മൂന്നു വർഷം മുൻപ് ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഞാൻ സഞ്ജുച്ചേട്ടനെ ആദ്യമായി കാണുന്നത്. തിരുവനന്തപുരത്തെ ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ വച്ച്. അന്ന് എന്റെ സിനിമ പുറത്തിറങ്ങിയിട്ടില്ല. ക്രിക്കറ്റിൽ ജില്ലാ ടീമിൽ പോലും എത്തിയിരുന്നില്ല. എന്നിട്ടും വലിയ കാര്യത്തോടെ എന്നോട് സംസാരിച്ചു.
ക്രിക്കറ്റ് സീരിയസായി എടുക്കണമെന്ന് ഉപദേശിച്ചു. ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിനുശേഷം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ മനോരമ ഓഫിസിൽ നിന്നാണു ഞാൻ ഫോൺ വിളിച്ചത്. സഞ്ജുച്ചേട്ടൻ ആദ്യം ചോദിച്ചത് ക്രിക്കറ്റ് കളി തുടരുന്നുണ്ടോ എന്നാണ്
ബോർഡ് പ്രസിഡന്റ്സ് ടീമിന്റെ നായകസ്ഥാനം പ്രതീക്ഷിച്ചിരുന്നതാണോ?
രഞ്ജിട്രോഫി ക്രിക്കറ്റ് മൽസരങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് ബോർഡ് പ്രസിഡന്റ്സ് ഇലവൻ ടീമിലുണ്ടെന്ന് അറിഞ്ഞത്. നായകനും കൂടിയാണെന്നറിഞ്ഞതോടെ സന്തോഷം ഇരട്ടിയായി. ഇന്ത്യൻ ദേശീയ ടീമിനെ നയിക്കുന്നതുപോലെ തന്നെയാണല്ലോ ഇത്. രഞ്ജി ട്രോഫിയിൽ പല സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തിയവരായിരുന്നു ടീമിൽ. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചെത്താൻ ഒരു അവസരം കൊതിച്ചിരുന്ന ഞാൻ വലിയൊരു നിധി കിട്ടിയവനെപ്പോലെയായി
ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറി നേട്ടം എങ്ങനെ ആഘോഷിച്ചു?
ഈ സെഞ്ചുറി എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. രംഗന ഹെറാത്തിനെപ്പോലെ സൂപ്പർ ബോളർമാരുള്ള ശ്രീലങ്കയ്ക്കെതിരെ ആണെന്നതാണ് പ്രധാന കാരണം. പിന്നെ ക്യാപ്റ്റൻ വേഷത്തിൽ സെഞ്ചുറി അടിക്കുകയെന്നത് ഏതു ക്രിക്കറ്റു താരവും സ്വപ്നം കാണുന്ന നേട്ടമല്ലേ? മികച്ച ബാറ്റിങ്ങിലൂടെ ടീമിനെ തോൽവിയിൽ നിന്നു കരകയറ്റാനുമായി. ഞാൻ സന്തോഷവാനാണ്.
സഞ്ജുച്ചേട്ടനെ ഇന്ത്യൻ ടീമിൽ ഉടൻ കാണാനാകുമോ?
അതു തീരുമാനിക്കേണ്ടത് സിലക്ടർമാരല്ലേ. എന്നാലും രഞ്ജിയിലും സന്നാഹ മൽസരത്തിലും നന്നായി കളിച്ചത് വീണ്ടും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ നല്ല ഫോമിലാണ്. ഈ സമയത്ത് ടീമിലെത്തിയാൽ കഴിവിന്റെ പരമാവധി പുറത്തെടുക്കാനാകുമെന്ന വിശ്വാസമുണ്ട്.
(ഭഗത് എബ്രിഡ് ഷൈൻ – ജില്ലാ ക്രിക്കറ്റ് താരം, 1983 എന്ന സിനിമയിൽ നിവിൻ പോളിയുടെ മകനായി അഭിനയിച്ചു, ശ്രീനാരായണ പബ്ലിക് സ്കൂൾ, പൂത്തോട്ട, എറണാകുളം)