ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി സ്റ്റേ ചെയ്യണമെങ്കിൽ 100 കോടി രൂപ ഉടനടി കെട്ടിവയ്ക്കാൻ ബിസിസിഐയോട് സുപ്രീംകോടതി. വിധി താൽക്കാലികമായി റദ്ദാക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്ക് 100 കോടി രൂപ കെട്ടിവയ്ക്കാനാണ് നിർദ്ദേശം. ജസ്റ്റിസുമാരായ എ.കെ. ഗോയൽ, ഇന്ദു മൽഹോത്ര എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.
ആർബിട്രേറ്ററുടെ വിധി തെറ്റിച്ചതിന് 18 ശതമാനം വാർഷിക പലിശയുൾപ്പെടെ മൊത്തം 800 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകണമെന്ന വിധിക്കെതിരെയാണ് ബിസിസിഐ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, നഷ്ടപരിഹാരം അനുവദിച്ചുള്ള തർക്ക പരിഹാര കോടതിയുടെ വിധി ശരിവച്ച ബോംബെ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു ബിസിസിഐ സമർപ്പിച്ച ഹർജി തള്ളിയാണു ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, നവീൻ സിൻഹ എന്നിവരുൾപ്പെട്ട ബെഞ്ച് പലിശ സഹിതം 800 കോടിയോളം രൂപ കേരള ടസ്കേഴ്സിനു നൽകാൻ വിധിച്ചത്.
നഷ്ടപരിഹാരം നൽകാൻ താമസിക്കുന്തോറും തുകയുടെ 18 ശതമാനം വാർഷിക പിഴയായി കൂടി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് ബിസിസിഐ വീണ്ടും സുപ്രീം കോടതിയിലെത്തിയത്.
കേസ് കോടതിയിലെത്തിയ വഴി ഇങ്ങനെ:
നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നൽകുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു സുപ്രീം കോടതി വിധി.
വ്യവസായികളുടെ കൂട്ടായ്‌മയായ റൊൺഡിവു കൺസോർഷ്യം 2010ലാണ് 1550 കോടി രൂപയ്‌ക്ക് കൊച്ചിയെ സ്വന്തമാക്കിയത്. ഒരു സീസൺ കളിച്ച ടസ്കേഴ്സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽനിന്നു പുറത്താക്കിയത്. ഇതിനെതിരെ രംഗത്തുവന്ന ഏതാനും ബോർഡംഗങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം.
ഐപിഎൽ പ്രവേശനത്തിനു ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. ആറു മാസത്തിനുള്ളിൽ പുതിയ ഗാരന്റി നൽകാനുള്ള നിർദേശം പാലിക്കാൻ ടസ്കേഴ്സ് വിസമ്മതിച്ചതോടെ, കരാർ ലംഘനത്തിന്റെ പേരിൽ 2011 സെപ്റ്റംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കിയെന്നു കാട്ടിയുള്ള ടസ്കേഴ്സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്ജി ആർ.പി.ലഹോട്ടിയുടെ അധ്യക്ഷതയിലുള്ള സമിതി 2015 ജൂലൈയിലാണ് 550 കോടി രൂപയുടെ നഷ്ടപരിഹാരം ബിസിസിഐയ്ക്കു മേൽ ചുമത്തിയത്.
ടസ്കേഴ്സിന് ഐപിഎല്ലിൽ പ്രവേശനം നൽകി, നഷ്ടപരിഹാരത്തിൽനിന്ന് തലയൂരണമെന്നു ബിസിസിഐയിൽ ഒരു വിഭാഗം വാദിച്ചെങ്കിലും നിയമപരമായി ടസ്കേഴ്സിനെ നേരിടാനായിരുന്നു പ്രബല പക്ഷത്തിന്റെ തീരുമാനം.