ബെംഗളൂരു ∙ കരുത്തനായ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയിൽ നിന്നു താൻ കാര്യങ്ങൾ പഠിക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടെസ്റ്റിൽ ക്യാപ്റ്റനായി പരിചയമുണ്ടെങ്കിലും ഏകദിന, ട്വന്റി20 പരമ്പരകളിൽ കോഹ്‌ലി ആദ്യമായാണു ടീമിനെ നയിച്ചത്. മൂന്നു മൽസരങ്ങളുടെ ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും ഇന്ത്യ 2–1നു സ്വന്തമാക്കുകയും ചെയ്തു. അഞ്ചു മൽസരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 4–0നു നേരത്തേ തന്നെ തൂത്തുവാരിയിരുന്നു.
വേഗത്തിൽ തീരുമാനമെടുക്കേണ്ട ചടുലമായ മൽസരങ്ങളാണ് ഏകദിനവും ട്വന്റി20യുമെന്നും അവിടെ ധോണിയുടെ പരിചയസമ്പത്തു തന്നെ വളരെയധികം സഹായിച്ചെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. ഒപ്പത്തിനൊപ്പം പോരാടിയ രണ്ടു ട്വന്റി20 മൽസരങ്ങൾക്കുശേഷം നിർണായകമായ അവസാനമൽസരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 75 റൺസിനു തകർത്തുവിട്ടാണു പരമ്പര സ്വന്തമാക്കിയത്.
സുരേഷ് റെയ്നയും ധോണിയും അർധസെഞ്ചുറി നേടിയ പോരിൽ യുവരാജിന്റെ തകർപ്പനടികളും യുസ്‌വേന്ദ്ര ചാഹലിന്റെ മാസ്മരികമായ ആറു വിക്കറ്റ് പ്രകടനവും ഇംഗ്ലണ്ടിനെ അമ്പേ നിരായുധരാക്കിയിരുന്നു. വിജയമധുരത്തിൽ യുവതാരങ്ങളും സീനിയർ താരങ്ങളും പാകത്തിനു ചേർന്ന ട്വന്റി20 പോരാട്ടങ്ങളിൽ നമ്മുടെ താരങ്ങളുടെ പ്രകടനവും മാർക്കുകളുമിങ്ങനെ. മൂന്നു മൽസരത്തിലും പങ്കെടുത്തവർക്കു മാത്രമേ മാർക്ക് ലിസ്റ്റുള്ളൂ.
∙ യുസ്‌വേന്ദ്ര ചാഹൽ (8/10)
പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ചാഹലാണ് ഇന്ത്യൻ ബോളർമാരിലെ ഹീറോ. എട്ടു വിക്കറ്റെടുത്ത ചാഹൽ അവസാന കളിയിൽ നേടിയ 25 റൺസിന് ആറു വിക്കറ്റ് എന്ന നേട്ടം പരമ്പരയിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ്.
അജാന്ത മെൻഡിസിന്റെ രണ്ട് ആറു വിക്കറ്റ് പ്രകടനങ്ങൾ കഴിഞ്ഞാൽ ഇതുവരെയുള്ള ട്വന്റി20 ബോളിങ്ങിൽ മൂന്നാം സ്ഥാനത്തുണ്ട് ചാഹൽ. 12 ഓവറുകളും എറിഞ്ഞ ചാഹൽ 85 റൺസ് (ഓവറിൽ റൺശരാശരി 7.08) വഴങ്ങിയാണ് എട്ടടിവീരനായത്. ചാഹലിനു സംശയലേശമെന്യേ നൽകാം എട്ടു മാർക്ക്.
∙ സുരേഷ് റെയ്ന(7/10)
പഴയ പടക്കുതിരയെന്നു പറയാൻ വരട്ടെ. പുതിയ കാലത്തും സുരേഷ് റെയ്ന പടക്കുതിര തന്നെ. മൂന്നാം ട്വന്റി20യിൽ ചിന്നസ്വാമി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച 63 റൺസ് റെയ്നയുടെ ആവേശം വിളിച്ചറിയിക്കുന്നു. മൂന്നു മൽസരങ്ങളിൽനിന്നു 34.66 ശരാശരിയിൽ 104 റൺസെടുത്ത റെയ്നയാണ് ഇന്ത്യൻ താരങ്ങളിൽ റൺവേട്ടയിൽ മുമ്പൻ. മികച്ച ക്യാച്ചുകളും കയ്യിലാക്കിയ റെയ്നയ്ക്കു കൊടുക്കാം ഏഴു മാർക്ക്.
∙ ജസ്പ്രിത് ബുമ്ര(7/10)
രണ്ടാം ട്വന്റി20യിലെ വിസ്മയകരമായ അവസാന ഓവറിലൂടെ ഇന്ത്യയ്ക്കു വിജയം നേടിക്കൊടുത്ത താരമാണു ബുമ്ര. പരമ്പരയിലാകെ നേടിയത് അഞ്ചു വിക്കറ്റുകൾ. 14 റൺസിനു മൂന്നു വിക്കറ്റ് നേടിയതു മികച്ച പ്രകടനം. ആകെ 9.4 ഓവറിൽ വഴങ്ങിയത് 60 റൺസ്. ഓവറിലെ ശരാശരി റൺനിരക്കും ഗംഭീരം – 6.20 റൺസ്. ബുമ്രയുടെ തകർപ്പൻ ബോളിങ്ങിന് ഏഴു മാർക്ക്.
∙ എം.എസ്.ധോണി(7/10)
ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിക്കു വീണ്ടും നല്ലകാലമാണ്. രാജ്യാന്തര ട്വന്റി20യിലെ കന്നി അർധസെഞ്ചുറി ധോണി നേടിയത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മൽസരത്തിലാണ്–56 റൺസ്. മൂന്നു മൽസരങ്ങളിൽനിന്നു 48.5 ശരാശരിയിൽ 97 റൺസാണു ധോണി നേടിയത്. മുൻക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ പരിചയസമ്പത്തും ടീമിനു മുതൽക്കൂട്ടായി. ധോണിക്കും മികവിന്റെ ഏഴുമാർക്ക്.
∙ വിരാട് കോഹ്‌ലി(6/10)
വൺ ഡൗൺ സ്ഥാനത്തിറങ്ങുന്ന കോഹ്‌ലി ഇംഗ്ലണ്ടിനെതിരെ മൂന്നു മൽസരങ്ങളിലും ഓപ്പണറുടെ റോളിലാണെത്തിയത്. 52 റൺസാണ് ആകെ സമ്പാദ്യം; ഉയർന്ന സ്കോർ 29. പക്ഷേ, നായകനെന്ന നിലയിൽ ടീമിനെ പ്രചോദിപ്പിച്ചതും പോസിറ്റിവ് മനസ്സും വിജയത്തിൽ നിർണായകമായി.
ടെസ്റ്റ്, ഏകദിന പരമ്പരയിലെ തിളക്കം ഇവിടെ നിലനിർത്താനാകാതെ പോയത് ഓപ്പണർ റോളിലെത്തിയതിനാലാകാം. ക്യാപ്റ്റനെന്ന നിലയിൽ മികച്ച മാർക്ക് നൽകാമെങ്കിലും തുടക്കത്തിലേ വിക്കറ്റ് നഷ്ടമാക്കി ടീമിനെ സമ്മർദത്തിലാക്കിയതും കോഹ്‌ലി തന്നെ. 10ൽ ആറു മാർക്ക് നൽകാം പുതിയ ക്യാപ്റ്റന്.
∙ ലോകേശ്വർ രാഹുൽ(6/10)
ടീമിനു പുറത്ത് ഓപ്പണർമാർ ഊഴം കാത്തുനിൽക്കുമ്പോഴും കിട്ടിയ അവസരം ലോകേശ്വർ രാഹുൽ നന്നായി വിനിയോഗിച്ചു. രണ്ടാം മൽസരത്തിൽ നേടിയ 71 റൺസ് പരമ്പരയിലെ ഉയർന്ന സ്കോറാണ്. മൂന്നു കളിയിൽ 101 റൺസാണു സമ്പാദ്യം. ശരാശരി 33.66. രാഹുലിന് ആറു മാർക്ക്.
∙ യുവരാജ് സിങ്(6/10)
പല്ലുകൊഴിഞ്ഞ സിംഹമല്ല താനെന്നു യുവി വീണ്ടും തെളിയിച്ചു. മൂന്നു കളികളിൽ ആകെ 43 റൺസേ അക്കൗണ്ടിലുള്ളൂവെങ്കിലും മൂന്നാം മൽസരത്തിലെ 27 റൺസ് (10 പന്തിൽനിന്ന്) പഴയ യുവിയെ തിരികെക്കാട്ടിത്തന്നു. ക്രിസ് ജോർദാനെതിരെ ഒരോവറിൽ മൂന്നു സിക്സും ഒരു ഫോറും! ഫീൽഡിങ്ങിലെ യുവിയുടെ ഊർജസാന്നിധ്യം കൂടിയാകുമ്പോൾ ആറു മാർക്ക് നൽകാം.
∙ ആശിഷ് നെഹ്റ(4/10)
മൂന്നു കളിയിൽ മൂന്നു വിക്കറ്റെടുത്ത ആശിഷ് നെഹ്റയാണു പിന്നീടു ശ്രദ്ധേയനായ താരം. മൂന്നു വിക്കറ്റും ഒരു കളിയിൽ തന്നെ. ഓവറിലെ റൺനിരക്ക് 8.30. നെഹ്റയ്ക്ക് 4 മാർക്ക്.
∙ ഹാർദിക് പാണ്ഡ്യ(2/10)
ഓൾറൗണ്ടർ വിശേഷണമുള്ള പാണ്ഡ്യ മൂന്നു കളിയിൽ നേടിയത് 22 റൺസ്. ആകെ നാലോവർ എറിഞ്ഞ് 29 റൺസ് വഴങ്ങിയ പാണ്ഡ്യയ്ക്കു വിക്കറ്റുകളൊന്നും കിട്ടിയില്ല താനും. ഏകദിനത്തിലെ തകർപ്പൻ ഫോം ട്വന്റി20യിൽ കണ്ടതേയില്ല. രണ്ടു മാർക്ക് നൽകാം.