തിരുവനന്തപുരം∙ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമുമായി ദ്വിദിന മൽസരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ഇലവൻ ടീമിന്റെ ക്യാപ്റ്റനായി കേരളത്തിന്റെ സഞ്ജു സാംസണെ തിരഞ്ഞെടുത്തു. കേരള ടീമിലെ റോഹൻ പ്രേം, സന്ദീപ് വാര്യർ, ജലജ് സക്സേന എന്നിവരും ടീമിലുണ്ട്. നാളെയും മറ്റന്നാളും കൊൽക്കത്തയിലാണ് മൽസരം. ദേശീയ ടീമിലേക്കു മടങ്ങിയെത്താൻ സഞ്ജുവിനുള്ള മികച്ച അവസരം കൂടിയാണിത്. ബോർഡ് പ്രസിഡന്റ്സ് ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജുവാണ്.
ട്വന്റി20 മൽസരങ്ങളിൽ എം.എസ്.ധോണിക്കു പകരക്കാരനെ കണ്ടെത്തണമെന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് മൽസരം എന്നതും ശ്രദ്ധേയമാണ്. സിലക്ടർമാർ തന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദിയുണ്ടെന്നും മികച്ച പ്രകടനമാണു ലക്ഷ്യമെന്നും സഞ്ജു പറഞ്ഞു. ധോണിക്കു പകരക്കാരനായല്ല, അദ്ദേഹം ഉൾപ്പെടുന്ന ടീമിൽ കളിക്കുകയാണ് സ്വപ്നമെന്നും സഞ്ജു പറഞ്ഞു.
ബോർഡ് പ്രസിഡന്റ്സ് 11 ടീം–സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോഹൻ പ്രേം, സന്ദീപ് വാര്യർ, ജലജ് സക്സേന, അൻമോൽപ്രീത് സിങ്, അഭിഷേക് ഗുപ്ത, ജീവൻജ്യോത് സിങ്, തന്മയ് അഗർവാൾ, ബി.സന്ദീപ്, രവി കിരൺ, ആകാശ് ഭണ്ഡാരി, ആവേശ് ഖാൻ.
Advertisement