്റെ കൈകളിലൊതുങ്ങി. ഇന്ത്യൻ ആരാധകർ ദീർഘനിശ്വാസമെടുത്ത നിമിഷം. അടുത്ത പന്തിൽ ഒരു റൺ മാത്രം കൊടുത്ത ബുംറയുടെ അവസാന പന്ത് സൗത്തി ബൗണ്ടറി കടത്തിയെങ്കിലും കോഹ്‍ലിപ്പട അപ്പോഴേക്കും വിജയതീരമണഞ്ഞിരുന്നു.
മൽസരം ‘ഓവർ’
എന്തായാലും ഈ വിജയത്തോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു പോരാടിയ പരമ്പരയ്ക്ക് ലഭിച്ചത് അർഥവത്തായ പരിസമാപ്തി. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച െഡത്ത് ഓവർ സ്പെഷ്യലിസ്റ്റുകളെന്ന് ഭുവനേശ്വറിനെയും ബുംറയെയും വിളിച്ച ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ വാക്കുകൾ അപ്പോഴും കാൻപുരിന്റെ ആകാശത്ത് തിളങ്ങിനിന്നു.