ന്യൂഡൽഹി ∙ രണ്ടുവർഷം മുൻപ് ഇന്ത്യൻ മണ്ണിൽ നടന്ന ഫ്രീഡം ടെസ്റ്റ് പരമ്പര. മൂന്നാം ടെസ്റ്റിന്റെ അവസാനദിനം സമനിലയ്ക്കായി ആഞ്ഞുപൊരുതിയ ദക്ഷിണാഫ്രിക്കയുടെ അവസാന ആറു വിക്കറ്റുകൾ വെറും 33 റൺസിനിടെ എറിഞ്ഞുവീഴ്ത്തിയാണ് ഇന്ത്യ മൽസരം സ്വന്തമാക്കിയത്. രണ്ടുവർഷത്തിനിപ്പുറം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണിൽ ടെസ്റ്റു കളിക്കാനൊരുങ്ങുമ്പോൾ കോഹ്‍ലിക്കും കൂട്ടർക്കും പഴയ ആത്മവിശ്വാസമില്ല. ടെസ്റ്റിൽ ഇന്ത്യയുടെ വജ്രായുധമായ സ്പിൻ ബോളിങ്ങിന്റെ മൂർച്ച നഷ്ടപ്പെടുന്നു. യുവത്വം നിറഞ്ഞ ഫീൽഡിങ് സംഘത്തിന്റെ കൈകൾ ചോരുന്നു. ബാറ്റിങ്ങിലെ മികവുകൊണ്ടുമാത്രം കളിജയിക്കാനാകില്ലെന്ന ക്രിക്കറ്റ് പാഠമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സമ്മാനിച്ചത്.
∙ കുത്തിത്തിരിയാതെ പന്തുകൾ
ടെസ്റ്റിൽ ലോക ആറാംസ്ഥാനത്തുള്ള ശ്രീലങ്കയുടെ അവസാന അഞ്ചു വിക്കറ്റുകൾ പിഴുതെടുക്കാനാകാതെയാണ് മൂന്നാംടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയത്. അവസാന ദിവസം 87 ഓവർ എറിഞ്ഞ സൂപ്പർ സ്പിന്നർമാർക്ക് നേടാനായത് രണ്ടുവിക്കറ്റുകൾ മാത്രം. നാലാംദിവസം ലങ്കയുടെ മൂന്നു മുൻനിര ബാറ്റ്സ്മാൻമാരെ വീഴ്ത്തിയതോടെ മൽസരം ജയിച്ചെന്നുറപ്പിച്ച ഇന്ത്യയ്ക്കു തിരിച്ചടിയാണു സമനില. സെഞ്ചുറിയുമായി വഴിമുടക്കി നിന്ന ധനഞ്‍ജയ ഡിസിൽവ ഇടയ്ക്ക് റിട്ടയേർഡ് ഹർട്ടായി പുറത്തുപോയതിന്റെ ആനുകൂല്യം മുതലാക്കാനും കഴിഞ്ഞില്ല. ആദ്യ ടെസ്റ്റു മൽസരം കളിക്കുന്ന റോഷൻ സിൽവയെ നന്നായി വെല്ലുവിളിച്ച ഒരു പന്തുപോലും അശ്വിനിലും ജഡേജയിൽനിന്നും കണ്ടില്ല. ജഡേജ പെട്ടെന്ന് ഓവർ തീർക്കാനുള്ള വെപ്രാളം കാണിച്ചപ്പോൾ വ്യക്തമായ ഗെയിംപ്ലാനില്ലാതെ പന്തുകൾ മാറ്റി പരീക്ഷിക്കുകയായിരുന്നു അശ്വിൻ.
∙ ചോരുന്ന കൈകൾ
ഇന്ത്യയ്ക്ക് അവസരങ്ങളൊന്നും നൽകാതെയായിരുന്നു ലങ്കയുടെ ബാറ്റിങ്ങെന്നാണ് മൽസരശേഷം വിരാട് കോഹ്‍ലി പറഞ്ഞത്. എന്നാൽ, ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ കയ്യിലേക്കു നീട്ടിത്തന്ന അഞ്ചു ക്യാച്ചുകളാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ വിട്ടുകളഞ്ഞത്. സെഞ്ചുറി നേടിയ എയ്ഞ്ചലോ മാത്യൂസിനെയും ദിനേശ് ചണ്ഡിമലിനെയും പല ഘട്ടങ്ങളിലായി ഇന്ത്യൻ ഫീൽഡർമാർ തുണച്ചു. ഫലമോ മികച്ച സ്കോറോടെ ലങ്ക ഫോളോ ഓൺ ഒഴിവാക്കി. രണ്ടാം ഇന്നിങ്സിൽ ധനഞ്ജയ നൽകിയ റിട്ടേൺ ക്യാച്ച് അശ്വിൻ നിലത്തിട്ടു. നിരോഷൻ ഡിക്‌വെല്ലയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള സുവർണാവസരം വൃദ്ധിമാൻ സാഹയും നഷ്ടപ്പെടുത്തി. ദിനേശ് ചണ്ഡിമലിനെ പുറത്താക്കിയ ജഡേജയുടെ പന്ത് നോബോളായതും തിരിച്ചടിയായി.
∙ രഹാനെയുടെ ഫോം
മധ്യനിരയിൽ വിശ്വസ്തന്റെ വേഷമണിഞ്ഞിരുന്ന അജിങ്ക്യ രഹാനെയുടെ ഫോമിനെക്കുറിച്ചും ആശങ്കകൾ ഏറെ. പരമ്പരയിൽ അഞ്ചു തവണ ബാറ്റിങ്ങിനിറങ്ങിയ രഹാനെയുടെ സ്കോറുകൾ ഇങ്ങനെ 4, 0, 2, 1, 10. അഞ്ചാം സ്ഥാനത്ത് കളിച്ചിരുന്ന താരത്തെ ഫിറോസ്ഷാ കോട്‍ലയിലെ രണ്ടാം ഇന്നിങ്സിൽ മൂന്നാംസ്ഥാനത്ത് ഇറക്കിനോക്കിയതും ഫലിച്ചില്ല. വിദേശമണ്ണിലെ മികച്ച ബാറ്റിങ് റെക്കോർഡിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു തിരഞ്ഞെടുത്തെങ്കിലും ആശങ്കകൾ രഹാനെയുടെ ബാറ്റിനെ ചുറ്റിപ്പറ്റി നിൽക്കുന്നു.