Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയ്ക്ക് അഞ്ചു വിക്കറ്റ് ജയം; പഞ്ചാബ് പുറത്ത്: രാജസ്ഥാൻ പ്ലേ ഓഫില്‍

dhoni-chennai പഞ്ചാബിനെതിരായ മൽസരത്തിനിടെ ധോണി.ചിത്രം: ഐപിഎൽ ട്വിറ്റർ

പുണെ∙ 53 റൺസ് ജയം എന്ന മാജിക് സംഖ്യ മനസ്സിൽവച്ചു കളത്തിലിറങ്ങിയ പഞ്ചാബിന് ചെന്നൈയോടു തോറ്റു മടങ്ങാനായി യോഗം. രാഹുലും ഗെയ്‌ലും ഫിഞ്ചും മില്ലറും നിരാശപ്പെടുത്തിയപ്പോൾ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 153 റൺസിനു പുറത്ത്. മറുപടി ബാറ്റിങിൽ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ പഞ്ചാബ് 19.4 ഓവറിൽ 153ന് പുറത്ത്. ചെന്നൈ 19.1 ഓവറിൽ 5–159. 

പഞ്ചാബും തോറ്റതോടെ പോയിന്റ് പട്ടികയിൽ നാലാമതുള്ള രാജസ്ഥാൻ പ്ലേ ഓഫിലേക്ക്. പഞ്ചാബ് 53 റൺസിനു ജയിച്ചിരുന്നെങ്കിൽ രാജസ്ഥാൻ പുറത്താവുമായിരുന്നു. സ്കോർബോർഡിൽ 16 റൺസ് ചേർക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മനോജ് തിവാരി– മില്ലർ സഖ്യമാണ് വൻ തകർച്ചയിൽനിന്നു കരകയറ്റിയത്. 

60 റൺസ് ചേർത്ത ശേഷം 12–ാം ഓവറിലാണ് സഖ്യം വേർപിരിഞ്ഞത്. 35 റൺസെടുത്ത തിവാരിയെ ജഡേജ മടക്കി. തൊട്ടടുത്ത ഓവറിൽ മില്ലറ ബ്രാവോ ബോൾഡാക്കിയതോടെ പഞ്ചാബ് ഇന്നിങ്സ് വീണ്ടും തകർച്ചയിലായി. പിന്നീടെത്തിയ കരുൺ നായരുടെ ബാറ്റിങ് (26 പന്തിൽ 54) മാത്രമാണ് പഞ്ചാബിന് ആശ്വസിക്കാനുണ്ടായത്. 19–ാം ഓവറിൽ കരുൺ നായരും പുറത്തായതോടെ പഞ്ചാബ് സ്കോർ 153ൽ അവസാനിച്ചു. പത്തു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ എൻഗിഡി ചെന്നൈ ബോളർമാരിൽ മികച്ചുനിന്നു. എൻഗിഡിയാണ് മാൻ ഓഫ് ദി മാച്ച്. 

മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയെ വിറപ്പിച്ച ശേഷമാണ് പഞ്ചാബ് കീഴടങ്ങിയത്. അഞ്ച് ഓവർ പിന്നിട്ടപ്പോൾ 3–27 എന്ന നിലയിലായിരുന്നു ചെന്നൈ. നൂറിൽത്താഴെ റൺസിന് ചെന്നൈയെ പുറത്താക്കി പഞ്ചാബ് പ്ലേ ഓഫ് ഉറപ്പിക്കുമെന്നുവരെ തോന്നിച്ചു. എന്നാൽ സുരേഷ് റെയ്നയും (61*), ദീപക് ചഹാറും (20 പന്തിൽ 39) ചെന്നൈയുടെ വിജയം ഉറപ്പാക്കി.