ഹൈദരാബാദ്∙ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍. 173 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത അഞ്ചു വിക്കറ്റു നഷ്ടത്തിൽ രണ്ടു പന്തുകൾ ബാക്കിനിൽക്കെ വിജയം കുറിച്ചു. ക്രിസ് ലിന്നിന്റെ അർധസെഞ്ചുറി പ്രകടനത്തിലാണ് കൊൽക്കത്ത സൺറൈസേഴ്സിനെതിരെ വിജയം സ്വന്തമാക്കിയത്.
43 പന്തുകൾ നേരിട്ട ലിന്‍ 55 റൺസെടുത്താണു പുറത്തായത്. റോബിൻ ഉത്തപ്പ (34 പന്തിൽ 45), സുനിൽ നാരായൺ (10 പന്തിൽ 29), ദിനേഷ് കാര്‍ത്തിക് (22 പന്തിൽ 26) എന്നിവരാണ് ഉയർന്ന സ്കോർ നേടിയ മറ്റു കൊൽക്കത്ത താരങ്ങൾ. സണ്‍റൈസേഴ്സിനു വേണ്ടി ബ്രാത് വെയ്ത്, സിദ്ധാർഥ് കൗള്‍ എന്നിവർ രണ്ടു വിക്കറ്റു വീതവും ഷാക്കിബ് അൽ ഹസൻ ഒരു വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ഓപ്പണർ ശിഖര്‍ ധവാൻ അർധസെഞ്ചുറി നേടി. 39 പന്തുകളിൽ 50 റൺസെടുത്താണ് ധവാൻ പുറത്തായത്. ശ്രീവൽസ് ഗോസ്വാമി (26 പന്തിൽ 35), കെയിന്‍ വില്യംസൺ (17 പന്തിൽ 36) എന്നിവരും ഹൈദരാബാദിനു വേണ്ടി തിളങ്ങി.
മനീഷ് പാണ്ഡെ (22 പന്തിൽ 25), യൂസഫ് പത്താൻ (നാല് പന്തിൽ രണ്ട്), കാർലോസ് ബ്രാത്‍വെയ്ത് (നാല് പന്തിൽ മൂന്ന്), ഷാക്കിബ് അൽഹസന്‍ (എഴ് പന്തിൽ പത്ത്), റാഷിദ് ഖാൻ (പൂജ്യം), ഭുവനേശ്വർ കുമാർ (പൂജ്യം), സിദ്ധാര്‍ഥ് കൗൾ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് താരങ്ങളുടെ സ്കോറുകൾ. കൊൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റ് വീഴ്ത്തി.
രാജസ്ഥാന് പ്രതീക്ഷ; ബാംഗ്ലൂർ പുറത്തേക്ക്
ശനിയാഴ്ച നടന്ന ആദ്യ മൽസരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയൽസ് 30 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 134 റൺസെടുക്കാനേ സാധിച്ചുള്ളു. അർധസെഞ്ചുറിയുമായി എബി. ഡിവില്ലിയേഴ്സും (35 പന്തിൽ 53) പാർഥിവ് പട്ടേലും (21 പന്തിൽ 33) മികച്ച ബാറ്റിങ് കാഴ്ച വച്ചെങ്കിലും മറ്റാർക്കും താളം കണ്ടെത്താനാകാതിരുന്നതോടെ ബാംഗ്ലൂര്‍ അടിയറവു പറയുകയായിരുന്നു.
രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാൽ നാലു വിക്കറ്റുകൾ വീഴ്ത്തി. ബെൻ ലോഗ്‍ലിൻ, ജയ്േദവ് ഉനദ്ഘട്ട് എന്നിവർ രണ്ടു വിക്കറ്റു വീതവും കൃഷ്ണപ്പ ഗൗതം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റും നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തിരുന്നു. ഓപ്പണർ രാഹുൽ ത്രിപതിയുടെ തകർപ്പൻ ഫോമിലായിരുന്നു രാജസ്ഥാന്റെ മുന്നേറ്റം. 58 പന്തുകള്‍ നേരിട്ട രാഹുൽ 80 റൺസെടുത്താണ് പുറത്തായത്. തോൽവിയോടെ ബാംഗ്ലൂർ ഐപിഎല്ലിൽ നിന്നു പുറത്തായി.