Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയുടെ നഷ്ടം പുണെയ്ക്കു നേട്ടമായി; ഐപിഎൽ മൽസരങ്ങൾ പുണെയിൽ

CSK-Celebration

ജയ്പുർ∙ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ (സിഎസ്കെ) ഐപിഎൽ മല്‍സരങ്ങള്‍ പുണെയില്‍ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണു തീരുമാനത്തെക്കുറിച്ചുപുറത്തുവിട്ടത്. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റന്‍ ധോണിയുടെ നിലപാട് തീരുമാനത്തില്‍ നിര്‍ണായകമായി. പുണെയിൽ മൽസരങ്ങൾ നടത്തുന്നതിനോട് സിഎസ്കെ മാനേജ്മെന്റിനും എതിർപ്പില്ലെന്നും രാജീവ് ശുക്ല വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

കാവേരി പ്രക്ഷോഭത്തെത്തുടർന്നാണ് ഇത്തവണ ചെന്നൈയിൽ നടത്തുന്ന ഐപിഎൽ മൽസരങ്ങൾക്കുനേരെ പ്രതിഷേധമുയർന്നത്. പ്രതിഷേധങ്ങൾക്കിടെ സിഎസ്കെയുടെ ആദ്യ മൽസരം ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്നിരുന്നു. വൻ സുരക്ഷാ സന്നാഹമൊരുക്കിയിട്ടും സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധമരങ്ങേറി. ചെന്നൈയുടെ രവീന്ദ്ര ജഡേജയ്ക്കുനേരെ പ്രതിഷേധക്കാരിലൊരാൾ ഷൂസ് വലിച്ചെറിയുകയും ചെയ്തു.

‘മൽസരം ചെന്നൈയിൽതന്നെ നടത്താനായിരുന്നു തീരുമാനം. ഇതിനാവശ്യമായ സുരക്ഷയൊരുക്കാമെന്ന് പൊലീസ് സമ്മതിക്കുകയും ചെയ്തു. എന്നാൽ ബുധനാഴ്ച അവർ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അടുത്ത ആറു മൽസരങ്ങൾക്കു മറ്റൊരു വേദി കണ്ടെത്തേണ്ടിവന്നത്’, രാജീവ് ശുക്ല വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഇതിനാവശ്യമായ പ്രപ്പോസൽ ഗവേർണിങ് കൗൺസിലിന് അയച്ചുകൊടുത്തിട്ടുണ്ട്. പുണെ കൂടാതെ, വിശാഖപട്ടണം, തിരുവനന്തപുരം, രാജ്കോട്ട് എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും വേദി മാറ്റത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ധോണിയുടെ നിലപാടാണ് നിർണായകമായത്. റൈസിങ് പുണെ സൂപ്പർജയന്റ്സിനൊപ്പം ഇവിടെ കളിച്ചതാണ് പുണ തന്നെ തിരഞ്ഞെടുക്കാൻ ധോണിയെ പ്രേരിപ്പിച്ചത്.