Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാഖപട്ടണത്ത് ‘ഫൈനൽ’ ജയിച്ച് ഇന്ത്യ, പരമ്പര; ശിഖർ ധവാന് സെ‍ഞ്ചുറി

CRICKET-IND-SRI മൂന്നാം ഏകദിനത്തിനിടെ ശിഖർ ധവാനും ശ്രേയസ് അയ്യരും

വിശാഖപട്ടണം ∙ ‘തല’ മാറിയെങ്കിലും ഇന്ത്യൻ ടീമിന്റെ തലവരയിൽ മാറ്റമില്ല. ഏകദിനത്തിൽ ഏഴു തുടർ പരമ്പര വിജയങ്ങളിലൂടെ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച വിരാട് കോഹ്‍ലിയിൽനിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയ്ക്കും ശ്രീലങ്കയ്ക്കെതിരായ പരമ്പര വിജയത്തോടെ നായകനായി അരങ്ങേറ്റം. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ 12–ാം ഏകദിന സെഞ്ചുറി കുറിച്ച ഓപ്പണർ ശിഖർ ധവാന്റെ കരുത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്.

രണ്ടാം വിക്കറ്റിൽ ധവാൻ–ശ്രേയസ് അയ്യർ സഖ്യം കൂട്ടിച്ചേർത്ത 135 റൺസാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. മികച്ച തുടക്കത്തിനു ശേഷം ലങ്കയെ ചെറിയ സ്കോറിൽ ‘ഒതുക്കിയ’ സ്പിൻ ദ്വയമായ കുൽദീപ്–ചാഹൽ സഖ്യവും വിജയത്തിൽ നിർണായകമായി. ധവാൻ 100 റൺസോടെയും ദിനേശ് കാർത്തിക് 26 റൺസോടെയും പുറത്താകാതെ നിന്നു.

ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടക്കുമ്പോൾ 107 പന്തുകൾ ബാക്കിയായിരുന്നു! ധരംശാലയിലെ ഞെട്ടിക്കുന്ന തോൽവിയിൽനിന്ന് തിരിച്ചുവന്നാണ് ഈ പരമ്പര നേട്ടമെന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. രോഹിത് ശർമ നായകനായി അരങ്ങേറിയ ധരംശാല ഏകദിനത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രോഹിത് ശർമ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറിയുമായി റെക്കോർഡ് സ്ഥാപിച്ച മൊഹാലി ഏകദിനത്തിൽ ഒപ്പമെത്തിയ ഇന്ത്യ, ‘ഫൈനലാ’യി മാറി മൂന്നാം മൽസരത്തിലും വിജയം പിടിച്ചെടുത്താണ് തുടർച്ചയായ എട്ടാം പരമ്പര വിജയം സ്വന്തമാക്കിയത്.

India

‘ശ്രേയസാ’യി ധവാൻ
96–ാം ഏകദിന മൽസരം കളിക്കുന്ന ശിഖർ ധവാന്റെ 12–ാം സെഞ്ചുറിയാണ് ഇന്നു പിറന്നത്. അതിനിടെ ധവാൻ ഏകദിനത്തിൽ 4,000 റൺസ് പിന്നിടുന്നതിനും വിശാഖപട്ടണം വേദിയായി. 85 പന്തുകൾ നേരിട്ട ധവാൻ 13 ബൗണ്ടറികളും രണ്ടു സിക്സും ഉൾപ്പെടെയാണ് 100 റൺസെടുത്തത്. 31 പന്തിൽ മൂന്നു ബൗണ്ടറികളോടെ 26 റൺസെടുത്ത ദിനേശ് കാർത്തിക് ധവാനൊപ്പം പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടിച്ചേർത്തു. മൊഹാലിയിൽ നടന്ന രണ്ടാം ഏകദിനത്തിലും ധവാൻ അർധസെഞ്ചുറി നേടിയിരുന്നു.

India

തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യരാണ് ധവാനൊപ്പം ഇന്ത്യൻ വിജയം അനായാസമാക്കിയത്. മൂന്നാമത്തെ മാത്രം രാജ്യാന്തര ഏകദിനം കളിക്കുന്ന ശ്രേയസ് അയ്യരുടെ രണ്ടാം ഏകദിന അർധസെഞ്ചുറിയാണ് ഇന്നു പിറന്നത്. 63 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 65 റൺസെടുത്ത അയ്യരെ ലങ്കൻ നായകൻ തിസാര പെരേരയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ധവാൻ–അയ്യർ സഖ്യം 135 റൺസ് കൂട്ടിച്ചേർത്തു.

ഇന്ത്യയെ കാത്ത് ‘സ്പിൻ ബ്രോസ്’
നേരത്തെ, രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത് മികച്ച സ്കോറിലേക്കു കുതിക്കുകയായിരുന്ന ശ്രീലങ്കയെ ഇന്ത്യയുടെ സ്പിൻ ദ്വയമായ കുൽദീപ്–ചാഹൽ സഖ്യമാണ് പിടിച്ചുകെട്ടിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഇരുവരുടെയും മികവിൽ 44.5 ഓവറിൽ ഇന്ത്യ ശ്രീലങ്കയെ 215 റൺസിന് പുറത്താക്കുകയായിരുന്നു. 82 പന്തിൽ 12 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 95 റൺസെടുത്ത ഉപുൽ തരംഗയാണ് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

India Cricket

രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത തരംഗയുടെയും സമരവിക്രമയുടെയും മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. തകർപ്പൻ പ്രകടനവുമായി സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഉപുല്‍ തരംഗ, സ്കോർ 136ൽ നിൽക്കെ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായതാണ് ലങ്കൻ ഇന്നിങ്സിൽ നിർണായകമായത്. തരംഗയുടെ പുറത്താകൽ ശ്രീലങ്കൻ ബാറ്റിങ് നിരയിൽ തീർത്ത വിള്ളലിലൂടെ നൂഴ്ന്നു കയറിയ ഇന്ത്യൻ സ്പിൻ ബ്രോസ് അവരെ കറക്കിവീഴ്ത്തുകയായിരുന്നു.

തുടർന്നങ്ങോട്ട് മികച്ച കൂട്ടുകെട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ ബോളർമാർ ലങ്കയെ അനുവദിച്ചുമില്ല. മൂന്നാം വിക്കറ്റിൽ തരംഗ–മാത്യൂസ് സഖ്യം കൂട്ടിച്ചേർത്ത 24 റൺസും അഞ്ചാം വിക്കറ്റിൽ മാത്യൂസ്–ഗുണരത്ന സഖ്യം തീർത്ത 21 റൺസുമാണ് ലങ്കയുടെ പിന്നീടുള്ള മികച്ച കൂട്ടുകെട്ടുകൾ. 55 റൺസിനിടെ ഏഴു വിക്കറ്റുകൾ വലിച്ചെറിഞ്ഞാണ് ലങ്ക 215 റൺസിൽ ഒതുങ്ങിയത്.

India Cricket
related stories