ന്യൂഡൽഹി∙ അശോകവനിയും രാവണക്കോട്ടയും മാത്രമല്ല, രാമകഥയിലെ കൂടുതൽ ഇടങ്ങൾ കണ്ടെത്താൻ ശ്രീലങ്കൻ ടൂറിസം മന്ത്രാലയം. രാമായണ സർക്യൂട്ടിലേക്കു കൂടുതൽ സ്ഥലങ്ങൾ ചേർക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നു ശ്രീലങ്കൻ ഹൈക്കമ്മിഷണർ ചിത്രാംഗനി വാഗീശ്വര ‘മനോരമയോടു’ പറഞ്ഞു. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് ഇന്ത്യയുമായി ചർച്ചചെയ്യും. ടൂറിസം മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വാഗീശ്വര വ്യക്തമാക്കി.
അയോധ്യയിൽ നിന്നു ട്രെയിനിൽ രാമേശ്വരത്തേക്കും അവിടെ നിന്നു ചെന്നൈയിൽ എത്തി വിമാനമാർഗം കൊളംബോയിലേക്കും നീളുന്ന ടൂറിസം പാക്കേജ് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സംതൃപ്തി അറിയിച്ചു ശ്രീലങ്ക രംഗത്തെത്തിയത്. നേരത്തേ നിയോഗിക്കപ്പെട്ട സമിതി രാമായണകഥയുമായി ബന്ധപ്പെട്ട 71 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇവ ഉൾപ്പെടുന്ന ടൂറിസം സർക്യൂട്ട് വിപുലീകരിക്കാനാണു ലങ്കയുടെ ശ്രമം. അതേസമയം, ഇന്ത്യ തയാറാക്കുന്ന ബുദ്ധ സർക്യൂട്ട് കൂടി വികസിപ്പിച്ച് ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാകുംവിധം പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
ശ്രീലങ്കയിൽ ബുദ്ധൻ താമസിച്ച സ്ഥലങ്ങളെയും ഇന്ത്യയുടെ ബുദ്ധ സർക്യൂട്ടിന്റെ ഭാഗമാക്കാനാണു പദ്ധതി. നാലു ലക്ഷത്തിനടുത്ത് ഇന്ത്യക്കാർ പ്രതിവർഷം ശ്രീലങ്കയിൽ എത്തുന്നുണ്ട്. ഇതിൽ മൂന്നിലൊന്ന് തീർഥാടക–ചരിത്ര താൽപര്യമുള്ളവരാണ്. ഫിലിം, വിവാഹം, ഷോപ്പിങ് എന്നിവയുമായി ബന്ധപ്പെടുത്തിയും ശ്രീലങ്ക ടൂറിസം പദ്ധതികൾ ഒരുക്കുന്നുണ്ട്.
ശ്രീരാമായണ ട്രെയിൻ നവംബർ 14 മുതൽ
ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ നിന്നു സീത തടവിൽ കഴിഞ്ഞ ലങ്കയിലെ കൊളംബോ വരെയുള്ള ടൂറിസം പാക്കേജാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കാനൊരുങ്ങുന്നത്. നവംബർ 14 മുതൽ സർവീസ് തുടങ്ങും. ട്രെയിനിൽ അയോധ്യയിൽ നിന്നു രാമേശ്വരത്തേക്കു നീളുന്ന സർവീസിനു 15,120 രൂപ മുതലാണു പാക്കേജ്. യാത്ര തുടരാനാഗ്രഹിക്കുന്നവർക്കു ട്രെയിൻ മാർഗം ചെന്നൈയിലും അവിടെ നിന്നു വിമാനമാർഗം കൊളംബോയിലും എത്താൻ സൗകര്യമുണ്ടാവും. ഡൽഹിയിലെ സഫ്ദർജങ്ങിൽ നിന്ന് ആദ്യ കേന്ദ്രമായ അയോധ്യയിലെത്തുംവിധമാണു സർവീസ്.